കോവിഡിന്റെ ഒന്നാംതരംഗത്തെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കരുതലും സഹകരണവുംകൊണ്ട് അതിജീവിച്ചവരാണ് നാം. പതിന്മടങ്ങ് ശക്തിയോടെയും വ്യാപ്തിയോടെയും മറ്റൊരു തരംഗം വാപൊളിച്ചുനിൽക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ പത്തുദിവസത്തോളമായുള്ള അനുഭവം. 17.4 ശതമാനം എന്ന പേടിപ്പിക്കുന്ന കണക്കിലേക്കെത്തിയിരിക്കുന്നു ടെസ്റ്റ്‌ പോസിറ്റിവിറ്റി. ദേശീയതലത്തിൽ പ്രതിദിന കോവിഡ് വ്യാപനം രണ്ടേകാൽ ലക്ഷം കടന്നു. പ്രതിദിന മരണനിരക്ക് ആയിരമായി. കോവിഡിന്റെ രണ്ടാംതരംഗം ഇന്ത്യയിലാണ് ഏറ്റവും തീവ്രമായിരിക്കുന്നത്. ‘ഭീതി വേണ്ടാ, ജാഗ്രതമതി’ എന്ന് ഒരു കൊല്ലത്തിലേറെയായി ഉദ്‌ബോധിപ്പിക്കാൻ ശ്രമിക്കുമ്പോഴും മെല്ലെ മെല്ലെ ഭീതി സമൂഹത്തെ ബാധിക്കാൻ തുടങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ആദ്യഘട്ടം രോഗത്തിൽനിന്ന് ഒളിക്കാനായി അടച്ചിടൽ സഹായിച്ചു. പക്ഷേ, അടച്ചിടൽ ഭക്ഷണമില്ലാതാക്കും, വ്യാവസായിക-കാർഷിക ഉത്പാദനം ഇല്ലാതാക്കും സേവനമേഖലയെ തകർക്കും സാമൂഹികജീവിതം ഇല്ലാതാക്കും എന്നതിനാൽ അടച്ചിടൽ ഒഴിവാക്കാൻ നാം നിർബന്ധിതരായി. 

ലോകം കേരളത്തെ വാഴ്ത്തിയ ആദ്യകാലത്തെ ജാഗ്രത പിന്നെപ്പിന്നെ കൈമോശംവന്നു. അടുത്തടുത്തായി വന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ കോവിഡ് പെരുമാറ്റച്ചട്ടം പൂർണമായും ലംഘിക്കുന്നതിൽ മുന്നണികൾ മത്സരിച്ചു. അതുമാത്രമാണ് ഇപ്പോഴത്തെ തീവ്രവ്യാപനത്തിന് കാരണമെന്ന് പറയാനാവില്ല. കാരണം, കോവിഡ് രണ്ടാംവ്യാപനം ആഗോളപ്രതിഭാസമാണെന്നുവന്നിരിക്കയാണ്. തിരഞ്ഞെടുപ്പ് നടക്കാത്ത മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം തീവ്രവ്യാപനം സംഭവിച്ചിട്ടുണ്ട്. പക്ഷേ, മറ്റുസംസ്ഥാനങ്ങളെപ്പോലുള്ള സംസ്ഥാനമല്ല നമ്മുടേതെന്ന് താരതമ്യപ്പെടുത്തുമ്പോൾ നാം ഓർക്കുന്നില്ല. നമുക്ക് ചില സവിശേഷതകളുണ്ടെന്നാണല്ലോ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനനുസൃതമായ കരുതലില്ലാതെപോയെന്നതാണ് പ്രശ്നം. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ നടന്നുവരുകയാണ്. എട്ടുലക്ഷത്തിലേറെ കുട്ടികളും പതിനായിരക്കണക്കിന് അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഇടപഴകുന്ന മേഖലയാണത്‌. ഈ മാസം അവസാനത്തോടെയേ പരീക്ഷ തീരൂ. സി.ബി.എസ്.ഇ. യുടെ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷ നടത്തുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഇപ്പോഴത്തെ സാഹചര്യംകൂടി പരിഗണിച്ച് കൂടുതൽ ജാഗ്രതയോടെ നമ്മുടെ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

