നൂറു പിറന്നാൾദിനങ്ങൾ ആഘോഷിക്കുക. അതും പൂർണ ആരോഗ്യവാനായി. ശതപൂർണിമയിൽ തിരിഞ്ഞുനോക്കുമ്പോൾ സാർഥകമീജീവിതം എന്ന്‌ ഒട്ടും ശങ്കകൂടാതെ സ്വയം സാക്ഷ്യപ്പെടുത്തുക. ഇങ്ങനെയുള്ള അപൂർവ പ്രതിഭകളിലൊരാളാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അമരക്കാരനായ ആയുർവേദ കുലഗുരു ഡോ. പി.കെ. വാരിയർ എന്ന പന്നിയമ്പിള്ളി കൃഷ്ണൻകുട്ടി വാരിയർ. ആര്യവൈദ്യത്തെ സാധാരണക്കാർക്കിടയിൽ  പ്രചുരപ്രചാരമുള്ള ചികിത്സാ രീതിയാക്കി മാറ്റാനുദ്ദേശിച്ച് അമ്മാവൻ വൈദ്യരത്നം പി.എസ്. വാരിയർ ആരംഭിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലയെന്ന സ്ഥാപനത്തിന് ലോകഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു എന്നതുമാത്രമല്ല ഡോ. പി.കെ. വാരിയരുടെ സംഭാവന.  ഭാരതീയ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തെ ലോകമെങ്ങും അറിയപ്പെടുന്ന വൈദ്യശാഖയാക്കി മാറ്റുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച മഹാൻ എന്ന നിലയിലും കൂടിയാവും ഡോ. പി.കെ. വാരിയർ ചരിത്രത്താളുകളിൽ ഇടംപിടിക്കുക.  ആയുർവേദ ചികിത്സയ്ക്കായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഈ കൊച്ചുകേരളത്തിലെ കോട്ടയ്ക്കൽ എന്ന ചെറു പ്രദേശത്തെത്താൻ കാരണം ഡോ. പി.കെ. വാരിയർ ആണ്. അമ്മാവൻ കൊളുത്തിയ കൈത്തിരി ഒരു പ്രകാശഗോപുരമാക്കി മാറ്റാൻ തനിക്ക് കഴിഞ്ഞെന്ന് അഭിമാനത്തോടെ എന്നാൽ, അഹങ്കാരമില്ലാതെ പറയുന്നുവെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.


സ്വാതന്ത്ര്യസമരവും നവോത്ഥാന, വിപ്ളവ രാഷ്ട്രീയ  പ്രസ്ഥാനങ്ങളും അരങ്ങിലും അണിയറയിലും സക്രിയമായ കാലത്ത് അതിലേക്ക് ആകൃഷ്ടനായി എടുത്തുചാടിയ ഒരു യുവാവ് തിരിച്ച് ആയുർവേദത്തിലേക്ക് മടങ്ങിയെത്തിയത് ജീവിതത്തിന്റെ കുഴമറിച്ചിലിൽ പ്രത്യക്ഷമാവുന്ന അത്യന്തം നാടകീയമായ വ്യതിചലനങ്ങളിലൊന്നാണ്. ചരിത്രത്തിലെ അനിതരസാധാരണമായ സംഭവങ്ങളിലൊന്നായി ആ മാറിനടത്തം. ആയുർവേദ വൈദ്യശാഖയ്ക്ക്‌ മുതൽക്കൂട്ടായി അത് മാറിയെന്നത് പിൽക്കാല ചരിത്രം. വിപ്ളവ പ്രസ്ഥാനത്തിനായി ജീവിതം മാറ്റിവെക്കാൻ തീരുമാനിച്ച  പി. കൃഷ്ണൻകുട്ടി വാരിയർ പിന്നീട് ലോകം അറിയപ്പെടുന്ന ആയുർവേദ ഭിഷഗ്വരനായ പി.കെ. വാരിയരായി മാറിയെന്നതാണ് ആ വഴിമാറി നടന്നതിന്റെ ഫലം. വൈദ്യശാസ്ത്രത്തെ അതിന്റെ സമഗ്രതയിലും  ചികിത്സയെ സമ്പൂർണതയിലും കാണണമെന്ന് ശഠിക്കുകയും അത് സ്വജീവിതത്തിൽ പകർത്തുകയും ചെയ്തത് ഡോ. പി.കെ. വാരിയരുടെ മഹത്ത്വത്തിന്  കൂടുതൽ തൂവലുകൾ തുന്നിച്ചേർക്കുന്നു. 

