പൊതുജനങ്ങളെ എണ്ണയിൽ വറുക്കരുത്


കോവിഡുകാലത്ത് ജനജീവിതം കൂടുതൽ ദുരിതമയമാക്കുകയാണ് എണ്ണ വിലവർധന എന്നു തിരിച്ചറിഞ്ഞ് നികുതികൾ കുറച്ച് ആശ്വാസം പകരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം

editorial

നാടുവാഴിത്ത-കൊളോണിയൽ കാലത്തെ നികുതിപിരിവിനെ ഓർമിപ്പിക്കുന്നതരത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നത്. ഭണ്ഡാരം അഥവാ ഖജനാവ് നിറയ്ക്കാൻ ഓരോ കാർഷികോത്‌പന്നത്തിനും നാലിലൊന്ന്, മൂന്നിലൊന്ന് തോതിലൊക്കെ നികുതിയായി പിടിച്ചുപറിക്കലായിരുന്നു അക്കാലത്ത്. പണ്ടാരം എന്നത് ശാപവാക്കായിമാറിയത് അങ്ങനെയാണ്. രാജാവിനോ കമ്പനി ഭരണാധികാരിക്കോവേണ്ടി നികുതിയായി കുരുമുളകും മറ്റും പറിച്ചെടുക്കാനെത്തുന്ന പിരിവുകാരെ ‘പണ്ടാരക്കാലൻ’ എന്ന് നിസ്സഹായരായി പ്രാകിയതിന്റെ തുടർച്ചയായാണ് നാടൻ വാമൊഴിയിൽ ആ പ്രയോഗം നിൽക്കുന്നത്.

പൊതുഭണ്ഡാരം നിറയ്ക്കാൻ എണ്ണവില ദിവസേനയെന്നോണം കുത്തനെ കൂട്ടുന്നതിന് അറുതിവരുന്നില്ലെങ്കിൽ ജനങ്ങൾ സഹികെടുമെന്ന് ഭരണാധികാരികൾ മനസ്സിലാക്കുന്നില്ല. അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും നിശ്ചിത വിലയിൽ ഒരു പൈസയുടെപോലും കുറവുവരുത്താനുള്ള നീതിബോധമില്ലാതെപോയ അധികൃതരാണിവിടെയുള്ളത്. അസംസ്കൃത എണ്ണയുടെ വിലയിൽ കുറവുവന്നാൽ അപ്പപ്പോൾ ഉപഭോക്താക്കൾക്ക് അതിന്റെ സത്‌ഫലം ലഭ്യമാകുമെന്ന വാഗ്ദാനത്തോടെയാണ് 2017-ൽ എണ്ണവില നിശ്ചയിക്കുന്നത് ദിവസേനയാക്കിയത്. കോവിഡുകാലത്ത് അസംസ്കൃത എണ്ണയുടെ വില കൂപ്പുകുത്തി 25 ഡോളറിലും താണപ്പോൾ അതിന്റെ ഗുണം ഉപഭോക്താവിന് കിട്ടാതിരിക്കാൻ എക്സൈസ് ഡ്യൂട്ടിയിൽ വലിയ വർധന വരുത്തുകയായിരുന്നു. വീടകങ്ങളെ പൊള്ളിക്കുന്നതരത്തിൽ ഗ്യാസിനും മണ്ണെണ്ണയ്ക്കും വില കൂട്ടി. ഗാർഹിക പാചകവാതകത്തിന് 25 രൂപയാണ് ഒറ്റയടിക്ക്‌ കൂട്ടിയത്. റേഷൻ മണ്ണെണ്ണയ്ക്ക്‌ മൂന്നു രൂപയും. ശരിയായ പിടിച്ചുപറി.

