എഴുത്തും ചിത്രങ്ങളും: എന്‍.പി ജയന്‍
ഡല്‍ഹിയിലൂടെയുള്ള യാത്രക്കിടയില്‍ മുട്ടോളം മടക്കിവെച്ച പഴയ പാന്റുമിട്ട് വിയര്‍ത്തൊലിച്ച് തിരക്കേറിയ തെരുവിലൂടെ യാത്രക്കാരെയും വഹിച്ചു പോവുന്ന സൈക്കിള്‍ റിക്ഷാക്കാരെ ഒരുപാട് കണ്ടിട്ടുണ്ട്. അവര്‍ എവിടുന്നു വരുന്നു എന്നോ അവരുടെ ജീവിതത്തെപ്പറ്റിയോ പക്ഷെ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
ഡല്‍ഹിയിലെ പഹാഡ് ഗഞ്ച് ഏരിയയില്‍, ചതുപ്പിന് സമാനമായ, മതില്‍കെട്ടില്ലാത്ത, വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു വലിയ പറമ്പില്‍ വെച്ചാണ് അവരുടെ ജീവിതങ്ങളെ ഞാനാദ്യം അടുത്തു കാണുന്നത്. ഇന്ത്യാ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് ഇവര്‍ക്കുവേണ്ടി നടത്താറുള്ള ഒരു മെഡിക്കല്‍ ക്യാമ്പ് സംഘത്തിന്റെ കൂടെ വന്നതായിരുന്നു ഞാന്‍്.
നൂറുക്കണക്കിന് സൈക്കിള്‍ റിക്ഷകള്‍ നിര്‍ത്തി ഇട്ടിരിക്കുന്ന ഒരു വിചിത്ര ലോകം. എവിടെ നിന്നു നോക്കിയാലും നീലക്കളറിലുള്ള പഴയതും പുതിയതുമായ റിക്ഷകളുടെ നീണ്ട നിര മാത്രം. അവക്കിടയില്‍ ജീവിതത്തിന്റെ എല്ലാ കഷ്ടപ്പാടുകളും മുഖത്ത് എഴുതി വെച്ച കുറേ മനുഷ്യരും.
ഇവരാണ് റിക്ഷാവലകള്‍. നഗരനിരത്തുകളിലൂടെ നമ്മെയും കൊണ്ട് കുതിച്ചും കിതച്ചും പായുന്നവര്‍. ആദ്യം ഞാന്‍ കരുതിയത്, ഇവരെല്ലാം ഡല്‍ഹിയില്‍ നിന്നു മാത്രം ഉള്ളവരാണെന്നാണ്. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ നാട്ടിലെപോലെ അന്യ ദേശങ്ങളില്‍ നിന്നും തൊഴില്‍ തേടിഎത്തുന്നവരാണ് ഇവര്‍. ഇവരും ഇവരുടെ റിക്ഷകളും ഇവര്‍ക്ക് റിക്ഷകള്‍ വാടകക്ക് കൊടുക്കുന്ന ആളുകളും എല്ലാം നിറഞ്ഞതാണ് ഈ റിക്ഷാ പറമ്പ്.
അവരുടെ ജീവിതങ്ങളിലൂടെയാണ് ഈ ചിത്ര സഞ്ചാരം. ദുരിതമയമായ അതിലെ ചില കാഴ്ചകള്‍ മാത്രം. കിടന്നുറങ്ങാന്‍ നല്ല സ്ഥലങ്ങളോ, മലമൂത്രവിസര്‍ജ്ജനത്തിനും കുളിക്കാനും, ഭക്ഷണം വെയ്ക്കാനും വൃത്തിയുമുള്ള ഇടങ്ങളോ ഒന്നും ഇവിടെയില്ല. സൈക്കിള്‍ റിക്ഷയുടെ അതേ നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടിയ കൂടാരങ്ങളും തങ്ങള്‍ ഉപയോഗിക്കാന്‍ വാടകയ്ക്ക് എടുക്കുന്ന റിക്ഷാകളും തന്നെയാണ് ഇവരുടെ കിടപ്പറകളും, വിശ്രമ സ്ഥലവും. ഡല്‍ഹിയിലെ ചുട്ടുപൊള്ളുന്ന വേനലില്‍ വളര്‍ന്ന് നില്‍ക്കുന്ന വന്‍മരങ്ങള്‍ മാത്രമാണ് ഇവര്‍ക്കു തണല്‍.
