വിളവെടുപ്പുകാലത്ത് പാടത്ത് നെൽകർഷകന്റെ കണ്ണീർവീഴുന്നത് കേരളത്തിലും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ച കുറഞ്ഞസംഭരണവിലയെക്കാൾ കൂടിയ വില നൽകിയാണ് സംസ്ഥാനത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നെല്ലുസംഭരിക്കുന്നതെന്നത് ശരിയാണ്. എന്നാൽ, കൃഷിക്കാർക്ക് അതിന്റെ പ്രയോജനം പൂർണമായി ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. അപ്പർകുട്ടനാട്ടിൽ കഴിഞ്ഞ ഏതാനും ദിവസമായി ഉയരുന്ന രോഷവും വിലാപവും അതിന്റെ ഫലമാണ്. താങ്ങുവില നിശ്ചയിക്കുന്നതിൽ തീരുന്നതല്ല, അത്രയെങ്കിലും കൃഷിക്കാരന് കൃത്യമായി ലഭിക്കുന്നെന്നും യഥാസമയം സംഭരണം നടക്കുന്നെന്നും ഉറപ്പാക്കേണ്ട ഭരണപരമായ ഉത്തരവാദിത്വംകൂടിയുണ്ട് സർക്കാർ സംവിധാനങ്ങൾക്ക്.

നമ്മുടെ സംസ്ഥാനത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നീണ്ടൂർ, മാക്കോതറ, നൂറുപറ പാടശേഖരത്തിൽ ഒരു കർഷകൻ ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായി. മെതിച്ചുകൂട്ടിയിട്ട നെല്ലിന് തീകൊടുത്തുകൊണ്ട് പ്രതിഷേധമുയർത്തുന്ന സ്ഥിതിയുമുണ്ടായി. അത്തരമൊരു സാഹചര്യത്തിലേക്ക് അവിടത്തെ കൃഷിക്കാരിൽ ചിലരെങ്കിലും എത്തിയത് എന്തുകൊണ്ടാണെന്ന് നെല്ലു സംഭരണത്തിന് ചുമതലയുള്ള സർക്കാർ ഏജൻസി ചിന്തിക്കണം.
അപ്പർകുട്ടനാട്ടിലെ നീണ്ടൂർ മേഖലയിൽ 400 കൃഷിക്കാരുടെ നെല്ല് ദിവസങ്ങളായി പാടത്ത് കൂട്ടിയിട്ട നിലയിലാണ്. 130 ടണ്ണോളം നെല്ല്. സംഭരണ ഏജൻസിയായ സപ്ലൈകോയുടെ കീഴിൽ നെല്ലെടുക്കാൻ നിയുക്തരായ മില്ലുടമകൾ കൃത്യമായി നെല്ലെടുക്കാൻ തയ്യാറാകുന്നില്ലെന്നതാണ് പരാതി. ക്വിന്റലിന് ആറുകിലോ തൂക്കത്തിന്റെയും മറ്റും പേരിൽ കിഴിച്ചേ വിലനൽകൂ എന്ന് മില്ലുടമകൾ ശഠിക്കുന്നതാണ് കൃഷിക്കാരുടെ പ്രതിഷേധത്തിന് പ്രധാനകാരണം. കഴിഞ്ഞ വർഷം 27.48 രൂപയായിരുന്ന വില 30 രൂപയെങ്കിലുമാക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാതെ നാമമാത്രവർധനയേ വരുത്തിയുള്ളൂ. 

ഇത് അപ്പർ കുട്ടനാട്ടിലെ മാത്രം പ്രശ്നമല്ല, കുട്ടനാട്ടിലെ മറ്റ് പാടശേഖരങ്ങളിലെ മാത്രം പ്രശ്നവുമല്ല, നമ്മുടെ രണ്ടാമത്തെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാടൻ പാടശേഖരത്തിലും ബാധകമാണിത്. ഏതാനും ദിവസംകഴിയുമ്പോൾ പാലക്കാട്ട് കൊയ്‌ത്താരംഭിക്കും. സംഭരണത്തിലെ കാലതാമസവും കിഴിവുപ്രശ്നവും വില യഥാസമയം ലഭ്യമാകാത്തതുമെല്ലാം കൃഷിക്കാരെ ദുരിതത്തിലാക്കുന്ന കാര്യമാണ്. ഇക്കാര്യത്തിൽ സപ്ലൈകോയും ഭക്ഷ്യപൊതുവിതരണ വകുപ്പും കർഷകർക്കനുകൂലമായി കാര്യക്ഷമമായ പ്രവർത്തനം നടത്തേണ്ടതുണ്ട്. നയപരമായ പുതിയ കാര്യമൊന്നുമല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമൊന്നും അതിന് തടസ്സമാകില്ല.
നെൽക്കൃഷിയിൽനിന്ന് കർഷകർ പിന്നോട്ടുപോയിപ്പോയി ഇനി പോകാൻ ബാക്കിയില്ലാത്ത ഘട്ടത്തിലാണ് സംഭരണനയം നടപ്പാക്കിയതും കൃഷിക്ക് സബ്‌സിഡി നൽകിയതും പാടം നികത്തലിനെതിരായ നിയമം കൊണ്ടുവന്നതും. തൊള്ളായിരത്തി അമ്പതുകളുടെ മധ്യത്തിൽ അഞ്ചരലക്ഷം ഹെക്ടറായിരുന്ന നെൽപ്പാട വിസ്‌തൃതി 1970 ആകുമ്പോഴേക്ക് എട്ടരലക്ഷത്തിലേറെ ഹെക്ടറാക്കി വർധിപ്പിച്ച നാടാണിത്. പിന്നീട് 2007-ൽ രണ്ടേകാൽ ലക്ഷത്തിലെത്തിയപ്പോഴാണ് അധികാരികൾക്ക് ബോധം തെളിഞ്ഞതും നെൽക്കൃഷി വികസനത്തിന് നടപടികൾ തുടങ്ങിയതും. നെല്ലുത്‌പാദനം മാത്രമല്ല, പാരിസ്ഥിതികസംരക്ഷണം കൂടിയാണ് നെൽക്കൃഷിക്കാർ നിർവഹിക്കുന്നത്. അധ്വാനമൂല്യവും ഉത്‌പാദനച്ചെലവും കണക്കാക്കിയാലുണ്ടാകുന്ന വിലയുമായി താരതമ്യപ്പെടുത്തുകപോലും ചെയ്യാനാവാത്തതാണ് നെല്ലിന്റെയും അരിയുടെയും വില എന്ന യാഥാർഥ്യം നിലനിൽക്കുന്നു. ഉദാരമായ സഹായം നൽകിയും ഉത്‌പന്നം യഥാസമയം ആദായവിലയ്ക്ക് സംഭരിച്ചും നെൽക്കൃഷിക്കാരെ ചേർത്തുപിടിക്കേണ്ടത് ഭക്ഷ്യസുരക്ഷയുമായി മാത്രമല്ല, പരിസ്ഥിതിസുരക്ഷയുമായും ബന്ധപ്പെട്ട ആവശ്യമാണ്.