‘ജന്തുവിനു ഹാ വിവൃതകവാടയനാരതം മൃതി’ എന്ന കവിവാക്യത്തെ ഓർമിപ്പിക്കുന്നതുപോലെയാണ്‌ കോവിഡ് കാലത്ത് മൃത്യുവിന്റെ തിരനോട്ടം. കോവിഡ് മരണങ്ങൾ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് അനാഥമാക്കിയത്. ഒട്ടേറെ കുടുംബങ്ങളുടെ ഭാവിയാണ്, സ്വപ്നങ്ങളാണ് അത് തകർത്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. കോവിഡ് കാരണം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചത് ചരിത്രപരം മാത്രമല്ല, സാർവദേശീയ പ്രാധാന്യവുമുള്ളതാണ്. ശ്രദ്ധേയമായ ഒട്ടേറെ വിധികൾക്ക് നേതൃത്വം നൽകിയ ജസ്റ്റിസ് അശോക് ഭൂഷൺ വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച വിധി മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് നീതിന്യായ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെടുമെന്നതിൽ സംശയമില്ല. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സർക്കാരുകൾക്ക് സംഭവിക്കുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഓക്സിജൻ ലഭ്യതയുറപ്പാക്കുന്നതിന് സുപ്രീംകോടതി നടത്തിയ നിരന്തര ഇടപെടലിന്റെ തുടർച്ചയാണ് നഷ്ടപരിഹാരത്തിനർഹതയുണ്ടെന്ന വിധി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സർഗാത്മകതയുടെ ദൃഷ്ടാന്തമാണിതെല്ലാം.

കോവിഡ് മഹാമാരി ഒന്നരക്കൊല്ലംകൊണ്ട് ലോകത്താകെ നാല്പതു ലക്ഷം ജീവനുകളാണപഹരിച്ചത്. അതിൽ നാലുലക്ഷം പേർ ഇന്ത്യക്കാരാണ്. താരതമ്യേന കുറഞ്ഞ മരണനിരക്ക് നിലനിർത്താൻ ഇന്ത്യക്ക് കഴിയുന്നുവെന്നതും ദേശീയ നിരക്കിന്റെ നാലിലൊന്നോളമാണ് കേരളത്തിലെ മരണനിരക്ക് എന്നതും അല്പമെങ്കിലും ആശ്വാസമുണ്ടാക്കാൻപോന്നതാണ്. ഔദ്യോഗിക കണക്കനുസരിച്ച് പതിമ്മൂവായിരത്തഞ്ഞൂറോളമാണ് കേരളത്തിലെ കോവിഡ് മരണം. എന്നാൽ, കോവിഡനന്തര രോഗങ്ങളാലുള്ള മരണം കണക്കിൽപ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ മാർഗരേഖപ്രകാരമാണ് മരണസർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിനർഹതയുണ്ടെന്നും അത് നൽകിയേ തീരൂ എന്നുമുള്ള സുപ്രീംകോടതി വിധിയിൽ മരണകാരണം കൃത്യമായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തേ ഉയർന്ന വിമർശനങ്ങളുടെയും സുപ്രീംകോടതി വിധിയുടെയും സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി ചില നിർദേശങ്ങൾ നൽകിയിട്ടുള്ളത് സ്വാഗതാർഹമാണ്. കോവിഡ് കാരണം മരണം സംഭവിച്ചാൽ ആശുപത്രിയിലെ ഡോക്ടറോ സൂപ്രണ്ടോ തന്നെ അക്കാര്യം വ്യക്തമാക്കി കേന്ദ്രീകൃത വെബ്‌സൈറ്റിൽ വിവരം അപ്‌ലോഡ് ചെയ്യണമെന്നും ജില്ലാതലത്തിൽ അത് പ്രസിദ്ധപ്പെടുത്തണമെന്നുമാണ് നിർദേശം. മുമ്പുണ്ടായ പരാതികളെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കുമെന്ന ഉറപ്പും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. ഇക്കാര്യത്തിൽ കുറ്റമറ്റ നടപടികളുണ്ടാവണം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമുന്നയിച്ച് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞതെങ്കിലും തുകയെക്കുറിച്ച് ദുരന്തനിവാരണ വകുപ്പ് തീരുമാനിക്കണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്. കോവിഡ് കാരണം മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണം ആദ്യമേതന്നെ ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം. പിന്നീട് കേന്ദ്രസർക്കാരും മെച്ചപ്പെട്ട ഒരു പാക്കേജ് പ്രഖ്യാപിച്ചു. ഇപ്പോൾ സുപ്രീംകോടതി നിർദേശിച്ച നഷ്ടപരിഹാരം അതിധനികരെ ഉദ്ദേശിച്ചല്ല, ദരിദ്രരെയും ഇടത്തരക്കാരെയും ഉദ്ദേശിച്ചാണെന്നു വ്യക്തമാണ്. സാമ്പത്തികസഹായം ആവശ്യമില്ലാത്ത കുടുംബങ്ങൾ സ്വമേധയാ അക്കാര്യം സർക്കാരിനെ അറിയിക്കുകയും ആ തുകകൂടി കൂടുതൽ അർഹരായവർക്ക് ലഭ്യമാക്കാൻ പിന്തുണ നൽകുകയുമാണ് വേണ്ടത്.

കോവിഡ് കാരണം മരിച്ചവരിലും രോഗപീഡകൾകാരണം ജീവിതം വഴിമുട്ടിയവരിലും മഹാഭൂരിപക്ഷവും അതി ദരിദ്രരോ ദരിദ്രരോ ആണ്. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാണ് എല്ലാ ശ്രമവും വേണ്ടത്. സംസ്ഥാനത്ത് കോവിഡ് രോഗബാധകാരണമുള്ള മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന്ന് ആരോപണത്തിൽ കഴമ്പില്ലെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ, കോവിഡ് നെഗറ്റീവായിക്കഴിഞ്ഞ് അനുബന്ധ രോഗങ്ങളാൽ ഒട്ടേറെപ്പേർ മരിക്കുന്നതായാണ് റിപ്പോർട്ട്. ഇത് ഏതു കണക്കിലാണ് പെടുക. കോവിഡ് നെഗറ്റീവായശേഷം ദിവസങ്ങൾക്കകമോ ആഴ്ചകൾക്കകമോ ഉണ്ടാകുന്ന മരണം ന്യൂമോണിയ കാരണമുള്ള മരണവും മറ്റുമായാണ് രേഖപ്പെടുത്തുന്നത്. വാസ്തവത്തിൽ നെഗറ്റീവായശേഷം എന്ന അതിസാങ്കേതിക അതിർവരമ്പ് യുക്തിഭദ്രമല്ല. സുപ്രീംകോടതിവിധിയുടെ വിശാല താത്‌പര്യാനുസൃതം ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം നൽകാൻ ആരോഗ്യവകുപ്പിന് സാധിക്കണം.