റിക്ഷയില്‍ കയറി ഇവരോട് വാടകയെച്ചൊല്ലി വില പേശുന്ന എത്രപേര്‍ അറിയും, സ്വന്തം കുടുംബം പോറ്റാന്‍ വേണ്ടി രാവന്തിയോളം പണി എടുക്കുന്ന ഈ മനുഷ്യരുടെ ജീവിതത്തെപ്പറ്റി....
ഡല്‍ഹിയിലെ പഹാഡ് ഗഞ്ച് ഏര്യയില്‍ ഒരു ചതുപ്പിന് സമാനമായ, മതില്‍കെട്ടില്ലാത്ത, വലിയ വൃക്ഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു വലിയ പറമ്പ്. ഞാനിതിനെ റിക്ഷാപറമ്പ് എന്ന് തല്‍ക്കാലം വിളിക്കട്ടെ....
റിക്ഷാനഗരി... ! പഴയതും പുതിയതുമായ നൂറുകണക്കിന് റിക്ഷകളാണ് പഹാഡ് ഗഞ്ചിലെ ചതുപ്പു പ്രദേശത്ത് കാണാന്‍ കഴിഞ്ഞത്. അവക്കിടയിലെ പ്ലാസ്റ്റിക്ക് കൂടാരത്തിലേയും അല്ലാതെയുമുള്ള വൃത്തി ഹീന ജീവിതവും...
കണക് ഷന്‍ കിട്ടാത്തവരുടെ ലോകം: എവിടെ നിന്നോ വരുന്നവര്‍. എവിടെയോ വേരുകളുള്ളവര്‍. അവര്‍ക്ക് ഉറ്റവരും ഉടയവരുമായുള്ള ബന്ധം ഇതാ, ഇങ്ങിനെയൊക്കെയാണ്. റിക്ഷാ പറമ്പില്‍ ചിന്താമഗ്നനായി ഒരു ടെലിഫോണും പിടിച്ചിരിക്കുന്ന യുവാവ്...
ഡല്‍ഹി സ്വദേശികളും സമീപ സംസ്ഥാനങ്ങളില്‍ ഉള്ളവരുമായ ആയിരക്കണക്കിന് റിക്ഷാവാലകള്‍ ആണിവിടെ എത്തിപ്പെടുന്നത്. കിടന്നുറങ്ങാനോ ഭക്ഷണം തയ്യാറാക്കാനോ മലമൂത്ര വിസര്‍ജ്ജനം ചെയ്യാനോ വേണ്ട സൗകര്യങ്ങള്‍ ഇവിടെ ഇല്ല. തികച്ചും വൃത്തിഹീനമായ ചുറ്റുവട്ടത്തില്‍ നിന്നുകൊണ്ടുള്ള വയ്പ്പും കുടിയും കഴിപ്പും... ഇതാ, ഇങ്ങിനെയൊക്കെയാണ് ഇവരുടെ ജീവിതം...
പാഹാഡ് ഗഞ്ചിന്റെ അടുക്കള. ഉണ്ടാക്കുന്നതും വിളമ്പുന്നതും ഉണ്ണുന്നതും എല്ലാം ഇവിടെത്തന്നെ. ഇതാണ് തീന്മേശ: ചിത്രത്തില്‍ കാണുന്ന രണ്ട് പൈപ്പുകള്‍ !
ജീവിതത്തിനു കാറ്റു നിറയ്ക്കുന്നവര്‍. രാവിലെ മുതല്‍ തുടരുന്ന കഠിനാധ്വാനമാണ് ഇവരുടെ ജീവിതം. എല്ലാം ശരിയല്ലേ എന്നു നോക്കാനും എല്ലാം ശരിയാക്കാനും ഇവര്‍ക്ക് ഇവര്‍ മാത്രമേ ഉള്ളൂ.
