കോവിഡിനോടുള്ള യുദ്ധത്തിലെ കാലാൾപ്പടയാണ് ആശാപ്രവർത്തകരെന്നത് പൊതുവേ നാട് അംഗീകരിച്ചുകഴിഞ്ഞു.  ഒന്നരക്കൊല്ലമായി ആശമാർ നടത്തിവരുന്ന പ്രവർത്തനം കോവിഡ് പകർച്ചയുടെ തോത് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ക്വാറന്റീനിൽ കഴിയുന്നവർക്ക് മരുന്നുംമറ്റും എത്തിക്കുന്നതിലും കൃത്യമായി വിവരവിനിമയംനടത്തുന്നതിലുമെല്ലാം ആശാപ്രവർത്തകരാണ് അടിസ്ഥാന കണ്ണി. കോവിഡ് പരിശോധന സംഘടിപ്പിക്കുന്നതിലും ഇപ്പോൾ വാക്സിനേഷൻ പ്രവർത്തനത്തിലുമെല്ലാം മുന്നണിയിലുള്ളത് ആശമാരാണ്. അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവാ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരാണ് അവർ. ഒന്നാം യു.പി.എ. സർക്കാരിന്റെ തുടക്കകാലത്ത് പ്രധാനമന്ത്രി മൻമോഹൻസിങ്ങ് വലിയ പ്രതീക്ഷയർപ്പിച്ചുകൊണ്ടും ജനങ്ങൾക്ക് പ്രതീക്ഷനൽകിക്കൊണ്ടും ആരംഭിച്ച ആശാ പ്രസ്ഥാനം ഇന്ന് എട്ടുലക്ഷത്തിലേറെ അംഗസംഖ്യയുള്ള മഹത്തായ സാമൂഹികാരോഗ്യപ്രസ്ഥാനമായി വളർന്നു. കോവിഡുകാലത്താണ് പൊതുസമൂഹമാകെ ആശാപ്രവർത്തകർ നടത്തുന്ന ത്യാഗപൂർണമായ പ്രവർത്തനങ്ങൾ ശരിയായി മനസ്സിലാക്കിയത്. കോവിഡ്പകർച്ച തടയുന്നതിന് രോഗിയുടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കുന്നതിൽ ആശമാരാണ് പോലീസിനൊപ്പം പ്രധാന പങ്കുവഹിച്ചത്. ഒരാൾ കോവിഡ് പോസിറ്റീവാണെന്ന വിവരം കിട്ടിയാലുടൻ  അവരുടെ വീട്ടിൽ അന്വേഷണം നടത്തുന്നതും ക്വാറന്റീൻ സൗകര്യമില്ലെങ്കിൽ ഉള്ള സ്ഥലത്തേക്ക്- കോവിഡ് പ്രാഥമികചികിത്സാകേന്ദ്രത്തിലേക്ക്-രോഗിയെ  മാറ്റുന്നതിന് നിർദേശംനൽകുന്നതും മരുന്നുകളെത്തിക്കുന്നതുമടക്കം ഒട്ടേറെ ചുമതലകളാണവർ നിർവഹിക്കുന്നത്. ഓരോ പ്രദേശത്തെയും ആരോഗ്യസ്ഥിതിവിവരമെടുത്ത് ആരോഗ്യവകുപ്പിനെയും തദ്ദേശസ്വയംഭരണ വകുപ്പിനെയും അറിയിക്കുന്നതും ആശാപ്രവർത്തകരാണ്. 

