കേരളത്തിലെ പ്രമുഖ നാഗാരാഗാധന കേന്ദ്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശ്ശാല. ആചാരങ്ങളുടെ സവിശേഷതകളാണ് ഈ ക്ഷേത്രത്തെ വേറിട്ടതാക്കുന്നത്. സ്ത്രീയാണ് മുഖ്യ പൂജാരിണി. അതും കുടുംബത്തിലെ മുതിര്‍ന്ന് അംഗത്തിന്റെ വേളി. മരുമകള്‍ കുടുംബത്തിന്റെയും അതുവഴി ക്ഷേത്രത്തിന്റെയും അവകാശിയാകുന്ന അപൂര്‍വത. നൂറ്റാണ്ടുകളായി ഇത് തുടരുന്നു. അങ്ങനെ തലമുറകളായി മണ്ണാറശ്ശാല തറവാട്ടിലെ മരുമക്കള്‍ മണ്ണാറശ്ശാല അമ്മയെന്ന പദവി വഹിക്കുന്നു. ഉമാദേവി അന്തര്‍ജനമാണ് ഇപ്പോഴത്തെ വലിയമ്മ. നാഗരാജാവിന്റെ നിത്യോപാസകയാണ് അമ്മ.
സന്താന സൗഭാഗ്യത്തിനായി ഉരുളി കമഴ്ത്തുന്നതാണ് മണ്ണാറശ്ശാലയിലെ പ്രധാന വഴിപാടി. ആയിരങ്ങളാണ് ഇവിടെ നാഗരാജാവിന്റെ നടയില്‍ ഉരുളി കമഴ്ത്തി സന്താന സൗഭാഗ്യം നേടിയിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.
കാടിന് നടുവിലാണ് ക്ഷേത്രം. 30 ഏക്കറിലധികം വരന്ന കാവാണ് ക്ഷേത്രത്തെ ചുറ്റിയുള്ളത്. ഇവിടെ നിന്നും ഒരിലപോലും എടുത്തുമാറ്റരുതന്നൊണ് പൂര്‍വാചാരം. അതിനാല്‍ നഗരവത്ക്കരണത്തിന്റെ നടുവിലും ഈ കാവ് സുരക്ഷിതമായി നില്‍ക്കുന്നു.
ചിത്രങ്ങള്‍: ബി. മുരളി കൃഷ്ണന്‍
എഴുത്ത്: കെ. ഷാജി, ഹരിപ്പാട്
മണ്ണാറശ്ശാലയിലെ നിലവറയിൽ നാഗരാജാവ് കുടികൊള്ളുന്നതായാണ് വിശ്വാസം. നൂറ്റാണ്ടുകളായി തുറക്കാത്ത നിലവറയാണിവിടെയുള്ളത്. നിലവറ ഉൾപ്പെടുന്ന കെട്ടിലാണ് വലിയമ്മയുടെ താമസം. ഐതീഹ്യങ്ങളും വിശ്വാസവും ഇഴചേരുന്ന നിലവറയക്ക് മുന്നിൽ വലിയമ്മ ഉമാദേവി അന്തർജനം
കാവു തീണ്ടരുതേ കുളം വറ്റുമെന്നാണ് പ്രമാണം. മണ്ണാറശ്ശാലിയൽ ഈ സത്യം കണ്ടറിയാം. ഇവിടെ വിശാലമായ കാവുകൾക്കുള്ളിൽ ജല സമൃദ്ധമായ നിരവധി കുളങ്ങളുണ്ട്. കാവിനെ കുളം കാക്കുന്നു. കുളങ്ങളെ കാവുകളും. കുളങ്ങൾക്ക് ചുറ്റിനും കാവലാളായി നാഗരൂപങ്ങളും കാണാം.
