ചൈനയുടെ ഉരുക്കുമുഷ്ടിക്കുകീഴിൽ രാജ്യം നഷ്ടപ്പെട്ട ഒരു ജനതയുടെ ആത്മീയനേതാവിന്, സമാധാനത്തിന്റെ ദൂതന്, പതിന്നാലാം ദലൈ ലാമയ്ക്ക് തിങ്കളാഴ്ച എൺപത്തിയഞ്ചാം പിറന്നാൾ. അറുപത്തിയൊന്നു വർഷമായി ഇന്ത്യയിൽ അഭയാർഥിയായി, ഹിമാചൽപ്രദേശിലെ ധർമശാല ആസ്ഥാനമാക്കി ടിബറ്റൻ സമൂഹത്തിന്റെ മനോവീര്യവും ആത്മബോധവും ആത്മീയജീവിതവും കൈവിടാതെ കാക്കുന്നതിന് നേതൃത്വമേകിക്കൊണ്ടിരിക്കുകയാണ് ‘കരുണാമയനായ ബോധിസത്വ’ന്റെ ഈ അവതാരം. ഇന്ത്യ-ചൈന ബന്ധം കാലുഷ്യത്തിന്റെ പാരമ്യത്തിലേക്കു നീങ്ങുമ്പോഴാണ് ദലൈ ലാമയുടെ ജന്മദിനമെത്തുന്നത്.

ചൈനയുടെ കുടിലതയ്ക്കിരയാകാതിരിക്കാൻ നാടുവിടേണ്ടിവന്ന അദ്ദേഹത്തിന് ഇന്ത്യ വെച്ചുനീട്ടിയ അഭയമാണ് ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. വിപ്ലവാനന്തരം ഇന്ത്യ നീട്ടിയ സൗഹൃദത്തിന്റെ കരംഗ്രഹിച്ചുകൊണ്ടാണ് ചൈന വിശ്വാസലംഘനം നടത്തിയത്; ഇന്ത്യയെ യുദ്ധത്തിലേക്കു വലിച്ചിട്ടത്. അതേ ശൈലിയാണ് ഇന്നും ചൈന തുടരുന്നതും. സ്വതന്ത്രരാജ്യമായിരുന്ന ടിബറ്റിനെ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിന്റെ അനന്തരഫലമാണ് ദലൈ ലാമയുടെ പലായനത്തിൽ കലാശിച്ചതെങ്കിൽ സമാന മനോഭാവമാണ് ഹോങ് കോങ്ങിനെ കലാപഭൂമിയാക്കിയത്. തയ്‌വാനെ ചെറുത്തുനിൽപ്പിനു പ്രേരിപ്പിക്കുന്നത്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. വെട്ടിപ്പിടിച്ച്, കൂട്ടിച്ചേർക്കുകയെന്ന കാലഹരണപ്പെട്ട രാഷ്ട്രവിപുലീകരണതന്ത്രം മാറ്റിവെച്ച് സഹവർത്തിത്വത്തിന്റെ പ്രത്യയശാസ്ത്രമാണ് ചൈന സ്വീകരിക്കേണ്ടത്.
മറ്റൊരു രാജ്യത്തിന്റെ അഭയത്തിൽ കഴിയുമ്പോഴും ടിബറ്റ് ഒരു ചുടുനിശ്വാസമായി ദലൈ ലാമയുടെയും അനുയായികളുടെയും ഉള്ളിലുണ്ട്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാഹുതികൾ പലതുണ്ടായിട്ടും ആഹ്വാനങ്ങൾ പലതുയർന്നിട്ടും അയയാത്ത ചൈനീസ് നിലപാട് അപലപനീയമാണ്. ഇത്രയേറെ അനുഭവിച്ചിട്ടും പരിത്യക്തനാക്കപ്പെട്ടിട്ടും ബുദ്ധന്റെ അഹിംസയാണ് ദലൈ ലാമ മുറുകെപ്പിടിച്ചത്. അഹിംസയ്ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നതും. ആ നിലപാടുകൾക്കാണ് 1989-ൽ സമാധാന നൊബേൽ ലഭിച്ചത്. എന്നിട്ടും ചൈനയ്ക്കിപ്പോഴും അദ്ദേഹം വിഘടനവാദിയാണ്. രാജ്യത്തെ വിഭജിക്കാൻ പ്രചാരണവുമായി നടക്കുന്നയാളാണ് ചൈനയ്ക്ക് ദലൈ ലാമ. അദ്ദേഹത്തിന് ഇന്ത്യ നൽകുന്ന പരിഗണനയും ആദരവും എന്നും ചൈനയെ അരിശംകൊള്ളിച്ചിട്ടേയുള്ളൂ. 2016-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ക്ഷണമനുസരിച്ച് ദലൈ ലാമ രാഷ്ട്രപതി ഭവനിലെത്തിയപ്പോഴും അരുണാചൽപ്രദേശ് സന്ദർശിക്കാൻ ഇന്ത്യ അദ്ദേഹത്തെ അനുവദിച്ചപ്പോഴും ചൈന പ്രതിഷേധിച്ചു. പക്ഷേ, പ്രതിഷേധങ്ങൾ ഇന്ത്യ എപ്പോഴും തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ആദരണീയ അതിഥിയായ അദ്ദേഹത്തിന് രാജ്യത്തെവിടെയും സന്ദർശനം നടത്താമെന്ന നിലപാട് മുറകെപ്പിടിച്ചു. ‘‘എന്റെ തലച്ചോറിന്റെ എല്ലാഭാഗത്തും നിറഞ്ഞിരിക്കുന്നത് ഇന്ത്യൻ ചിന്തയാണ്. അമ്പതുകൊല്ലത്തിലേറെയായി ഈ ശരീരം നിലനിൽക്കുന്നത് ഇന്ത്യയിലെ പരിപ്പും ചോറും കഴിച്ചാണ്’’ എന്നാണ് കഴിഞ്ഞമാസം ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ‘‘മാനസികമായും ശാരീരികമായും രണ്ടുവീക്ഷണത്തിലും ഞാൻ ഇന്ത്യയുടെ പുത്രനാണ്’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

