കേരളീയ നവോത്ഥാനത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്നായ വർക്കല ശിവഗിരി മഠത്തിന്റെ ചരിത്രത്തിലെ ദീർഘമായ ഒരധ്യായത്തിനാണ് സ്വാമി പ്രകാശാനന്ദയുടെ സമാധിയോടെ തിരശ്ശീല വീണത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതകാലത്ത് ജീവിതമാരംഭിച്ച് ഗുരുവിന്റെ മാനസശിഷ്യനായി മാറി പിന്നീട് ശിവഗിരിയിലെത്തി മുക്കാൽനൂറ്റാണ്ടോളം സന്ന്യാസജീവിതം നയിച്ച മഹാനുഭാവനാണ് പ്രകാശാനന്ദ. സന്ന്യാസജീവിതത്തിന്റെ ദൈർഘ്യമല്ല, സന്ന്യാസത്തിലൂടെ നടത്തിയ മഹനീയമായ പ്രവർത്തനമാണ് പ്രകാശാനന്ദ സ്വാമിയെ നവോത്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്.
ശ്രീനാരായണപ്രസ്ഥാനം കേരളത്തിലാണ് ഉദ്ഭവിച്ച് വളർന്നതെങ്കിലും ദേശീയതലത്തിൽത്തന്നെ കൂടുതൽക്കൂടുതൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നതടക്കമുള്ള അനുപമമായ ഗുരുതത്ത്വങ്ങൾക്ക് പ്രസക്തി വർധിച്ചുവരുകയാണ്. ഗുരുവിന്റെ തത്ത്വങ്ങൾ പ്രചരിപ്പിക്കുന്നതിൽ വർക്കല ശിവഗിരി മഠാധിപതിയെന്ന നിലയിലും ശ്രീനാരായണ ധർമസംഘം പ്രസിഡന്റെന്ന നിലയിലും സ്വാമി പ്രകാശാനന്ദയുടെ നേതൃപരമായ പങ്ക് നിർണായകമായി. കൊല്ലംതോറുമുള്ള ശിവഗിരി തീർഥാടനം വിപുലപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. ശിവഗിരി മഠത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പലതവണ വിവാദങ്ങളും വ്യവഹാരങ്ങളുമുണ്ടായിട്ടുണ്ട്. നിരന്തരമായ വ്യവഹാരം ഗുരുഭക്തരിൽ ആശങ്ക സൃഷ്ടിച്ച സന്ദർഭങ്ങളുണ്ടായെന്നുള്ളതും വസ്തുതയാണ്. കാൽനൂറ്റാണ്ടു മുമ്പ് അത്തരത്തിൽ ഒരു സന്ദർഭത്തിൽ  സംഘർഷ സാഹചര്യമുണ്ടാവുകയും പോലീസ് ഇടപെടലും പിന്നീട് ശിവഗിരി മഠം ട്രസ്റ്റ് ഭരണം അല്പകാലം സർക്കാർ ഏറ്റെടുക്കുന്ന സ്ഥിതിയുമുണ്ടായി.

ധർമസംഘം പ്രസിഡന്റായിരുന്ന അദ്ദേഹം ശിവഗരി മഠത്തിലും ആശുപത്രിയിലുമായി ദീർഘനാൾ ഉപവാസസമരം നടത്തിയത് അന്ന് ദേശീയ ശ്രദ്ധയാകർഷിച്ചതാണ്. ശിവഗിരി മഠം ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രകാശാനന്ദ സ്വാമി ഒരുഭാഗത്തിന്റെ നേതൃസ്ഥാനീയനായി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം സർവാദരണീയനായിരുന്നു. വ്യക്തിപരമായി പ്രകാശാനന്ദയ്ക്ക് എന്തെങ്കിലും സ്ഥാപിതതാത്‌പര്യമുണ്ടായിരുന്നെങ്കിൽ അത് ശ്രീനാരായണഗുരുവിന്റെ തത്ത്വങ്ങൾ പാലിക്കപ്പെടണമെന്നതുമാത്രമായിരുന്നു. ഗുരു അരുളിച്ചെയ്ത കാര്യങ്ങൾ ലംഘിക്കപ്പെടുന്നത് അദ്ദേഹത്തിന് അസഹനീയമായിരുന്നു. അതിനെതിരായ പ്രതികരണങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായി. ധർമസംഘം സെക്രട്ടറിയായി പത്തുവർഷത്തോളവും പ്രസിഡന്റായി മൂന്നു തവണയും പ്രവർത്തിച്ച സ്വാമി ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ പരാജയപ്പെടുകയും ചെയ്തു. വിജയമായാലും പരാജയമായാലും ഗുരുവിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടായില്ലെന്നതാണ് പ്രധാനം.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സ്പർധയില്ലാതെ എല്ലാ മതസ്ഥരും ഐക്യത്തോടെയും സമഭാവനയോടെയും ജീവിക്കുന്ന ദേശകാലങ്ങളാണ് ഗുരു വിഭാവനം ചെയ്തത്. ആ ലക്ഷ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സവിശേഷമായ ആത്മീയപ്രവർത്തനത്തിനാണ് പ്രകാശാനന്ദ സ്വാമി നേതൃത്വം നൽകിയത്. മുക്കാൽ നൂറ്റാണ്ടോളം ശിവഗിരിയുടെ അവിഭാജ്യഭാഗമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ശ്രീനാരായണ ധർമസംഘത്തിനും ശിവഗിരി മഠത്തിനും നികത്താനാവാത്ത നഷ്ടമാണ്. പ്രകാശാനന്ദയുടെ വിയോഗത്തിൽ മാതൃഭൂമി അനുശോചിക്കുകയും അദ്ദേഹത്തിന്റെ ദീപ്തസ്മരണയ്ക്കുമുന്നിൽ ആദരാഞ്ജലികളർപ്പിക്കുകയും ചെയ്യുന്നു.