ഇന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ തീര്‍ത്ഥാടനപാതയിലൂടെ

അഞ്ചു കൈലാസങ്ങളാണത്രെ മഹാദേവനുള്ളത്. ഐതിഹ്യങ്ങള്‍ അങ്ങനെ പലതാണ്. അഞ്ചില്‍ നാലാമത്തെ കൈലാസത്തിലേക്കായിരുന്നു ഈ യാത്ര. ശ്രീകണ്ഠ മഹാദേവ കൈലാസം. ഹിമാചലില്‍ സിംലയില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരെ രാംപൂരിലെത്തണം. അവിടെ നിന്ന് ഏകദേശം 50-60 കിലോമീറ്റര്‍ ദൂരെയാണ് ശ്രീകണ്ഠ കൈലാസം. അവസാനത്തെ 35 കിലോമീറ്ററാണ് നടക്കേണ്ടത്. ടിബറ്റിലെ മഹാകൈലാസം - കൈലാസ മാനസ സരോവരം ആണ് ഒന്നാമത്തേത്. ഉത്തരാഞ്ചലിലെ ആദി കൈലാസമാണ് രണ്ടാമത്തേത്. പരമ്പരാഗത കൈലാസ യാത്രാ പഥത്തില്‍ ഗൂഞ്ചിയില്‍ നിന്ന് വഴി പിരിഞ്ഞ് വേണം ആദി കൈലാസം പോകാന്‍. ബാക്കി മൂന്ന് കൈലാസവും ഹിമാചലില്‍ ആണ്. ചമ്പ-ബ്രഹ്മോറിലെ മണി മഹേശ കൈലാസം, സിംല രാംപൂരിലെ ശ്രീകണ്ഠ മഹാദേവ കൈലാസം അവസാനമായി കിന്നോറിലെ കിന്നര കൈലാസം. ശിവന്റെ ഐതിഹ്യ കഥകളുമായി പഞ്ച കൈലാസം, ഭക്തരെയും അല്ലാത്തവരെയും വിളിച്ചു കൊണ്ടേയിരിക്കുന്നു. മഹാ കൈലാസത്തിലേക്കും ആദി കൈലാസത്തിലേക്കും മണി മഹേശ കൈലാസത്തിലേക്കും യാത്രകള്‍ നടത്തി കഴിഞ്ഞു. ഇത്തവണ ശ്രീകണ്ഠ മഹാദേവ കൈലാസത്തിലേക്ക്... വര്‍ഷത്തില്‍ പതിനഞ്ച് ദിവസം മാത്രം യാത്ര അനുവദിക്കുന്ന,ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള, കടുപ്പമേറിയ തീര്‍ത്ഥാടന പാതയാണത്രെ ഇത്. അഞ്ചിലൊന്ന് യാത്രികരും യാത്ര പൂര്‍ത്തിയാക്കാനാവാതെ മടങ്ങുന്ന,എട്ടോ പത്തോ പേര്‍ വര്‍ഷം തോറും യാത്രക്കിടയില്‍ മരിക്കുന്നിടത്തേക്കാണ് യാത്ര. ഭക്തരാണ് ബഹു ഭൂരിപക്ഷവും, അല്ലാത്തവരും ഉണ്ട്. കേരളത്തെ പ്രളയം വിഴുങ്ങും മുന്‍പേ 2018 ജൂലൈയില്‍ ആയിരുന്നു യാത്ര. പട്ടാമ്പിയില്‍ നിന്ന് മുകേഷ് ആണ് സഹയാത്രികന്‍.

എഴുത്ത്, ചിത്രങ്ങള്‍: സുരേഷ് കണ്ണേരി

1.jpg

ഒടുക്കത്തില്‍ നിന്നാണ് ഈ കഥ തുടങ്ങേണ്ടത്. നൂറു കണക്കിന് മലകള്‍, കുന്നുകള്‍ ചവുട്ടി കയറി, ചിലതൊക്കെ ഇറങ്ങി, നദികള്‍ മറി കടന്ന് ഇതാ ഈ മലമുകളിലാണ് എത്തേണ്ടത്. മുകളിലെ ശിലയില്‍ ശ്രീകണ്ഠ മഹാദേവന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. 15 മിനിറ്റ് കൂടി നടന്നു കയറിയാല്‍ അവിടെയെത്താം. പക്ഷെ എന്റെയീ യാത്ര ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. ഇത്രയും നിസ്സാരമായി ഒരു തയ്യാറെടുപ്പുമില്ലാതെ ഒരു ഹിമാലയ യാത്ര ഇതിന് മുന്‍പ് ചെയ്തിട്ടില്ല. അതിനു ഞാന്‍ സ്വയം വിധിക്കുന്ന ശിക്ഷയാണിത്. ലക്ഷ്യത്തിലേക്ക് കയ്യെത്തും ദൂരെ പിന്‍വാങ്ങുന്നു. ഒരേ ഒരു സഹയാത്രികന്‍ മുകേഷ് നേരത്തെ പിന്‍വാങ്ങിയിരുന്നു. അതിന്റെ കാരണം വഴിയെ പറയാം. യാത്രക്ക് മുന്നെ രണ്ടോ മൂന്നോ ദിവസമാണ് ഞാന്‍ ശരീരത്തെ ഇതിന് സജ്ജമാക്കിയത്. എന്നിട്ടും ഹിമാവാന്‍ എന്നെ ഇത്രത്തോളം അനുവദിച്ചു. ഈ അഹങ്കാരത്തിന് സ്വയം ശിക്ഷ വിധിച്ചേ മതിയാകൂ. ശ്രീകണ്ഠ മഹാദേവ കൈലാസമേ വീണ്ടും കണ്ടേക്കാം നമ്മള്‍. ഇല്ലെങ്കില്‍ എന്നേക്കുമായി നമോവാകം.

 

2.jpg

ഇവിടെ നിന്നാണ് നടത്തം തുടങ്ങേണ്ടത്. ജാവോണ്‍ ഗ്രാമം വരേയേ വാഹനങ്ങള്‍ വരൂ. രാംപൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അപകടം നിറഞ്ഞ ചെറിയ വഴികളിലൂടെ അഗാധമായ കൊക്കകള്‍ക്കരികിലൂടെ ജാവോണ്‍ വരെ. ആപ്പിളും മറ്റ് കൃഷികളുമായി താരതമ്യേന സമ്പന്നമാണ് ഈ ഗ്രാമം . ഇവിടെ നിന്നും രണ്ടു കിലോ മീറ്റര്‍ നടന്നാലേ ബേസ് ക്യാമ്പ് ആയ സിംഗാഡില്‍ എത്തുകയുള്ളൂ. വലിയ വരകള്‍ കൊണ്ട് ലക്ഷ്യ സ്ഥാനം വരെ മാര്‍ക്ക് ചെയ്തിട്ടുണ്ട്. വഴി കാട്ടികളൊന്നും ഇല്ലാതെ തന്നെ ശ്രീകണ്ഠ മഹാദേവനെ കാണാന്‍ വരുന്ന അസംഖ്യം ഭക്തരെ ഉദ്ദേശിച്ചാണിത്.

 

3.jpg

തീര്‍ത്ഥാടകരുടെ വലിയ ബഹളങ്ങള്‍ക്കിടയിലും ഗ്രാമീണര്‍, പഹാഡികള്‍ അവരുടെ സൈ്വര ജീവിതം തുടര്‍ന്നു. പിന്നില്‍ കെട്ടിയിട്ട കുഞ്ഞ് ഒന്നും അറിയാതെ അലോസരമേതുമില്ലാതെ ഉറങ്ങി. മല മടക്കുകളിലേക്ക് ഇത്രമേല്‍ സുരക്ഷിതനായി വേറൊരാളും കയറുന്നില്ലെന്നും പറയാം.

