ഇനിയുള്ള യുദ്ധം വെള്ളത്തിനുവേണ്ടിയാണെന്ന് പറഞ്ഞു മടുത്തു. യുദ്ധത്തിനും വേണമല്ലോ മനുഷ്യര്‍. വേനലിന്റെ വറുതി ഇമ്മട്ടിലാണെങ്കില്‍ മനുഷ്യകുലത്തിന്റെ ആയുസ്സ് തന്നെ ഇനി എത്ര കാലമെന്ന് തിട്ടപ്പെടുത്തുക അസാധ്യമായിരിക്കുന്നു. അത്ര തീക്ഷ്ണമാണ് വേനല്‍വേവ്. അത്ര രൂക്ഷമാണ് വേനലിന്റെ വറുതി. ഇന്ത്യയുടെ പല ഭാഗങ്ങളും, പ്രത്യേകിച്ച് മഹാരാഷ്ട്ര ഇപ്പോള്‍ അനുഭവിച്ചുവരുന്ന വരള്‍ച്ചയെ വരച്ചുകാട്ടാന്‍ വാക്കുകളൊന്നും തികയാതെ വരും.
ഇന്ത്യയിലെ ആകെയുള്ള ജലസംഭരണികളുടെ 35 ശതമാനം നിലകൊള്ളുന്നത് മഹാരാഷ്ട്രയിലാണ്...! അതെ, കടുത്ത വരള്‍ച്ചമൂലം പ്രതിദിനം ശരാശരി പത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കു പറയുന്ന അതേ മഹാരാഷ്ട്രയില്‍ തന്നെ.. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ജലദൗര്‍ലഭ്യമാണ് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റിന്റെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ വരള്‍ച്ചയും കൃഷിനാശവും മൂലം 2428 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യചെയ്തത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മറ്റെല്ലാ ജോലികളും മാറ്റിവച്ച് കുടിവെള്ളത്തിനായി അലഞ്ഞു നടക്കുകയാണ്. ട്രെയിനുകള്‍ തടഞ്ഞും കിണറ്റിലിറങ്ങിയും കുടിവെള്ളത്തിനായി ജനങ്ങള്‍ സാഹസം കാണിക്കുന്നു. കുടിനീരിനായി അലയുന്ന ഒരു ജനതയുടെ ദയനീയ കാഴ്ചകളിലേക്ക്...
ഒരിക്കല്‍ സമൃദ്ധമായിരുന്നു ഇവിടം. തടാകത്തില്‍ നിറയെ വെള്ളവും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും എല്ലാം ഇന്ന് ഓര്‍മയായിരിക്കുന്നു. ഇവിടെ ഒരു തടാകമുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തനാവാത്തവണ്ണം തടാകം മാഞ്ഞുപോയിരിക്കുന്നു. മുംബൈയില്‍ നിന്ന് വടക്കുകിഴക്കായി 145 കിലോമീറ്റര്‍ അകലെയുള്ള താലഗോണിലുള്ള വരണ്ടുണങ്ങിയ ഒരു തടാകത്തിന്റെ ദൃശ്യമാണിത്.
വരള്‍ച്ച രൂക്ഷമായ മുംബൈയിലെ താനെയില്‍ കുളത്തില്‍ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന ഗ്രാമവാസികള്‍. കിലോമീറ്ററുകളോളം നടന്നാണ് സ്ത്രീകള്‍ ഇത്തരം ജലാശയങ്ങള്‍ കണ്ടെത്തുന്നത്.
കുടിവെള്ളത്തിനായി കുടങ്ങളേന്തി കൈക്കുഞ്ഞുമായി അകലെയുള്ള അരുവി തേടി പോകുകയാണ് ഈ സ്ത്രീ. മുംബൈയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കു മേഖലയിലുള്ള റെയ്ചി വാടി ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യമാണിത്.
മഹാരാഷ്ട്രയിലെ കടുത്ത വരള്‍ച്ചാബാധിത പ്രദേശമായ ലാത്തുര്‍ ജില്ലയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ സാങ്‌ലിക്കടുത്തുള്ള മിറാജ് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്ന തൊഴിലാളികള്‍. ലാത്തൂര്‍ മേഖലയിലാണ് കടുത്ത വരള്‍ച്ച നേരിട്ടത് ഇവിടെ നിന്നും നിരവധി ആളുകള്‍ പാലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.ഇവർക്ക് കുടിവെള്ളത്തിന് ഈയൊരു ട്രെയിൻ മാത്രമാണ് ആശ്രയം.
രാജ്യത്തെ 35 ശതമാനം ജലസംഭരണികളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജലസംഭരണ തോതിലുണ്ടായ മാറ്റം സൂചിപ്പിക്കുന്നതാണ് പട്ടിക. മില്ല്യൺ ക്യൂബിക് മീറ്ററില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പരിശോധിച്ചാല്‍ അധികം വൈകാതെ മഹാരാഷ്ട്രയുടെ ജലസംഭരണികള്‍ തരിശുഭൂമികളാകുമെന്ന് വ്യക്തമാകും. ഓരോ ജലസംഭരണികളിലും സംഭരണത്തിന്റെ തോതില്‍ വന്‍ കുറവാണ് രേഖപ്പെടത്തുന്നതെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒപ്പം ഓരോ ജലസംഭരണികളുടെയും കണക്കുകള്‍ പരിശോധിച്ചാല്‍ പല സംഭരിണികളും പൂര്‍ണമായും വറ്റി വരണ്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കടുത്ത ചൂടില്‍ വറ്റിവരണ്ട ജലസ്രോതസില്‍ ബാക്കിയായ കലങ്ങിയ വെള്ളം ശേഖരിച്ച് മടങ്ങുകയാണ് ഈ സ്ത്രീ. മുംബൈയിലെ വടക്കുകിഴക്ക് മേഖലയിലെ റയ്ചി വാഡി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച.
വറ്റിവരണ്ട ജലസ്രോതസില്‍ രൂപപ്പെട്ട ചെറിയ കുഴിയില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന സ്ത്രീ. റായ്ചി വാഡി ഗ്രാമത്തില്‍ നി്ന്നുള്ള കാഴ്ച. വന്‍ ജലാശയങ്ങള്‍ വറ്റിവരണ്ട് ഒരു തുള്ളി വെള്ളമില്ലാത്ത തരിശുഭൂമിയായി മാറിയിരിക്കുകകായാണിവിടെ.
മുംബൈയുടെ വടക്കു കിഴക്കായി 85 കിലോമീറ്റര്‍ അകലെ കുക്‌സെ ബോറിവാലി ഗ്രാമത്തില്‍ കുടിവെള്ളത്തിനായി കാത്തിരിക്കുന്ന കുട്ടികളും സ്ത്രീകളും. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് ടാങ്കറുകളില്‍ വെള്ളമെത്തുന്നത് കാത്തിരിപ്പിനൊടുവില്‍ തിക്കിത്തരക്കി ലഭിക്കുന്നത് ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം മാത്രം. അടുത്ത ടാങ്കറുകള്‍ എത്താന്‍ പിന്നെയും ആഴ്ചകൾ കാത്തിരിക്കേണ്ടി വരും.