ഒറ്റപ്പെടുത്തലുകള്‍ ആണ് പലപ്പോഴും നമ്മെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിക്കുന്നത്. പുറന്തള്ളപ്പെടുന്നതോടെ ഇവര്‍ തെരുവില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാകുന്നു. പരിചരണം ലഭിക്കേണ്ടവര്‍ പരിഗണന കിട്ടാതെ വലയുന്നു. അതിജീവനത്തിനായുള്ള അവസാന മാര്‍ഗ്ഗമെന്നോണം വഴിയോരത്തെ കുപ്പകളില്‍ നിന്നും ശേഖരിച്ച മാലിന്യം പുഴയിലെ ചെറു കുഴിയിലെ വെള്ളത്തില്‍ കഴുകി ഭക്ഷണമാക്കുന്ന ഈ മനുഷ്യന്റെ ദൃശ്യം മനസില്‍ മായാതെ നിന്നു. കല്‍പാത്തി പഴയപാലത്തിനു താഴെ കണ്ട നൊമ്പര കാഴ്ചയുടെ പിന്നാമ്പുറം തേടിയുളള യാത്ര പരിസരവാസികളില്‍ നിന്ന് പരിചയമുള്ളവരിലേക്കും പിന്നീട് പൊള്ളാച്ചിയിലുള്ള കുടുംബത്തിലേക്കുമെത്തി.
പൊള്ളാച്ചി സ്വദേശിയായ ബഷീര്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരോ നല്‍കിയ ലഹരിക്ക് അടിമപ്പെടുകയായിരുന്നു. പിന്നീട് മൗനമായും കൂടെ കൂടെ അക്രമകാരിയായും ഒടുവില്‍ വീടുവിട്ട് ഓടിപ്പോയി. കുറെ നാളുകള്‍ക്കു ശേഷം വീട്ടില്‍ തിരികെ എത്തിയ ബഷീര്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ആശുപത്രിയില്‍ ആക്കിയെങ്കിലും അവിടെ നിന്നും പുറത്തു ചാടി നാടു വിട്ടു.
പതിനഞ്ച് വര്‍ഷത്തോളമായി കല്‍പാത്തി പഴയ പാലത്തിന് അടിയില്‍ പുഴയിലെ പാറക്കെട്ടുകളിലാണ് താമസം. മഴ പെയ്ത് പുഴയില്‍ വെള്ളം പൊങ്ങുമ്പോള്‍ മാത്രമാണ് പരിസരത്തെ കടത്തിണ്ണയില്‍ കിടക്കുക. പുഴയിലെ മലിനജലം തന്നെ കുടിക്കുകയും മാലിന്യം കഴുകി ഭക്ഷിക്കുകയും കുപ്പിയില്‍ മാറ്റിവെക്കുകയും ചെയ്യുന്നു. ശേഖരിച്ച ഭക്ഷണത്തില്‍ ഒരു പങ്ക് നായകള്‍ക്കും നല്‍കുന്നു.
സമീപത്തെ ചുമട്ടു തൊഴിലാളികളോട് പരിചയം കാട്ടി വല്ലപ്പേഴും എത്തും. മൗനമായി നില്‍ക്കും. കൂടാതെ തങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു നല്ല ക്യാരംസ് കളിക്കാരനാണെന്നതും എടുത്തുപറയുന്നു. മുമ്പൊരിക്കല്‍ തന്നെയുമിരുത്തി സൈക്കിളില്‍ പാലത്തിനടുത്തുവരെ സവാരി നടത്തിയതായും ഒരു തൊഴിലാളി പറയുന്നു. പരിചയക്കാരോട് ബീഡി വാങ്ങി ചെവിക്കു മുകളില്‍ വെക്കുന്നതല്ലാതെ ഇപ്പോള്‍ വലിക്കുന്നതായി കാണാറില്ല.
രാപ്പകലില്ലാതെ പുഴയിലെ പ്ലാസ്റ്റിക് മാലിന്യകുപ്പകളും വസ്ത്രങ്ങളും ശേഖരിച്ച് വഴിയരുകില്‍ കൂട്ടിവെക്കും. ഇത് വില്‍ക്കുവാന്‍ ശ്രമിക്കാറില്ല. മാലിന്യം കുന്നുകൂടുമ്പോള്‍ തൊഴിലാളികള്‍ തന്നെ അതു കത്തിച്ചു കളയുന്നു.റോഡില്‍ വടി കൊണ്ട് തല്ലുകയും ആരോടെന്നില്ലാതെ അസഭ്യം പുലമ്പുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്.
ഈ അവസ്ഥയിലെങ്കിലും പുഴയിലേക്ക് ഇറങ്ങുവാന്‍ കയര്‍ കെട്ടിയതും പാലത്തില്‍ വെള്ളക്കെട്ടു വരുമ്പോള്‍ മഴ നനഞ്ഞ് പാലത്തിലെ ഓവിലെ മണ്ണ് മാറ്റിയതും ഓര്‍മിച്ചെടുക്കുന്ന പരിസരവാസികള്‍ക്ക് ഇയാള്‍ നിരുപദ്രവകാരിയും ഉപകാരിയുമാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും ഈ കാരണം തന്നെയാണ്. പണമോ ഭക്ഷണമോ ആരില്‍ നിന്നും ചോദിച്ചു വാങ്ങാറില്ല. ചായ വേണോ എന്ന ചോദ്യത്തിന് കുറച്ചുനേരം മൗനമായി നിന്നാല്‍ വേണമെന്ന സൂചനയാണെന്ന് സമീപത്തെ കടക്കാരന്‍ പറയുന്നു.കാഴ്ചയില്‍ പൂര്‍ണ ആരോഗ്യവാനാണ്.
പൊള്ളാച്ചിയല്‍ നിന്നും റിട്ട.അദ്ധ്യാപകനായ മൂത്ത സഹോദരന്‍ താജുദ്ദീന്‍ ഒരിക്കല്‍ അമ്മയെയും കൂട്ടി ബഷീറിനെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്നെ തിരിച്ചറിയാന്‍ പോലും കഴിയാത്ത ബഷീറിനു മുന്നില്‍ പൊട്ടിക്കരഞ്ഞ അമ്മയുമായി മടങ്ങേണ്ടി വന്നു. പിതാവിന്റെ മരണശേഷം അഞ്ചു സഹോദരങ്ങളും അമ്മയുമടക്കമുള്ള കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ സഹോദരന്റെ വിവരങ്ങള്‍ പാലക്കാടുള്ള ബന്ധുക്കളോടുള്ള ഫോണ്‍ വിളിയിലൊതുങ്ങി. ചികിത്സ ലഭിച്ചാല്‍ തന്റെ സഹോദരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ തനിക്കിപ്പോള്‍ അതിനുള്ള നിവൃത്തിയില്ലെന്ന് അദ്ദേഹം പറയുന്നു.
ഏറ്റെടുക്കാന്‍ ആരോരുമില്ലാതെ ഒഴുക്കു നിലച്ച പുഴപോലെ മൗനമായി നില്‍ക്കുകയാണ് ഈ മനുഷ്യ ജന്മവും.
എഴുത്തും ചിത്രങ്ങളും : ഇ. എസ്. അഖില്‍.