തന്റെ റിക്ഷയുടെ ടയറിന് കാറ്റ് നിറയ്ക്കുന്ന റിക്ഷാക്കാരന്‍, റിക്ഷാകള്‍ക്ക് കാറ്റ് നിറയ്ക്കാനും റിപ്പയര്‍ ചെയ്യാനുമുള്ള എല്ലാ സംവിധാനവും ഇവിടെ ലഭ്യമാണ്.
ദൈന്യതയാര്‍ന്ന കാത്തിരുപ്പാണ് ഇവരുടെ ജീവിതം. സഞ്ചാരിയെ കിട്ടാത്ത റിക്ഷ ഈ ജീവിതങ്ങളുടെ പ്രതീകമാകുന്നു. എരിയാത്ത അടുപ്പില്‍ പൂച്ചയെന്ന പോലെ, യാത്രികരില്ലാത്ത റിക്ഷയില്‍ കയറി കിടക്കുന്ന നായ ആ ജീവിതാവസ്ഥയെ പ്രതിബിംബിപ്പിക്കുന്നു...
...
ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും തൊഴില്‍ തേടി ആളുകള്‍ കുടുംബമായും അല്ലാതെയും പാഹാഡ് ഗഞ്ചില്‍ എത്തുന്നു. അവരെ കാത്തിരിക്കുന്നത് പോഷകാഹാരക്കുറവു മൂലമുള്ള രോഗങ്ങളാണ്. കണ്ണുരോഗങ്ങള്‍ക്ക് അടിമപ്പെട്ട ഒരു പെണ്‍കുട്ടി തന്റെ രക്ഷിതാക്കള്‍ക്ക് ഒപ്പം. (പിന്നീട് ഈ പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുവാനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയിട്ടാണ് എന്റെ കൂടെ ഉണ്ടായിരുന്ന ഇന്ത്യാ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തക അവിടെ നിന്നും മടങ്ങിയത്).
ജീവിതം ഇവര്‍ക്ക് പ്രതീക്ഷകളുടെ പൂന്തോട്ടമല്ല, ദുരവസ്ഥകളുടെ യുദ്ധക്കളമാണ്. ഭാവിയെക്കുറിച്ച് അവര്‍ക്ക് സ്വപ്നങ്ങലോ പ്രതീക്ഷകളോ ഇല്ല. അന്നന്നത്തെ അപ്പവും വസ്ത്രവും തല ചായ്ക്കാനൊരിടവുമാണ് അവരുടെ മനസ്സില്‍. പഹാഡ് ഗഞ്ചിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിതം തളയ്ക്കപ്പെട്ട ഇന്ത്യയുടെ ഭാവി തലമുറ....
അടുത്ത നിമിഷം വന്നു ചേര്‍ന്നേക്കാവുന്ന ഒരു യാത്രികനെക്കുറിച്ചല്ലാതെ, ഭാവിയെക്കുറിച്ചൊന്നും ആലോചിക്കാന്‍ ഇവര്‍ക്കു സമയമില്ല. സഹജീവികളോടും തങ്ങളോടു തന്നെയുമുള്ള സമരമാണ് ഇവരുടെ ജീവിതങ്ങള്‍. ഏകാന്തതയില്‍ ഈ റിക്ഷകള്‍ മാത്രമാണ് ഇവര്‍ക്കു കൂട്ട്. അന്നവും അറിവും താങ്ങും തണലുമെല്ലാം ഈ റിക്ഷ തന്നെ..
പഹാഡ് ഗഞ്ചിലെ ചതുപ്പ് പ്രദേശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന സൈക്കിള്‍ റിക്ഷകള്‍ക്കിടയില്‍ വിശ്രമിക്കുന്ന യുവാവ്.