കോവിഡുകാലം ദുരിതകാലമാണ്. എങ്ങനെയെങ്കിലും അതിൽനിന്ന് കരകയറാൻ കഷ്ടപ്പെടുന്നതിനിടയിൽ ചെലവാക്കാൻ കാശില്ലാഞ്ഞിട്ടുപോലും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടിയിട്ടുണ്ട്. രണ്ടും മൂന്നും പേർ പങ്കാളിത്തത്തോടെ വാഹനം വാടകയ്ക്കെടുത്തു ജോലിക്കുപോകുന്നതും പതിവായി. ഓരോ ദിവസവുമെന്നോണം വർധിക്കുന്ന വില താങ്ങാനാവാതെ യാത്ര ഉപേക്ഷിക്കേണ്ട അവസ്ഥയിലാണവരിൽ പലരും. ബസുകളിൽ നാലിലൊന്നുപോലും കോവിഡ് അടച്ചിടലിനുശേഷം സർവീസ് പുനരാംരംഭിച്ചിട്ടില്ല. പുനരാരംഭിച്ച ബസുകൾ എണ്ണയടിക്കാൻ കടം വാങ്ങേണ്ട ഗതികേടിലാണ്. ദിവസേനയുള്ള വിലവർധന ലക്ഷക്കണക്കിന് ഓട്ടോറിക്ഷ തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളാകട്ടെ നികുതികളിൽ തരിമ്പുപോലും ഇളവുനൽകുന്നുമില്ല.

വ്യാഴാഴ്ച 35 പൈസയും വെള്ളിയാഴ്ച 30 പൈസയുമാണ് എണ്ണയ്ക്ക് വർധിപ്പിച്ചത്. കേരളത്തിൽ 88 രൂപയോളമായി വില. അന്താരാഷ്ട്ര വിപണിയിൽ ഒരു വീപ്പ, അതായത് 159 ലിറ്റർ അസംസ്കൃത എണ്ണയുടെ വില ശരാശരി 55 ഡോളറിലാണെത്തിനിൽക്കുന്നത്. സംസ്കരണച്ചെലവും കടത്തുകൂലിയുംകൂടി കൂട്ടിയാൽത്തന്നെ ലിറ്ററിന്‌ 30 രൂപയോളം മാത്രമാണ് വിലവരുക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുക്തസഹമായ നികുതി ചുമത്തിയാൽത്തന്നെ 50 രൂപയോളം വിലയ്ക്ക് കൊടുക്കാനാവുന്നതാണ് പെട്രോളും ഡീസലും. എന്നാൽ, എണ്ണക്കമ്പനികളുടെ ലാഭം വർധിപ്പിക്കാനും കേന്ദ്ര-സംസ്ഥാന ഭണ്ഡാരങ്ങളിലേക്ക് മുതൽക്കൂട്ടാനുമുള്ള മുഖ്യ ഉപാധിയായി വിലവർധന ഉപയോഗപ്പെടുത്തുകയാണ്. വികസനപ്രവർത്തനങ്ങൾക്ക്, പാതകളുണ്ടാക്കാനും പരിപാലിക്കാനുമെല്ലാം പൊതുഖജനാവിൽ പണം വേണം. അതിന് പ്രത്യക്ഷവും പരോക്ഷവുമായ നികുതിതന്നെയാണ് മാർഗം. എന്നാൽ, അതിനൊരു പരിധിയുണ്ട്.

പെട്രോളിന്റെയും ഡീസലിന്റെയും വിലവർധന അതിൽമാത്രം നിൽക്കുന്നതല്ല. കടത്തുകൂലി വർധന നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വിലയിൽ വലിയ വർധനയുണ്ടാക്കും. കോവിഡ് പലതരത്തിൽ സാമ്പത്തിക ഞെരുക്കത്തിലാക്കിയ വാർത്താമാധ്യമങ്ങളെ ഒന്നുകൂടി പ്രയാസത്തിലാക്കുകയാണ് ഇന്ധനവിലവർധന. കോവിഡുകാലത്ത് ജനജീവിതം കൂടുതൽ ദുരിതമയമാക്കുകയാണ് എണ്ണ വിലവർധന എന്നു തിരിച്ചറിഞ്ഞ് നികുതികൾ കുറച്ച് ആശ്വാസം പകരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented