എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ മുന്നോടിയായുള്ള പ്രഥമവിവര റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. സാമാന്യബുദ്ധ്യാ അത് അപ്രതീക്ഷിതമല്ല. നയതന്ത്ര ബാഗേജിലൂടെ സ്വർണക്കള്ളക്കടത്ത് നടത്തിയതിന്റെ ബുദ്ധികേന്ദ്രമായ സ്വപ്നാ സുരേഷിന്റെ  ശബ്ദരേഖ, അവരെ ചോദ്യംചെയ്യുന്നത് കാണുകയും കേൾക്കുകയും ചെയ്തുവെന്നവകാശപ്പെടുന്ന വനിതാ പോലീസുദ്യോഗസ്ഥർ നൽകിയ മൊഴി, സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ സൂത്രധാരരിലൊരാളായ സന്ദീപ് നായർ ജയിലധികൃതർ മുഖേന നൽകിയ പരാതി എന്നിവയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.     ഹൈക്കോടതിയുടെ വിധി ആർക്കെങ്കിലും നേട്ടമാണോ ആർക്കെങ്കിലും തിരിച്ചടിയാണോ എന്നത് സാങ്കേതികം മാത്രമാണ്.  നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വർണക്കള്ളക്കടത്ത് കേസിന്റെയും അനുബന്ധ കേസുകളുടെയും അന്വേഷണം നടത്തുന്നത് കസ്റ്റംസും ഇ.ഡി.യും എൻ.ഐ.എ.യുമാണ്. ഇതിൽ എൻ.ഐ.എ.യുടെ അന്വേഷണത്തെ പൊതുവേ അംഗീകരിച്ച സംസ്ഥാനസർക്കാർ മറ്റ് രണ്ട് ഏജൻസികളെയും ശക്തമായി വിമർശിക്കുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഉപജാപവും വാർത്ത ചോർത്തി അപകീർത്തിപ്പെടുത്തലും നടക്കുന്നതായുംആക്ഷേപമുയർത്തി. കുറ്റകൃത്യത്തിൽ മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കാൻ ഭീഷണിയുണ്ടായെന്നതാണ് സംസ്ഥാനസർക്കാരിന്റെ പരാതിക്കാധാരമായ വിഷയം. അത്തരമൊരു പരാതി ശബ്ദരേഖയുടെ രൂപത്തിൽ പുറത്തുവന്നതിൽ സംശയാസ്പദമായ കുറെ കാര്യങ്ങളുണ്ട്. കേന്ദ്ര ഏജൻസികൾ നടത്തുന്ന ചോദ്യം ചെയ്യൽ പ്രതിയുടെ അകമ്പടിപ്പോലീസ് കാണുകയും കേൾക്കുകയും ചെയ്തുവെന്നതിലെ യുക്തിപ്രശ്നം വേറെ. ഇങ്ങനെ കുഴഞ്ഞുമറിഞ്ഞ സംശയങ്ങൾ അന്തരീക്ഷത്തിലുള്ളപ്പോഴാണ്   ക്രൈംബ്രാഞ്ച് ഇ.ഡി.ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുന്നത്. ഇ.ഡി.ക്കെതിരേയല്ല, ചില ഉദ്യോഗസ്ഥർക്കെതിരേയാണ് കേസ് എന്ന് സംസ്ഥാനപോലീസും സർക്കാരും വിശദീകരിച്ചെങ്കിലും ഫെഡറൽ തത്ത്വത്തിന് നിരക്കാത്ത കടന്നുകയറ്റത്തിന്റെ പ്രതീതിയാണത് സൃഷ്ടിച്ചത്. 

എഫ്.ഐ. ആർ. റദ്ദാക്കണമെന്ന ആവശ്യം പൊടുന്നനെ സ്വീകരിക്കുന്നതിനുപകരം പരാതിക്കാരിൽനിന്ന് മൊഴിയെടുക്കാനുള്ള സാവകാശവും പ്രാഥമിക അന്വേഷണത്തിനുള്ള സമയവും ഹൈക്കോടതി ലഭ്യമാക്കി, അന്വേഷണം സ്റ്റേ ചെയ്യാത്തതുവഴി. ഇപ്പോൾ വാദപ്രതിവാദം കേട്ട ശേഷം ഇ.ഡി.ക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കുകയും ഇതേവരെ നടന്ന അന്വേഷണത്തിൽ ലഭ്യമായിടത്തോളം വിവരങ്ങൾ മുദ്രവെച്ച കവറിൽ വിചാരണക്കോടതിക്ക് നൽകണമെന്നുമാണ് ഹൈക്കോടതി വിധിച്ചത്. പരാതികൾ പരിശോധിക്കാനും കഴമ്പുണ്ടെന്ന് കണ്ടാൽ നടപടിയോ അന്വേഷണമോ വേണമോ, എങ്കിൽ എന്തെല്ലാം എന്നു നിശ്ചയിക്കാനുമുള്ള അധികാരം ബന്ധപ്പെട്ട കോടതിക്ക് മാത്രമാണ്. കേന്ദ്രത്തിലെ ഒരു അന്വേഷണ ഏജൻസിക്കെതിരേ ആക്ഷേപമുണ്ടെങ്കിൽ സ്വന്തം ഏജൻസിയെക്കൊണ്ട് കേസെടുപ്പിക്കുന്നതിനുപകരം നിയമാനുസൃതം കോടതിയെ സമീപിക്കുകയായിരുന്നു ഉചിതം. 
  ഇത്തരം കാര്യങ്ങളിലെ വിജയവും പരാജയവും നീതിന്യായവുമായോ ധാർമികതയായോ മാത്രം ബന്ധപ്പെടുത്തി കാണാനാവില്ല. കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പ് പോരാട്ടത്തിലെയും യുക്തികൾ വ്യത്യസ്തമാകാം. കേന്ദ്ര ഏജൻസികളുടെ തുടർച്ചയായ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രഥമവിവര റിപ്പോർട്ടുകളും അതിനാധാരമായ പ്രശ്നങ്ങളും സഹായകമായി എന്ന് ഭരണമുന്നണിക്ക് ആശ്വസിക്കാം. അന്വേഷണത്തിന്റെ ഭാഗമായി ലഭ്യമായ വിവരങ്ങൾ പാഴായില്ലെന്നതും കോടതിവിധിയുടെ ഫലം. അന്വേഷണ ഏജൻസിയിൽനിന്ന് ഉദ്യോഗസ്ഥരെ വേറിട്ടെടുത്തുകാണിച്ച് ക്രൂശിക്കാനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്ന വാദം ഫലത്തിൽ അംഗീകരിക്കപ്പെട്ടത് ഇ.ഡി.ക്ക്‌ ആശ്വാസമാവുകയും അവരുടെ മനോവീര്യമുയർത്തുകയും ചെയ്തു. പല കാരണങ്ങളാൽ സ്വർണക്കള്ളക്കടത്തുകേസിന്റെയും അനുബന്ധ കേസുകളുടെയും അന്വേഷണം ഇഴയുകയാണെന്ന ആക്ഷേപം പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു. കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. നിഷ്പക്ഷവും സുതാര്യവുമായ സമീപനത്തോടെ അന്വേഷണം പൂർത്തിയാക്കാനും വിവാദങ്ങളിൽപ്പെടാതെ നോക്കാനും കഴിയണം. ഹൈക്കോടതിവിധി അതിന് സഹായകമാണ്.