‘ഭീകരവാദം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് എല്ലാവരും ആശങ്കപ്പെടുന്നത്. എന്നാൽ, അത് നിർത്താനുള്ള എളുപ്പവഴി അതിൽ പങ്കെടുക്കാതിരിക്കലാണ്’ എന്ന് പ്രസ്താവിച്ചത്‌ ചിന്തകനും സാമൂഹികവിമർശകനുമായ നോം ചോംസ്കിയാണ്‌. ലോകവേദികളിൽ ഭീകരവാദത്തിന്റെ ഇരയായി അഭിനയിക്കുകയും അതിർത്തികളിൽ ഒളിഞ്ഞിരുന്ന് അയൽരാജ്യങ്ങളുടെ വേട്ടക്കാരനായി മാറുകയും ചെയ്യുന്നവർ സ്വയം തിരിച്ചറിയേണ്ട സന്ദേശമാണിത്. ഭീകരവാദത്തിന്റെ ലക്ഷ്യം സർവനാശമായതിനാൽ ഈ സന്ദേശങ്ങൾ ഭീകരവാദികളും അവരെ സഹായിക്കുന്നവരും തിരിച്ചറിയാനിടയില്ല. ഭീകരവാദത്തെക്കുറിച്ചുള്ള ഭയാശങ്കകൾക്ക് പുതിയ കാരണങ്ങൾ സൃഷ്ടിച്ച് രാജ്യാതിർത്തിയുടെ ആകാശത്ത് ഡ്രോണുകൾ പറത്തിവിട്ട് നാശം വിതയ്ക്കാൻ അടുത്തിടെ നടന്ന ശ്രമങ്ങൾ ഇത്തരത്തിലുള്ള നീചനീക്കങ്ങളുടെ ഭാഗമാണ്. ഈ ഒളിയുദ്ധങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത് കേവലം സ്ഥലകാലങ്ങളുടെ അധികാരപരിധിയെ മാത്രമല്ല, മനുഷ്യകുലത്തിന്റെ ശാന്തിയെയും സ്വസ്ഥതയെയും സുരക്ഷയെയുമാണ്.

ഭീകരവാദത്തിന്റെ ചരിത്രത്തെ ഞെട്ടിച്ചുകൊണ്ടാണ് ആളില്ലാവിമാനങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ആഴ്ച ജമ്മുവിലെ വ്യോമസേനാതാവളത്തിൽ സ്ഫോടകവസ്തുക്കൾ പ്രയോഗിച്ചത്.  അതിർത്തികടന്ന് ആക്രമണംവിതറാൻ ആളില്ലാവിമാനങ്ങൾ പറന്നെത്തിയത് ഒറ്റപ്പെട്ട സംഭവമായി എണ്ണിയൊതുക്കാൻ കഴിയില്ല. നയതന്ത്രപരിരക്ഷകളുടെ രാജ്യാന്തര ഉടമ്പടികൾ  കാറ്റിൽപ്പറത്തി ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനുമുകളിൽ ഒളിനിരീക്ഷണം നടത്തിയ നടപടിയും ഇതുമായി ചേർത്ത് പരിശോധിക്കേണ്ട വിഷയമാണ്. രണ്ടുസംഭവങ്ങൾക്കും മണിക്കൂറുകളുടെ ഇടവേളമാത്രമാണുണ്ടായിരുന്നത്. ആദ്യം ഡ്രോണെത്തിയത് നയതന്ത്രകാര്യാലയത്തിനുമുകളിലാണ്. തൊട്ടുപിന്നാലെയാണ് ജമ്മു വിമാനത്താവളത്തിൽ ആക്രമണം നടന്നത്.   പ്രകോപനങ്ങൾക്ക് കാരണങ്ങൾതേടി ഏറെ അലയേണ്ടതുമില്ല. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് ഈ ഭീകരാക്രമണത്തിനുപിന്നിലെന്ന് സുരക്ഷാ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. രണ്ടുവർഷമായി അതിർത്തിപ്രദേശങ്ങളിൽ ആയുധങ്ങളും മയക്കുമരുന്നും കടത്താൻ പാക് ഭീകരസംഘടനകൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സുരക്ഷാ ഏജൻസികൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ജമ്മുവിൽ ആക്രമണംനടത്താൻ തിരഞ്ഞെടുത്ത സമയത്തിനും ഇത്തരത്തിൽ രാജ്യാന്തര രാഷ്ട്രീയവുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജമ്മുകശ്മീരിൽ ജനാധിപത്യസംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ഇന്ത്യയിലെ ഭരണ-പ്രതിപക്ഷങ്ങളടങ്ങിയ ജനാധിപത്യസംവിധാനം കൂടിയാലോചനനടത്തി 48 മണിക്കൂർ പിന്നിടുംമുമ്പാണ് ജമ്മു വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ നടന്നത്. അതിന് തൊട്ടുമുമ്പാണ് ഇസ്‌ലാമാബാദിൽ അതിസുരക്ഷാമേഖല എന്നറിയപ്പെടുന്ന ഡിപ്ലോമാറ്റിക് എൻക്ലേവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹൈക്കമ്മിഷൻ കാര്യാലയത്തിനുമുകളിൽ രണ്ട് ഡ്രോണുകൾ നിരീക്ഷണപ്പറക്കൽ നടത്തിയത്. കശ്മീർ താഴ്വരയിൽ ജനാധിപത്യവും സമാധാനവും കിളിർക്കരുതെന്ന് മോഹിക്കുന്നവരാണ് ഈ ഹീനനീക്കങ്ങളുടെ അജൻഡ നിശ്ചയിച്ചത് എന്ന് സുവ്യക്തം.
ഇതോടൊപ്പം ഭയപ്പെടുത്തുന്ന മറ്റൊരു യാഥാർഥ്യം രാജ്യാന്തര സമൂഹവും ആഗോള ഭീകരവിരുദ്ധശ്രമങ്ങളുടെ സംഘാടകരും തിരിച്ചറിയേണ്ടതുണ്ട്. അത് ഭീകരവാദത്തിന്റെ പുതിയ മുഖമാണ്. ചാവേറുകളെ ഉപയോഗിച്ചും ഇരുട്ടിൽ ചെറുവിമാനങ്ങൾ പറത്തിയും ഭൂഗർഭ അറകളിലൂടെ നുഴഞ്ഞുകയറിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നും ഇതുവരെ നടത്തിവന്നിരുന്ന ആക്രമണങ്ങൾ, സ്വന്തം താവളത്തിൽ സുരക്ഷിതമായി ഇരുന്ന് അയൽരാജ്യത്തിന്റെ മർമങ്ങളിൽ ആയുധപ്രയോഗങ്ങൾ നടത്താവുന്ന കുറ്റകൃത്യമായി പരിണമിച്ചത് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മുന്നേറ്റത്തെ ഹീനമായി ഉപയോഗിച്ചുകൊണ്ടാണ്. ശാസ്ത്രത്തെയും വിജ്ഞാനത്തെയും സാങ്കേതികസാമർഥ്യങ്ങളെയും ദുരുപയോഗിച്ച് ലോകത്തിന്റെ വളർച്ചയെ തകർക്കാൻ ഭീകരവാദികൾ നടത്തുന്ന ശ്രമമെന്ന നിലയിലാണ് ജമ്മു ആക്രമണം പരിശോധിക്കപ്പെടേണ്ടത്. ആ പരിശോധനയും ജാഗ്രതയുമാണ് ഭാവിയോട് അടിയന്തരമായി ചെയ്യേണ്ട നീതി. ഒളിയുദ്ധങ്ങളിലൂടെയല്ല, നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ് മനുഷ്യരാശി പുരോഗമിച്ചതെന്ന് ഭീകരവാദത്തെ കയറ്റുമതിചെയ്യുന്നവരും തിരിച്ചറിയണം.