 

4.jpg

തലങ്ങും വിലങ്ങും ഒഴുകുന്ന നൂറുകണക്കിന് അരുവികള്‍ കഴിയുന്നതും ഒഴിവാക്കി, മലകള്‍ ചുറ്റി നടപ്പാത മുന്നേറി. പക്ഷെ ഇടക്കിടെ ആയുസ്സധികമില്ലാത്ത ഇത്തരം പാലങ്ങളും ഉണ്ടായിരുന്നു. അങ്ങനെ വലിയ ആയുസ്സൊന്നും ഒന്നിനും ആര്‍ക്കും ഹിമാലയത്തില്‍ പ്രതീക്ഷിക്ക വയ്യല്ലോ.

 

5.jpg

നടപ്പാതക്കിരുവശവും പലയിടത്തും ആപ്പിള്‍ തോട്ടങ്ങളാണ്. പലപ്പോഴും തീര്‍ത്ഥാടകരുടെ കൈ നീളും. പഹാഡി നട്ടു നനച്ചു വളര്‍ത്തിക്കൊണ്ട് വന്ന ആപ്പിള്‍ മരങ്ങളാണ് . ആപ്പിള്‍ അവന്റെ അന്ന ദാതാവാണ് അതറിയാതെ, അതോര്‍ക്കാതെ തീര്‍ത്ഥാടകര്‍ ആപ്പിള്‍ പൊട്ടിച്ചു തിന്നു. വലിയ വേലികളും മുള്ളും ഒക്കെ വച്ച് ആപ്പിള്‍ മരങ്ങളെ, ആപ്പിളിനെ യാത്രികരില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ പഹാഡി ശ്രമിച്ചിട്ടുണ്ട്.

 

6.jpg

തീര്‍ത്ഥാടനകാലം രണ്ടാഴ്ച്ച മാത്രം. ഈ ചെറിയ കാലയളവില്‍ കൊച്ചു കടകളിട്ട് പഹാഡി, യാത്രികന് ആവശ്യമായതെല്ലാം വില്‍ക്കുന്നു. പഹാഡി കുഞ്ഞ് അവന്റെ അച്ഛന്റെ കടയില്‍ ആകാംക്ഷയോടെ. ക്യാമറയാണോ കച്ചവടം നടക്കാത്തതാണോ അവനെ ആശങ്കപ്പെടുത്തുന്നത് എന്നറിയില്ല. അവന്റെ കളിപ്പാട്ടങ്ങളാവേണ്ട സാധനങ്ങള്‍ വരെ തൂങ്ങി കിടപ്പുണ്ട്.

 

7.jpg

സിംഗാഡ് മെഡിക്കല്‍ ക്യാമ്പ്. മെഡിക്കല്‍ പരിശോധനയെന്ന വഴിപാട് നടക്കുന്നുണ്ടിവിടെ. ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ഒരു സംവിധാനവും ഇല്ലാതെ ഇരിക്കുന്നുണ്ട്. അത്രയേ അവിടെ സാധ്യമാകൂ എന്നും വേണമെങ്കില്‍ പറയാം. പോലീസുണ്ട്, റവന്യൂ അധികൃതരുണ്ട്.. എല്ലാവരും ഉണ്ട്. എങ്കിലും ഒരു തയ്യാറെടുപ്പും ഇല്ലാതെ തളര്‍ന്നവശനായി വരുന്ന ഒരു സാധാരണ ഉത്തരേന്ത്യന്‍ യാത്രികന്‍ ഒരു തടസ്സവും ഇല്ലാതെ സിംഗാഡ് കടന്ന് പോകുന്നു. മലമുകളില്‍ എവിടെയെങ്കിലും വച്ച് സ്ഥിതി ഗുരുതരമാകുന്നു. ചിലര്‍ മരണപ്പെടുന്നു. ഓരോ വര്‍ഷവും വരുന്ന ഇരുപതിനായിരത്തോളം യാത്രികരില്‍ 20% യാത്രികരും ലക്ഷ്യത്തിലെത്തുന്നില്ല. 10-15 പേര്‍ ഓരോ വര്‍ഷവും മരിക്കുന്നു. എങ്കിലും അനേകര്‍ക്ക്, എനിക്കും പോകാതെ വയ്യ, യാത്ര തുടരാതെ വയ്യ...

 

8.jpg

സിംഗാഡ് സ്വാഗതം ചെയ്യുന്നു. ഞങ്ങളെത്തുമ്പോള്‍ വൈകീട്ട് അഞ്ച് മണി കഴിഞ്ഞു. ഇനി യാത്ര ഈ നേരത്ത് സാധ്യമല്ല. സുരക്ഷിതവും അല്ല. തൊട്ടപ്പുറത്ത് ശ്രീകണ്ഠ സേവാസമിതിയുടെ താമസ ഭക്ഷണ സൗകര്യങ്ങളുണ്ട്. ഒക്കെയും സൗജന്യമാണ്, ചലോ മഹാദേവ്..

9.jpg

സിംഗാഡ് ക്യാമ്പിലെ ഈ വലിയ ടെന്റിലാണ് പൂജ. ഭജന, ഭക്തിപ്രഭാഷണം ഒക്കെയുണ്ട്. തണുപ്പ് വകവെക്കാതെ യാത്രികര്‍ സന്ധ്യക്ക് ഇവിടെ തടിച്ചു കൂടുന്നു. ഉച്ചഭാഷിണികള്‍ മികച്ച ഭക്തി ഗാനങ്ങള്‍ കാട് മുഴക്കികൊണ്ട് ഉയര്‍ത്തുന്നുണ്ട്. മഹാദേവന്റെ മഹാപ്രഭാവത്തില്‍ മല കയറാനെത്തിയ ആയിരങ്ങള്‍ ഭക്തിയുടെ നെറുകയില്‍ ആരവങ്ങളുതിര്‍ക്കുന്നു. എല്ലാവര്‍ക്കും ത്രിശ്ശൂലക്കുറിയും സംരക്ഷിക്കുവാന്‍ ചരടുകളും കെട്ടുന്നു.

 

10.jpg

ഗോവിന്ദ് ശര്‍മ്മ. ശ്രീകണ്ഠ കൈലാസ് സേവാ സമിതിയുടെ തളരാത്ത തേരാളി. ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍, മണി മഹേശ് കൈലാസ യാത്രാ പഥത്തില്‍ കണ്ടു മുട്ടിയ മഹേഷ് നാഗില്‍ നിന്ന് കിട്ടിയില്ലായിരുന്നുവെങ്കില്‍ ഈ യാത്ര ഇപ്പോള്‍ നടക്കുമായിരുന്നില്ല. ഒരു മാസം മുമ്പേ ഗോവിന്ദ് ശര്‍മ്മ വിവരങ്ങള്‍ അയച്ചു തന്നു. യാത്ര തുടങ്ങും മുന്‍പു മുതലേ മഹേഷ് നാഗ് വിശേഷങ്ങള്‍ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു. സിംഗാഡിലെ ബേസ് ക്യാമ്പില്‍ ആയിരങ്ങള്‍ക്ക് സൗജന്യമായി സൗകര്യമൊരുക്കി ഗോവിന്ദ് ശര്‍മ്മ നിറഞ്ഞുനിന്നു. ഞങ്ങളെത്തി പരിചയപ്പെട്ടപ്പോള്‍ മൈക്കിലൂടെ പ്രഖ്യാപിച്ചു.. 'കേരള്‍ സേ, സമുദ്ര തല്‍ സേ, ഹമാരാ ദോ ദോസ്തിയോം ഭി ആജ് ഹമാരാ സാഥ് ഹേ. വോ ലോഗോം കേലിയെ ഭി പ്രാര്‍ത്ഥന കരോ ..' നന്ദി ഗോവിന്ദ് ശര്‍മ്മാജി, നന്ദി മഹേഷ് നാഗ് ജി. അസ്സല്‍ പഹാഡികള്‍ അസ്സല്‍ ഹിമാചലികള്‍.