ക്ഷേത്രത്തിൽ നിന്നും മടങ്ങിയാലാലും നാഗങ്ങൾ മനസിൽ ഫണം വിരിച്ച് നൽക്കും. അതാണ് മണ്ണാറശ്ശാല ക്ഷേത്ര ദർശനത്തിന്റെ ബാക്കി പത്രം. വിശ്വാസിക്ക് നഗ ദൈവങ്ങളുടെ സാന്ത്വനം നൽകുന്ന ആശ്വസം. വിശ്വാസ വഴിയിൽ നിന്ന് മാറി ചിന്തിച്ചാൽ പ്രകൃതി സ്‌നേഹത്തിന്റെ വലിയ പാഠം.
ആയില്യം പൂജ.. മണ്ണാറശ്ശാല യിലെ പുരാതന നിലവറയുടെ തളത്തിലാണ് എഴുന്നള്ളത്തിന് ശേഷം അമ്മ പൂജ നടത്തുന്നത്. മണിക്കൂറുകളോളം നീളുന്ന ചടങ്ങാണിത്.
ആയില്യം എഴുന്നള്ളത്ത്.....നാഗരാജാവിന്റെ എഴുന്നുള്ളത്താണ് ആയില്യം നാളിൽ നടക്കുന്നത്. വലിയമ്മയാണ് മകന്റെ സങ്കൽപ്പത്തിലുള്ള നാഗരാജാവിനെ കൈയ്യിലെഴുന്നളളിക്കുന്നത്. നാഗരാജാവിന്റെ തങ്ക തിരുമുഖവും നാഗഫണവും അമ്മ കൈയ്യിലേന്തും. ഇളയമ്മ സർപ്പയക്ഷിയുടെയുടെ തിടമ്പും. ഇല്ലത്തെ കാരണവന്മാർ ഉപദേവതാ തിടമ്പുകൾ തലയിലേന്തി അനുഗമിക്കും.
നാഗരാജാവിന്റെ ജന്മദിനം കന്നി മാസത്തിലെ ആയില്യമാണ്. നാഗാരാധന കേന്ദ്രങ്ങളിലെല്ലാം ആ ദിവസമാണ് പ്രധാനമായും ആഘോഷിക്കന്നത്. മണ്ണാറശ്ശാലയിലും അന്ന് എഴുന്നള്ളത്തുണ്ട്. എന്നാൽ, പ്രാധാന്യം തുലാം മാസത്തിലെ ആയില്യത്തിനാണ്. തിരുവിതാംകൂർ രാജകുടുംബുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഇതിന് ആധാരം. മുമ്പൊരിക്കൽ കന്നിയിലെ ആയില്യത്തിന് തിരുവിതാംകൂർ രാജാവിന് വരാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന അടുത്ത മാസത്തെ ആയില്യം നാളിൽ കൊട്ടാരം ചെലവിൽ എഴുന്നള്ളത്ത് നടത്തി. അങ്ങനെ തുലാം മാസത്തെ ആയില്യത്തിന് മണ്ണാറശ്ശാലയിൽ പ്രാധാന്യം കൈവന്നു.
അമ്മ... മണ്ണാറശ്ശാല അമ്മ... മണ്ണാറശ്ശാലയിൽ ആചാരങ്ങളുടെ അവസാന വാക്കാണ് അമ്മ. ഇല്ലത്തെ മുതിർന്ന അംഗത്തിന്റെ വേളിയാണ് അമ്മ സ്ഥാനത്ത് അവരോധിതയാകുന്നത്. ഉമാദേവി അന്തർജനമാണ് 20 വർഷമായി വലിയമ്മ സ്ഥാനത്തുള്ളത്. ഭക്തരുടെ സങ്കടങ്ങൾ് കേട്ട് പരിഹാരം നിർദ്ദേശിക്കുന്നത് അമ്മയാണ്. അമ്മയുടെ ഒരു നിമിഷത്തെ ദർശനത്തിനായി മണിക്കൂറുകളാണ് ഭക്തർ കാത്തു നിൽക്കുന്നത്.
നിലവിളക്കിന്റെ മഞ്ഞ വെളിച്ചത്തേപ്പോലും തോൽപ്പിക്കുന്നതാണ് നാഗ ദൈവങ്ങളോടുള്ള ഭക്തി. പ്രകൃതിയുടെ അവകാശികളായ നാഗങ്ങൾ മനുഷ്യന് ശത്രുവല്ലെന്ന വലിയ തിരിച്ചറിവ് നൽകുന്ന പുണ്യ കേന്ദ്രമായി മണ്ണാറശ്ശാല മാറുന്നത് ഇങ്ങനെയാണ്.
