മദ്യമില്ലാത്ത കേരളം!
ഫോട്ടോഫീച്ചറിലേക്ക് കടക്കുംമുമ്പ് നിയമപ്രകാരമുള്ള മുന്നറിയിപ്പ്; മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ഈ ചിത്രങ്ങള്‍ ഒരുതരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളതല്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഭാഗിക മദ്യനിരോധനത്തിനുശേഷം കേരളത്തിലെ മദ്യപരുടെ ശീലങ്ങളിലുണ്ടായ മാറ്റങ്ങളിലേക്കാണ് ഇവ ഫോക്കസ് ചെയ്യുന്നത്.
പഞ്ചനക്ഷത്രമൊഴിച്ചുള്ള ഹോട്ടലുകളില്‍ മദ്യവിതരണം നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് മലയാളികളുടെ മദ്യപാനശീലം ഗണ്യമായി കുറച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ബാര്‍ ഹോട്ടലുകളുടെ സ്ഥാനത്ത് വന്ന ബിയര്‍-വൈന്‍ പാര്‍ലറുകളെ അത്ര ആസ്വാദ്യതയോടെയല്ല മദ്യപര്‍ തുടക്കത്തില്‍ സ്വീകരിച്ചത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വിയര്‍ത്തൊട്ടിനിന്ന് അവര്‍ വീര്യംകൂടിയ മദ്യത്തെ തേടിപ്പോയി.
എന്നാല്‍ പതുക്കെ മലയാളിയുടെ മദ്യപാന ശീലത്തില്‍ ബിയറും വൈനും ഇടംപിടിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്്ച. വീര്യം കൂടിയ ബിയറുകളും വൈനുകളും വന്നു. ഇതിന് പുറമെ, ബാറുകളുടെ സ്ഥാനം വഴിയോരങ്ങളിലേക്കായി. ഇരുട്ടിന്റെ മറപറ്റി വഴിയോരങ്ങളില്‍ മദ്യപിക്കുന്നവരുടെ എണ്ണം ഏറി. സ്വകാര്യ വാഹനങ്ങളും ചുരുക്കം വീടുകളും മിനി ബാറുകളുടെ രൂപത്തിലേക്ക് മാറി. മദ്യം വീട്ടില്‍വെച്ച് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. മലയാളിയുടെ മദ്യപാനശീലത്തിലേക്ക് ക്യാമറ തിരിച്ചുവെയ്ക്കുകയാണിവിടെ.
എഴുത്തും ചിത്രങ്ങളും: ബി.മുരളീകൃഷ്ണന്‍
October 12, 2015, 02:22 PM
IST
ബാറുകള്‍ പൂട്ടുന്നുവെന്ന വാര്‍ത്ത അവിശ്വസനീയതയോടെയാണ് മദ്യപര്‍ ഉള്‍ക്കൊണ്ടത്. അവസാന ദിവസം അവസാന പെഗ്
രൂപം മാറ്റിയെത്തിയ ബിയര്‍-വൈന്‍ പാര്‍ലറുകളോട് ഉപഭോക്താക്കള്‍ ആദ്യം മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു. ഒഴിഞ്ഞ പാര്‍ലറുകളായിരുന്നു എവിടെയും. ബിയറിനെ ഉള്‍ക്കൊള്ളാന്‍ ആദ്യമാദ്യം തയ്യാറായില്ലെങ്കിലും പിന്നീട്, ഒറ്റയ്‌ക്കൊറ്റയ്ക്ക് ബാറുകളിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി.
കിട്ടുന്നതുകൊണ്ട് തൃപ്തിയടയുന്ന മലയാളി മനസ്സ് ബിയറുകളുടെ കാര്യത്തിലും സംഭവിച്ചു. പതുക്കെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തിരക്കിനെ തിരിച്ചുപിടിച്ചു.
എന്നാല്‍, മാറ്റം ഉള്‍ക്കൊള്ളാനാവാത്തവര്‍ ഏറെയായിരുന്നു. ബിവറേജസ് ഷോപ്പുകള്‍ക്കുമുന്നിലെ ക്യൂ രാവിലെ മുതല്‍ രാത്രിവരെ വര്‍ധിച്ചുവന്നു. ബിവറേജസ് ഷോപ്പുകളില്‍നിന്ന് കുപ്പി വാങ്ങിക്കൊടുക്കുകയെന്ന പുതിയൊരു ജോലി പോലും ഉദയം ചെയ്തു. ഇവിടങ്ങള്‍ പലതരം സംഘങ്ങളുടെ താവളങ്ങളുമായി.
ബിവറേജസില്‍നിന്ന് സ്വന്തമാക്കുന്ന മദ്യം വീട്ടില്‍ക്കൊണ്ടുപോയി കഴിക്കാനാകാത്തവര്‍ വഴിയോരങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. റോഡരുകിലെ പെട്ടിക്കടകള്‍ക്ക് സമീപവും ആളൊഴിഞ്ഞ പ്രദേശങ്ങളും മിനി ബാറുകളായി. പെട്ടിക്കടകളിലെല്ലാം ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍ ലഭ്യമാകാന്‍ തുടങ്ങിയത് അതിന് തെളിവാണ്.
സ്വകാര്യവാഹനങ്ങളില്‍ ഇരുന്നുള്ള മദ്യപാനവും ഗണ്യമായി വര്‍ധിച്ചു. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് അതിനുള്ളിലിരുന്ന് കഴിക്കുന്നവരുടെ എണ്ണത്തിലും വന്‍തോതിലുള്ള വര്‍ധനയായി.