മന്ത്രിസഭാ പുനഃസംഘടന ക്രിയാത്മക മാറ്റങ്ങൾക്കാവണം


ഭരണകാലാവധിയുടെ പകുതിയിലേറെ ബാക്കിയുള്ളപ്പോൾ നടത്തിയ മന്ത്രിസഭാ പുനഃസംഘടന അതിൽമാത്രം ഒതുക്കാതെ നയങ്ങളുടെ കാര്യത്തിലുള്ള ആത്മപരിശോധനയും പുനഃസംഘടനയുമാക്കി മാറ്റുമോ എന്നാണ് സമൂഹം ഉറ്റുനോക്കുന്നത്

editorial

നരേന്ദ്രമോദിയുടെ രണ്ടാം സർക്കാർ അധികാരമേറ്റ് രണ്ടു വർഷത്തിനുശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തിരിക്കയാണ്. ഇപ്പോൾ 77 അംഗബലമുള്ള മന്ത്രിസഭയിലെ 36 അംഗങ്ങൾ പുതുമുഖങ്ങളാണ്. കാബിനറ്റിലും പകുതിപ്പേർ പുതുതായി എത്തിയവരാണ്. സാധാരണഗതിയിൽ ഒഴിവാക്കാനിടയില്ലെന്നു കരുതപ്പെട്ട രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേക്കർ, ഡോ. ഹർഷ്‌വർധൻ എന്നിവരടക്കം 11 പേരെ മന്ത്രിസഭയിൽനിന്ന് മാറ്റിയിട്ടാണ് ഇത്രയും ബൃഹത്തായ അഴിച്ചുപണിയും വിപുലീകരണവും നടത്തിയത്. വിശദമായ ഗൃഹപാഠം ചെയ്തുകൊണ്ടുള്ള നടപടിയാണിതെന്ന് കരുതണം. പ്രാദേശികവും സാമുദായികവുമായ പരിഗണനകളോടെ പ്രാതിനിധ്യം കൂട്ടുന്നതിന് നടത്തിയ ശ്രമം ശ്രദ്ധേയമാണ്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്കസമുദായങ്ങൾക്കും സ്ത്രീകൾക്കും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പരിഗണന ലഭിച്ചു. അതേസമയം, മതന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവർക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ സാധിച്ചിട്ടില്ലെന്ന പരിമിതി നിലനിൽക്കുന്നു. വയസ്സിൽ താരതമ്യേന ഇളപ്പമായവരാണ് പുതുതായി മന്ത്രിസഭയിലെത്തിയവരിലേറെയും. സർക്കാർ പ്രവർത്തനത്തിന് ഇത് ചടുലത നൽകുമെന്നാണ് കണക്കുകൂട്ടൽ. സർക്കാരിന്റെ പ്രവർത്തനം വ്യക്തികളെയല്ല, സർക്കാരിനെ നയിക്കുന്ന പ്രസ്ഥാനത്തിന്റെ നയങ്ങളെയാണ്‌ ആശ്രയിച്ചുനിൽക്കുന്നതെന്നു പറയുമ്പോഴും കൈകാര്യം ചെയ്യുന്നവരുടെ കർമശേഷിയും പ്രധാനമാണ്.