നേർച്ചപ്പെട്ടിയിലേക്ക് വിരൽ നീളുമ്പോൾ തൊട്ടു മുമ്പിലെ നാഗരൂപം ഭക്തരെ ഭയപ്പെടുത്തുന്നില്ല. ഇവിടെ നാഗങ്ങൾ ദൈവങ്ങളാണ്. കണ്മുന്നിലുള്ള ദൈവങ്ങൾ. ദുഖങ്ങളും ദുരിതങ്ങളും അകറ്റുന്ന ദൈവം.
മണ്ണാറശ്ശാലയിൽ അര ലക്ഷത്തോളം നാഗരൂപങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. മണ്ണിലും തൂണിലും തുരുമ്പിലും നാഗങ്ങളെ കാണാം. ചിലത് ജീവനുള്ളത് തന്നെ. മറ്റുള്ളവ കരിങ്കല്ലിലെ കലാരൂപങ്ങളാണ്. ദേശ കാലങ്ങൾ തിരിച്ചറിയാത്തവയും ഏറെയാണ്. ഉത്തരേന്ത്യയിൽ ആരാധിക്കുന്ന തരത്തിലെ നാഗരൂപങ്ങളുമുണ്ട്. അധികം കാവുമാറ്റം വഴി മണ്ണാറശ്ശാലിയൽ എത്തിയവയാണ്. ഇത്തരം നാഗരൂപങ്ങൾ പ്രതിഷ്ഠിക്കുന്നതിന് വിശാലമായ ഒരു കാവു തന്നെയുണ്ട്. ക്ഷേത്ര മുറ്റത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള താന്നി മരത്തിൽ എങ്ങനെയോ എത്തപ്പെട്ട നാഗ രൂപമാണ് ചിത്രത്തിൽ.
നാഗങ്ങളുടെ സംഗീതമാണ് പുളളുവൻ പാട്ട്. നൂറു ജന്മങ്ങളുടെ സർപ്പദേഷമകറ്റാൻ പുള്ളുവർ വീണയുടെ നേരിയ താരാട്ടിനാകുമത്രെ. മണ്ണാറശ്ശാലയിൽ ഒരു ദിവസം തുടങ്ങുന്നത് കിഴക്കേ നടയിലെ പുള്ളുവൻ പാട്ടിലൂടെയാണ്. നട അടയ്ക്കും വരും വീണകൾ പാടിക്കൊണ്ടിരിക്കും. ഭക്തർ പേരും നാളും പറഞ്ഞ് പാടിക്കും. ശ്രീകോവിനുള്ളിലെ നാഗരാജാവും സർപ്പയക്ഷിയും ഉപദേവതകളായ നാഗചാമുണ്ഡിയും നാഗ യക്ഷിയും മാത്രമല്ല മണ്ണാറശ്ശാല കാവിലെ ആയിരക്കണക്കിന് നാഗങ്ങളും ഈ പാട്ടിൽ സംതൃപ്തരാണെന്നാണ് വിശ്വാസം.
കാവിനുള്ളിലെ ക്ഷേത്രത്തിന്റെ പുറം കാഴ്ച, മണ്ണാറശ്ശാല പടിഞ്ഞാറെ നടയുടെ ദൃശ്യം. വൻമരങ്ങൾ പച്ചക്കുട നിവർത്തി നിൽക്കുന്നത് ഇവിടെ നിന്നേ കാണാം. കാവിനുള്ളിൽ അതി പുരാതന ക്ഷേത്രമാണ്. ക്ഷേത്രം പുതുക്കിപ്പണിയരുതെന്നാണ് തലമുറകളായുള്ള വിശ്വാസം. അമ്പലം പണിയാനായി മരങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്ന തിരിച്ചറിവിൽ നിന്നുണ്ടായ ശാസനയാകുമിത്.