ഇരുവഴി പിരിഞ്ഞ് വീണ്ടും ഒന്നായ് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴ പോലെത്തന്നെയാണ് കാഞ്ചനയും മൊയ്തീനും. പുഴ സാക്ഷിയാക്കി ഒരുകാലത്ത് അവര്‍ നെയ്ത ജീവിതത്തില്‍ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ഏടുകളുണ്ട്. മൊയ്തീന്റെ വെള്ളാരം കണ്ണുകളില്‍ കാഞ്ചനയുടെ രൂപം പതിഞ്ഞതുമുതല്‍ തെയ്യത്തുംകടവില്‍ മൊയ്തീന്റെ ജീവന്‍ പൊലിയുന്നതുവരെയുളള നാളുകളില്‍ അവര്‍ നടന്ന വഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. അവിടുന്നങ്ങോട്ട് കാഞ്ചനമാല ഒറ്റക്ക് നടത്തിയ പോരാട്ടത്തിന്റെ വഴികള്‍ തുടങ്ങുന്നതും ചെന്നെത്തുന്നതും മൊയ്തീന്റെ വീട്ടുവളപ്പില്‍ത്തന്നെ...
കാഞ്ചനയും മൊയ്തീനും നടന്ന വഴികളിലൂടെ ഒരു ചിത്രയാത്ര...
എഴുത്ത്: അഞ്ജന ശശി
ചിത്രങ്ങള്‍: ഷമീഷ് കാവുങ്ങല്‍
തിരുവനന്തപുരം കളിയക്കാവില ശ്രീ കാളീശ്വരി തീയേറ്ററില്‍ സെക്കന്റ് സെക്കന്റ്‌ഷോക്കു പോയതാണ് ദിലീപും ശ്രീജിത്തും. സിനിമ കണ്ടിറങ്ങി നേരെ വണ്ടിയില്‍ കയറി ഇരുന്നു. രാവിലെ കോഴിക്കോടെത്തി. അവിടെനിന്ന് മുക്കത്തേക്ക്. ബി.പി.മൊയ്തീന്‍ സ്മാരക മന്ദിരം തേടിപ്പിടിച്ചുചെന്നു.
എന്നുനിന്റെ മൊയ്തീന്‍ കണ്ടിറങ്ങിയപ്പോ തോന്നിയതാണ്.. ഇപ്പോള്‍ത്തന്നെ കാഞ്ചനമാലയെ കാണണം. ഒന്നുംനോക്കിയില്ല. ഇപ്പോഴിതാ സിനിമയ്ക്ക് പുറത്തെ യഥാര്‍ത്ഥ കാഞ്ചനമാല മുന്നില്‍.