ആഗസ്ത് പന്ത്രണ്ട് ആനദിനം. കടലിനെയും ആനയേയും എത്ര കണ്ടാലും മതിയാവില്ല എന്നാണ് ചൊല്ല്. ആനകളെ കണ്ട് മതിയാവാത്തവര്‍ക്കായി തിരുവനന്തപുരം നെയ്യാറിനടുത്തള്ള കാപ്പുകാട്ടിലെ ആന സങ്കേതത്തില്‍ നിന്നും ആനപ്രേമിയായ പ്രശസ്ത ചിത്രകാരന്‍ ദേവപ്രകാശ് വര്‍ണത്തില്‍ ചാര്‍ത്തി വരച്ച ആനച്ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ആനകള്‍ക്കൊന്നും ചങ്ങലകള്‍ മന:പൂര്‍വം വരച്ചിട്ടില്ല. ചങ്ങലകളില്ലാത്ത, ബന്ധനങ്ങള്‍ ഇല്ലാത്ത പീഡനങ്ങള്‍ ഇല്ലാത്ത കാലത്തേയ്ക്ക് സഹ്യന്റെ മക്കള്‍ക്കായുള്ള വര്‍ണങ്ങളുടെയും വരകളുടെയും തിടമ്പേറ്റ്.
ഇവന്‍ രാജു, കുസൃതിക്കാരന്‍, അഞ്ചു വയസ് പ്രായം. കാപ്പുകാട്ടിലെ ഏതോ കിടങ്ങില്‍ വീണ് മാതാപിതാക്കള്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ ഉപേക്ഷിച്ചു പോയവന്‍.
ദേഹം ചതഞ്ഞ് മൃതപ്രായനായ ഇവനെ വനം വകുപ്പ് കാപ്പുകാട്ടിലെ ആനസങ്കേതത്തില്‍ കൊണ്ടുവന്നു. മഴക്കാര്‍ മൂടിയ ഒരു ദിവസം ഞാന്‍ രാജയെ കാണാന്‍ ചെന്നു. പാപ്പാന്‍ ഇളം പുല്ലുകള്‍ കൊണ്ട് വന്ന് രാജക്ക് കൊടുത്തു. കുറച്ചു പുല്ലുകള്‍ തിന്നതിനുശേഷം പെട്ടെന്ന് രാജപുല്ലുകള്‍ക്കുമേല്‍ കിടന്ന് മയങ്ങാന്‍ തുടങ്ങി. മഴമേഘങ്ങള്‍ ഇരുണ്ടുകയറി, പെട്ടെന്ന് ഇടിവെട്ടി. ശബ്ദം കേട്ട് പേടിച്ച് രാജ ഉറക്കം നഷ്ടപ്പെട്ടുചാടിയെണീറ്റു.
പാപ്പാന്റെ തോട്ടിയില്‍ പിടിച്ച് കൊണ്ട് അനുസരണയോടെ തുള്ളിച്ചാടി കുളക്കടവിലേക്ക് കുളിക്കാന്‍ പോകുന്നു. വെള്ളം കണ്ടാല്‍ ഇവനെ പിടിച്ചാല്‍ കിട്ടില്ല. തുമ്പിക്കൈ കൊണ്ടും തലങ്ങു വിലങ്ങു വീശി നീന്താം. തടാകത്തിലെ കുറ്റിയില്‍ ഇരിക്കുന്ന പൊന്‍മാന്റെ അടുത്തേക്ക് നീന്തിപ്പോയി വെള്ളം ചീറ്റും. ചെളിയില്‍ കുത്തിമറിയും. ചെറിയ കുറ്റിച്ചെടികള്‍ പറിച്ചെടുത്ത് ദൂരെ എറിയും. ഇവന്‍ വെള്ളം കണ്ടാല്‍ പാപ്പാന്‍മാര്‍ക്ക് പണിയാ! തിരിച്ചുകരയില്‍ കയറ്റാന്‍ പണിപ്പെടും.
ടൂറിസ്റ്റുകള്‍ക്ക് ആനസവാരി നടത്താന്‍ ഇവിടെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയരത്തില്‍ കെട്ടിപ്പൊക്കിയ ഒരു പന്തലില്‍ കയറി ഇരിക്കാം. അവിടെമാകെ ചുറ്റി സഞ്ചരിക്കാം. കൂടെ പാപ്പാന്‍ ഉണ്ടാവും. യൂറോപ്പില്‍ നിന്നും വന്ന 50 വയസ്സുള്ള ഒരു മദാമ്മ ആനയെ കണ്ടിട്ട് ആശ്ചര്യം പൂണ്ടു നില്‍ക്കുന്നത് കണ്ടു. കാര്യം തിരക്കിയപ്പോള്‍ അവള്‍ പറയുകയാണ് 'ജനിച്ചതില്‍ പിന്നെ അവര്‍ ആനയെ നേരില്‍ കാണിന്നത് ഇപ്പോഴാണ് പോലും!!' ആനയെ കാണാത്ത ഒരു വ്യക്തിയെ ആദ്യമായി കണ്ട് ഞാനും ഞെട്ടി.