 

11.jpg

എങ്ങ് നിന്നൊക്കെയൊ വന്ന നൂറു കണക്കിന് മനുഷ്യര്‍, സേവാസമിതി നല്‍കിയ കമ്പിളി പുതച്ച് സിംഗാഡ് ക്യാമ്പില്‍ ഉറങ്ങുന്നു. ജാതി വര്‍ണ്ണ വ്യത്യാസങ്ങള്‍ മറന്ന് തലങ്ങും വിലങ്ങും കിടന്നുറങ്ങി. അതൊക്കെ ഓര്‍ത്ത് പരിഭവിച്ചാല്‍ ഉറങ്ങാന്‍ ഇടം കിട്ടാതെ പുറത്താകും. അത്രയേ ഉള്ളൂ.. രാത്രി വൈകിയും തീര്‍ത്ഥാടകര്‍ വന്നുകൊണ്ടിരുന്നു, മലയിറങ്ങി വരുന്നവരും മല കയറാന്‍ വരുന്നവരും. ഒഴിഞ്ഞു കിട്ടിയ ഇടങ്ങളിലൊക്കെ അവര്‍ ചുരുണ്ടുകൂടി. ഇന്ത്യയുടെ വിവിധ മൂലകളില്‍ നിന്ന് വന്ന ഈ മനുഷ്യര്‍ പിറ്റേന്ന് എത്തിച്ചേരാനുള്ള ലക്ഷ്യങ്ങളെ ഓര്‍ത്തു നിശബ്ദരായി ഉറങ്ങാന്‍ കിടന്നു. സിംഗാഡ് ക്യാമ്പിലെ നിശാദൃശ്യം.

12.jpg

സിംഗാഡില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെട്ടാലേ നേരത്തെ താച്ചുടു ക്യാമ്പിലെത്തുകയുള്ളൂ. ചിലരൊക്കെ പുലര്‍ച്ചെ നാല് മണിക്കേ യാത്ര പുറപ്പെട്ടു. അവരുടെ ലക്ഷ്യം താച്ചുടുവും കടന്ന് ഭീം ദ്വാര്‍ ആണ്. അര്‍ത്ഥമില്ലാതെ, വിശ്രമമില്ലാതെ ഹിമാലയത്തില്‍ ഇങ്ങനെ ഓടുന്നതിന്റെ അപകടമറിയാതെ ആളുകള്‍ പരക്കം പാഞ്ഞു. ആദ്യ ദിന യാത്രയില്‍ കൂട്ട്, നല്ല പച്ചക്കാടാണ്. വെളിച്ചം വീണു കഴിഞ്ഞുള്ള യാത്രയാണ് സുരക്ഷിതം. നദീ തീരം വഴി ഒരു ഒറ്റയടി പാതയിലൂടെയുള്ള യാത്രയാണ് എന്നതിനാല്‍ ആ അപകടവും ഉണ്ട്. യാത്ര പുറപ്പെടാന്‍ പക്ഷെ ഞങ്ങള്‍ക്ക് ഒരു സഹായി വേണം. ഇനിയും കിട്ടിയില്ല. സമയം ആറു മണി കഴിഞ്ഞു.

 

13.jpg

ഇന്നലെ വന്നെത്തിയത് മുതല്‍ ഗോവിന്ദ് ശര്‍മ്മയോടും അനുയായികളോടും പറയുകയായിരുന്നു പോര്‍ട്ടര്‍ വേണം.. പോര്‍ട്ടര്‍ വേണം.. സിംഗാഡിലെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ ശര്‍മ്മാജിക്ക് ആളെ കിട്ടിയില്ല. മാത്രമല്ല ഗ്രാമത്തിലെ യുവാക്കളൊക്കെ ആദ്യദിന സംഘങ്ങളുടെ കൂടെ ശ്രീകണ്ഠത്തിലേക്ക് പോകുകയും ചെയ്തു. ഒടുവില്‍ ഫോറസ്‌റ് ചൗക്കിദാര്‍ തന്നെ വിളിച്ചു. ആളെത്തിയില്ല. രാവിലെ ശ്രീകണ്ഠ സേവാ സമിതിയുടെ ഉത്സാഹ കമ്മിറ്റിക്കാരെ കണ്ടു. അവരും നോക്കട്ടെ പറഞ്ഞിറങ്ങി. ആറര ആകാറായി. ഇനിയും വൈകിയാല്‍ പ്രശ്‌നമാണ്. പൊടുന്നനെ തിരക്കില്‍ നിന്നൊരു കൊച്ചു പയ്യന്‍ വരുന്നു. ലവനാണ് ഇവന്‍... മദന്‍ലാല്‍. അവന്‍ മലമുകളിലേക്ക് വരുവാന്‍ തയ്യാറാണ്. ബാഗിന്റെ കനം നോക്കി, ടീക് ഹേ. ആരുടെയെങ്കിലും കൈ പിടിച്ചു നടത്തിക്കേണ്ടി വരോ. അതും വേണ്ട. ദിനം പ്രതി ആയിരം രൂപയും ഭക്ഷണവും. ഒക്കെ ഞങ്ങള്‍ക്ക് സമ്മതം. കരാര്‍ ഉറപ്പിച്ചു. ബാക്കി ഒരു ബാഗ് സേവാ സമിതിയില്‍ ഏല്‍പ്പിച്ചു. പിന്നീട് മദന്‍ലാല്‍ പറഞ്ഞു, പണിയൊന്നും ഇല്ലാതെ ഇരിക്കുകയായിരുന്നു. അതുകൊണ്ട്, മുകളിലേതോ ഗ്രാമത്തിലേക്ക് പോകാന്‍ മുഖം കഴുകാന്‍ വരുന്ന വഴിയാണ് ഞങ്ങളെ ഭാഗ്യത്തിന് കണ്ടതെന്ന്. ആര്‍ക്കാണ് ഭാഗ്യം കൂടുതല്‍? മദന്‍ലാലിനോ അതോ ഞങ്ങള്‍ക്കോ? നിലാവ് പോലെ നന്മ നിറഞ്ഞ ഒരു പഹാഡി കുട്ടി. ഒരു സഹോദരനെ പോലെ അവന്‍ ഞങ്ങളുടെ കൂടി.

 

14.jpg

യാത്ര ഏറെ ദൂരം നദീ തീരത്തിലൂടെയാണ്. ചെറിയ നടപ്പാത നദീ തീരത്ത് നിന്ന് കയറിയും ഇറങ്ങിയും പോകുന്നു. നല്ല ഒഴുക്കും തണുപ്പും ഉള്ളതുകൊണ്ട് ഇവളെയിങ്ങനെ കണ്ടു കണ്ടങ്ങ് ഉയരത്തിലെത്തിയാല്‍ മതി. ഇറങ്ങിയൊന്ന് സ്‌നേഹിച്ചേക്കാമെന്ന് കരുതിയാല്‍ ഒരു പക്ഷെ അവളങ്ങ് സ്വന്തമാക്കിയേക്കും.

 

15.jpg

മഞ്ഞു മലകള്‍ ദൂരെ കാണാം. കിലോമീറ്ററുകള്‍ക്ക് അപ്പുറത്താണത്. ഈ പച്ചക്കാടുകള്‍ കടന്ന് പിന്നെ പുല്‍മേടുകള്‍ മറി കടന്ന് പച്ചപ്പില്ലാത്ത ഉന്നത തലങ്ങള്‍ കടന്ന് ജീവവായു കുറഞ്ഞ ആ മല മുകളിലെത്തണം. അവിടെയാണ് ഭോലെനാഥ് നമ്മളെ കാത്തിരിക്കുന്നതത്രേ.

