പ്രളയാനന്തരം

ജലം അതിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ. അണകൾ മുറിച്ച്‌ കരകൾ കവിഞ്ഞ്‌ വിലക്കുകൾ ലംഘിച്ച്‌ അതൊഴുകി; നമ്മുടെ ഉദാസീനതയുടെ, അറിവില്ലായ്മയുടെ, ഓർമക്കുറവിന്റെ, സ്ഥലകാലബന്ധമില്ലായ്മയുടെ മേലേക്ക്‌. ആ ഒഴുക്കിൽ നമുക്ക്‌ ബോധം തെളിഞ്ഞോ? 
അറിയില്ല. വരുംകാലം അതിന്‌ ഉത്തരം പറയും. ഒരു പരിധിവരെ മനുഷ്യനിർമിതമാണ്‌ ഈ ദുരന്തമെന്ന്‌ നാം സമ്മതിച്ചുകഴിഞ്ഞു. അത്രയും നന്ന്‌. ആ തിരിച്ചറിവുൾക്കൊണ്ട്‌ തിരുത്തലുകൾ വരുത്തി മുന്നോട്ട്‌ സഞ്ചരിക്കുകമാത്രമേ ഇനി മാർഗമുള്ളൂ...
ഓഗസ്റ്റിന്റെ അവസാന ദിനങ്ങളിലായിരുന്നു പ്രളയം കടന്നുപോയ ഇടങ്ങളിലേക്ക്‌ ഒരു ഹ്രസ്വസന്ദർശനം നടത്തിയത്‌. പ്രളയം രണ്ടാംഘട്ടത്തിൽ ഭീതിപരത്തി കടന്നുപോയ ചാലക്കുടിയിലും ചെങ്ങന്നൂരിലും കുട്ടനാട്ടിലും ഓരോ ദിനങ്ങൾ, പ്രളയാനന്തര ജീവിതങ്ങളെ കാണാൻ...  
ആ യാത്രയിൽ കണ്ട ചില മുഖങ്ങൾ, ചില യാഥാർഥ്യങ്ങൾ, ചിന്തകൾ അതാണ്‌ ഈ ചിത്രങ്ങൾ...

ചിത്രങ്ങളും എഴുത്തും: മധുരാജ്‌
madhurajmbi@gmail.com

flood

‘‘വെള്ളം അങ്ങനെ കേറിവരികയാണ്‌. രാത്രി മുഴുവൻ ഉറങ്ങീട്ടില്ല നമ്മൾ. ഒരുകണക്കിന് ഇറങ്ങി. വെള്ളത്തിന് ഐസ് പോലുള്ള തണുപ്പ്. പോകാതിരിക്കാൻ ഒക്ക്വോ നമുക്ക്? വെളിയിലുള്ള ശബ്ദം കേൾക്കാം. കടത്തുവഞ്ചി, ചെറിയ ബോട്ട്, ലൈൻ ബോട്ടുകൾ പോകുന്നു. വെള്ളത്തിന്റെ ശബ്ദം... എല്ലാം നമുക്ക് കേൾക്കാം. പക്ഷേ, നമുക്ക് വെളിയിലോട്ട് ഇറങ്ങാൻവയ്യ. മുറ്റത്ത് വെള്ളം...’’  
ആലപ്പുഴയിലെ ഒരു സ്വകാര്യഹോട്ടലിലെ ശുചീകരണത്തൊഴിലാളിയായ ശ്യാമളയുടെ വാക്കുകൾ... പാടത്ത് 
പണിയെടുക്കുന്ന ഭർത്താവ് ദാമോദരനെയും കൂട്ടി ജോലിചെയ്യുന്ന ഹോട്ടലിൽ അഭയംതേടിയിരിക്കുകയാണവർ. 
ഉറക്കം ഞെട്ടിയാൽ ദാമോദരന് കൺമുമ്പിൽ തെളിയുകയാണ് പ്രളയം

flood

സംഹാരരൂപിണിയായി തീരങ്ങൾ തകർത്ത് ഒഴുകിയ ചാലക്കുടിപ്പുഴ രണ്ടാഴ്ചയ്ക്കുശേഷം

flood

കൃഷിചെയ്തും കൂലിപ്പണിയെടുത്തും കരുതിവെച്ച് സ്വന്തമാക്കിയ പ്രിയപ്പെട്ടവ പാഴ്‌വസ്തുക്കളായിമാറുന്ന കാഴ്ച...

