കാതടപ്പിക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം. പച്ചമാംസം കരിഞ്ഞ മണം. ദേഹമാസകലം പൊള്ളലേറ്റ മനുഷ്യക്കോലങ്ങള്‍. ഒരു ലക്ഷത്തിലേറെപ്പേര്‍ അണു വികിരണത്താല്‍ മരിച്ചു വീണ ആ കറുത്ത ദിനത്തിന് ഇന്ന് 71 വയസ്സ്.
1945 ആഗസ്ത് 6. ജപ്പാന്‍ മറക്കാത്ത ആ ദിനം. രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കം കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ ബോയ്' എന്ന അണുബോംബ് വര്‍ഷിച്ചതിന്റെ ഓര്‍മകള്‍ വീണ്ടും നമ്മെ കുത്തിനോവിക്കുന്നു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്താല്‍ ഹിരോഷിമ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ യുദ്ധങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്ന സത്യം നമ്മള്‍ തിരിച്ചറിയുന്നു.
വടക്കന്‍ പസഫിക്കില്‍ പറന്നുയര്‍ന്ന എനഗോള ബി 29 എന്ന അമേരിക്കന്‍ യുദ്ധവിമാനം നാശം വിതച്ച പ്രദേശങ്ങളുടെ ഒരു നേര്‍ക്കാഴ്ച. മൂന്നു മീറ്റര്‍ നീളവും 4400 കിലോഗ്രാം ഭാരവുമുള്ള 'ലിറ്റില്‍ ബോംബ്' എന്ന അണുബോംബ് ലക്ഷ്യമിട്ടത് 1500 മൈലുകള്‍ക്കപ്പുറത്തുള്ള ജപ്പാന്‍ നഗരമായിരുന്നു.
(ഫോട്ടോ: ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം)
ഹിരോഷിമ നഗരത്തിലെ ഒരു പാലം മാത്രം ലക്ഷ്യമിട്ട് കുതിച്ചു പാഞ്ഞ 'ലിറ്റില്‍ ബോയ്' കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കളഞ്ഞു. ക്യാപ്റ്റന്‍ വില്യം.എസ്.പാര്‍സന്‍സ് പദ്ധതിയിട്ടതുപോലെയൊന്നുമല്ല കാര്യങ്ങള്‍ സംഭവിച്ചത്. പാലത്തില്‍ നിന്നും 800 അടി മാറി ബോംബ് പതിച്ചു. അസഹനീയമായ ചൂടില്‍ ഹിരോഷിമ ഉരുകിയൊലിച്ചു പോയി. പിന്നീട് ജനങ്ങള്‍ കണ്ടത് തങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അഗ്നിഗോളം മാത്രമാണ്.
(ഫോട്ടോ: ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം)
ലോകത്തിന്റെ ശ്വാസോച്ഛ്വാസം തന്നെ നിലച്ചു പോയ നിമിഷങ്ങള്‍ക്കാണ് അന്ന് ഹിരോഷിമ സാക്ഷ്യം വഹിച്ചത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ ജനിതക വൈകല്യങ്ങള്‍ ഏറ്റുവാങ്ങി. യുദ്ധത്തില്‍ അടിയറവു പറയാന്‍ തയ്യാറായിരുന്ന ജപ്പാന് ഇത് താങ്ങാന്‍ കഴിയാത്ത ആഘാതമായി
അണുവികിരണം ഏല്‍പ്പിച്ച ആഘാതത്താല്‍ ഇന്നും കുഞ്ഞുങ്ങള്‍ ദുരിതം പേറുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഇതിന്റെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് വര്‍ഷങ്ങളോളം യാതനകള്‍ അനുഭവിച്ചു
അണുവികിരിണത്താല്‍ പിടഞ്ഞു തീരുന്ന ജീവന്റെ ബാക്കിപത്രങ്ങള്‍. ജീവിതകാലം മുഴുവന്‍ ദുരന്തങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ഈ അമ്മയുടെ വേദനകള്‍ ആരറിയാന്‍?!
യുദ്ധക്കൊതി തലയ്ക്കു പിടിച്ചവര്‍ അടങ്ങിയിരുന്നില്ല. ആഗസ്ത് 9 ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ആഗസ്ത് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. അതോടെ നാലു വര്‍ഷങ്ങള്‍ നീണ്ടു നിന്ന രണ്ടാം ലോക മഹായുദ്ധത്തിന് അവസാനമായി.
ഹിരോഷിമയുടെ തകര്‍ന്ന ദൃശ്യങ്ങള്‍ നമ്മെ പലതും ഓര്‍മിപ്പിക്കുന്നു. ഒരു ആണവായുധം നമ്മുടെ തലയ്ക്കു മുകളില്‍ വീഴാനുള്ള സാദ്ധ്യതയെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആണവായുധങ്ങള്‍ ലോകത്ത് ആദ്യമായി വര്‍ഷിക്കപ്പെട്ട അണുബോംബിനേക്കാള്‍ പതിന്മടങ്ങ് ശക്തമാണ്. വീണ്ടുമൊരു ആണവയുദ്ധം ഉണ്ടായാല്‍ നാളിതുവരെ നമ്മള്‍ പണിതുയര്‍ത്തിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരിക്കും വേരോടെ അറുത്തുമാറ്റപ്പെടുന്നതെന്ന് നമ്മെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഒരു ദിനം വീണ്ടും.