കോവിഡ്ബാധിത മേഖലയിൽ നേരിട്ടുചെന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും സഹായമെത്തിക്കുകയും ബോധവത്‌കരണം നടത്തുകയും ചെയ്യുന്നതും ആശാ വർക്കർമാരാണ്. തങ്ങൾക്കും രോഗംപകരാൻ സാധ്യത കൂടുതലാണെന്ന്  മനസ്സിലാക്കിയിട്ടും മഹാഭൂരിഭാഗം ആശാവർക്കർമാരും ത്യാഗസന്നദ്ധതയോടെ ആത്മാർഥമായ പ്രവർത്തനത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രധാന പ്രവർത്തകരും ഇവരാണ്. ആശുപത്രികൾക്കും ഗ്രാമീണജനതയ്ക്കുമിടയിലെ യഥാർഥകണ്ണിയാണവർ. എന്നാൽ, ഏറെ പ്രയാസം നിറഞ്ഞ ഈ പ്രവർത്തനം മുഴുവൻസമയ ജോലിയാണെന്ന പരിഗണനയോടെ പ്രതിഫലം നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ലെന്നത് നിർഭാഗ്യകരമാണ്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പേതന്നെ സാമൂഹികാരോഗ്യമേഖലയിലെ കാലാൾപ്പടയാണ് ആശാപ്രവർത്തകർ. നവജാതശിശുക്കളുടെ മരണം കുറച്ചുകൊണ്ടുവരുന്നതിലും കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും രാജ്യത്തിന് കുറച്ചെങ്കിലും നേട്ടമുണ്ടായത് ആശാവർക്കർമാരുടെ പ്രവർത്തനംമൂലമാണ്. ഗർഭിണികളെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിക്കുക, ഗർഭകാലത്ത് ശരിയായ പരിചരണം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പാക്കുക, കുട്ടികൾക്ക് അഞ്ചുവയസ്സിനിടയിൽ ആവശ്യമായ പ്രതിരോധകുത്തിവെപ്പുകൾ കൃത്യമായി നടത്തുന്നുണ്ടെന്നുറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആശമാരാണ് നടത്തുന്നത്. എവിടെയെങ്കിലും പകർച്ചവ്യാധികളുണ്ടോ പരിസരം മലിനമാണോ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി റിപ്പോർട്ടുകൾ തയ്യാറാക്കി നൽകുന്നതുൾപ്പെടെയുള്ള ചുമതലകളാണ് ഒരുപരിധിവരെ അവർ നിർവഹിക്കുന്നത്. ജൂനിയർ പബ്ലിക് നഴ്‌സുമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പ്രവർത്തനങ്ങളെ ആദ്യഘട്ടത്തിൽ സന്നദ്ധപ്രവർത്തനമെന്നനിലയിൽമാത്രമാണ് കണക്കാക്കിയത്. യാത്രച്ചെലവുപോലും നൽകിയില്ല. ഇപ്പോൾ കേന്ദ്രസർക്കാർ വിവിധ ചുമതലകൾക്കായി രണ്ടായിരം രൂപയും സംസ്ഥാനസർക്കാർ ആറായിരം രൂപയും നൽകുന്നുണ്ടെന്നത് ആശ്വാസകരമാണ്. കോവിഡ്കാലത്തെ ത്യാഗനിർഭരമായ പ്രവർത്തനം പരിഗണിച്ചാണ് സംസ്ഥാനസർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തയ്യാറായത്. 

ദേശീയ ആരോഗ്യദൗത്യത്തിന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിന് ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനം നടത്തുന്നവരെന്ന പരിഗണനയോടെ ആശാപ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. മുഴുവൻസമയ ജോലി എന്നനിലയിൽ വേതനം നൽകുന്നതിനൊപ്പം ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴിൽ അവരെ ജീവനക്കാരായി അംഗീകരിക്കുന്ന കാര്യവും പരിഗണിക്കണം. വീടുകളുമായുള്ള അടുത്ത ബന്ധവും ബോധവത്‌കരണവുമാണ് സാമൂഹികാരോഗ്യ പ്രവർത്തനത്തിന്റെ കാതൽ. രോഗം പരത്താനിടയാക്കുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതടക്കമുള്ള പ്രവർത്തനത്തിൽ ആശാപ്രവർത്തകർ കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതുമുണ്ട്. ആശാപ്രവർത്തകർക്കായി ആശാകിരണം എന്ന ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയെങ്കിലും അത് പരിമിതമായ ആനുകൂല്യങ്ങൾ മാത്രമാണ് ഉറപ്പുനൽകുന്നതെന്ന പരാതി നിലനിൽക്കുന്നു. കൂടുതൽ ആനുകൂല്യങ്ങളോടെയുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ തയ്യാറാകണം. മുന്നണിപ്പടയെന്നും കാലാൾപ്പടയെന്നും പുകഴ്‌ത്തിയതുകൊണ്ടായില്ല, ചെയ്യുന്ന തൊഴിലിന്റെ പ്രാധാന്യമനുസരിച്ച് വേതനവും മറ്റാനുകൂല്യങ്ങളും നൽകുകയും വേണം.