വേമ്പനാട്ടുകായലില്‍ 84-വര്‍ഷം മുന്‍പ് മനുഷ്യന്റെ കൈ കരുത്തിലും ഇച്ഛാശക്തിയിലും കുത്തി ഉയര്‍ത്തപ്പെട്ട ഭൂമിയാണ് ആര്‍-ബ്ലോക്ക്. കായലില്‍ നിന്ന് ചെളി കുത്തിയെടുത്ത് ഉണ്ടാക്കിയതാണ് 1540 ഏക്കര്‍ വിസ്തൃതിയും,10.75 കിലോമീററര്‍ ചുറ്റളവുമുള്ള ഈ വിസ്മയ ഭൂമി. ആലപ്പുഴയില്‍ നിന്ന് പതിനൊന്നു കിലോമീറ്റര്‍ ജലമാര്‍ഗ്ഗം സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്. ജല നിരപ്പില്‍ നിന്ന് രണ്ടര മീറ്റര്‍ താഴെയുള്ള ഈ പ്രദേശത്ത് ഇരുപത്തി നാലു മണിക്കൂറും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് കൃഷി ചെയ്തിരുന്നത്. നെല്‍ കൃഷിയും കരകൃഷിയും വിജയകരമായി ചെയ്തിരുന്ന ഇവിടെ തെങ്ങും, മാവും, പുളിയും തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നു.നൂറുകണക്കിന് ആളുകള്‍ ജോലിക്കായി എത്തിയിരുന്ന ഈ പ്രദേശം കുട്ടനാടിന്റെ 'ഗള്‍ഫ്' ആയിരുന്നു. കാര്‍ഷിക രംഗത്തെ തകര്‍ച്ചയും വെള്ളപ്പൊക്കവും ആര്‍-ബ്ലോക്കിന്റെ പ്രതാപ കാലം അവസാനിപ്പിച്ചു. മോട്ടോറുകള്‍ പ്രവര്‍ത്തിക്കാതായതോടെ കൃഷി ആകെ നശിച്ചു. വീടുകളില്‍ വെള്ളം കയറി ദുരിതമനുഭവിക്കുകയാണ് ഇവിടെയുള്ളവര്‍. പ്രതാപകാലത്ത് 250-തോളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ ഇന്നവശേഷിക്കുന്നത് 15-ഓളം കുടുംബങ്ങള്‍ മാത്രം. ടൂറിസ്റ്റുകളുമായി വേമ്പനാടു കായലിലെത്തുന്ന ഹൗസ് ബോട്ടുകള്‍ ഈ വിസ്മയ ഭൂമി കാണാന്‍ ആര്‍-ബ്ലോക്കിനെ ചുറ്റിയാണ് കടന്നു പോകുന്നത്.ആര്‍-ബ്ലോക്കിന്റെ നഷ്ടപ്രതാപത്തെ തിരിച്ചു കൊണ്ടു വരുവാന്‍ കൃഷിക്കു പുറമേ ഇപ്പോള്‍ മികച്ച ടൂറിസം സാധ്യതകളും നിലനില്‍ക്കുന്നു.
ചിത്രങ്ങളും എഴുത്തും: സി.ബിജു.