പ്രകൃതിയായിരുന്നു അദ്ദേഹത്തിന്റെ പാഠശാല. രോഗികളും പ്രകൃതിയിലേക്ക് നോക്കണമെന്ന് ആഗ്രഹിച്ചു. വിവേചന ബുദ്ധിയില്ലെന്നു കരുതുന്ന പക്ഷിമൃഗാദികൾപോലും സന്ധ്യകഴിഞ്ഞാൽ ഭക്ഷണം കഴിക്കില്ലെന്ന് അദ്ദേഹം എന്നും രോഗികളെ ഒാർമിപ്പിച്ചുകൊണ്ടിരുന്നു. പാതിരാത്രിയിലും ഭക്ഷണം കഴിക്കാൻ മടിയില്ലാത്ത മനുഷ്യനോട് രോഗത്തെ അകറ്റിനിർത്താൻ അക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ഊന്നിപ്പറഞ്ഞു.
അലോപ്പതിയും ആയുർവേദവും പരസ്പരം സഹായിക്കാൻ കഴിയുന്ന നല്ല രണ്ട് അയൽക്കാരാണെന്ന് ഡോ. പി.കെ. വാരിയർ വിശ്വസിച്ചു. അതുകൊണ്ടുതന്നെ അലോപ്പതി ഉൾപ്പെടെ ഒരു ചികിത്സാസമ്പ്രദായത്തെയും അദ്ദേഹം  പുച്ഛത്തോടെ കണ്ടിരുന്നില്ല. ആര്യവൈദ്യചികിത്സയെ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടത്. അതിന്റെ ഭാഗമായി മരുന്നുചെടികളെ തിരിച്ചറിയുന്നതിനും അവയുടെ രാസഘടകങ്ങൾ വേർതിരിക്കുന്നതിനുമായി കോട്ടയ്ക്കലിൽ ഗവേഷണശാല സ്ഥാപിച്ചു. അതിപ്പോൾ ഏതു ആധുനിക പരീക്ഷണശാലയെയും വെല്ലുന്ന ഒന്നായി മാറിയെന്നത് ആയുർവേദലോകത്തിന് അഭിമാനം പകരുന്നതാണ്. നന്ദിപൂർവം രാഷ്ട്രം ആയുർവേദത്തിലെ ഈ മഹാമേരുവിന് പദ്‌മശ്രീയും തുടർന്ന് പത്മഭൂഷണും നൽകി ആദരിച്ചു.

 ചെറിയ വൈദ്യശാലകളിൽ ഒതുങ്ങിനിന്ന ആയുർവേദം വിസ്മൃതിയിലേക്ക് മറയാതിരിക്കാൻ സ്ഥാപിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ മലയാളത്തിന്റെ അതിരും ഹിമാലയവും കടത്തി വിശാലമായ ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുകയും അതിന്റെ ഫലസിദ്ധിയെ ബോധ്യപ്പെടുത്തുകയും ചെയ്തു എന്ന ചരിത്രനിയോഗം സാക്ഷാത്കരിച്ച ഡോ. പി.കെ. വാരിയരോട്  ഈ നാട് മാത്രമല്ല മുഴുവൻ ലോകവും കടപ്പെട്ടിരിക്കുന്നു. 

നൂറു തികയുന്ന ഈ വേളയിൽ കൈരളി അങ്ങയുടെ മുന്നിൽ നമിക്കുന്നു. ഹൃദയബന്ധുവായ മാതൃഭൂമിയും. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ദീർഘനാൾ മാനവരാശിക്ക് കാരുണ്യത്തിന്റെയും രോഗശമനത്തിന്റെയും കൈത്താങ്ങായിരിക്കാൻ സാധിക്കുമാറാവട്ടെ എന്ന നാടിന്റെ പ്രാർഥന എന്നും അങ്ങേയ്ക്കൊപ്പമുണ്ടാവുമെന്ന് ആദരത്തോടെ അറിയിക്കട്ടെ.