സംഘർഷത്തിന്റെ ഈ നാളുകളിൽ ദലൈ ലാമയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരതരത്നം’ നൽകണമെന്ന ആവശ്യമുയരുന്നുണ്ട്. മനുഷ്യവംശത്തിനു നൽകിയ സംഭാവനകളും കരുണയും ധൈര്യവും ജനാധിപത്യത്തോടു പുലർത്തുന്ന വിശ്വാസവുമെല്ലാം കണക്കിലെടുത്ത് ഈ സമ്മാനത്തിന് അദ്ദേഹം അർഹനാണെന്നതാണു കാരണം. ചൈനയ്ക്ക് തക്ക മറുപടിയാകും ഇതെന്നു കരുതുന്നവരും കുറവല്ല. അതുകൊണ്ടുതന്നെ ഇതു പ്രകോപനമാകുമെന്നു വിലയിരുത്തുന്നവരുമുണ്ട്. സമാധാനത്തിന്റെ ബൗദ്ധപാരമ്പര്യമാണ് ദലൈ ലാമ എന്നും ഉയർത്തിപ്പിടിച്ചത്. പുരാതന ഇന്ത്യയിൽനിന്ന് തെക്കുകിഴക്കനേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും പടർന്ന പാരമ്പര്യമാണ് ബുദ്ധമതം. ഇന്ത്യയെ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചരട്. ശ്രീലങ്കയും മ്യാൻമാറും തായ്‌ലാൻഡും വിയറ്റ്‌നാമും കംബോഡിയയും ലാവോസുമെല്ലാം ഈ ചരടിലെ മണികളാണ്. അവയുമായുള്ള സാംസ്കാരികവിനിമയം ദൃഢമാക്കുന്നത് ഈയവസരത്തിൽ ഇന്ത്യക്ക് രാഷ്ട്രീയമായി ഗുണംചെയ്യുമെന്നുവേണം കരുതാൻ. ദുരാഗ്രഹത്തിലും വിദ്വേഷത്തിലും അജ്ഞതയിലുംനിന്ന്‌ മുക്തമായി, ജ്ഞാനത്തിന്റെയും കരുണയുടെയും സ്വാതന്ത്ര്യത്തിന്റെയും പാതയിലൂടെയുള്ള സഞ്ചാരമാണ് ബുദ്ധതത്ത്വം മുന്നോട്ടുവെക്കുന്നത്. അതുതന്നെയാണ് ദലൈ ലാമയും പറയുന്നത്, കരുണയുള്ള മനുഷ്യരാകൂ എന്ന്.

‘‘എന്റെ ഭൂമി, അവരുടെ ഭൂമി, എന്റെ സമ്പദ്‌വ്യവസ്ഥ, അവരുടെ സമ്പദ്‌വ്യവസ്ഥ; അതിലൊന്നും ശ്രദ്ധിക്കേണ്ട. അത് പഴയ ചിന്തയാണ്. ഇപ്പോൾ നാം ചിന്തിക്കേണ്ടത് നമ്മെക്കുറിച്ചാണ്, 700 കോടി മനുഷ്യരെക്കുറിച്ച്’’ എന്നാണ് അദ്ദേഹം പറഞ്ഞത്. മഹാമാരിയുടെ പിടിയിൽനിന്ന് മോചിതമാകാൻ ലോകമൊന്നിച്ചുനിൽക്കേണ്ട ഈ സമയത്ത് അതിരുകടന്ന കൈയടക്കൽ മോഹവുമായി പായുന്ന രാജ്യങ്ങളും ഇതാണു ചിന്തിക്കേണ്ടത്; മനുഷ്യരെക്കുറിച്ച്, സഹജീവജാലങ്ങളെക്കുറിച്ച്, അവയുടെയെല്ലാം സമാധാനപൂർവമായ സഹവർത്തിത്വം സാധ്യമാക്കുന്നതിനെക്കുറിച്ച്.