കോവിഡ് മഹാമാരിയുടെ മധ്യേ ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് ഡോ. ഹർഷ്‌വർധനെ മാറ്റി മൻസുഖ് മാണ്ഡവ്യയെ നിയോഗിച്ചത് വിവാദാസ്പദമായിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ പാളിച്ചകളുണ്ടായെന്നതും വാക്സിൻ ലഭ്യമാക്കുന്നതിൽ ദീർഘവീക്ഷണത്തിന്റെ കുറവുണ്ടായെന്നതും വാസ്തവമാണ്. എന്നാൽ, കേന്ദ്ര ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തെ കുറച്ചുകാണുന്നതും പിഴവുകളുടെ കുറ്റം മന്ത്രിയിൽ ചാർത്തുന്നതും യുക്തിഭദ്രമല്ല. മഹാമാരിക്കാലത്ത് തൊഴിലും കൂലിയും ഉറപ്പാക്കാനും ജോലിസംരക്ഷണം നൽകാനും ഋണബാധ്യതയിൽനിന്ന് രക്ഷിക്കാനും സാധിച്ചില്ലെന്നതാണ് പ്രധാന വിമർശനം. ആരോഗ്യ വകുപ്പല്ല അതിൽ ഉത്തരവാദി, സർക്കാരിന്റെ മൊത്തത്തിലുള്ള വീഴ്ചയാണതിൽ പ്രകടമായത്. കോവിഡ് പ്രതിരോധം ന്യൂനതകൾ പരിഹരിച്ച് ശരിയായി മുന്നോട്ടുകൊണ്ടുപോകാൻ പുതിയ മന്ത്രിക്ക് അതിവേഗം വേണ്ടിവരും. തൊഴിൽ മന്ത്രി സന്തോഷ് ഗംഗേവാർ ആ വകുപ്പ് കൈകാര്യം ചെയ്യുന്നതിന് പ്രാപ്തിയുണ്ടെന്ന് തെളിയിച്ചിട്ടല്ല പിൻവാങ്ങുന്നത്. തൊഴിലാളിവിരുദ്ധമായ തൊഴിൽ നിയമത്തിന്റെ പേരിൽ ഏറെ വിമർശനമാണുയർന്നുകൊണ്ടിരിക്കുന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ ശമ്പളത്തിനാനുപാതികമായ പെൻഷൻ നൽകണമെന്ന കോടതിയുത്തരവ്, സർക്കാരിന്റെ നയമാണതെങ്കിലും അട്ടിമറിക്കാൻ നേതൃത്വം നൽകിയതും ഗംഗേവാറാണ്. പ്രകാശ് ജാവഡേക്കറെപ്പോലെ മികവുതെളിയിച്ച ചിലരെ മന്ത്രിസഭയിൽനിന്നൊഴിവാക്കിയത് ബി.ജെ.പി.യുടെ സംഘടനാപരമായ ആവശ്യങ്ങളെ മുൻനിർത്തിയാവാം.

കോൺഗ്രസിൽനിന്നും തൃണമൂൽ കോൺഗ്രസിൽനിന്നും കൂറുമാറിയെത്തിയവർക്കും ഘടകകക്ഷികൾക്കും നൽകിയ പരിഗണനയാണ് പുനഃസംഘടനയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യത്തിനാകെയെന്നപോലെ ബി.ജെ.പി.ക്കും നിർണായകമാണ്. യോഗി ആദിത്യനാഥ് സർക്കാരിനെതിരേ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കാൻ കേന്ദ്രനേതൃത്വം നടത്തിയ ഇടപെടലുകൾ ഫലവത്തായിട്ടില്ല. വികസനത്തിനും ക്ഷേമത്തിനുമല്ല, അനഭിലഷണീയകാര്യങ്ങൾക്കാണ്‌ സർക്കാർ ഊന്നൽനൽകുന്നത് എന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അത് പരിഹരിക്കുന്നതിന് ആത്മാർഥ ശ്രമം നടത്തുന്നതിനു പകരം കേന്ദ്ര മന്ത്രിസഭയിൽ കൂടുതൽപേരെ ഉൾപ്പെടുത്തിയതുകൊണ്ടായോ എന്ന ചോദ്യം അപ്രസക്തമല്ല. വി. മുരളീധരനു പുറമേ മലയാളിയായ രാജീവ് ചന്ദ്രശേഖർകൂടി കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകുന്നുവെന്നത് ആഹ്ലാദകരമാണ്. വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വി. മുരളീധരൻ മഹാരാഷ്ട്രയിൽനിന്നുള്ള എം.പി.യെന്നതുപോലെ കർണാടകത്തിൽനിന്നുള്ള എം.പി.യാണെങ്കിലും കേരളത്തിന്റെയും പ്രതിനിധിയായി കാണാം. കേരളത്തിന്റെ വികസനത്തിൽ ഏറ്റവും ഊന്നൽനൽകേണ്ട മേഖലയായ ഇലക്‌ട്രോണിക്സ്, ഐ.ടി. മേഖലകളുടെയും ആ മേഖലയിൽ ഏറ്റവും പ്രധാനമായ നൈപുണിവികസനത്തിന്റെയും സഹമന്ത്രി സ്ഥാനമാണദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതെന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented