ഒരിക്കലും ഉണങ്ങാത്ത, പഴുത്തൊലിക്കുന്ന
വ്രണങ്ങള്‍ പൊതിഞ്ഞും പൊതിയാതെയും നരകിച്ച് ജീവിക്കുന്നവര്‍. ശരീരത്തില്‍ സൂചി കുത്തിക്കയറ്റാന്‍ ഞരമ്പുകള്‍ കിട്ടാഞ്ഞ് കുത്തിയ ഇടങ്ങളില്‍ വീണ്ടും വീണ്ടും കുത്തിയിറക്കുന്നവര്‍. ജീവിതത്തിന്റെ താളംതെറ്റിയ മാതാപിതാക്കള്‍ക്കൊപ്പം പുനരധിവാസകേന്ദ്രത്തില്‍ ബാല്യം ചെലവഴിക്കേണ്ടി വരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. ഇന്ത്യയിലെ മഹാനഗരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും, പാലങ്ങള്‍ക്ക് അടിയിലും റെയില്‍വേ ട്രാക്കുകളിലും പാതയോരങ്ങളിലും ബോധം നശിച്ച് അന്തിയുറങ്ങുന്നവര്‍. ഇത്തിരി ബോധം വയ്ക്കുമ്പോള്‍ പുനരധിവാസകേന്ദ്രങ്ങളില്‍ എത്തുന്നവര്‍. മനസ്സിന്റേയും ശരീരത്തിന്റേയും ഓജസും തേജസും നശിച്ച് നരകിച്ച് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട മനുഷ്യജീവിതങ്ങള്‍. ഇവര്‍ക്കിടയിലൂടെ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിനു വേണ്ടി ക്യാമറയുമായി നടത്തിയ യാത്രയില്‍ കണ്ടത് ഹൃദയഭേദകങ്ങളായ കാഴ്ചകളായിരുന്നു. അവയില്‍നിന്നു തെരഞ്ഞെടുത്ത ചില ചിത്രങ്ങളും ഈ ചെറു കുറിപ്പും മാതൃഭൂമി യാത്രക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കട്ടെ.
ചിത്രങ്ങള്‍ : എന്‍. പി ജയന്‍
എരിഞ്ഞൊടുങ്ങുന്ന ജീവിതങ്ങള്‍... മയക്കുമരുന്നിനും മദ്യത്തിനും പുകവലിക്കും അടിമപ്പെട്ടവര്‍. ഡല്‍ഹിയിലെ ദുരിതാശ്വാസകേന്ദ്രത്തിന് അടുത്തുനിന്നുള്ള കാഴ്ച.
ഡല്‍ഹിയിലെ ഒരു പുനരധിവാസകേന്ദ്രത്തില്‍, വിതരണം ചെയ്യുന്ന മരുന്ന് സ്വീകരിക്കുന്ന മയക്കുമരുന്നിന് പൂര്‍ണ്ണമായും അടിമപ്പെട്ട ചെറുപ്പക്കാരന്‍. ഇത്തരത്തിലുള്ള നൂറുകണക്കിനാളുകളെ ഇന്ത്യയിലെ പുനരധിവാസകേന്ദ്രങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.
മയക്കുമരുന്ന് ഉപയോഗത്തിന് പൂര്‍ണ്ണമായും അടിമപ്പെട്ട ആളുകള്‍ക്ക് അവരുടെ ശരീരത്തില്‍ സിറിഞ്ച് കുത്തി ഇറക്കുന്നതിന് ഞരമ്പുകള്‍ കിട്ടാതെ വരാറുണ്ട്. അങ്ങിനെയുള്ളപ്പോള്‍ പ്രയോഗിച്ചസ്ഥലങ്ങളില്‍ തന്നെ സൂചി വീണ്ടും വീണ്ടും പ്രയോഗിക്കും. ഇത്തരത്തിലുള്ള സൂചിപ്രയോഗം കൊണ്ട് ഒരിക്കലും ഉണങ്ങാത്ത വൃണവുമായി ഒരു യുവാവ്. മഹാനഗരമായ ഡല്‍ഹിയുടെ പാതയോരത്തുനിന്നും ഒരു നേര്‍ക്കാഴ്ച. ഫോട്ടോ: എന്‍.പി ജയന്‍
പൂര്‍ണ്ണമായും മയക്കുമരുന്നിന് അടിമപ്പെട്ട ആളുകള്‍ക്ക് അവരുടെ ശരീരത്തില്‍ കുത്തിവയ്ക്കാനുള്ള ഞരമ്പുകള്‍ കണ്ടെത്തുക വളരെ പ്രയാസമാണ്. മയക്കുമരുന്നിന് അടിമപ്പെട്ട് എല്ലും തോലുമായ ഒരു യുവാവ്. ഡല്‍ഹിയില്‍നിന്നുള്ള കാഴ്ച.
അമിത മദ്യപാനത്തിനും മയക്കുമരുന്നിനും കഞ്ചാവിലും ലയിച്ചു വീഴുന്ന മനുഷ്യര്‍. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത ജീവിതങ്ങളായി മരണത്തിലേക്ക്..
ഡല്‍ഹിയിലെ ഒരു പുനരധിവാസ കേന്ദ്രത്തിന് മുന്നില്‍ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന മരുന്നിനും കൗണ്‍സിലിങ്ങിനും, മറ്റ് വൈദ്യസഹായത്തിനുമായി കാത്തിരിക്കുന്നവര്‍.
ഞരമ്പുകളില്‍ വീണ്ടും വീണ്ടുമുള്ള സൂചി പ്രയോഗത്തിലൂടെയുണ്ടായ, ഒരിക്കലും ഉണങ്ങാത്ത മുറിവുകളില്‍ ശുശ്രൂഷ നല്‍കുന്ന കാഴ്ച. ഒരു സ്ത്രീയുടെ കാലാണ് ചിത്രത്തില്‍. ഈ യാത്രയിലെ ഏറ്റവും വേദനിപ്പിച്ചതും ഭയാനകവുമായ കാഴ്ചയായിരുന്നു ഇത്.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലും അല്ലാതെയും ഒരുപാട് ഡീഅഡീക്ഷന്‍ സെന്ററുകള്‍ ഉണ്ട്. അവ ഒന്നില്‍ നിന്നും.
ജീവിതത്തിന്റെ താളവും ലക്ഷ്യവും തെറ്റിയ ഒരു യുവാവ്. ഡല്‍ഹിയിലെ ഒരു പുനരധിവാസകേന്ദ്രത്തിലെ കാഴ്ച..
മയക്കുമരുന്നിന്റേയും മറ്റും ഉപയോഗത്തില്‍ ഇന്ത്യയുടെ ഐ.ടി. നഗരം എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ബെംഗലൂരുവും ഒട്ടും പിന്നിലല്ല. ബാംഗ്ലൂരിലെ ബാനസവാടിയിലെ റെയില്‍വേ ട്രാക്കിന് സമിപത്തുനിന്നുള്ള ചിത്രം.
ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകള്‍. ഇന്ത്യയിലെ റെയില്‍പാതയോരങ്ങളില്‍ മിക്കതും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള അനാശ്യാസ പ്രവര്‍ത്തനങ്ങളുടെ ഒളിത്താവളങ്ങളാണെന്ന് ഈ യാത്രയില്‍ മനസിലാക്കാന്‍ കഴിഞ്ഞു. കാട് മൂടിക്കിടക്കുന്ന റെയില്‍വേ പാളങ്ങള്‍ക്ക് ഇരുവശവും ഉപയോഗിക്കാതെ കിടക്കുന്ന പഴയ ഗാര്‍ഡ് ...... വള്ളി പടര്‍പ്പുകളും, പാറക്കൂട്ടങ്ങളും എല്ലാം ഇത്തരക്കാരുടെ ഒളിത്താവളങ്ങള്‍ തന്നെ.