 

16.jpg

വഴിയുടനീളം ഇങ്ങനെ മഞ്ഞ, ചുവപ്പ് പൊട്ടുകള്‍ കുത്തിയ വഴികാട്ടികള്‍ ഉണ്ട്. എങ്കിലും നമുക്ക് സംശയം തോന്നും, ഇത് തന്നെയോ വഴി. താഴേക്ക് കണ്ണൊന്ന് പാളിയാല്‍ മുഴുവന്‍ ലോകവും കിടന്ന് കറങ്ങുന്നത് പോലെയാണ്. അലറിയിരമ്പി പായുന്ന നദി അവളിലേക്ക് നമ്മെ ചേര്‍ക്കാന്‍ അമിതമായ ആവേശത്തിലാണ്. ചുവടുറപ്പിച്ച് ഏകാഗ്രതയോടെ....

 

17.jpg

തുടക്കത്തില്‍ ഒരു കുത്തിറക്കത്തില്‍ ഇങ്ങനെ ഒരു സേവനം ചെയ്തിട്ടുണ്ട്. പക്ഷെ ഇവിടത്തെ വന്യമായ കാലാവസ്ഥയില്‍ ഇതെത്ര കാലം ഇങ്ങനെ നില്‍ക്കുമെന്നറിയില്ല. തിരികെ വരുമ്പോള്‍ കയറാന്‍ ബാക്കിയുള്ളതാവും ഇതെന്ന ഓര്‍മ്മ കൂടി വേണം

 

18.jpg

അപൂര്‍വ്വവും ഹൃദ്യവുമായ ചില ബന്ധങ്ങള്‍ ഇങ്ങനെയാകും തുടങ്ങുക. മദന്‍ലാല്‍ ഞങ്ങളുടെ ഒരു കുഞ്ഞനുജനെ പോലെ അങ്ങ് ചേരുകയായിരുന്നു. ക്യാമ്പുകളിലെ ടെന്റില്‍ അവന്‍ ഞങ്ങളുടെ കൂടെ കൂടി. ഭക്ഷണം ഞങ്ങള്‍ ഒരുമിച്ച് കഴിച്ചു. ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അമിതമായി കിതക്കുകയോ ക്ഷീണിക്കുകയോ ചെയ്യുമ്പോള്‍ അവന്‍ ഓടിയെത്തി ' ക്യാ ഭയ്യാ ക്യാ ഹുവാ' എന്ന് ആശങ്കപ്പെട്ടു. കൈപിടിച്ച് നടത്തുവാന്‍ അധിക കൂലി വേണ്ടി വരുമെന്ന് യാത്ര തുടങ്ങും മുന്‍പെ സൂചിപ്പിച്ച അവന്‍ എല്ലാ കണക്കുകളും മറന്ന് കൈ പിടിക്കുവാന്‍ വന്നു. വഴിയരികില്‍ നിന്ന് ഒരു നല്ല ഊന്നുവടി മുകേഷിന് വെട്ടി കൊടുത്തു. ഈ കുഞ്ഞു പഹാഡി ഹിമാലയത്തോളം പോന്ന അവന്റെ വലിയ മനസ്സില്‍ ഇത്തിരി പോന്ന മനസ്സുള്ള ഞങ്ങളെ ചേര്‍ത്ത് പിടിച്ചു

 

19.jpg

ചെറിയ ചായക്കടകള്‍ രാവിലെ തന്നെ തുറന്നിട്ടുണ്ട്. ആലു പൊറോട്ട തയ്യാറാക്കി തരും. കൂട്ടത്തില്‍ പായ്ക്കറ്റുകളില്‍ ലഭ്യമാകുന്ന നിരവധി സ്നാക്സും. മിക്കയിടത്തും ഗ്യാസടുപ്പുകള്‍ ഉണ്ടെങ്കിലും വിറകും ഉപയോഗിക്കുന്നുണ്ട്. വെളുത്തു തുടങ്ങിയ വനം ഒരോര്‍മ്മയാകാന്‍ അധികനാള്‍ വേണ്ടി വരില്ല. ഈ ദീദി ഞങ്ങള്‍ക്ക് മധുരമുള്ള ചായ തന്നു. ഭക്ഷണം പിന്നെ കഴിക്കാം.

 

20.jpg

വഴിയില്‍ ഇടയ്ക്കിടെ ചുറുചുറുക്കുള്ള ഹിമാചലി പഹാഡി സ്ത്രീകള്‍ കയറി പോകുന്നുണ്ട്. നല്ല ശിവ ഭക്തിഗാനങ്ങള്‍ പാടി കയറി പോകുന്നു, ഇറങ്ങി വരുന്നു. ഒരിറ്റു ശ്വാസത്തിനായി നമ്മള്‍ പെടാപ്പാടിലാണ്. അപ്പോഴാണ് അവര്‍ അനായാസം പാട്ടും പാടി കയറുന്നത്. പാട്ടിനിടയില്‍ അവര്‍ പറഞ്ഞു 'ജയ് ഭോല്‍ ഭയ്യാ ജയ് ഭോല്‍ ' താച്ചുടുവിലേക്കുള്ള അസംഖ്യം കയറ്റങ്ങളില്‍, സ്വന്തം തീരുമാനങ്ങളെയും മോഹങ്ങളെയും സ്വയം പഴിച്ച് (അത് പതിവുള്ളതാ) ആ മലമുകളിലെ മൊത്തം ജീവവായുവും പിടിച്ചെടുക്കുവാന്‍ പാടുപ്പെടുന്നതിനിടെ ഞാന്‍ പറഞ്ഞു 'കൈസാ ദീദി.. ഇത്‌നാ മുശ്ക്കില്‍ മേം, ആപ് ഗീത് ഗാത്തെ ഹേ.. മുച് കോ സ്വാസ് നഹി മില്‍ത്താ ഹേ, കൈസാ ഭോലേഗാ?' അവര്‍ ഒരു മാത്ര നിന്നു എന്നിട്ട് അലിവോടെ പറഞ്ഞു ' ഊപ്പര്‍ ഭോലെ നാഥ് ഹേ, ബുലാവോ ഉസ് സേ, സബ് ടിക് ഹോ ജായേഗാ.'

 

21.jpg

മനോഹരമായ ഭൂമികകളിലൂടെയാണ് യാത്ര. സൂര്യനെത്തി നോക്കാനാവാത്ത വിധം ദേവദാരുക്കളും സൂചികാഗ്ര വൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ഓരോ മണിക്കൂറിലും ഉയരത്തിനനുസരിച്ച് പച്ചപ്പ് മാറി മറയുന്നു.

 

22.jpg

സൗകര്യമുള്ളിടത്തൊക്കെ ഇങ്ങനെ ടെന്റുകള്‍ കെട്ടി, ആളുകളെ പാര്‍പ്പിക്കുന്നു. ഇതൊരു നൂലിന്‍മേല്‍ കളിയാണ്. അത്ര അസാധാരണമല്ലാത്ത കനത്ത മഴ, കാറ്റ് എന്തും ഈ സ്വപ്നസ്ഥലിയിലെ ജീവിതം അവസാനിപ്പിച്ചേക്കും . അതങ്ങനെ അവസാനിച്ചില്ലെങ്കില്‍ ഇത്രയേറെ അവിസ്മരണീയമായ ഒന്ന് ഇനി നിങ്ങളെയീ ജീവിതത്തില്‍ കാത്തു നില്‍ക്കുന്നുണ്ടാവുമോ?

