കോവിഡ് ചട്ടങ്ങളെ കാറ്റിൽപ്പറത്തരുത്


2 min read
Read later
Print
Share

രാഷ്ട്രീയം ജനങ്ങൾക്കു വേണ്ടിയാണ്. അവരുടെയും അവരുടെ പ്രതിനിധികളായ തങ്ങളുടെയും ജീവൻ വിലപ്പെട്ടതാണ്, ആരോഗ്യമാണ് പ്രധാനം എന്ന് മന്ത്രിമാരും നേതാക്കളും പ്രവർത്തകരും ഓർക്കുകയും ഓർമിപ്പിക്കുകയും ചെയ്തേ പറ്റൂ

editorial

കേരളത്തിലെ കോവിഡ് കണക്കുകൾ ശുഭകരമായ സൂചനയല്ല നൽകുന്നത്. വീണ്ടുവിചാരത്തോടെ എല്ലാറ്റിനെയും സമീപിക്കുന്നവരാണ് കേരളീയർ എന്നാണ് പൊതുവേ പറയാറുള്ളത്. അത് ശരിയല്ലെന്ന്‌ കോവിഡ് രോഗവ്യാപനത്തിന്റെ തോത് വിളിച്ചുപറയുന്നു. വികാരം വിചാരത്തെ കീഴടക്കുമ്പോൾ അരുതായ്മകളുണ്ടാവുന്നത് സ്വാഭാവികം. ആവേശം സ്വാഭാവികമായി ഉണ്ടാകുന്നതും ഉണ്ടാക്കിയെടുക്കുന്നതും തിരഞ്ഞെടുപ്പുകാലത്ത് പതിവാണ്. പുരോഗതിയിൽ മുമ്പിലാണെന്ന് അവകാശപ്പെടുന്ന കേരളത്തെക്കാളും കുറെയധികം മുമ്പിലാണല്ലോ അമേരിക്ക. അവിടെ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ദിവസേന ലക്ഷത്തോളം പേർക്കാണ് കോവിഡ് പോസിറ്റീവായിക്കൊണ്ടിരിക്കുന്നത്. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള കൂടിച്ചേരലുകൾ മൂന്നു മുന്നണിയും മുൻകാലത്തേതിൽനിന്ന് വ്യത്യാസമില്ലാതെയാണ് നടത്തിയതെന്നതിന്റെ തെളിവാണിപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കോവിഡ് വരാതിരിക്കാൻ തത്‌കാലം അതിന്റെ പെരുമാറ്റച്ചട്ടം പാലിക്കുക മാത്രമാണ് വഴി. മുഖാവരണം കൃത്യമായി ധരിക്കലും സാമൂഹികമായ അകലം പാലിക്കലുമടക്കമുള്ള പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചാൽപ്പോലും കോവിഡ് വന്നുകൂടായ്കയില്ല. എന്നാൽ, മുഖാവരണത്തെ വളരെയധികംപേർ കണ്ഠാഭരണം പോലെയാക്കുന്നതായാണ് കണ്ടുവരുന്നത്. രാഷ്ട്രീയപ്പാർട്ടികളുടെ യോഗങ്ങളിൽ നേതാക്കളും പ്രവർത്തകരുമെല്ലാം പൊതുജനങ്ങൾക്ക് മാതൃകകാട്ടുന്നത് ഈ വിധത്തിലാണ്. വിവിധ തൊഴിൽരംഗങ്ങളിലെ തകർച്ച ഒഴിവാക്കാനും പട്ടിണിയില്ലാതെ കഴിക്കാനുമാണ് അടച്ചിടലിൽ അയവുവരുത്തിയത്. ആ അയവ് പക്ഷേ, കേരളത്തെ ചുവന്നമേഖലയായി മാറ്റിയിരിക്കുകയാണ്.

