വോട്ടെടുപ്പ് സമാധാനപരമായി പര്യവസാനിച്ചതിന്റെ വാർത്തയ്ക്കൊപ്പംതന്നെ രാഷ്ട്രീയക്കൊലപാതകത്തിന്റെ നടുക്കുന്ന വിവരവുമെത്തിയെന്നതാണ് നമ്മുടെ രാഷ്ട്രീയമേഖലയുടെ വൈപരീത്യം. സമാധാനം പലപ്പോഴും സംഘർഷത്തെ ഒളിച്ചുവെക്കുകയോ കരുതിവെക്കുകയോ ചെയ്യുന്നു.  ചൊവ്വാഴ്ച പാനൂർ പുല്ലൂക്കരയിൽ നടന്ന നിഷ്ഠുരമായ കൊലപാതകം പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശോഭ കെടുത്തി. 
പരസ്പരം സംഘർഷമുണ്ടായി അതിനിടയിൽ സംഭവിച്ച അത്യാഹിതമല്ല, മറിച്ച് ആസൂത്രിതമായി നടന്ന രാഷ്ട്രീയ പകവീട്ടലാണ് പുല്ലൂക്കരയിൽ നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്. പോളിങ് ബൂത്തിൽ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തർക്കമുണ്ടായതിന്റെ തുടർച്ചയായാണ് കൊലപാതകമുണ്ടായത്. യു.ഡി.എഫ്. സ്ഥാനാർഥിയുടെ പോളിങ് ഏജന്റായ മുഹ്‌സിനെ ആക്രമിക്കാനായി മുഹ്‌സിന്റെ വീട്ടിലേക്ക് അക്രമികൾ എത്തിയത് പോളിങ് കഴിഞ്ഞ് ഒരുമണിക്കൂറാകുമ്പോഴാണ്. വീട്ടിലേക്ക് ബോംബെറിഞ്ഞ് മുഹ്‌സിനെയും സഹോദരൻ മൻസൂറിനെയും പരിക്കേൽപ്പിക്കുകയായിരുന്നു.  ബോംബേറിൽ മുറിവേറ്റ് ചോര വാർന്നാണ് ഇരുപതുകാരനായ മൻസൂർ മരിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്. പോളിങ് ബൂത്തിൽ സാധാരണമായി ഉണ്ടാകുന്ന തർക്കത്തെ പോളിങ് ഏജന്റിന്റെ വീടാക്രമിച്ച് കൊലനടത്തുന്ന തലത്തിലേക്ക് വളർത്തിയ ഭീകര ആസൂത്രണം രാഷ്ട്രീയത്തിൽനിന്ന് മനുഷ്യത്വം ചോർന്നുപോകുന്നതിന്റെ തെളിവാണ്. 