 

23.jpg

ഈ മല മുകളില്‍ ജീവന്‍ സാദ്ധ്യമാക്കുന്ന മിശിഹകളാണിവര്‍. ശരാശരി 20 കിലോയിലധികം ചുമക്കും. ഉച്ച തിരിയും വരെ നടക്കും. ആയിരം രൂപയാണ് ഒരു ദിവസത്തെ കൂലി. ചിലര്‍ നിരന്തരം പുക വലിച്ച് മറ്റ് ചിലര്‍ ചുണ്ടിനുള്ളില്‍ തിരുമ്മിയ പുകയില തിരുകിവച്ച് ഒരു യന്ത്രം പോലെ ഒരേ താളത്തില്‍ കയറിക്കൊണ്ടിരിക്കും. ഇടക്കിങ്ങനെ വിശ്രമിക്കുമ്പോള്‍ ഞാന്‍ പടമെടുക്കാന്‍ സമ്മതം ചോദിച്ചു. സംഘത്തലവന്‍ കാന്‍ഷിറാം ഒരു പകര്‍പ്പ് അയക്കണമെന്ന നിബന്ധനയോടെ സമ്മതിച്ചു. ഗ്യാസ് കുറ്റി മുതല്‍ എന്തും അവര്‍ ചുമന്നു കയറ്റും. കിതപ്പിനും പുകയിലക്കും ഇടയില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍.

 

24.jpg

ചിതറിപ്പോയ ഒരു പ്രണയത്തിന്റെ വേദന യാത്രികന്‍ തീര്‍ത്തത് ഈ മരത്തിലാണ്. തകര്‍ന്ന പ്രണയത്തിന്റെ വേദനയാണോ ആവോ ആ ഹൃദയത്തില്‍ നിന്ന് പൊട്ടി ഒലിക്കുന്നത്.. മുന്നേ പോയ മറ്റൊരാള്‍ അപ്പുറത്തെ മരത്തില്‍ കോറിയിട്ടത് മാതൃകയായതും ആവാം

 

25.jpg

താച്ചുടുവിലേക്കുള്ള വഴിയില്‍ ആയിരുന്നു അവനെ കണ്ടത്. ഒരു കിന്നരഗായകനെ പോലെ അവന്‍ പാടി. ഗിത്താറിലാണ് അവന്‍ ഈണം മീട്ടിയിരുന്നത് എന്നു മാത്രം. അവനുതിര്‍ത്ത മാസ്മരിക സംഗീതത്തില്‍ ഞാനും അലിഞ്ഞു നിന്നു. മുന്നിലെ അഗ്നിനാളങ്ങളില്‍ നിന്നുയരുന്ന സ്ഫുലിംഗം പോലെ ഗാനം ഉയര്‍ന്നു പൊങ്ങി. ആകെ മാറ്റിമറിക്കുന്ന അന്തരീക്ഷം ആയിരുന്നത്. പക്ഷെ പൊടുന്നനെ ആ മരത്തുണ്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അവനാവില്ല അതിന് തീയിട്ടത്. കാലങ്ങളായി കടുത്ത കാലാവസ്ഥയില്‍ വളര്‍ന്നു വന്ന ആ മരം ഈ ഒരു നിമിഷത്തെ ചൂടിനായി വെന്തെരിയുന്നു. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുസസ്യങ്ങള്‍ ഇപ്പോഴും പുഞ്ചിരി തൂകുന്നു. ഇങ്ങനെ വന നശീകരണത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ വഴിനീളെ ഏറെയുണ്ട്. എല്ലാ മാസ്മരികതയും നഷ്ടപ്പെട്ടു . ഞാന്‍ തിരിഞ്ഞു നടന്നു.

26.jpg

കാലുകളുടെ, പങ്കെടുക്കുന്നവരുടെ കാലുകളുടെ ചിത്രം കൊണ്ടുമാത്രം ഒരു സമരത്തിന്റെ സ്വഭാവം, വീര്യം വിളിച്ചറിയിച്ചിട്ടുണ്ട് ഈയിടെ. ആ ആശയം കടം കൊള്ളുന്നു. ഈ കാലുകള്‍ കഥ പറയുന്നുണ്ട്. പിന്നിട്ട വഴികള്‍, യാതനകള്‍, അവരവരുടെ ആചാരങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ ഒക്കെ കാണാം. കാലുകളുടെ പടം എടുക്കുന്നത് കുറെ കൂടി എളുപ്പമാണ്, സമ്മതം വാങ്ങിക്കാതെ തന്നെ പലപ്പോഴും എടുക്കാം. പക്ഷെ മുഖങ്ങള്‍ അങ്ങനെയല്ല. അത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. കയറിപ്പോകുന്നവരുടെയും ഇറങ്ങി വരുന്നവരുടെയും കാലുകളും മുഖവും കാണുമ്പോള്‍ അറിയാം എന്താണ് കാത്തിരിക്കുന്നതെന്ന്.

 

27.jpg

നേരത്തെ സൂചിപ്പിച്ചതു പോലെ, പ്രകൃതിയുടെ ഈ ജീവത് സ്പന്ദത്തെ ഒരു നിയന്ത്രണവുമില്ലാതെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കിയായ പച്ചപ്പിനിടയില്‍ ഒരോര്‍മ്മപ്പെടുത്തലായി ഇങ്ങനെ മരക്കുറ്റികള്‍ ഉണ്ട്. ഒരു മലയില്‍ എത്രയേറെ കാലം പൊരുതിനിന്നാണ് ഒരു വൃക്ഷം ഈ രൂപത്തിലായിട്ടുണ്ടാവുക. ഒരു നിമിഷത്തെ തീ കായലിനുവേണ്ടി പോലും അവന്‍ വെട്ടി വീഴ്ത്തപ്പെടാം.

 

28.jpg

പഹാഡികളും വരുന്നവരും വലിച്ചു കയറ്റുന്നത് വെറും പുകയില മാത്രമല്ല. യഥേഷ്ടം ലഭിക്കുന്ന ഭാംഗും മറ്റു ലഹരി വസ്തുക്കളും ബീഡി തുറന്ന് അകത്ത് തിരുകി വച്ച് വലിക്കുന്നു. മുഖമില്ലാതെ ചിത്രമെടുക്കാന്‍ സദയം അനുവാദം ലഭിച്ചപ്പോള്‍..

 

29.jpg

ഇന്നിനി താച്ചുടുവില്‍ വിശ്രമം. നാളെ പുലര്‍ച്ചെ പുറപ്പെട്ട് അടുത്ത ക്യാമ്പ് ആയ ഭീം ദ്വാറില്‍ എത്തണം. അതിനടുത്ത ദിവസം ശ്രീകണ്ഠ കൈലാസം കണ്ട് തിരിച്ച് ഭീം ദ്വാറില്‍ തന്നെ വിശ്രമം. താച്ചുടു ആകെ ബഹളമയമാണ് . കയറുന്നവരും ഇറങ്ങുന്നവരും ഒരേ പോലെ ആര്‍ത്തിരമ്പുന്നു . ലങ്കറില്‍ സൗജന്യ ഭക്ഷണം വിളമ്പിക്കൊണ്ടേയിരിക്കുന്നു. ചെറുമഴയില്‍ ചെളി നിറഞ്ഞ ലങ്കര്‍ മുറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഉച്ചക്ക് ഭക്ഷണം ടെന്റ് കാവല്‍ക്കാരനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് പണിയെടുക്കാന്‍ വയ്യ. 'സാബ് ലങ്കര്‍ ജാവോ, ഖാനാ മിലേഗാ . രാത് മേം മുജേ ദേ ധൂങ്ക' . എന്നാല്‍ പിന്നെ ലങ്കര്‍ . എന്തോ വെള്ളം കറിയായുണ്ട്. അരികിലെ ആ കുഞ്ഞു മുളക് തീവ്രവാദിയാണ്. വെറുപ്പിച്ചു കളഞ്ഞു.

