കോവിഡ് മഹാമാരിയെ ഉച്ചാടനം ചെയ്യുന്നതിനുള്ള മഹായത്നത്തിന്റെ ആരംഭം കുറിച്ചിരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രതിരോധ കുത്തിവെപ്പിന് വിധേയനായിക്കൊണ്ട് നൽകിയ സന്ദേശം മഹാമാരിക്കെതിരേ ഒരുമിച്ചു മുന്നേറാമെന്നാണ്. ഇതൊരു ആഗോളപോരാട്ടമാണെന്നും നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും നടത്തിക്കൊണ്ടിരിക്കുന്ന അശ്രാന്തപരിശ്രമം വിജയത്തിലേക്കു നീങ്ങുകയാണെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പൂർണമായും ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നതും സുപ്രധാനമാണ്. 
ഓക്സ്‌ഫഡ്‌ സർവകലാശാല വികസിപ്പിച്ചെടുത്തതും അവരുമായി സഹകരിച്ച് പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച് വിപണിയിലിറക്കുന്ന കോവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോ വാക്‌സിനും കോവിഡ് പ്രതിരോധത്തിന് കുത്തിവെക്കാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ഇപ്പോൾ ആരംഭിച്ച രണ്ടാംഘട്ടത്തിൽ 60 വയസ്സുമുതലുള്ള എല്ലാവർക്കും അതിൽതാഴെ 45 വയസ്സുവരെയുള്ളവരിൽ ഏതെങ്കിലും രോഗമുള്ളവർക്കും കോവിഡ് പ്രതിരോധകുത്തിവെപ്പിന് വിധേയമാകാമെന്നാണ് കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ വ്യക്തമാക്കിയിട്ടുള്ളത്. 

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ആയിരത്തോളം ആരോഗ്യകേന്ദ്രങ്ങൾ സജ്ജമായിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. മഹാഭൂരിഭാഗം സർക്കാർ ആശുപത്രികളിലും കോവിഡ് പ്രതിരോധകുത്തിവെപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിൽ കുത്തിവെപ്പ് സൗജന്യമായാണ് സർക്കാർ ആശുപത്രിയിൽ ചെയ്തുകൊടുക്കുക. ജനങ്ങൾക്ക് ഇത് ഏറെ ആശ്വാസമാകും. എല്ലാ ജില്ലയിലും ഏതാനും സ്വകാര്യ ആശുപത്രികളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിലെ മുൻഗണനാക്രമത്തിനുമുമ്പ് കുത്തിവെപ്പെടുക്കാൻ താത്‌പര്യമുള്ളവർക്ക് ഇത് സഹായകമാകും. രാജ്യത്താകെ രണ്ടാം ഘട്ടത്തിൽ 10 കോടി പേർക്ക് വാക്‌സിൻ നൽകാനാവുമെന്നാണ് കണക്കാക്കുന്നത്. 

കോവിഡ് രാജ്യത്ത് ആദ്യമായി കണ്ടെത്തിയിട്ട് ഒരുവർഷം തികയുന്ന ഘട്ടത്തിൽ ജനുവരി 16-ന് തുടങ്ങിയ കുത്തിവെപ്പിന് വിധേയരായവർക്ക് പറയത്തക്ക പ്രയാസങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് നിഗമനം. ഏത് പ്രതിരോധ കുത്തിവെപ്പിനും ഉണ്ടാകാവുന്ന ചില്ലറ പ്രയാസങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അത്തരത്തിലുള്ള ചെറിയ പ്രശ്‌നങ്ങൾ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും ഭാഗമായി അസാധാരണമല്ല. അതിനാൽ  വാക്‌സിനേഷന് വിധേയരാകുന്നതിൽ ആശങ്കയ്ക്ക് കാര്യമില്ല. പ്രധാനമന്ത്രി വാക്‌സിനെടുത്ത് മാതൃകകാട്ടിയതിനു പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്തദിവസങ്ങളിൽ കുത്തിവെപ്പിന് വിധേയരാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.  കുട്ടികൾക്ക് പോളിയോ വാക്‌സിൻ കൊടുക്കുന്നതിനെയടക്കം തടയാൻ ശ്രമിക്കുന്ന സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. മാറാരോഗങ്ങളായി കണക്കാക്കിയിരുന്ന പല രോഗങ്ങളും പൂർണമായിത്തന്നെ നിർമാർജനം ചെയ്യാൻ സാധിച്ചത് നിക്ഷിപ്തതാത്‌പര്യക്കാരുടെ പ്രചാരണത്തെ പരാജയപ്പെടുത്തിയും ശക്തമായ ബോധവത്‌കരണത്തിലൂടെയും  വാക്‌സിനേഷൻ കൃത്യമായി നടത്തിയതിനാലാണ്. 

ലോകം ഇന്നേവരെ നേരിട്ടതിൽവെച്ചേറ്റവും മാരകമാണ്‌ കോവിഡ് മഹാമാരി. രോഗം ബാധിച്ചവരെ ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനൊപ്പം രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനും കൂടിയാണ് ഒരു വർഷമായി ശ്രമിച്ചത്. രോഗവ്യാപനം തടയുന്നതിൽ പൂർണവിജയം കൈവരിക്കാനായില്ലെങ്കിലും രോഗബാധിതർക്ക് മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കാനും മരണനിരക്ക് പരമാവധി കുറയ്ക്കാനും നമുക്ക് സാധിച്ചു. സംസ്ഥാനത്ത് 10 ലക്ഷം പേരാണ് രോഗമുക്തരായത്. അരലക്ഷത്തോളം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. എന്നാൽ, രണ്ടു ലക്ഷത്തിലധികംപേർ നിരീക്ഷണത്തിലുണ്ട്. ഓരോ ദിവസവും പരിശോധനയ്ക്ക് വിധേയരാവുന്നവരിൽ 11 ശതമാനത്തോളം പേർക്ക് കോവിഡ് രോഗബാധയുണ്ടായിരുന്നത് ആറു ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്നത് ചെറിയ ആശ്വാസം പകരുന്നുണ്ടെങ്കിലും രോഗവ്യാപനഭീഷണി തുടരുകതന്നെയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് വ്യാപകമാക്കിയേ തീരൂ. കുത്തിവെപ്പുനടത്തുന്നത് വളരെ ശ്രദ്ധയോടെയും  സൂക്ഷ്മതയോടെയും ആവുമെന്നും ശരിയായ മേൽനോട്ടമുണ്ടാവുമെന്നും ആരോഗ്യവകുപ്പ് ഉറപ്പുവരുത്തണം. പാർശ്വഫലങ്ങളുണ്ടാവുന്നവർക്ക് അതിനുള്ള ചികിത്സനൽകാനുള്ള സംവിധാനവും വേണം. വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്യുന്നതിന് കുറേക്കൂടി ലളിതമായ സംവിധാനമുണ്ടാകണം. ആദ്യദിവസംതന്നെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പരാതികളുയർന്നിട്ടുണ്ട്. സാങ്കേതികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ അപ്പപ്പോൾ പരിഹരിക്കാനും ആവശ്യമായ ബോധവത്‌കരണത്തിനും ആരോഗ്യ ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനമൊരുക്കുന്നത് നന്നാവും.