മാലിന്യവണ്ടി അരികിലൂടെ കടന്നുപോവുമ്പോള്‍ വല്ലാതെ അസ്വസ്ഥരാവാറുണ്ട് നമ്മള്. എന്നാല്‍ നമ്മള് വലിച്ചെറിയുന്ന, നഗരത്തിലെ എല്ലാ മാലിന്യവുമെത്തുന്ന ഞെളിയന്‍പറമ്പിലെ സംസ്കരണപ്ളാന്റില് പകല്‍ വെളിച്ചം വീണുതുടങ്ങുന്നതു മുതല്‍ വൈകുവോളം ജോലിചെയ്യുന്ന കുറെ മനുഷ്യരുണ്ട് ഇവിടെ. കൂമ്പാരമായിക്കിടക്കുന്ന മാലിന്യമലയ്ക്കരികിലിരുന്നാണ് അവര്‍ ഭക്ഷണം പോലും കഴിക്കുന്നത്. ഒരു കൈയുറപോലുമില്ല. പക്ഷേ, മാലിന്യം വാരിയെടുക്കുമ്പോള്‍ അതെത്രചീഞ്ഞളിഞ്ഞതാണെന്ന് അവര്‍ നോക്കാറില്ല. തെരുവുപട്ടികളാണ് ഈ മാലിന്യത്തുരുത്തില് ഇവര്‍ക്ക് കൂട്ട്. ഒരു പകല്‍ ഇവര്‍ക്കൊപ്പം ചെലവഴിച്ച് ദീപ ഹരീന്ദ്രനാഥും സാജന് വി. നമ്പ്യാരും പകര്‍ത്തിയ ജീവിതക്കാഴ്ചകള്‍
ജോലിതുടങ്ങും മുമ്പ് യന്ത്രത്തില്‍ ഒട്ടിച്ചുവെച്ച ദൈവത്തിന്റെ ഫോട്ടോയ്ക്കു മുന്നില്‍ പ്രാര്‍ഥിക്കുന്നു
ഏഴ് ശുചീകരണ തൊഴിലാളികള്‍, രണ്ട് സൂപ്പര്‍വൈസര്‍മാര്‍, നാലു സുരക്ഷാ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്മാര് എന്നിങ്ങനെ 20 പേരാണ് ഞെളിയന്‍ പറമ്പിലെ മാലിന്യത്തിനു നടുവില്‍ സൂര്യവെളിച്ചം മാഞ്ഞുതുടങ്ങും വരെ ജോലിചെയ്യുന്നത്.
മാലിന്യത്തിന്റെ ദുര്‍ഗന്ധത്തില്‍ നിന്നു അല്പം ആശ്വാസം കണ്ടെത്താന്‍ തൊഴിലാളിയായ ഷൈലജ മൂക്കുകെട്ടുന്നു
ഞെളിയന്‍ പറമ്പിലെ ഏറ്റവും ഉയരമുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ജോലി ചെയ്യുന്ന ലക്ഷ്മി എന്ന തൊഴിലാളി
ടണ്‍ കണക്കിന് മാലിന്യമാണ് രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി ഇവിടെയെത്തുന്നത്. ഒരു പ്ലാന്റ് കേടായിക്കിടക്കുന്നതിനാല് ഏക്കറു കണക്കിനുള്ള സ്ഥലത്തെ മാലിന്യക്കൂമ്പാരം മൂന്നുനില കെട്ടിടത്തോളം ഉയരത്തിലായിട്ടുണ്ട്.
മാലിന്യത്തിനിടിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന തൊഴിലാളികള്‍
ഞെളിയന്‍പറമ്പിന്റെ പ്രധാനകവാടത്തിന്റെ 500 മീറ്റര്‍ ഉള്ളിലാണ് മാലിന്യസംസ്കാരണപ്ലാന്റ്. എന്നാല്‍, മെയിന്‍ഗേറ്റില്‍ എത്തിയാല്‍ മൂക്കുപൊത്തിക്കുന്ന മണം വന്നു തുടങ്ങും. രാവിലെ തുടങ്ങുന്ന ജോലി വൈകീട്ട് അഞ്ചോടെയാണ് തീരുക. മാലിന്യത്തിന് ഇടയിലാണ് പ്രഭാതഭക്ഷണവും ഉച്ചയൂണും വിശ്രമവുമെല്ലാം.
തൊഴിലാളികള്‍ ചായകുടിച്ചുകൊണ്ടിരിക്കുന്ന ഗ്ലാസിന് മുകളിലിരിക്കുന്ന ഈച്ചകള്‍
വീടുകളില്‍ നിന്നെത്തിച്ച ഭക്ഷണപ്പൊതികള്‍ ഓരോന്നായി തുറക്കുമ്പോഴും തൊട്ടപ്പുറത്ത് മാലിന്യത്തില്‍ നിന്ന് അടിച്ചുവീശുന്ന കെട്ട ഗന്ധമാണ്. ഈച്ചകളാവട്ടെ വന്സേനയായി മൂളിപ്പറക്കുന്നുമുണ്ട്. മസാലക്കൂട്ടുകളുടെ മണമൊന്നും ദുര്ഗന്ധത്തിനിടയ്ക്ക് അറിയുന്നേയില്ല.
മാലിന്യം വളമാക്കി മാറ്റുന്ന യന്ത്രത്തില്‍ നിന്നുവരുന്ന പൊടിക്ക് നടുവില്‍ ജോലി ചെയ്യുന്ന ശകുന്തള
യന്ത്രത്തില്‍ നിന്ന് പൊടിഞ്ഞുവരുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നു
ഒരു ദിവസം ജൈവലായനി തളിച്ചിട്ടില്ലെങ്കില് മാലിന്യത്തില്‍ പുഴുവരിക്കും. പക്ഷേ, സംസ്കരണ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചതിനാല്‍ ജൈവലായനിയും കിട്ടുന്നില്ല. പക്ഷേ, ജീവിതമാര്‍ഗം ഇതുതന്നെയായത് കൊണ്ട് എല്ലാം സഹിച്ച് ജോലിചെയ്യുന്നു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ഈ മാലിന്യക്കൂമ്പാരത്തിന് നടുവില്‍തന്നെയാണ് ഇവരുടെ ജീവിതം.