 

30.jpg

താച്ചുടുവില്‍ നിന്ന് അതിരാവിലെ പുറപ്പെട്ടാല്‍ ഉച്ചയോടെ ഭീം ദ്വാറിലെത്താം. അതിനിടയിലെ മറ്റൊരു വിശ്രമകേന്ദ്രമാണ് കാളി ടോപ്പ്. കടുപ്പമേറിയ ഉയരത്തില്‍ തന്നെയാണ് കാളിയുടെ ഇരിപ്പ്.

 

31.jpg

പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ആയിരങ്ങള്‍ മല കയറുന്നു. ഭോലെനാഥന് കാഴ്ച വച്ച് അനുഗ്രഹം വാങ്ങിക്കാനുള്ള ഉടുക്കും ത്രിശ്ശൂലവും ആണ് തീര്‍ത്ഥാടകന്‍ ചുമക്കുന്നത്. ചിലര്‍ ഭക്തിയുടെ പാരമ്യത്തില്‍ കൊണ്ട് വരുന്ന ത്രിശ്ശൂലം അവരെക്കാള്‍ വലുതാണ്. ഇതൊന്നുമില്ലാതെ ഒരാനന്ദത്തില്‍ മല കയറുന്ന, മലഞ്ചെരിവുകളില്‍ സെല്‍ഫി എടുത്തു മുന്നേറുന്ന യാത്രികരെയും കാണാം. ഞങ്ങളേതു കളത്തിലാണോ ആവോ?

 

32.jpg

മലകളില്‍ നിന്നിറങ്ങിയും കയറിയും അനാദിയായ യാത്ര പോലെയായി രണ്ടാം ദിനം. ഇങ്ങനെ എത്ര മലകള്‍ കയറി ഇറങ്ങുന്നുവെന്ന എണ്ണം പോലും നഷ്ടമാകുന്നുണ്ട്. കയറുമ്പോള്‍ ഒരാവേശം മുന്നോട്ട് നയിക്കും. ഇറങ്ങുമ്പോള്‍ രണ്ടു കാരണങ്ങളാല്‍ നിങ്ങളെ ഒരു സങ്കടം വന്നു പൊതിയും. ഒന്ന് ഭോലെനാഥന്റെ ഉയരത്തിലെത്താന്‍ ഇറങ്ങിയതൊക്കെ വീണ്ടും കയറിയെ പറ്റൂ.. രണ്ട് : തിരിച്ചു വരുമ്പോള്‍ ഇതൊക്കെ കടുത്ത കയറ്റങ്ങളാണ്.

 

33.jpg

ഉച്ചയോടെ ഞങ്ങള്‍ ഭീം ദ്വാറിലെത്തി അല്‍പം കഴിഞ്ഞപ്പോഴാണ് പൊടുന്നനെ ഒരു ചെറു സംഘം നടപ്പാതയിലൂടെ സുഖകരമല്ലാത്ത ഒരു മൗനവുമായി ഇറങ്ങിവരുന്നത് കണ്ടത്. നാല് പേര്‍ ചേര്‍ന്ന് ഒരു താത് കാലിക സ്ട്രെച്ചറില്‍ ഒരു നിലച്ച ജീവനെയും കൊണ്ട് വരുന്നു. ഒറ്റക്ക് നടക്കാന്‍ ബുദ്ധിമുട്ടുള്ള വഴിയാണ്. തൊട്ടുമുന്നിലൂടെ ആ മൃതശരീരം നീങ്ങുന്നത് വഴിക്കു മുകളില്‍ നിന്ന് ഞങ്ങള്‍ നോക്കി നിന്നു. ജീവന്‍ ഊര്‍ന്നു പോയ ഏതോ മനുഷ്യനെ താഴെ എത്തിക്കുകയാണ് പഹാഡികള്‍. മൃതശരീരം സ്ട്രെച്ചറിനോട് ചേര്‍ത്ത് കെട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ താഴെ വീണുപോകും. തൊട്ടു പുറകിലായി ഒരു തേങ്ങലോടെ അവന്റെ ഒന്ന് രണ്ട് കൂട്ടുകാര്‍ ജീവസ്പന്ദനം നിലച്ചുപോയ കൂട്ടുകാരന്റെ കൂടെയെത്താന്‍ പാടുപെടുന്നുണ്ട്. അന്നേക്ക് ഈ സീസണിലെ യാത്ര തുടങ്ങി അഞ്ചാം ദിവസമാണ്. അതിനിടെ അഞ്ച് പേര്‍ മരിച്ചു കഴിഞ്ഞു. ഒരു തയ്യാറെടുപ്പും ഇല്ലാതെ പൊടുന്നനെ ഉയരങ്ങളിലേക്ക് ഓടിക്കയറുന്നവരെ ഹിമാലയത്തിന് പോലും രക്ഷിക്കാന്‍ കഴിയില്ല . എന്നിട്ടും ഹിമവാന്‍ ബാക്കിയാക്കിയ ഉയിരുമായി ഞാനിത് കുത്തിക്കുറിക്കുന്നു. മരണത്തിന്റെ ആ യാത്ര കണ്ടതോടെ ഒരു വലിയ ആശങ്കയും മൂകതയും ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു. ഭാര്യയുടെയും രണ്ട് കൊച്ചു പെണ്‍ മക്കളുടെയും മുഖം ഓര്‍മ വന്നപ്പോള്‍ മുകേഷ് ഇത്രമതി അല്ലെങ്കില്‍ പാര്‍വ്വതിഭാഗ് വരെ മതി യാത്ര എന്ന് തീരുമാനിച്ചു. എങ്കിലും പിറ്റേന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഞങ്ങള്‍ മല മുകളിലേക്ക് യാത്ര പുറപ്പെട്ടു. മനുഷ്യന് മനുഷ്യനാവനല്ലെ കഴിയൂ..

 

34.jpg

ഭീം ദ്വാര്‍ കാണാം. രണ്ടാഴ്ചയോളം വരുന്ന സീസണ്‍ കഴിഞ്ഞാല്‍ എല്ലാവരും താഴേക്ക് മടങ്ങുന്നു. ഈ കാണുന്ന ഭൂമിയൊക്കെ മഞ്ഞ് പുതയുന്നു. ഭോലെനാഥന്‍ ഹിമ നിദ്രയിലാണ്ട് അടുത്ത തീര്‍ത്ഥാടന കാലത്തേക്ക് വേണ്ടി കാത്തിരിക്കുന്നു.

 

35.jpg

യാത്രയുടനീളം ഓരോ ചുവടും അതീവ ശ്രദ്ധയോടെ തന്നെ വെക്കണം. ഒഴുക്കിലേക്ക് ഒന്നാഞ്ഞാല്‍ മലഞ്ചെരുവില്‍ ഒന്ന് വഴുതിയാല്‍ അവസാനത്തെ പേജും മറഞ്ഞു പോയെന്ന് സംശയ ലേശമെന്യെ പറയാം... അവനതിന്റെ എന്ത് കാര്യമുണ്ടായിരുന്നുവെന്ന് കടല്‍ കാറ്റേറ്റ് ഇങ്ങ് ദൂരെ ഇരുന്ന് ഉറ്റവര്‍ക്ക് പരിതപിക്കാം

 

37.jpg

സെല്‍ഫിയും ഫോട്ടോയെടുപ്പും തകൃതിയായി നടക്കുന്നുണ്ട്. ഒരു പക്ഷെ പലപ്പോഴും അതവസാനത്തെ ചിത്രം ആകാനും മതി. അശ്രദ്ധ നിറഞ്ഞ ഒരു ചലനം പോലും കഥ അപൂര്‍ണ്ണമാക്കും. എന്നാലും നമുക്കുള്ളിലെ നമ്മുടെ സാഹസികത അവസാനിക്കില്ല, സഹോദരാ. മനുഷ്യകുലം ഉള്ളടത്തോളം അതങ്ങനെ തന്നെ ഉണ്ടാകും.