ഏറെക്കാലം അക്രമവും കൊലപാതകങ്ങളും കാരണം അശാന്തിയുടെ കേന്ദ്രമായിരുന്നു പാനൂരും പരിസരപ്രദേശങ്ങളും ഉൾപ്പെട്ട കൂത്തുപറമ്പ് അസംബ്ലി  മണ്ഡലം. ശക്തമായ പോലീസ് സംവിധാനം ഏർപ്പെടുത്തി സംഘർഷമേഖല എന്ന പേരുദോഷം ഇല്ലാതാക്കി. സർക്കാരും രാഷ്ട്രീയപ്പാർട്ടി നേതൃത്വങ്ങളും ഇടപെട്ട് കൂത്തുപറമ്പ്-പാനൂർ മേഖലയിൽ സമാധാനാന്തരീക്ഷം യാഥാർഥ്യമാക്കി. അതാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്. പാനൂർ, കൂത്തുപറമ്പ് മേഖലയിൽ പോലീസും ബോംബ് സ്ക്വാഡും നിരന്തരം റെയ്ഡ് നടത്തി ബോംബ് രാഷ്ട്രീയത്തിന് ഒരുപരിധിവരെ അറുതിവരുത്തിയിരുന്നതാണ്. തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും ബോംബ് നിർമാണവും ശേഖരണവും തുടങ്ങിയെന്നതിന്റെ സൂചനയാണ് പാനൂരിലുണ്ടായത്. വീണ്ടും അക്രമംവിതയ്ക്കാനുള്ള ഈ ശ്രമം ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇല്ലായ്മചെയ്തേ തീരൂ.രാഷ്ട്രീയക്കൊലപാതകം നടക്കുമ്പോൾ പ്രതിസ്ഥാനത്തുള്ളവരുൾക്കൊള്ളുന്ന പാർട്ടികൾ തങ്ങളാണ്‌ കൂടുതൽ അക്രമങ്ങൾക്കിരയായിട്ടുള്ളതെന്നും കൂടുതൽപ്പേർ കൊല്ലപ്പെട്ടത് തങ്ങളുടെ കൂട്ടത്തിലുള്ളവരാണെന്നും ചൂണ്ടിക്കാട്ടി പുതിയ സംഭവത്തെ ലഘൂകരിച്ച് കാണാൻ ശ്രമിക്കുക പതിവാണ്. മുമ്പ് അക്രമവും കൊലപാതകവുമുണ്ടായത് ഇപ്പോഴും ഭാവിയിലും അതാവർത്തിക്കാനുള്ള ന്യായീകരണമോ കാരണമോ ആയിക്കൂടാ. ഏതുഭാഗത്തായാലും തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാനാണ് എല്ലാഭാഗത്തുനിന്നുമുള്ള ജാഗ്രത വേണ്ടത്. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയകക്ഷികളുടെയും മുന്നണികളുടെയും നയങ്ങളും പരിപാടികളുമാണ് മാറ്റുരയ്ക്കപ്പെടുന്നത്. ആശയപരമായ ആക്രമണ-പ്രത്യാക്രമണത്തിലൂടെയല്ലാതെ കായികാക്രമണവും വീട്ടിനു കല്ലേറും വാഹനം തകർക്കലും പോലുള്ള ഗുണ്ടായിസംകൊണ്ട് ആർക്കും ആരെയും ജയിക്കാനോ ആരെയെങ്കിലും പരാജയപ്പെടുത്താനോ സാധ്യമാകുന്ന കാലമല്ല ഇത്. എന്നിട്ടും പഴയരീതി ചിലേടത്തെങ്കിലും തുടരുന്നുവെന്നാണ് വോട്ടെടുപ്പുവേളയിലും തുടർന്നുമുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. സംസ്ഥാനത്ത്‌ അങ്ങിങ്ങ്‌ നിർഭാഗ്യകരമായ ആക്രമണസംഭവങ്ങളുമുണ്ടായി. 

സംഭവങ്ങളുണ്ടാകുമ്പോൾ അത് ജനങ്ങളെ അറിയിക്കാൻ ഉത്തരവാദിത്വമുള്ളവരാണ് മാധ്യമങ്ങൾ. പാനൂരിലെ കൊലപാതകസംഭവത്തെക്കുറിച്ച് സംഭവസ്ഥലത്തുനിന്ന് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കേയാണ് മാതൃഭൂമി ന്യൂസിന്റെ വാർത്താസംഘത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. വിലകൂടിയ ക്യാമറയും അനുബന്ധ ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. വാഹനം തകർത്തു. അക്രമത്തിൽ പ്രതിഷേധിക്കുന്നത് മറ്റൊരാക്രമണം നടത്തിക്കൊണ്ടും അങ്ങേയറ്റത്തെ അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ടുമാകുന്നത് മറ്റൊരു വൈപരീത്യം എന്നേ പറയാനാവൂ. കൊലപാതകം നടത്തിയവരെയും മറ്റ് അക്രമങ്ങൾ നടത്തിയവരെയും അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കണം.