 

flood

കാടുകുറ്റി പാമ്പുത്തറയിലെ റീന ആൻഡ്രൂസിന്റെ വീട്ടിനുമുന്നിലെ കാഴ്ച. കായികതാരങ്ങളായ മക്കൾ നേടിയെടുത്ത 
മെഡലുകൾ ഉണക്കാനിട്ടിരിക്കുന്നു

 

flood

ഷാജി കുറ്റിപമ്പനും ഭാര്യ ഗീതയും കടുകുറ്റി പഞ്ചായത്തിലെ അന്നനാട് പാമ്പുത്തായിലെ 
പ്രളയം ബാക്കിെവച്ച വീട്ടിൽ

 

flood

ആലപ്പുഴ എസ്.ഡി.വി. സെൻട്രൽ സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലെ കാഴ്ച

 

flood

മുത്തശ്ശിക്കഥ ഒരു മുത്തശ്ശിക്കഥയായിമാറിയ കാലത്ത് ദുരിതാശ്വാസ 
ക്യാമ്പിലെ ഈ കാഴ്ച കണ്ണിന് കുളിരുപകരുന്നതാണ്. ആലമറ്റത്തുനിന്നെത്തിയ തൊണ്ണൂറ്റിരണ്ടു കഴിഞ്ഞ  കാർത്ത്യായനിയമ്മയ്ക്ക് ചുറ്റും കുട്ടികളുടെ ബഹളമാണ്. പഴങ്കഥ കേൾക്കാൻ, പല്ലില്ലാത്ത തൊണ്ണുകാട്ടിയുള്ള ആ ചിരികാണാൻ, ഇടയ്ക്ക് ശകാരം കേൾക്കാൻ. കൈനീട്ടിക്കൊടുത്താൽ ഹസ്തരേഖ നോക്കി ഭാവിപറയുന്ന മുത്തശ്ശിയെ അവർക്ക് ഏറെയിഷ്ടമാണ്, കളിചിരികൾക്കിടയിൽ മുത്തശ്ശിയുടെ മുഖം ചിലപ്പോൾ വാടുന്നതും കരച്ചിൽവക്കിലെത്തുന്നതും അവർക്ക് അത്ര ഇഷ്ടമല്ലെങ്കിലും. ഈ മുത്തശ്ശിയുടെ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത സങ്കടങ്ങളുടെ കഥകളുണ്ടാകും. ഏഴു മക്കളെ പ്രസവിച്ച കാർത്ത്യായനിയമ്മ കുണ്ടൂർ എൽ.പി. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലെ മുത്തശ്ശിയായിരുന്നു

 

flood

കുടിവെള്ളത്തിന്റെ ദൗർലഭ്യമാണ് എല്ലായിടത്തും ഒരു പ്രധാനപ്രശ്‌നം. കിണറുകളും കുളങ്ങളുമടക്കം 
ജലാശയങ്ങൾ മലിനമായി. പ്രളയക്കെടുതിയിൽനിന്ന് അങ്ങാടികളും ഉണരാത്തതിനാൽ പണംകൊടുത്താലും കിട്ടാത്ത അവസ്ഥ. ടാങ്കർ ലോറികളിൽ എത്തുന്ന കുടിവെള്ളത്തിനായി കാത്തുനിൽക്കുന്ന ഒരു വീട്ടമ്മ

 

flood

പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരികെപ്പോകുന്നവരുമായി ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് ബോട്ട് പുറപ്പെടുന്നു

 

flood

ഗൃഹപ്രവേശം....പത്തുദിവസങ്ങൾക്കുശേഷം വേലിക്കത്ര സദാനന്ദൻ 
വഞ്ചിയിൽ വീട്ടിലെത്തി വതിൽതുറക്കുന്നു. ഇപ്പോഴും വെള്ളത്തിലമർന്നുകിടക്കുന്ന കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽനിന്ന്‌

 

flood

കുണ്ടൂർ വയലാറിലെ പൊരിക്കട്ട പാടങ്ങളിൽനിന്ന് വീശുന്ന കാറ്റിന് ശവം അഴുകിയ ഗന്ധമാണ്. മാസ്കിടാതെ ഇവിടെ കഴിയുക എളുപ്പമല്ല, പ്രളയത്തിൽ ചത്തടിഞ്ഞ നാൽക്കാലികളുടെ ജഡം മണ്ണോടുചേർക്കാൻ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും

 

flood

മുൾവേലി അതിരുതിരിച്ച ഉയരത്തിലുള്ള മൺതിട്ട. അതിനുമേലെ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കൂര. കൂരയ്ക്കുതാഴെ പാടത്തേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരാൾ. കുടിലിൽ ഒരു കട്ടിലിനുമേലെ പ്രളയത്തിൽനിന്ന് തിരിച്ചുപിടിച്ച കുറച്ചു സമ്പാദ്യങ്ങൾ അടുക്കിവെച്ചിരിക്കുന്നു. കൺമുന്നിൽ കൂട്ടിവെച്ചാൽ വീടെന്ന് പറയാവുന്ന കുറച്ച് അവശിഷ്ടങ്ങൾ... ഇത് രാജു എന്ന പാറമടത്തൊഴിലാളി. ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ വാഴാർമങ്ങലത്ത്, സെന്റിന് നാൽപ്പതിനായിരം രൂപകൊടുത്ത് മൂന്നുസെന്റ് ഭൂമി രാജു സ്വന്തമാക്കിയത് 2015-ൽ. അവിടെ ഒരു കൊച്ചുവീടും വെച്ചു. ‘‘വീടിന്റെ മണ്ടേൽക്കൂടിയായിരുന്നു വെള്ളം പോയത്’’ -രാജു ഭീതിയോടെ ഓർക്കുന്നു. വീടിന്റെ ആധാരവും ആധാർ കാർഡും എല്ലാ രേഖകളും നഷ്ടമായി. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് ദളിത് വിഭാഗത്തിൽപ്പെട്ട രാജുവിന്റെ കുടുംബം. വീണ്ടും എവിടെനിന്ന്, എങ്ങനെ തുടങ്ങണം എന്നറിയാതെ പകച്ചുനിൽക്കുന്ന, സമൂഹത്തിന്റെ ഓരങ്ങളിലുള്ള ജീവിതങ്ങളുടെ ഒരു പ്രതിനിധി.

 

flood

ഉയർത്തിെവച്ച പൊയ്കാലിൽ മുഖംചേർത്ത് ഇരിക്കുന്ന പി.കെ. പ്രഭാകരൻ ഒരു മരപ്പണിക്കാരനായിരുന്നു. ശരീരം വയ്യാതായപ്പോൾ ജോലികൾ പലതും ചെയ്ത് കുടുംബം പുലർത്തി. രണ്ടുമക്കളും വിവാഹിതർ. കൈനകരിയിലെ വീട്ടിൽ ഉള്ളതും കഴിച്ച് ഓണമായി കഴിയവേയാണ് പ്രളയം സകലതും 
കൊണ്ടുപോയത്. എല്ലാം ഉണ്ടെന്ന്‌ അഹങ്കരിക്കുന്നവർപോലും പ്രകൃതിശക്തിക്കുമുന്നിൽ നിസ്സഹായരാകുമ്പോൾ... പ്രഭാകരനെപ്പോലുള്ളവരുടെ മുന്നിൽ വാക്കുകൾ നിശ്ശബ്ദമാകുന്നു.

 

 

flood

ചാലക്കുടിപ്പുഴ മൂരിങ്ങൂർ മേൽപ്പാലത്തിന്റെ സമീപപ്രദേശങ്ങളിൽ  വെള്ളത്തിലാഴ്ന്ന കാർ, ഒരു ദൃശ്യം

 

flood

വെള്ളംപൊങ്ങിവരുമ്പോൾ കൈയിൽക്കിട്ടിയ സാധനങ്ങളുമായി 
രക്ഷപ്പെട്ടതായിരുന്നു മാതു. ബി.കോം. രണ്ടാംവർഷ വിദ്യാർഥി. ദുരിതാശ്വാസ
ക്യാമ്പിൽനിന്ന് തിരിച്ചുവന്നപ്പോൾ ഉയരത്തിൽവെച്ച പുസ്തകങ്ങളും വെള്ളം കവർന്നിരുന്നു. കലങ്ങിയ അക്ഷരങ്ങൾ പോലെയായി മനസ്സ് ഇതുകണ്ടപ്പോൾ.
‘‘കൂട്ടുകാർ സഹായിക്കാം എന്നുപറഞ്ഞിട്ടുണ്ട്’’ -മുഖത്ത് ചിരി വീണ്ടെടുത്ത് മാതു പറയുന്നു. കൈനകരിയിലെ പട്ടരുമഠത്തിൽ മത്സ്യത്തൊഴിലാളിയായ സുദർശന്റെ മകളാണ് മാതു.

 