 

37-1.jpg

ശിവ ജടയിലേക്കിറങ്ങി വരുന്ന ഗംഗ പോലെയാണ് ബഹുരൂപിയായ ഈ നദി. പക്ഷെ ഇതൊരിക്കലും ഗംഗയില്‍ എത്തുന്നില്ല. താഴെയെത്തി സത്‌ലജ് നദിയായി സിന്ധുവിലേക്കാണ് പോകുന്നത്. പാക്കിസ്ഥാനിലൂടെ സമുദ്രത്തിലേക്കും..

 

38.jpg

മുകളിലേക്ക് കയറുമ്പോള്‍ പുലര്‍ച്ചെ 2 മണിയുടെ ഇരുട്ടില്‍ മുനിഞ്ഞു കത്തുന്ന ഒരു പത്ത് രൂപ ടോര്‍ച്ചില്‍ ഇതെങ്ങനെയാണ് മറികടന്നത്?. മുകളിലെ ചെറിയ മാറ്റങ്ങള്‍, ചലനങ്ങള്‍ പോലും യാത്ര അസാദ്ധ്യമാക്കുന്ന ഒരിടമാണ് ഇത്. ഭീം ദ്വാറില്‍ നിന്നും പാര്‍വ്വതിഭാഗിലേക്കുള്ള യാത്രാപഥം

 

39.jpg

ശിവതാണ്ഡവം കഴിഞ്ഞ ഭൂമികയെന്നൊക്കെ അറിയാതെ പറഞ്ഞു പോകുകയാണ്. ഏതോ യാത്രികന്‍ കുത്തിനിര്‍ത്തി പടത്തിന് പോസ് ചെയ്യുമ്പോള്‍ ഞാനെന്റെ ക്യാമറ കൊണ്ട് മോഷ്ടിച്ചതാണ് ഈ ശിവ ബിംബങ്ങള്‍

 

40.jpg

അസാമാന്യമായ കരവിരുതും സങ്കല്‍പ്പവും ഭാവനയുമുള്ള ഒരു തോട്ടക്കാരന്റെ ഇടപെടലെന്ന് ഭക്തര്‍ പറഞ്ഞു പോയാല്‍ കുറ്റപ്പെടുത്താനാവില്ല. പ്രകൃതി അതിന്റെ ഭംഗി മുഴുവന്‍ നിറച്ചാര്‍ത്തായി ഒരുക്കി വച്ചിരിക്കുകയാണ്

 

41.jpg

പാര്‍വ്വതിഭാഗിന്റെ ഉയരത്തില്‍ നിന്ന് താഴെ ഭീം ദ്വാര്‍ കാണുമ്പോള്‍. ഇത്തരം താല്കാലിക സംവിധാനങ്ങളെ അവിടെയുള്ളൂ. രണ്ടാഴ്ചക്കപ്പുറം നീളുന്ന ഒന്നും ഇവിടെ ഉണ്ടാകാറില്ല. ശിഷ്ടകാലം മഞ്ഞും മഴയും സംഹാര നൃത്തമാടുന്ന ഇവിടേക്ക് ആരെയും അനുവദിക്കാതെ ശ്രീകണ്ഠ മഹാദേവനും പാര്‍വ്വതിയും മറ്റൊരു തീര്‍ത്ഥാടന കാലത്തെ കാത്തിരിക്കുന്നു

 

42.jpg

ഭീം ദ്വാറിന്റെ മറ്റൊരു ദൃശ്യം. തലേന്ന് അന്തിയുറങ്ങിയ മലഞ്ചെരുവാണിത്. ഒരു കല്ലുരുണ്ടു വന്നാല്‍ തീരാവുന്ന ഒരു ഉറക്കമായിരുന്നു അതെന്ന് ഈ കാഴ്ച്ച കാണുമ്പോഴാണ് അറിയുന്നത്. ഹിമാലയത്തില്‍ അത്ര അസാധാരണമൊന്നുമല്ല ആ വീഴ്ച്ച. യഥാര്‍ത്ഥത്തില്‍ ഇവിടെ അതി സാധാരണമാണ് അത്തരം ഒരു വീഴ്ച്ച, ഉരുള്‍പൊട്ടല്‍.. ഒക്കെയും. പാതി സ്വപ്നത്തില്‍ ജീവന്‍ പൊലിയാവുന്ന എത്ര നിസ്സാരമാണ് ജീവിതം. കൊച്ചു പ്ലാസ്റ്റിക് കൂടാരത്തില്‍ തലേന്ന് രാത്രി തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറങ്ങാനാകാതെ പോയത്, അങ്ങനെ ഒരു മയക്കത്തില്‍,പൂര്‍ത്തിയാകാത്ത ഏതോ സ്വപ്നത്തില്‍ ജീവന്‍ നിലക്കുമെന്ന ആശങ്ക കൊണ്ട് കൂടിയാകണം

 

43.jpg

15000 അടി ഉയരത്തില്‍ അതിലോലമായ ഒരു ഹിമാലയന്‍ ഭൂവില്‍ നാം ഉപേക്ഷിച്ചു പോന്ന അജൈവ മാലിന്യങ്ങളാണിത്. അവനവനോട് തന്നെ അനുകമ്പയും ഉത്തരവാദിത്വവുമില്ലാത്തവര്‍ക്ക് എങ്ങനെ ഈ ഭൂമികയോട് ഉത്തരവാദിത്വം കാണിക്കാനാകും? സ്വയം ബാക്കിയാക്കുന്ന ഇത്തരം മാലിന്യങ്ങള്‍ ഭാരമേതുമില്ലാതെ താഴെ കൊണ്ടു വരാവുന്നതേയുള്ളൂ. പക്ഷെ എന്നാണിനി നമ്മളിലാ വെളിച്ചം വന്നു വീഴുക.

 

44.jpg

എന്റെ നിക്കോണ്‍ കണ്ണുകള്‍ക്കിത്രയെകഴിയൂ. പക്ഷെ ജീവിതത്തിന്റെ അപരാഹ്നത്തിലെത്തി നില്‍ക്കുന്ന എന്റെ സ്വന്തം കണ്ണുകള്‍ കവര്‍ന്ന ഭംഗി ഇതൊന്നുമല്ല. അത് സ്വന്തമാക്കുവാന്‍ നിങ്ങള്‍ ഭാണ്ഡം എടുത്തിറങ്ങുക മാത്രമെ നിവൃത്തിയുള്ളൂ. അതിനാവുന്നില്ലെങ്കില്‍ ഇതു കൊണ്ട് തൃപ്തരാകുക

 

45.jpg

എന്റെ ക്യാമറ കണ്ണുകളുടെ നിസ്സഹായതയിലും ഈ വെളിച്ച വിന്യാസത്തിനെന്ത് ഭംഗിയാണ്

 

46.jpg

പാര്‍വ്വതിഭാഗ്.. പേര് അന്വര്‍ത്ഥമാക്കും വിധം ആരോ അണിയിച്ചൊരുക്കിയ ഒരു പൂന്തോട്ടം തന്നെയാണ്

 

47.jpg

ബ്രഹ്മകമല്‍ ആണ് വിരിഞ്ഞു പരന്ന് കിടക്കുന്നത്. പാര്‍വ്വതിഭാഗ് മുഴുവന്‍ ബ്രഹ്മകമല്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ബ്രഹ്മകമല്‍ കാണാനുള്ള കൊതി കൊണ്ട് ഹേമ കുണ്ഡ് സാഹിബിന്റെ കുന്നുകള്‍ കയറുമ്പോള്‍ സിഖ് കാവല്‍ക്കാരന്‍ തടഞ്ഞത് ഓര്‍മ്മയുണ്ടോ Susheel Kumar . ബ്രഹ്മകമലുകള്‍ കണ്ടു മതിവരാനെങ്കിലും ഈ യാത്ര ചെയ്യണം

