വീരസമര പോരാട്ടങ്ങളുടെ സ്മരണ ഉണര്‍ത്തി ഓച്ചിറക്കളിക്ക് തുടക്കമായി. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സങ്കല്‍പ്പമാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയില്‍. കായംകുളം രാജാവും വേണാട് രാജാവും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടന്ന വേദിയാണ് ഓച്ചിറ പടനിലം.
പടയാളികളുടെ മെയ്‌വഴക്കവും അഭ്യാസ മികവുമെല്ലാം മേളിക്കുന്ന ദൃശ്യവിരുന്നിലേക്ക്....ചിത്രങ്ങള്‍ : അജിത് പനച്ചിക്കല്‍
കായംകുളം-വേണാട് രാജവംശങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കി ഓച്ചിറ പടനിലത്ത് ഇത്തവണയും ഓച്ചിറക്കളിക്ക് തുടക്കമായി. ആഘോഷങ്ങള്‍ക്കായി പടനിലവും എട്ടുകണ്ടവും ഒരുങ്ങിയപ്പോള്‍ മനോഹരമായ ദൃശ്യവിരുന്നായി മാറി.
പടനിലത്തില്‍ ഓച്ചിറക്കളി ഒരുങ്ങുന്നത് മിഥുനം 1,2 തിയതികളിലാണ്. ഓണാട്ടുകരയിലെ ഇരുന്നൂറോളം കളരികളില്‍ പരിശീലനം നടത്തിവരുന്ന പടയാളികളും കരനാഥന്‍മാരും ഘോഷയാത്രയോടെ പടനിലത്ത് എത്തിച്ചേരുന്നു.
ക്ഷേത്രഭരണ സമിതി പടയാളികളെ ആനയിച്ച് ആല്‍ത്തറകളും ഒണ്ടിക്കാവും എട്ടുകണ്ടവും തകിടിക്കണ്ടവും ചുറ്റി കളിക്കണ്ടത്തിന്റെ ഇരുവശങ്ങളിലുമായി അണിനിരത്തും.
ഓച്ചിറക്കളിക്ക് മുമ്പുള്ള സമയങ്ങളില്‍ പടയാളികള്‍ പടനിലത്ത് പ്രദര്‍ശനപ്പയറ്റ് നടത്തുന്നു. ഇവരുടെ മെയ്‌വഴക്കവും അഭ്യാസ മികവും ഒന്നുവേറെത്തന്നെയാണ്.
ജലാശയങ്ങളുടെ വശങ്ങളില്‍ വര്‍ണക്കൊടികളും തോരണങ്ങളും തൂക്കി ക്ഷേത്ര പരിസരം വൃത്തിയാക്കി വെക്കും.ആല്‍ത്തറകളും കല്‍വിളക്കുകളും ശുദ്ധീകരിക്കുകയും ചെയ്യും.
ഓച്ചിറക്കളിയില്‍ പ്രധാനമായും രണ്ടിനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പുള്ള പയറ്റുപ്രദര്‍ശനമായ ' കരക്കളിയും' എട്ടുകണ്ടത്തില്‍ നടത്തുന്ന 'തകിടകളി'യും.
അങ്കത്തിനു സമയമായി എന്ന സൂചന നല്‍കിക്കൊണ്ട് ആകാശത്തില്‍ കളിക്കളത്തിന് മുകളിലായി വട്ടമിട്ട് പറക്കുന്ന ശ്രീകൃഷ്ണപ്പരുന്ത് പ്രധാന പ്രത്യേകതയാണ്.
രണ്ടുകരകളില്‍ നിന്നും കരനാഥന്‍മാര്‍ പടനിലത്തേക്ക് കുതിക്കുന്നു. പരസ്പരം ഹസ്തദാനം ചെയ്ത് കര പറഞ്ഞ് അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകള്‍ അവസാനിക്കുന്നു.