നിത്യവും നിരന്തരവുമായ ജീവിതം ഇവിടെ ത്രസിക്കുന്നു. ജീവിതത്തിലെ അവശ്യമായ എല്ലാ അടിസ്ഥാന സേവനങ്ങളും അവര്‍ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചായക്കടയും പാന്‍ കടയും മാത്രമല്ല, സഞ്ചരിക്കുന്ന ബാര്‍ബര്‍ ഷാപ്പു വരെ ...
വൃത്തിഹീനമായ ഈ റിക്ഷാ പറമ്പില്‍ തളയ്ക്കപ്പെട്ടിരിക്കുന്നത് നാളെയുടെ തിരിനാളങ്ങളാവേണ്ട എത്രയോ ബാല്യങ്ങളാണ്. പഹാഡ് ഗഞ്ചിലെ ഈ ബാല്യങ്ങള്‍ ശുചിത്വഭാരതമെന്ന നമ്മുടെ സങ്കല്‍പ്പത്തിനു നേരെ ഉയരുന്ന ചോദ്യചിഹ്നമാവുന്നു..
നിത്യവും നിരന്തരവുമായ ജീവിതം ഇവിടെ ത്രസിക്കുന്നു. ജീവിതത്തിലെ അവശ്യമായ എല്ലാ അടിസ്ഥാന സേവനങ്ങളും അവര്‍ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചായക്കടയും പാന്‍ കടയും മാത്രമല്ല, സഞ്ചരിക്കുന്ന ബാര്‍ബര്‍ ഷാപ്പു വരെ ...
അജ്ഞത മാത്രമല്ല, ആലസ്യവും നിസ്സംഗതയും കൂടി ഇവരുടെ മുഖമുദ്രയാണ്. ക്യാമറക്കു മുന്നിലും നിര്‍വികാരനായി നില്‍ക്കുന്നു റിക്ഷാക്കാരനായ ഈ യുവാവ്..
റിക്ഷകള്‍ക്കിടയില്‍ ഒരിക്കല്‍ കുടുങ്ങിയാല്‍ പിന്നെ ആ ജീവിതത്തിനു മോചനമില്ല. പുറത്തു കടക്കാനാവാത്ത റിക്ഷാവലയങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് ആലോചനകളില്‍ മുഴുകിയിരിക്കുന്ന യുവാവ്..
റിക്ഷാകള്‍ക്ക് ഇടയിലൂടെ ഒരു പോര്‍ട്രേറ്റ് ചിത്രം.
കീറിച്ചിതറിക്കിടക്കുന്ന പാന്‍ പരാഗ് പാക്കറ്റുകള്‍, പൊട്ടിച്ചിതറി കിടക്കുന്ന മദ്യക്കുപ്പികള്‍, ഒഴിഞ്ഞ സിഗററ്റ് കൂടുകള്‍, വൃത്തിഹീനമായ ദുര്‍ഗന്ധക്കൂനകള്‍. അവരുടെ ജീവിതവും അതുപോലെയാണ്. അവ്യവസ്ഥയും രോഗാതുരതയും നിറഞ്ഞത്. നന്നാക്കാന്‍ ആരുമില്ലാത്തത്...
സ്വന്തം ജീവിതം റിപ്പയര്‍ ചെയ്യാന്‍ വേണ്ട ചില ഉപകരണങ്ങള്‍ അപ്പോഴും അവര്‍ സൂക്ഷിക്കുന്നു. റിക്ഷാപ്പറമ്പിലെ ഒരു റിപ്പയര്‍ ഷോപ്പ്.
ഉള്ള ജീവിതത്തെ കഴുകി വെളുപ്പിച്ചും ആറ്റിയുണക്കിയെടുത്തും സുന്ദരമാക്കുന്നവരും ഇവിടെയുണ്ട്. കീറിപ്പറിഞ്ഞ ജീവിതത്തെ തുന്നിയൊപ്പിക്കാന്‍ ശ്രമിക്കുന്നവര്‍...
റിക്ഷാപ്പറമ്പിലെ അലക്കു തറയില്‍ വസ്ത്രം അലക്കുന്ന റിക്ഷാത്തൊഴിലാളികള്‍.