 

48.jpg

ബ്രഹ്മകമലങ്ങള്‍ പുഞ്ചിരി തൂകി നില്‍ക്കുകയാണ് പാര്‍വ്വതിഭാഗ് നിറയെ. അത് കണ്ട് ആനന്ദിച്ചു നില്‍ക്കുന്ന നമ്മുടെ നെഞ്ച് പൊള്ളിച്ചു കൊണ്ട് മൂന്നും നാലും എണ്ണം പിഴുതെടുത്ത് മഹാദേവന് അര്‍ച്ചന അര്‍പ്പിക്കുവാന്‍ കൊണ്ടു പോകുന്നവരും ഉണ്ട്. മഹാദേവനവര്‍ക്ക് ഒരു കാരണവശാലും മോക്ഷം കൊടുക്കാനിടയില്ല

 

49.jpg

അത്രമേല്‍ ശ്രദ്ധയോടെ ആ മഹാനായ തോട്ടക്കാരന്‍ തോട്ടം ഒരുക്കിയിട്ടുണ്ട്. ചിലയിടങ്ങള്‍ ചിലര്‍ക്കായി മാത്രം. ചിലയിടങ്ങളില്‍ രണ്ടിനം ചെടികള്‍.. ഒരു ചിട്ടയൊക്കെ ഉണ്ട് പൂന്തോട്ടത്തിന്

 

50.jpg

ഹിമാലയത്തിന്റെ വിളി ഇടക്കിടെ പട്ടാമ്പിക്കാരന്‍ Mukesh Cm നെ ഇങ്ങനെ ശല്യപ്പെടുത്തുന്നുണ്ട്. അവന്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഞാനീ വഴിത്താരയില്‍ ഏകനായി പോയേനെ.. നന്ദി മുകേഷ് ഭായ്

 

51.jpg

ഭീം ദ്വാറില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെട്ടാലെ ശ്രീകണ്ഠ കൈലാസത്തില്‍ എത്തി വൈകുന്നേരത്തോടെ ഭീം ദ്വാറില്‍ തിരിച്ചെത്താനാകൂ. 18500 അടി ഉയരത്തില്‍ നില്‍ക്കുന്ന ഭോലെനാഥനെ തേടിയുള്ള യാത്ര വൈകിയാല്‍ പിന്നെ ആ ഉയരത്തില്‍ എത്താനും കഴിയില്ല. അത്രക്ക് അപ്രതീക്ഷിതമാണ് ശ്രീകണ്ഠ കൈലാസത്തിന്റെ ഉയരത്തിലെ ഓരോ നിമിഷവും. പാര്‍വ്വതിയുടെ കണ്ണുനീരാണ് ഈ തളം കെട്ടി നില്‍ക്കുന്ന നയന്‍ സരോവര്‍ എന്നും ഐതിഹ്യമുണ്ട്. ഭോലെ നാഥന്റെ ഉയരത്തിലെത്താനാവാതെ കണ്ണീരോടെ മടങ്ങിയ ആദ്യ തീര്‍ത്ഥാടകയാവണം പാര്‍വ്വതി. ഇന്നും അനേകര്‍ ഇവിടെയെത്തി മടങ്ങേണ്ടി വരുന്നു. നയന്‍ സരോവര്‍ ഒരിക്കലും വറ്റാന്‍ ഇടയില്ലെന്ന് ചുരുക്കം

 

52.jpg

ഉയരങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ നയന്‍ സരോവര്‍. ഇതില്‍ ഒന്ന് മുങ്ങി നിവര്‍ന്ന് ഭോലെനാഥനെ കാണാന്‍ പോകണമെന്നാണത്രെ വിശ്വാസം. പക്ഷെ അതിപ്പോള്‍ അസാദ്ധ്യമാണ്. പാര്‍വ്വതിയുടെ കണ്ണീര്‍ കലങ്ങി മറിഞ്ഞിരിക്കുകയാണ്. എങ്കിലും ദൂരെ പോയി ചിലര്‍ ഒരു ശ്രമമൊക്കെ നടത്തുന്നുണ്ട്. മഹാ കൈലാസത്തിന് അരികെ ഗൗരികുണ്ഡ് പോലും ഒഴിവാക്കാതിരുന്ന ഞാന്‍ ഈ കണ്ണീരിനു മുന്നില്‍ തോറ്റു പോയി.

 

53.jpg

എല്ലാം ഓരോരുത്തരുടെ പ്രാര്‍ത്ഥനകളാണ് . ആടിയുലഞ്ഞു നില്‍ക്കുന്ന ജീവിതത്തിന്റെ താളം ഇത് പോലെ ഭദ്രമാകട്ടെ എന്നാഗ്രഹിക്കുന്നുണ്ടാകണം ഈ കല്ലുകളിങ്ങനെ അടുക്കി വയ്ക്കുമ്പോള്‍. ഒരു ചെറിയ കാറ്റ് പോലും ഈ വഴിപാടിനെ നൈമിഷികമാക്കും. ഒരു ഹിമക്കാറ്റ് ഈ ഭൂവിഭാഗത്തിന്റെ സ്വഭാവമെ മാറ്റിയേക്കും

 

54.jpg

ഭീം ദ്വാറില്‍ നിന്ന് അതിരാവിലെ തുടങ്ങുന്ന യാത്ര പാര്‍വ്വതിഭാഗും നയന്‍ സരോവറും കടന്ന് ഹിമാനികള്‍ താണ്ടി മുന്നേറുന്നു. വലിയ കല്ലുകള്‍ ചിതറി കിടക്കുന്നതിനിടയിലൂടെ ചാടിയും മറഞ്ഞും മുന്നേറണം. ഒരു ചെറിയ ചുവട് പിഴവ് പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തും.

55.jpg

സേവാ സമിതി വരഞ്ഞു വച്ച മഞ്ഞപ്പൊട്ടുകള്‍ക്കിടയിലൂടെ, ഹിമവാന്‍ എപ്പോഴൊക്കെയോ ചിതറി തെറിപ്പിച്ച ശിലാ ഖണ്ഡങ്ങള്‍ക്കിടയിലൂടെ നിസ്സാരമായ, അങ്ങനെയല്ലെന്ന് സ്വയം കരുതുന്ന മനുഷ്യ ജീവിതങ്ങള്‍. ഒരു മിഴിയടഞ്ഞു തുറക്കുന്ന മാത്രയില്‍ അവസാനിക്കാവുന്നതെയുള്ളൂ ഒക്കെയും

 

56.jpg

ഒരു വിളിപ്പാടകലെ ആ ഏക ശിലയാണ് ശ്രീകണ്ഠ കൈലാസം. തുടക്കത്തിലെ പറഞ്ഞതു പോലെ ഞാനീ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. സ്വയം ഏറ്റുവാങ്ങുന്ന ശിക്ഷയാണിത്. വീണ്ടുമൊരിക്കല്‍ കൂടി വരുന്നെങ്കില്‍ അന്ന് കാണാം ശ്രീകണ്ഠ മഹാദേവനെ

 

57.jpg

അടുത്ത് നിന്ന് ഞാന്‍ കാണാതെ മടങ്ങിയ ശ്രീകണ്ഠ മഹാദേവ ശില. മലയുടെ ഏറ്റവും മുകളിലാണ് ഇത്. അധിക നേരം ഇവിടെ തങ്ങാനാവില്ല . ജീവവായു നന്നേ കുറവാണ്. എങ്കിലും അപകടകരമായ രീതിയില്‍ അവിടെ സമയം ചെലവഴിച്ചുകൊണ്ടു ഭക്തര്‍ അര്‍ച്ചന പൂജ ഒക്കെ ചെയ്യുന്നുണ്ട്. ഫോട്ടോക്ക് മദന്‍ലാലിന് നന്ദി

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.