ഡിജിറ്റൽ യുഗത്തിലാണ് ലോകം. കോവിഡിനു ശേഷവും ഡിജിറ്റൽ വഴികളായിരിക്കും ലോകസമൂഹങ്ങളെ നയിക്കുക. അതിനാൽ, ഇത്തരം സാങ്കേതികവിദ്യകളുടെ വരാനിരിക്കുന്ന സാധ്യതകളും വെല്ലുവിളികളുമാണ് ലോകത്തിന്റെ ചർച്ച. അതോടൊപ്പം ഈ രംഗം ഉയർത്തുന്ന ആശങ്കകളും പ്രധാന വിഷയമാണ്. മാറുന്ന സാങ്കേതിക വിദ്യ അനുഗ്രഹമാകുന്നതിനൊപ്പം അപകടത്തിന്റെ വാതിൽ തുറന്നുവെക്കുമെന്നുമുള്ള ചരിത്രം പലയിടങ്ങളിലും ആവർത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം സാമൂഹികമാധ്യമനിയന്ത്രണച്ചട്ടം കൊണ്ടുവന്നപ്പോൾ ന്യായീകരണങ്ങളായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയതും ഇക്കാര്യങ്ങളാണ്.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപൂർണമായ  സമീപനം സമൂഹപുരോഗതിക്ക് അനിവാര്യമാണ്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സാമൂഹികമാധ്യമങ്ങൾക്ക് ഉത്തരവാദിത്വം കൂടുതലുണ്ടാകണം. ദുരുപയോഗം സംബന്ധിച്ച പരാതികൾ നിരന്തരം ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾക്ക് രൂപംകൊടുത്തതെന്നാണ് രണ്ട് കേന്ദ്രമന്ത്രിമാർ വ്യാഴാഴ്ച പറഞ്ഞത്. ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്ന ത്രിതല പരാതിപരിഹാര സംവിധാനം, സ്ത്രീസുരക്ഷ ഉറപ്പാക്കൽ, സാമൂഹികമാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുടെ പോസ്റ്റുകളുടെ ഉറവിടം വ്യക്തമാക്കൽ തുടങ്ങിയ വ്യവസ്ഥകൾ ഈ ഉത്തരവാദിത്വ നിർവഹണത്തെ ശക്തിപ്പെടുത്തുമെന്ന് അവർ  അവകാശപ്പെടുന്നു. മാത്രമല്ല, അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് സമാനമായി വാർത്താ പോർട്ടലുകൾക്ക് ഏർപ്പെടുത്തുന്ന അച്ചടക്കസംവിധാനം ഒരളവുവരെ സ്ഥിതി നിയന്ത്രണത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ചട്ടങ്ങളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് നവമാധ്യമ പ്രവർത്തകർ കടുത്ത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ചട്ടങ്ങൾ കൊണ്ടുവന്ന സമയം, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചാണ് ആക്ഷേപം. പൗരത്വനിയമം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിലെ ചില പോസ്റ്റുകളെച്ചൊല്ലിയും വാർത്താപോർട്ടലുകളിലെ സർക്കാർവിരുദ്ധ വാർത്തകളെച്ചൊല്ലിയും കേന്ദ്രസർക്കാരിനുള്ള എതിർപ്പാണ് പുതിയ ചട്ടങ്ങൾക്കു പിന്നിലെന്ന് അവർ ആരോപിക്കുന്നു. ട്വിറ്ററുമായി നിലനിൽക്കുന്ന തർക്കമാണ് ഉദാഹരണം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ട ചില വെബ് പരമ്പരകളുടെ രാഷ്ട്രീയത്തിലും സർക്കാരിന് വിയോജിപ്പുണ്ട്. അതാണ് തിടുക്കത്തിൽ ചട്ടങ്ങൾ കൊണ്ടുവരാൻ കാരണമെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പരാതിപരിഹാര സംവിധാനത്തിന് മുകളിലുള്ള അന്തർമന്ത്രാലയ നിരീക്ഷണ സമിതി ഈ കൈകടത്തലിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. പോസ്റ്റുകളുടെ ഉറവിടം വ്യക്തമാക്കണമെന്ന വ്യവസ്ഥ വ്യക്തികളുടെ സ്വകാര്യത തകർക്കുമെന്നും എൻക്രിപ്റ്റഡായ സന്ദേശങ്ങളുടെ വിശ്വാസ്യത നശിപ്പിക്കുമെന്നും വാദമുണ്ട്. ചട്ടങ്ങളുണ്ടാക്കിയപ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.

ജനാധിപത്യ സംവിധാനത്തിൽ സാമൂഹിക ഉത്തരവാദിത്വം പാലിക്കാനുള്ള കടമ എല്ലാ വിഭാഗങ്ങൾക്കുമുണ്ട്. അതിൽനിന്ന്  സാമൂഹികമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ സംരംഭങ്ങൾക്ക് ഒഴിഞ്ഞുനിൽക്കാനാകില്ല. ഉത്തരവാദിത്വം പാലിക്കുന്നതിന് പ്രേരിപ്പിക്കുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും സാംഗത്യവുമുണ്ട്. രാജ്യസുരക്ഷ, സ്ത്രീസുരക്ഷ പോലെയുള്ള അതിപ്രധാനവിഷയങ്ങളിൽ വിട്ടുവീഴ്ചയും പാടില്ല. എന്നാൽ, ഇതിനായി തയ്യാറാക്കുന്ന ചട്ടങ്ങളും വ്യവസ്ഥകളും അധികാരത്തിന്റെ കൈകടത്തലായി മാറരുത്. സന്തുലനം അനിവാര്യമാണ്.  ‘എതിർപ്പുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിൽ നമ്മൾ വിശ്വസിക്കുന്നില്ലെങ്കിൽ, അഭിപ്രായസ്വാതന്ത്ര്യത്തിൽ നമ്മൾ വിശ്വസിക്കുന്നില്ല’ എന്നാണർഥമെന്ന നോം ചോംസ്‌കിയുടെ വാദം പ്രസക്തമാണ്.