കോവിഡിനെ നേരിടുന്നതിൽ കേരളം കൈവരിച്ച നേട്ടത്തെ ലോകം കൈയടിച്ച് പ്രോത്സാഹിപ്പിച്ചതാണ്. ചികിത്സാ സംവിധാനത്തിലും പരിചരണത്തിലും ഏറ്റവും മുന്നിൽത്തന്നെയാണ് നമ്മുടെ സ്ഥാനം. മരണനിരക്ക് ഏറ്റവും കുറയ്ക്കാൻ കഴിഞ്ഞത് ലോകം ശ്രദ്ധിച്ച കാര്യമാണ്. പക്ഷേ, രോഗപ്പകർച്ചയിൽ ഇപ്പോൾ ലോകനിലവാരത്തിലേക്ക് പോകുന്ന സ്ഥിതിയാണ്. ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളിൽ പകുതിയും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. എഴുപതിനായിരത്തോളം പേർ ചികിത്സയിലും രണ്ടേകാൽ ലക്ഷത്തോളം പേർ നിരീക്ഷണത്തിലുമുണ്ടെന്നതും ഓർക്കണം. ദിവസേന എൺപതിനായിരത്തിലേറെ പേരുടെ സ്രവപരിശോധന നടത്തുകയാണിപ്പോൾ. പരിശോധന നടത്തുകയും കഴിയാവുന്നത്ര മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്ത് രോഗമുക്തിനിരക്ക് വർധിപ്പിക്കുകയും കോവിഡ് കാരണം മരണമുണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുക എന്നതുമാത്രമാണ് ആരോഗ്യവകുപ്പിന് തത്‌കാലം ചെയ്യാനാവുന്നത്.

മന്ത്രിമാരും നേതാക്കളും പൊതുജനങ്ങൾക്ക് നേതൃത്വം നൽകേണ്ടവരും മാതൃകകാട്ടേണ്ടവരുമാണല്ലോ. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വീറും വാശിയുമുള്ളതാണെന്ന് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗികനടപടിക്രമങ്ങൾ തുടങ്ങുന്നതിനു മുമ്പുതന്നെ വ്യക്തമാണ്. ഐക്യജനാധിപത്യമുന്നണി ഐശ്വര്യകേരള യാത്ര തുടങ്ങിയിട്ട് ആറു ദിവസമായി. വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടാണ് അതിന്റെ പ്രയാണം. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നുണ്ടെന്നത് ചിത്രങ്ങൾ തെളിവുനൽകുന്നു. ഇതേസമയത്ത് സർക്കാർ നേരിട്ട് സാന്ത്വനസ്പർശം അദാലത്ത് പരിപാടി എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുകയാണ്. സാമൂഹികാകലം അതിൽ പാലിക്കപ്പെടുന്നേയില്ലെന്നതും പകൽവെളിച്ചംപോലെ വ്യക്തമാണ്. യു.ഡി.എഫ്. ജാഥയ്ക്കു പിറകെ അടുത്തയാഴ്ച എൽ.ഡി.എഫിന്റെ രണ്ട് ജാഥകളും സ്വീകരണവും തുടങ്ങാൻപോകുന്നു. ബി.ജെ.പി.യുടെ സംസ്ഥാനതല ജാഥയുമുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷനെ സ്വീകരിക്കുന്നതിന് നടത്തിയ യോഗങ്ങളും സാമൂഹികാകലം പാലിച്ചായിരുന്നില്ല. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാവും സ്വീകരണങ്ങളെന്ന് ‌നേതൃത്വം എത്ര ശക്തമായി പറഞ്ഞാലും അത് പാലിക്കപ്പെടുന്നില്ല, പാലിക്കില്ല എന്നതു വ്യക്തമാണ്. രാഷ്ട്രീയം ജനങ്ങൾക്കു വേണ്ടിയാണ്. അവരുടെയും അവരുടെ പ്രതിനിധികളായ തങ്ങളുടെയും ജീവൻ വിലപ്പെട്ടതാണ്, ആരോഗ്യമാണ് പ്രധാനം എന്ന് മന്ത്രിമാരും നേതാക്കളും പ്രവർത്തകരും ഓർക്കുകയും ഓർമിപ്പിക്കുകയും ചെയ്തേ പറ്റൂ. രാഷ്ട്രീയമത്സരത്തിന്റെ വികാരാവേശത്തിൽ കാലത്തെ മറക്കരുത്.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
10editorial

നിയമനകാര്യങ്ങളിൽ നയം എവിടെ

Mar 9, 2021


editorial

റബ്ബർ കർഷകർക്ക് നേരിയ ആശ്വാസം

Oct 30, 2020


editorial

2 min

മലയാളിമനസ്സിന് എന്തുപറ്റി

Jun 11, 2020

Most Commented