പ്രാഥമിക സഹകരണസംഘങ്ങൾ ആദായനികുതി നൽകണമെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവും തുടർനടപടികളും സുപ്രീംകോടതി റദ്ദാക്കിയതായിരുന്നു. അതിനുശേഷമാണ് സഹകരണസംഘങ്ങളുടെമേൽ വിറ്റുവരവ് നികുതിയെന്ന പേരിൽ ആദായനികുതിപിരിവ് അടിച്ചേൽപ്പിക്കുന്നതിന് നടപടി തുടങ്ങിയിരിക്കുന്നത്. കാർഷിക സഹകരണസംഘങ്ങൾ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണെന്നതും ആയിരക്കണക്കിനാളുകൾ പരസ്പര സഹായസംഘമായി നടത്തുന്നതാണെന്നും വിസ്മരിച്ചുകൊണ്ടാണ് നികുതിവകുപ്പിന്റെ ഈ ഇടപെടൽ. ഏറ്റവുമൊടുവിൽ പാലുത്‌പാദക സഹകരണസംഘങ്ങളെയാണ് ആദായനികുതിവകുപ്പ് ഉന്നംവെച്ചിരിക്കുന്നത്. വാർഷിക വിറ്റുവരവ് 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ അധികമുള്ള തുകയുടെ ആയിരത്തിലൊന്ന് ആദായനികുതിയായി ഉദ്ഭവസ്ഥാനത്തുനിന്ന് പിടിച്ചുകൊടുക്കണമെന്നാണ് കഴിഞ്ഞ മാർച്ചിൽ ആദായനികുതിനിയമത്തിൽ കൂട്ടിച്ചേർത്ത 194 ക്യു വകുപ്പ് അനുശാസിക്കുന്നത്. ലാഭത്തിന്റെയല്ല, ആകെ വിറ്റുവരവിന്റെ മേലാണ് നികുതിചുമത്തുന്നത്. വളരെ ചെറിയ തുകയാണ് നികുതിയായി ഉദ്ഭവസ്ഥാനത്തുനിന്ന് പിടിക്കുന്നതെന്ന് തോന്നാമെങ്കിലും രണ്ടുതരത്തിലുള്ള അനീതി അതിൽ പതിയിരിക്കുന്നുണ്ട്. വിറ്റുവരവ് നികുതി ഇപ്പോൾ ദശാംശം ഒരു ശതമാനമാണെങ്കിലും ഭാവിയിൽ അത് വർധിപ്പിച്ചേക്കാം.

ഏറ്റവും ശ്രമസാധ്യമായ തൊഴിലാണെന്നതിനാലും വരുമാനം വളരെ കുറവായതിനാലും  കന്നുകാലി വളർത്തലിൽനിന്ന് ഒട്ടേറെ കർഷകർ ഗതികെട്ട് പിൻവാങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ക്ഷീരകർഷകരെ ആ രംഗത്തുതന്നെ പിടിച്ചുനിർത്താൻ പ്രോത്സാഹനം നൽകുന്നതിനുപകരം അവർ അളന്ന പാലിന്റെ വിലയിൽ കുറവുവരുത്തുന്ന തീരുമാനമാണ് വിറ്റുവരവ് നികുതി അടിച്ചേൽപ്പിക്കുന്നതിലൂടെ സംഭവിക്കുന്നത്. പാലും പാലുത്‌പന്നങ്ങളും കാലിത്തീറ്റയുമെല്ലാമായി സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷീരസംഘങ്ങളും അമ്പതുലക്ഷത്തിലേറെ വാർഷികവിറ്റുവരവുള്ള സ്ഥാപനങ്ങളാണ്. 

ഇപ്പോൾ കേന്ദ്രനികുതിവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ  ക്ഷീരസംഘങ്ങളടക്കമുള്ള സഹകരണസ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന പ്രധാന നിർദേശം പാൻകാർഡുമായി ബന്ധപ്പെട്ടതാണ്. സംഘം പാൻകാർഡ് വാങ്ങി വരവുചെലവ് കണക്ക് ആദായനികുതിവകുപ്പിനെ യഥാസമയം അറിയിക്കുന്നില്ലെങ്കിൽ 50 ലക്ഷത്തിലധികമുള്ള വിറ്റുവരവിന്റെ 20 ശതമാനം നികുതിയായി അടയ്ക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാൻകാർഡുണ്ടായിട്ടും രണ്ടുവർഷമായി വരവുചെലവ് കണക്ക് ആദായനികുതിവകുപ്പിനെ അറിയിക്കാത്ത സംഘങ്ങൾ 50 ലക്ഷത്തിന് മുകളിലുള്ള തുകയുടെ അഞ്ചുശതമാനം നികുതിയടയ്ക്കേണ്ടിവരും. കൃത്യമായി ആദായനികുതി റിട്ടേൺ നൽകിക്കഴിഞ്ഞാൽ ഈ തുക തിരിച്ചുകിട്ടുമെന്ന് മിൽമ ക്ഷീരോത്‌പാദകസംഘങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം വളരെ സങ്കീർണമായ പ്രശ്നങ്ങളിലേക്കുള്ള പോക്കാണെന്ന് വ്യക്തമാണ്. നിലവിൽ ആദായനികുതിക്ക് പുറത്തായതിനാൽ ഒട്ടേറെ സംഘങ്ങൾക്ക് പാൻകാർഡില്ല. കോവിഡുകാലത്ത് ഏറ്റവും പ്രയാസമനുഭവിക്കുന്ന മേഖലകളിലൊന്നാണ് ക്ഷീരോത്‌പാദന-വിപണനമേഖല. നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്കാണ് പല സംഘങ്ങളുടെയും പോക്ക്. തൊഴിലാളികളുടെ ക്ഷേമനിധിവിഹിതംപോലും കുടിശ്ശികയാണ് പലേടത്തും. അതിനിടയിലാണ് വിറ്റുവരവുനികുതിയും പാൻകാർഡില്ലാത്തതിന്റെ പേരിലുള്ള അന്യായ പിഴയും. ആത്യന്തികമായി പാവപ്പെട്ട കൃഷിക്കാരെയാണ് ഇത് ബാധിക്കുന്നത്.

വാസ്തവത്തിൽ കഴിഞ്ഞ മാർച്ച് അവസാനം അസാധാരണ ഗസറ്റിലൂടെയാണ് പുതിയ നികുതിനിർദേശം അടിച്ചേൽപ്പിച്ചത്. സംഘങ്ങളെയും വ്യക്തികളായി കണക്കാക്കിയാണ് ആദായനികുതി ഈടാക്കുന്നത്. മറ്റുമേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്കുമേലും ഈ നിയമത്തിന്റെ പിടിയുണ്ടാകുമെന്നാണ് കണക്കാക്കേണ്ടത്. പ്രാഥമിക സഹകരണസംഘങ്ങൾ അപ്പക്സ് സംഘമായ ജില്ലാ-സംസ്ഥാന സഹകരണബാങ്കുകളിലെ സ്വന്തം നിക്ഷേപത്തിൽനിന്ന് വ്യാപാരാവശ്യത്തിന് കൊല്ലത്തിൽ ഒരു കോടി രൂപയിലധികം പിൻവലിച്ചാൽ അതിന്റെ രണ്ടുശതമാനം നികുതിയായി അടയ്ക്കണമെന്ന വിചിത്രവും ദ്രോഹകരവുമായ വ്യവസ്ഥ ആദായനികുതിവകുപ്പ് ഇനിയും പിൻവലിച്ചിട്ടില്ല. ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ടെങ്കിലും ആ വാൾ സഹകരണമേഖലയുടെ തലയ്ക്കുമേൽ തൂങ്ങിക്കിടപ്പുണ്ട്. ചെലവ് കണക്കിലെടുക്കാതെ മൊത്തം വരവിന്റെമേൽ ടി.ഡി.എസ്. പിരിക്കുന്നത് അന്യായമാണെന്ന വാദം മുഖവിലയ്ക്കെടുത്താണ് സ്റ്റേ ഉത്തരവുണ്ടായത്. സഹകരണസംഘങ്ങളെ അതിന്റെ അന്തസ്സത്തയിൽ പരിഗണിക്കാൻ ആദായനികുതി അധികൃതർ ഇനിയും തയ്യാറാകുന്നില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിറ്റുവരവിനനുസൃതമായി ആദായനികുതിയടയ്ക്കണമെന്ന പുതിയ നിർദേശം. ജൂലായ് ഒന്നിന് പ്രാബല്യത്തിലായ ഈ കർഷകവിരുദ്ധ ഉത്തരവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. ക്ഷീരോത്‌പാദകസംഘങ്ങളെ മാത്രമല്ല, സഹകരണമേഖലയെയാകെ പ്രതികൂലമായി ബാധിക്കുന്ന നികുതിനിർദേശങ്ങൾ പിൻവലിക്കാൻ സംസ്ഥാനസർക്കാർ ശക്തമായ സമ്മർദം ചെലുത്തണം.