ആനകളെ എന്നും രാവിലെയും വൈകീട്ടും കുളിപ്പിക്കും. രാവിലെത്തന്നെ തേച്ചുകുളി ഒരു മണിക്കൂര്‍ ഉണ്ടാകും. അനുസരണയോടെ വെള്ളത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ആനകള്‍ കുളി ആസ്വദിക്കുന്നു. ചകിരികൊണ്ട് ഉരച്ചുകുളിപ്പിക്കും. ദേഹത്തെ ചെളിയെല്ലാം ഉരച്ച് കളഞ്ഞ് വൃത്തിയായി കുളിപ്പിച്ച് സുന്ദരന്‍മാരും സുന്ദരികളും ആക്കും.
ആനകള്‍ക്ക് കഴിക്കാനുള്ള പുല്ലുകള്‍ ആനകള്‍ തന്നെ തുമ്പിക്കൈകളില്‍ കോര്‍ത്ത് കൊണ്ടുവരും. പല സ്ഥലങ്ങളിലും അവ കൊണ്ടിടും. സ്വാദേറിയ ഇളം പുല്ലുകള്‍ ചെവി ആട്ടിക്കൊണ്ട് ശാന്തരായി തിന്നും.
രാജയ്ക്ക് കൂട്ടായി റാണ എന്ന മറ്റൊരു കുട്ടികൊമ്പനും ഉണ്ട്. രാജയുടെ തലയിലെ കുറ്റി രോമത്തില്‍ ഞാന്‍ തലോട്ടിയപ്പോള്‍ റാണ എന്റെ കൈതട്ടിമാറ്റി രാജയെ താലോലിച്ചത് റാണയ്ക്ക് ഇഷ്ടമായില്ല. റാണയെ കാസര്‍കോഡ് ഓടക്കാലിയില്‍ നിന്നുമാണ് കിട്ടിയത്. മുള്ളുവേലിയില്‍ കുടുങ്ങി ക്ഷീണിതനായി നിന്ന റാണയെ വനംവകുപ്പ് കാപ്പുകാട്ടില്‍ കൊണ്ടുവന്നു.
കൊമ്പന്റെ തുമ്പിക്കൈ! ഉച്ചനേരം വയറ് നിറഞ്ഞ് വെള്ളം കുടിച്ചതിനുശേഷം അലസമായ തുമ്പിക്കൈ ഇരുമ്പ് വേലി കെട്ടില്‍ തൂക്കിയിട്ടപ്പോള്‍!
ഇത് പാപ്പാന്‍ ചന്ദ്രന്‍. ടൂറിസ്റ്റുകളെ കണ്ട് മടുത്ത് കിടക്കുന്ന റാണയുടെ മുകളില്‍ കയറി ഇരിക്കുന്നു. ചെറുതായി തലയില്‍ തലോടിക്കൊടുക്കുന്നുമുണ്ട്. മഴപെയ്ത് അന്തരീക്ഷം തണുത്തിട്ടുണ്ട്. ശാന്തമയക്കം!
മദമിളക്കിനില്‍ക്കുന്ന ആന. അലറി വിളിക്കുന്നു. കെട്ടിയ തളം ചവിട്ടി മെതിച്ച് കുളമാക്കിയിട്ടുണ്ട്. തുമ്പിക്കൈ ഉയര്‍ത്തി ഉച്ചത്തില്‍ ഛിന്നം വിളിക്കുന്നു. ആ ശബ്ദത്തില്‍ പക്ഷികള്‍ ആകശത്തേക്ക് പറന്നുപോയി. കാട്ടുകുരങ്ങുകള്‍ പേടിച്ച് ചില്ലകളില്‍ പരക്കം പായുന്നു.
ആനകള്‍ക്കുള്ള പുല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു. പുല്ലുകള്‍ കൊണ്ടുവന്ന് സംഭരിച്ചു വച്ചിട്ടുണ്ട്. ഇളം പുല്ലുകളാണ്. കുത്തി നിര്‍ത്തി ഭിത്തിയോട് ചേര്‍ത്തുവച്ചിട്ടുണ്ട്. ആവശ്യത്തിന് പാപ്പാന്‍മാര്‍ എടുത്തുകൊണ്ടുപോയി ഇട്ടുകൊടുക്കും. കുളിച്ചുവന്നാല്‍ മരുന്നുകളും ഔഷധങ്ങളും ചേര്‍ന്ന് തകര്‍പ്പന്‍ ഊണ് ഉരുളകളാക്കി വായില്‍ വെച്ച് കൊടുക്കും. എല്ലാ ആനകള്‍ക്കും വലിയ രണ്ടു കരിമ്പുകള്‍ നിരത്തി വച്ചിട്ടുണ്ടാകും. ക്ഷമകെട്ട് രാജ എന്ന ആന ചാടിവീണ് കരിമ്പ് വലിച്ചൂരി അകത്താക്കുന്നത് കാണാന്‍ രസമായിരുന്നു