flood

    കൈനകരി പഞ്ചായത്തിലെ പട്ടരുമഠത്ത് മത്സ്യത്തൊഴിലാളിയായ ജോയ്‌സ് ജോസഫിന്റെ സ്വപ്നത്തിൽ രണ്ടുനിലയുള്ള ഒരു മാളികയുണ്ടായിരുന്നു. വിയർപ്പൊഴുക്കിയും ബാങ്കിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടംവാങ്ങിയും നാലുവർഷം മുമ്പായിരുന്നു ആ സ്വപ്നം സാക്ഷാത്‌കരിച്ചത്. ​െവള്ളം ഉയർന്നുവന്നപ്പോൾ ആകാവുന്ന ഉയരത്തിലേക്ക് സാധനങ്ങൾ കയറ്റിെവച്ച് രണ്ടാംനിലയിൽ അഭയംതേടി. ഒടുവിൽ പ്രളയം തന്റെ 
കുഴഞ്ഞ നാക്കാൽ വിളിക്കുമെന്ന് ഉറപ്പായപ്പോൾ മനസ്സില്ലാമനസ്സോടെ ഏതോ രക്ഷാബോട്ടിൽ അടുത്തുള്ള ദുരിതാശ്വാസക്യാമ്പിലെത്തി. രണ്ടുദിവസംമുമ്പാണ് ജോയ്‌സ് ജോസഫ് വഞ്ചിയിൽ വീണ്ടും വീടുതേടിയെത്തിയത്. ഒന്നാംനിലയിൽ സൂക്ഷിച്ചവ ബാക്കിയായി. ബാക്കിയുള്ളവ പ്രളയം കൊണ്ടുപോയി. ‘‘വീട് ഒരുഭാഗം ഇരുന്നുപോയി’’ -മുറിയിൽ തറയിലെ പാഴ്ജലത്തിൽ തന്റെ നിസ്സഹായതയിൽ മനമുരുകുന്ന ജോയ്‌സിനുമുന്നിൽ ദൈവങ്ങളും നിസ്സഹായർ...

 

flood

ഈ മൺകൂനയ്ക്കുമുന്നിൽ നിൽക്കുമ്പോൾ മണ്ണാമ്പറമ്പിൽ വിലാസിനിക്ക് നഷ്ടമായതിന്റെ വില നാം ആദ്യം അറിയുന്നില്ല. വീടിനോടുചേർന്ന കൊച്ചുകടയിൽ വെച്ചുവിളമ്പിയാണ് അവർ തനിച്ച് ഒരു ജീവിതം പടുത്തുയർത്തിയത്. പതിനെട്ടുവർഷംമുമ്പ് ഭർത്താവ് വിട്ടുപിരിയുമ്പോൾ താങ്ങായിനിന്നത് ഈ മൺഭിത്തികളായിരുന്നു. അധ്വാനിച്ച് വളർത്തി മകനെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാക്കി.  
‘‘എല്ലാവരും വിളിക്കുകയാണ്, ഊണായോ എന്ന് ചോദിച്ച്’’ -ഏതുനിമിഷവും തകർന്നുവീഴാവുന്ന ബാക്കിയായ മൺഭിത്തികൾക്കിടയിലെ അവശിഷ്ടങ്ങളിൽ നഷ്ടപ്പെട്ടതെന്തോ തിരയുകയായിരുന്നു അവർ.

 

 

flood

‘‘നാളെ ഇവിടെനിന്ന് ഇറങ്ങണം എന്നാണ് കേട്ടത്. പനിയുണ്ട്, 
ശരീരത്തിന് വല്ലാത്ത കുളിരും’’അത്താഴം കഴിഞ്ഞ് ക്ളാസ് മുറിയിലേക്ക് ഉറങ്ങാൻ പോകുമ്പോഴാണ് ഈ അമ്മയെ കണ്ടത്. കൈയിൽ പുതപ്പും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും. വെള്ളത്തിൽ ആഴ്ന്നുകിടക്കുന്ന വീട്ടിലേക്ക് പെട്ടെന്നൊരു തിരിച്ചുപോക്ക് അവർക്ക് സാധ്യമല്ല. പിന്നെ എങ്ങോട്ട്? അടുത്ത ക്യാമ്പിലേക്ക്...
അന്നമ്മ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ ഒരു കർഷകസ്ത്രീ. ആലപ്പുഴ എസ്.ഡി.വി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പാണ് ചിത്രത്തിൽ. പ്രളയനാളുകളിൽ തന്നെയും മക്കളെയും പേരക്കുട്ടികളെയും കൈനീട്ടി നെഞ്ചോടുചേർത്ത ഈ കെട്ടിടം ഇവർക്ക് രണ്ടാഴ്ചകൊണ്ട് സ്വന്തം വീടായി. അവിടേക്ക് അന്നവും വെള്ളവും ആശ്വാസവാക്കുമായി എത്തിയവർ... വാക്കുകളിൽ തീരുന്നില്ല അവരോടുള്ള നന്ദിയും കടപ്പാടും. എങ്കിലും ഈ രാത്രിയോടെ  ഈ താത്കാലികവീടിനോട് വിടപറയണം. 
ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുകയാണല്ലോ...കൈനകരി പഞ്ചായത്തിലെ അഞ്ഞൂറോളം പേരുടെ അഭയകേന്ദ്രമായിരുന്നു ഈ സ്കൂൾ.   ഇവിടെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ഭാവി അനിശ്ചിതാവസ്ഥയിലായ ലക്ഷങ്ങളുടെ പ്രതിനിധിയായി ഈ അമ്മ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.