നിശ്ശബ്ദനായ കാഴ്ചക്കാരനല്ല, അനീതിയോട് പ്രതികരിക്കുകയും ഭരണകൂടത്തോട് ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നവരിലൊരുവനാണ് താനെന്നും അതിന് വിലയെത്രയാണോ അതു കൊടുക്കാനൊരുക്കമാണെന്നുമാണ് അറസ്റ്റിലാകുന്ന ഘട്ടത്തിൽ ഫാദർ സ്റ്റാൻ സ്വാമി പറഞ്ഞത്. വില ആ മനുഷ്യസ്നേഹിയുടെ ജീവൻതന്നെയായിരുന്നെന്ന് ഇപ്പോൾ വ്യക്തമായി. 
ദീർഘകാലമായി തടവറയിൽ കഴിയുന്ന ഒരു സാമൂഹികപ്രവർത്തകന്റെ ജാമ്യാപേക്ഷ വളരെ വൈകിയശേഷം പരിഗണിക്കുന്നതിനിടയിൽ ഇനിയത് പരിഗണിക്കേണ്ടതില്ല, ജാമ്യത്തിന്റെ ആവശ്യമില്ലാത്തിടത്തേക്ക് അദ്ദേഹം യാത്രയായെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. നടുക്കത്തോടെയാണ് ഈ വിവരം അറിഞ്ഞതെന്നും അനുശോചിക്കാൻ വാക്കുകളില്ലെന്നുമാണ് കേസ് പരിഗണിക്കുന്ന ബോംബെ ഹൈക്കോടതി പ്രതികരിച്ചത്. പൗരന് അർഹമായ നീതി പലപ്പോഴും നൽകാനാവുന്നില്ലല്ലോ എന്ന നീതിപീഠത്തിന്റെ നെടുവീർപ്പായി അതിനെ കാണണം. 
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് നീതിന്യായ സംവിധാനമുൾപ്പെടെയുള്ള ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല. 84-കാരനും വാതരോഗിയുമായ സ്വാമിയെ റാഞ്ചിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്രയിലെ പോലീസ് അറസ്റ്റു ചെയ്തത് ഭീമാ കൊറെഗാവ്‌ സംഘർഷത്തിലെ ഗൂഢാലോചനക്കേസിൽപ്പെടുത്തിയാണ്. ചോദ്യംചെയ്യാൻ ഒരുദിവസംപോലും കസ്റ്റഡിയിൽ വാങ്ങാതെ ജയിലിലടയ്ക്കുകയായിരുന്നു. വാതരോഗവും കൈവിറയലുമുള്ളതിനാൽ ഭക്ഷണം കഴിക്കാൻ ഒരു സ്പൂണിനും വെള്ളം കുടിക്കാൻ ഒരു സ്‌ട്രോയ്ക്കും വേണ്ടി അദ്ദേഹം നീതിപീഠത്തോട് അപേക്ഷിച്ച. സ്പൂൺ ലഭ്യമാക്കിയാൽ അദ്ദേഹത്തിന്‌ ഭക്ഷണം സഹതടവുകാർക്ക് കോരിക്കൊടുക്കാമല്ലോ. എൻ.ഐ.എ. കോടതി എൻ.ഐ.എ.യോട് മറുപടി ചോദിച്ചപ്പോൾ 20 ദിവസത്തെ സമയമാണ് ചോദിച്ചത്. വെള്ളം എടുത്തുകുടിക്കാൻ കഴിയാത്ത ഒരു തടവുകാരൻ ഒരു സ്‌ട്രോ ആവശ്യപ്പെട്ടിട്ട് മറുപടിക്ക് 20 ദിവസത്തെ സമയം ചോദിക്കുകയും അത്രയും ദിനം കഴിഞ്ഞ്‌ അതനുവദിക്കപ്പെടുകയും ചെയ്തത് നമ്മുടെ രാജ്യത്തെ ജനാധിപത്യസംവിധാനത്തെപ്പറ്റി അപകീർത്തിയുണ്ടാവാനിടയാക്കി.

ഭീമാ കൊറെഗാവ്‌ കേസിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് കോടതി ഇനി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. അതെന്തായാലും യു.എ.പി.എ. നിയമത്തിന്റെ ഉപയോഗത്തിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പ് പുനർചിന്തനം ഉടൻ നടത്തേണ്ടതുണ്ട്. രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവർക്കെതിരേ ആ വകുപ്പ് ചുമത്തണമെന്ന സർക്കാർ നിലപാട് യുക്തിഭദ്രമാണ്. അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതു സംബന്ധിച്ച് അടുത്തയിടെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അടിസ്ഥാനപരമാണെന്ന് വിസ്മരിക്കാനും പാടില്ല. മനുഷ്യാവകാശപ്രവർത്തനത്തിന്റെ മറവിൽ തീവ്രവാദപ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ നടപടി അനിവാര്യമാണ്. എന്നാൽ, രാഷ്ട്രീയമായോ മറ്റെന്തെങ്കിലും കാരണത്താലോ അത് ദുരുപയോഗിക്കപ്പെടുന്നത് ജനാധിപത്യത്തെ അമ്പെ ദുർബലപ്പെടുത്തും, മനുഷ്യാവകാശങ്ങളെ തകർക്കും. സ്റ്റാൻ സ്വാമിയെയും മറ്റ് നാലുപേരെയും ഭീമാ കൊറെഗാവ്‌ സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ യു.എ.പി.എ. ചുമത്തി ജയിലിലടച്ചപ്പോൾ ഉയർന്നുവന്ന വിമർശനങ്ങളും തെളിവുകളും കേന്ദ്ര ആഭ്യന്തരവകുപ്പ് അവഗണിക്കുകയായിരുന്നു. 

84 വയസ്സുള്ള, സ്വയം ഭക്ഷണം എടുത്തുകഴിക്കാൻ പോലുമാകാത്ത ഒരാളുടെ ജാമ്യാപേക്ഷ കോവിഡ് കാലമായിട്ടുപോലും നിരന്തരം എതിർക്കുകയായിരുന്നു സർക്കാർ. തടവുകാർക്ക് പരമാവധി പരോൾ നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചതും നടപ്പാക്കപ്പെട്ടതുമാണ്. എന്നിട്ടും ഫാദർ സ്റ്റാൻ സ്വാമിക്ക് ജാമ്യം ലഭിച്ചില്ല. രോഗം മൂർച്ഛിച്ച് അതിഗുരുതരാവസ്ഥയിലായപ്പോൾ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചത് നടപ്പാക്കാൻ പത്തുദിവസമെടുത്തു. കോവിഡ്‌ അനന്തരരോഗത്താലാണ് മരിച്ചതെങ്കിലും കസ്റ്റഡിമരണത്തിന് തുല്യമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ കോടതികളുടെ നിർദേശംപോലും പോലീസ് അവഗണിക്കുന്ന സംഭവങ്ങൾ അടുത്തകാലത്ത് ആവർത്തിക്കുകയാണ്. സുപ്രീംകോടതിക്ക് നിരന്തരം ഇടപെടേണ്ടിവരുകയുമാണ്. ലജ്ജാകരമാണിത്‌.