ശബരിമല എന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മ വരിക ശരണം വിളികളും ഭക്തിസാന്ദ്രമായ ക്ഷേത്ര പരിസരവുമാണ്. കഠിനവ്രതം അനുഷ്ഠിച്ച് കല്ലും മുളളും താണ്ടി കാനനവാസനെ തേടിയുളള ഒരു യാത്ര.
ഒരു കാലത്ത് കാടിന്‍െ ഇരുട്ടിലില്‍ വന്യമൃഗങ്ങളെ ഭയന്ന് ഇരുമുടി കെട്ടുമേന്തിയുളള ആ യാത്രയില്‍ തിരിച്ചുവരവ് ഉണ്ടായിരുന്നില്ല. അത്രയും ഘോരവനമായിരുന്നു ഒരിക്കല്‍ ശബരിമല ക്ഷേത്ര പരിസരം.
കാല്‍നടയായി മാത്രം മലകള്‍ കേറാവുന്ന കഠിനമായ യാത്ര. കാടിനുളളില്‍ നിന്ന് ഒരു ചിന്നംവിളി കേട്ടാല്‍ അയ്യപ്പന്‍മാരുടെ ഹൃദയമിടിപ്പ് കൂടും...കാനനവാസന്റെ സന്നിധിയില്‍ തങ്ങള്‍ക്ക് ഒരാപത്തും വരില്ലെന്ന ഒരു വിശ്വാസം മാത്രമായിരുന്നു അക്കാലത്ത് ഭക്തര്‍ക്ക് കൂട്ടുണ്ടായിരുന്നത്.
ഇന്ന് ശബരിമലയിലെ വശ്യമായ പ്രകൃതി സമ്പത്ത് നിലനില്‍പ്പെന്നെ വെല്ലുവിളിയെ മുഖാമുഖം കാണുകയാണ്. എത്രനാള്‍.....സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ വന്‍ ആരോഗ്യഭീഷണിയാണ് ഇത് ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്കുണ്ടാകുന്നത്.
ഇത് പരിസ്ഥിതിയെയും തകര്‍ക്കുന്നു. പുകത്തുപ്പുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും, താത്കാലിക ആവശ്യത്തിനായി കെട്ടുന്ന കുടിലുകളും പ്രകൃതിയെ സാരമായി ബാധിക്കുന്നു.
പുണ്യനദിയായ പമ്പയിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.ഭക്തര്‍ പുണ്യമെന്നു കരുതുന്ന നദിയെ എന്തുകൊണ്ട് എക്കാലവും വൃത്തിയായി സൂക്ഷിക്കണമെന്ന് തോന്നുന്നില്ല.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ശബരിമല ഇന്ന് വന്യജീവി സമ്പത്തുളള ഒരു വനമാണോ? കാലം മുന്നോട്ട് കുതിക്കെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും സുരക്ഷയും ഇന്ന് ആ വനത്തിന്റെ വശ്യതയ്ക്ക് കോട്ടം തട്ടിച്ചുകൊണ്ടിരിക്കുകയാണ്.
വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന നിരവധി സസ്യങ്ങളും മൃഗങ്ങളും ഉളള കാടിനെക്കുറിച്ച് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. തീര്‍ത്ഥാടന ടൂറിസവും ഭക്തജനത്തിരക്കും ഇന്നാവനത്തെ ഏറെ മുറിവേല്‍പ്പിച്ചിരിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ എടുത്ത ഈ ഫോട്ടോകളെല്ലാം ശബരിമല എന്ന പ്രകൃതിസമ്പത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്തവയാണ്. മനുഷ്യസമൂഹം കാലാകാലങ്ങളായി കോട്ടം വരുത്തി വരുന്ന ജൈവസമ്പത്തിനെക്കുറിച്ചൊരു ഓര്‍മ്മപ്പെടുത്തല്‍.
ചിത്രങ്ങള്‍: എന്‍.പി.ജയന്‍
പുണ്യമീ പൂങ്കാവനം....ശബരിമലയുടെ ഒരു വിദൂരദൃശ്യമാണിത്..പ്രഭാതത്തില്‍ ആദ്യ സൂര്യകിരണം ഭക്തിയുടെയും പ്രതീക്ഷയുടെയും സുവര്‍ണകിരണങ്ങള്‍ പോലെ പരിശുദ്ധമാണ്..കണ്ണിന് ഇമ്പമേകുന്ന ഒരു കാഴ്ച
2003ല്‍ ശബരിമലയില്‍ ഉണ്ടായ വികസനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം..ഒരു നഗരത്തിന്റെ രാത്രി ജീവിത്തിന്റെ പ്രതിച്ഛായയുളള പ്രദേശമായി മാറിയ ശബരിമല...
പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്കിന്റെ ദൃശ്യം...കൂട്ടമായ ശരണംവിളികള്‍ക്കൊപ്പം ജന്മജന്മാന്തരമായി തേടിയ സായൂജ്യം അരുളുന്ന പ്രഭ....പ്രാര്‍ത്ഥിക്കുന്നതെല്ലാം ലഭിക്കുന്ന അതുല്യനിമിഷം..
പൂത്തുലഞ്ഞു നില്‍ക്കുന്ന ചില്ലകള്‍...നിശബ്ദ സൗന്ദര്യത്തെ പുല്‍കി പശ്ചിമഘട്ടത്തെ പൂവണിയിച്ചപ്പോള്‍...
പ്രകൃതിയിലെ പ്രണയം...മുല്ലവളളിയും തേന്‍മാവും പ്രണയിതാക്കളാണ്..തങ്ങളെ തകര്‍ക്കുന്നവര്‍ക്ക് നേരെ ഒന്നായി പോരാടുമെന്ന നിശബ്ദ പോരാട്ടം..
ഓറഞ്ച്, കറുപ്പ്, പച്ച, വെള്ള എന്നീ നിറങ്ങളിലുളള കൂണുകളാണ് ശബരിമലയില്‍ കാണപ്പെടുന്നതിലേറെയും...പോഷകസമൃദ്ധമായ ഭക്ഷണം എന്നതിലുപരി കണ്ണിന് കുളിര്‍മയേകുന്നതുമാണ് ഈ കൂണുകള്‍...
പശ്ചിമഘട്ട മലനിരകളിലും ഹിമാലയത്തിലും മാത്രം കാണപ്പെടുന്ന ഓര്‍ക്കിഡ് ഇനമായ സാന്റിയം നെപ്പാലെന്‍സെ പൂങ്കാവനത്തില്‍ വിരിഞ്ഞപ്പോള്‍....