വാക്സിനേഷന്റെ കാര്യത്തിൽ രാജ്യത്തിന്‌ പ്രതീക്ഷിച്ച വേഗം കൈവരിക്കാനായിട്ടില്ല. 12 കോടി ഡോസ് വാക്സിനാണ് നൽകിക്കഴിഞ്ഞത്. ഒന്നാംഡോസ് നൽകിയവർക്കുതന്നെ കൃത്യസമയത്ത് രണ്ടാംഡോസ് നൽകാനാവുമോ എന്ന കാര്യത്തിൽ സംശയമുയർന്നിരിക്കുന്നു. കൂട്ട കുത്തിവെപ്പിനായി അരക്കോടി ഡോസ് ആവശ്യപ്പെട്ട കേരളത്തിന് കഴിഞ്ഞദിവസം രണ്ടുലക്ഷം ഡോസാണ് ലഭിച്ചത്. ക്രഷിങ് ദി കർവ് എന്ന നിലയിൽ പരിശോധനയുടെ എണ്ണം വൻതോതിൽ വർധിപ്പിക്കലടക്കമുള്ള പുതിയ തന്ത്രത്തിലേക്ക് കേരളം മാറിയിട്ടുണ്ട്. എൺപതിനായിരത്തിലധികം സാംപിൾ ഒരുദിവസം പരിശോധിക്കുന്നു. അതിഗുരുതരമാണ്, ആപത്കരമാണ് സാഹചര്യം. അവരവരുടെ കരുതലാണ് പ്രധാനമെന്ന് ഉൾക്കൊള്ളുകയാണ് ആദ്യം വേണ്ടത്. സംസ്ഥാനസർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡിന്റെ ആദ്യഘട്ടത്തിൽ, അതായത് കഴിഞ്ഞ കൊല്ലം ഇതേസമയത്ത് പ്രവർത്തിച്ചതുപോലുള്ള പ്രവർത്തനത്തിലേക്ക് തിരിച്ചെത്തണം. വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക് സൗജന്യ ഭക്ഷണമടക്കമുള്ള സൗകര്യത്തോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സൗകര്യം നൽകണം. നേരത്തേ തുടങ്ങാനിരുന്നതും ഭൗതികസൗകര്യങ്ങളെല്ലാം ഒരുക്കിയശേഷം തത്‌കാലം തുടങ്ങേണ്ടെന്ന് തീരുമാനിച്ചതുമായ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ഈ സാഹചര്യത്തിൽ തുറക്കേണ്ടിവരും. ആശുപത്രികളിൽ കൂടുതൽ കോവിഡ് വാർഡുകൾ സജ്ജമാക്കണം, കൂടുതൽ വെന്റിലേറ്ററുകൾ സജ്ജമാക്കുക, ആവശ്യത്തിന് ഓക്സിജൻ ശേഖരിച്ചുവെക്കുക  എന്നിങ്ങനെ ആരോഗ്യവകുപ്പ് ഒന്നുകൂടി ഒരുങ്ങേണ്ടിയിരിക്കുന്നു. അതോടൊപ്പം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വാർഡംഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നടത്തിയതുപോലുള്ള സേവനജാഗ്രതാ പ്രവർത്തനത്തിന് തയ്യാറാകണം. താഴെത്തട്ടിലുള്ള അത്തരം പ്രവർത്തനങ്ങൾ തീരേ നിലച്ചുപോയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിലും തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകും. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പുതിയ അധികാരികൾ വന്നശേഷം അതിൽ കുറവുവന്നിട്ടുണ്ട്.