മണ്ണിനെ പ്രണയിക്കുന്ന മനുഷ്യര്‍. അതാണ് ഇടുക്കിയിലെ വട്ടവട ഗ്രാമം. അവര്‍ക്ക് കൃഷിയല്ലാതെ മറ്റൊരു ലോകമില്ല. പുലരുമ്പോള്‍ മുതല്‍ അന്തിയാവോളം പ്രകൃതിയോട് പടവെട്ടി മണ്ണില്‍ ജീവിതം നയിക്കുന്നവര്‍. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയാണ് വട്ടവട ഗ്രാമം. മലകള്‍ക്ക് നടുവില്‍ തട്ടുതട്ടായി ഭൂമി ഒരുക്കി കൃഷി ചെയ്യുന്ന കാഴ്ച വളരെ മനോഹരമാണ്.
പരമ്പരാഗത കൃഷികളും ജൈവ കൃഷി രീതികളും അപൂര്‍വം ചിലര്‍ ഇപ്പോഴും പിന്തുടരുന്നു. ക്യാരറ്റ്, ബീന്‍സ്, ക്യാബേജ്, കോളി ഫ്‌ളവര്‍, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സ്‌ട്രോബറി, തക്കാളി എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കിട്ടാത്തതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ചുറ്റുമുള്ള ഗ്രാന്റിസ് തോട്ടങ്ങള്‍ ജലദൗര്‍ലഭ്യത്തിന് കാരണമാകുമ്പോള്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നുമില്ല.
വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലുകള്‍ കാരണം ഇവര്‍ക്ക് മതിയായ വില കിട്ടാത്തതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. അതു കൊണ്ട് തന്നെ ചിലരെങ്കിലും മണ്ണ് ഉപേക്ഷിച്ച് പുറം പണികള്‍ക്കായി പോയി തുടങ്ങിയിരിക്കുന്നു.
സുന്ദരമായ വട്ടവടയിലെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി.പി.രതീഷ്.