ക്രമസമാധാനനിലയിൽ രാജ്യത്ത് താരതമ്യേന മികവുപുലർത്തുന്ന സംസ്ഥാനമാണ് കേരളം. ഈ നേട്ടം നിലനിൽക്കെത്തന്നെ സമാന്തരമായി ഒരു അധോലോകം കേരളത്തിൽ തഴച്ചുവളർന്നുകൊണ്ടിരിക്കുകയാണ്‌ എന്നാണ്‌ വാസ്തവം.  ഈ അധോലോകങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന പരമ്പര, ‘ക്വട്ടേഷനിലെ കൊടിയടയാളങ്ങൾ’ ഞങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ അധോലോകത്തിലെ ചിലർ തങ്ങളുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കു മറയായി രാഷ്ട്രീയബന്ധം ഉപയോഗിക്കുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. രാഷ്ട്രീയപ്പാർട്ടികൾ ഇത്തരക്കാരെ പോറ്റിവളർത്തിയതിന്റെ പരിണതഫലമാണ് ഈ സംഘങ്ങളുടെ പരസ്യമായ തേർവാഴ്ച എന്നു നിസ്സംശയം പറയേണ്ടിവരും. ‘കൊടിയടയാളങ്ങൾ’  ക്വട്ടേഷന് താങ്ങുംതണലുമാകുന്നത് നാട്ടിൽ അരാജകത്വമുണ്ടാക്കുകയും ഭരണസംവിധാനത്തെത്തന്നെ ദുർബലപ്പെടുത്തുകയും ചെയ്യും. 

സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് ദിവസേനയെന്നോണം കിലോക്കണക്കിന് കള്ളക്കടത്ത് സ്വർണമാണെത്തുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയും സ്വർണം എത്തുന്നു. പിടിക്കുന്നതിലും എത്രയോ അധികമാണ് കടത്തിയെത്തിക്കുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വലിയൊരു അധോലോക വ്യവസായമായി വളർന്നുപന്തലിക്കുന്ന സ്വർണക്കടത്തിനും ഹവാല പണംകടത്തിനും അത് തട്ടിപ്പറിച്ച് വീതംവെച്ചെടുക്കുന്നതിലും വ്യാപൃതരായി ഒട്ടേറെ മാഫിയസംഘങ്ങൾ നിർബാധം വിലസുകയാണിവിടെ. കടത്തിയെത്തിക്കുന്ന കള്ളക്കടത്ത് സ്വർണം കവർച്ചചെയ്ത് വീതംവെച്ചെടുക്കുന്നതിന്റെ രീതിശാസ്ത്രമടക്കം വിവരിക്കുന്ന ശബ്ദരേഖകൾ മാതൃഭൂമി ന്യൂസ് പുറത്തുകൊണ്ടുവരുകയുണ്ടായി. 
24 മണിക്കൂറും ഹൈവേ പട്രോളുള്ള കേരളത്തിലാണോ ഇത്തരം സംഭവങ്ങൾ നടക്കുന്നത്, കുറ്റമറ്റ പോലീസ് ഇന്റലിജൻസ് സംവിധാനമുണ്ടെന്നവകാശപ്പെടുന്ന നാട്ടിലാണോ കോവിഡ് നിയന്ത്രണക്കാലത്തുപോലും കവർച്ചകൾ നടക്കുന്നത് എന്നു സംശയിച്ചുപോകാം. സ്വർണക്കള്ളക്കടത്ത്, കള്ളക്കടത്ത് സ്വർണം പൊട്ടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ തീരുമാനിക്കുന്നതും സംഘങ്ങളെ നിയോഗിക്കുന്നതും ജയിലുകളിൽനിന്നാണെന്നുകൂടി വരുമ്പോൾ അത്രയൊന്നും മറയില്ലാതെയാണ് അധോലോകപ്രവർത്തനമെന്ന് വ്യക്തമാവും. 

രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കസ്റ്റംസും സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക ഉന്നതതല സംഘവും അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയപ്രവർത്തകനായിരുന്ന അർജുൻ ആയങ്കിയാണ് ക്വട്ടേഷൻ സംഘത്തിന്റെ നേതാവെന്ന് കസ്റ്റംസിന് തെളിവു ലഭിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ  ആകാശ് തില്ലങ്കേരിയും അർജുനുമടക്കമുള്ളവരാണ് ക്വട്ടേഷൻ ഇടപാടുകൾ നടത്തുന്നതെന്നും ഇവർ ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത കേസിൽ ജയിലിൽക്കഴിയുന്ന കൊടിസുനി, ഷാഫി എന്നിവരുടെ ആജ്ഞാനുവർത്തികളാണെന്നും കിട്ടുന്നതിന്റെ ഒരോഹരി റിമോട്ട് കൺട്രോൾ ചെയ്യുന്ന കൊടിസുനിക്കും സംഘത്തിനുമാണെന്നുമാണ് പുറത്തുവന്ന വിവരങ്ങൾ. ഇത് ഒരു മേഖലയിലെ സംഘത്തിന്റെ കാര്യം മാത്രമാണ്. ഇവരുടെ എതിരാളികളായി വേറെയും സംഘങ്ങൾ പ്രവർത്തിക്കുന്നു. നേരത്തേ വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായി ജയിലിൽക്കഴിഞ്ഞവർ ആ സംഘങ്ങളിലെയും പ്രധാനികളായുണ്ടെന്നാണ് വിവരം. ഇത്തരം സംഘങ്ങളിൽ ചിലർ സൈബർ പോരാളികളായി ആരാധകവൃന്ദങ്ങളുടെ അകമ്പടിയോടെ സാമൂഹിക മാധ്യമങ്ങളിൽ വിലസുന്നവരാണ്. ഇവരെ തള്ളിപ്പറയാനുള്ള ആർജവം വൈകിയ വേളയിലെങ്കിലും കാണിച്ചതു നന്നായി. 

ക്വട്ടേഷൻ സംഘങ്ങളെ നിലയ്ക്കുനിർത്തുന്നതിന് സർക്കാർ നടപടി കുറേക്കൂടി കാര്യക്ഷമമാക്കണം. ജയിലുകളിൽനിന്ന് ക്വട്ടേഷൻ ഇടപാടുകൾ നടത്തുന്നത് എന്തുകൊണ്ട്‌ ഇനിയും നിർത്താനാവുന്നില്ല എന്നതാണ് ചോദ്യം. ദീർഘകാലം ജയിലിൽ കഴിയുന്നവർ നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ അറിയാത്തതാണോ,  അതോ അക്കാര്യത്തിൽ നിസ്സംഗത പാലിക്കുന്നതാണോ. ഇത്തരം സംഘങ്ങളെ പൂർണമായും അമർച്ചചെയ്യാനുള്ള ബാധ്യത ഭരണാധികാരികൾക്കുണ്ട്.