എഡിറ്റോറിയൽ
ഏഴരക്കോടിയോളം മനുഷ്യരുടെ ചോരവീണ യുദ്ധത്തിനൊടുവിലാണ് ഐക്യത്തിന്റെ കാഹളവുമായി ഐക്യരാഷ്ട്ര സഭ പിറവിയെടുത്തത്. രണ്ടരക്കോടിയോളം പട്ടാളക്കാരും അഞ്ചുകോടിയോളം സാധാരണക്കാരും കശാപ്പുചെയ്യപ്പെട്ട രണ്ടാംലോകയുദ്ധം അധികാരവും മേധാവിത്വത്വരയും അസഹിഷ്ണുതയുംചേർന്ന് ഭ്രാന്തായി വളരുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. എന്നാൽ, 1945 സെപ്റ്റംബറിനുശേഷം ലോകക്രമം മാറി. യുദ്ധാസക്തിയുള്ളവർപോലും നൂറുവട്ടം ആലോചിച്ചുമാത്രമേ അതിന് ഒരുങ്ങിപ്പുറപ്പെടുകയുള്ളൂ എന്ന സ്ഥിതി ഒരുപരിധിവരെ സംജാതമായിട്ടുണ്ട്. അത് വെറുതേയുണ്ടായതല്ല. ഇന്ന് 75 വർഷം തികയുന്ന ഐക്യരാഷ്ട്രസഭയുടെ അസ്തിത്വമാണ് അതിന്റെ അടിസ്ഥാനം. അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റാണ് ഐക്യരാഷ്ട്ര സഭ രൂപവത്കരിക്കാൻ മുൻകൈയെടുത്തത്. അതേ റൂസ് വെൽറ്റാണ് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത് എന്നത് മറ്റൊരു വൈരുദ്ധ്യം. ആണവായുധം പിൽക്കാലത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെയും ഉപരോധത്തിന്റെയും ഉപകരണമായി മാറിയെന്നത് വർത്തമാനകാല യാഥാർഥ്യം. ഒന്നാം ലോകയുദ്ധത്തിന്റെ അന്ത്യത്തിൽ രൂപവത്കരിച്ച ലീഗ് ഓഫ് നേഷൻസാണ് ഐക്യരാഷ്ട്ര സഭയുടെ ആദിരൂപം. ആ സംഘടനയിൽനിന്ന് ഹിറ്റ്ലർ വിട്ടുപോയതോടെയാണ് രണ്ടാം ലോകയുദ്ധത്തിന്റെ തീപ്പൊരിപാറാൻ തുടങ്ങിയത്.
ഐക്യരാഷ്ട്ര സഭയ്ക്കും ഉപഘടകങ്ങളിൽ പലതിനും ആസ്ഥാനസൗകര്യം നൽകുകയും ചെലവിന്റെ 22 ശതമാനത്തോളം വഹിക്കുകയുംചെയ്യുന്ന അമേരിക്ക ഇപ്പോൾ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് വലിയൊരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. എഴുപത്തഞ്ചുവർഷം പിന്നിടുമ്പോൾ ഐക്യരാഷ്ട്ര സഭയുടെ അസ്തിത്വത്തിനുതന്നെ വെല്ലുവിളിയാകുന്ന മട്ടിലാണ് അതിന് ബീജാവാപംചെയ്ത രാജ്യത്തിന്റെ പരമാധികാരി ട്രംപിന്റെ പെരുമാറ്റം. ഏതാനും ദിവസങ്ങൾക്കകം വൈറ്റ് ഹൗസിൽ കുടിയിറക്കലും പുതിയ കുടിയേറ്റവുമുണ്ടാകുന്നില്ലെങ്കിൽ എന്താവും യു.എന്നിന്റെ ഭാവി എന്നതാണ് ഇപ്പോഴത്തെ ചർച്ച. ചൈനയോട് ചേർന്നുനിൽക്കുന്നുവെന്നാരോപിച്ച് ലോകാരോഗ്യസംഘടനയ്ക്ക് വരിസംഖ്യകൊടുക്കാനും അമേരിക്ക വിസമ്മതിച്ചിരിക്കയാണ്. ഈയിടെനടന്ന യു.എന്നിന്റെ 75-ാം സമ്മേളനത്തിലെ ചർച്ചകളുടെ ഗതി ആശാവഹമായിരുന്നില്ല. കോവിഡ് മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങളുടെ സഹകരണം വർധിപ്പിക്കുന്നതിന് സംഘടനയ്ക്ക് സാധിച്ചില്ല എന്ന ആരോപണമുയർന്നു. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ യു.എന്നിന്റെ പഴയ ഘടനയ്ക്ക് സാധിക്കില്ലെന്നും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടുകയുണ്ടായി.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ ശീതയുദ്ധം അവസാനിക്കുകയും ഏകധ്രുവലോകസമാനമായ അന്തരീക്ഷം സംജാതമാവുകയും ചെയ്തു. എന്നാൽ, കോവിഡ്കാലത്തോടെ ശീതയുദ്ധത്തിനുമപ്പുറത്തേക്ക് കാര്യങ്ങൾ വളരുകയാണ്. വലിയ പ്രതീക്ഷയോടെ രൂപപ്പെടുത്തിയ യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ ആഭ്യന്തര ഹിതപരിശോധനയിലൂടെ വിട്ടുപോയത് അടുപ്പമല്ല, അകൽച്ചയാണ് കൂടിവരുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്. അമേരിക്കയ്ക്ക് ബദലെന്നോണം ശക്തിപ്പെട്ടുവരുന്ന സാമ്പത്തികശക്തിയായ ചൈന സമാധാനത്തിനല്ല, വെട്ടിപ്പിടിക്കാനുള്ള ത്വരയോടെയാണ് പ്രവർത്തിക്കുന്നതെന്നത് ഇന്ത്യൻ അതിർത്തിയിലെ നിന്ദ്യമായ ചെയ്തികളിൽനിന്ന് വ്യക്തമാണ്. ഒരു ഭീഷണി അകലുമ്പോൾ പുതിയ വൈരുധ്യങ്ങളുണ്ടായിക്കൊണ്ടിരിക്കുകയും അത് നേരിടുന്നതിനും പരിഷ്കരിക്കുന്നതിനും പ്രയാസപ്പെടുകയുംചെയ്യുന്ന അവസ്ഥയിലാണ് ഐക്യരാഷ്ട്രസഭ. ലോകജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയെ രക്ഷാസമിതിയിലെ സ്ഥിരാംഗമാക്കാൻ ഇനിയും തയ്യാറായിട്ടില്ലെന്നത് കടുത്ത അന്യായമായി നിൽക്കുന്നു.
ഇതെല്ലാമാണെങ്കിലും മാനവരാശി നേരിടുന്ന അടിസ്ഥാനപരമായ ഭീഷണികളായ കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, ഭക്ഷ്യക്ഷാമം, എയ്ഡ്സ് അടക്കമുള്ള വ്യാധികൾ, അഭയാർഥിപ്രശ്നം എന്നിവ നേരിടുന്നതിന് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നതിനും അക്കാര്യത്തിൽ പരസ്പരസഹായം വളർത്തുന്നതിലും ഐക്യരാഷ്ട്ര സഭ നേതൃപരമായ പങ്കാണ് വഹിക്കുന്നത്. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളെക്കാൾ ഇത്തരം കാര്യങ്ങളിൽ ജനകീയ ബോധവത്കരണം നടത്തുന്നത് യു.എന്നും ഉപസംഘടനകളുമാണ്. സ്വന്തമായി ധനശേഷിയില്ലെന്നതടക്കം പരിമിതികൾ ഏറെയുണ്ടെങ്കിലും ലോകസമാധാനത്തിന് ഒരു പരിധിവരെയെങ്കിലും ഉറപ്പ് ഐക്യരാഷ്ട്രസഭയാണ്. എല്ലാതരം വെട്ടിപ്പിടിത്തങ്ങൾക്കുമെതിരേ ബന്ധപ്പെട്ട രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പും താക്കീതും നൽകാൻ ശേഷിയുള്ള തിരുത്തൽശക്തികൂടിയായി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകട്ടെ ഐക്യരാഷ്ട്രസഭ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..