കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,300 ലധികമായി. രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും അറുപതിനായിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ വ്യാപാര-വ്യവസായ ശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈറസ് വ്യാപനം ഗുരുതരമായി തന്നെ പിടിച്ചുലയ്ക്കുമെന്ന് തീര്‍ച്ച. ചൈനയ്ക്ക് പുറത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബെയ്ജിങ്ങിലെ ഒരു കച്ചവടത്തെരുവിലൂടെ നടന്നുനീങ്ങുന്ന സെക്യൂരിറ്റി ഗാര്‍ഡ്. ഫെബ്രുവരിയിലെ മഞ്ഞുവീഴ്ചയാല്‍ തൂവെള്ള നിറത്തിലാണ് ബെയ്ജിങ് നഗരം. മഞ്ഞില്‍ പൊതിഞ്ഞ ബെയ്ജിങ് സന്ദര്‍ശനത്തിനായി നിരവധിയാളുകള്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാധാരണ എത്തിച്ചേരാറുണ്ട്. എന്നാല്‍ വൈറസ് ബാധയെ തുടര്‍ന്ന് ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ നഗരങ്ങളെല്ലാം വിജനമാണ്. ഫോട്ടോ: എപി.
ബെയ്ജിങ്ങില്‍, മാസ്‌കുകള്‍ ധരിച്ച് യാത്രയ്ക്കായി കാത്തുനില്‍ക്കുന്നവര്‍. ജനങ്ങള്‍ വീടുകളില്‍ തന്നെ തങ്ങുന്നതിനായി പുതുവത്സരാവധി നീട്ടിയിട്ടുണ്ട്. പ്രതിരോധനടപടികളെ തുടര്‍ന്ന് ഗതാഗതം താരതമ്യേന കുറവാണിവിടെ. വീടുകളിലിരുന്നാണ് പലരും ജോലി ചെയ്യുന്നത്. ഫോട്ടോ: എപി.
കിഴക്കന്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ ഒരു വസ്ത്രനിര്‍മാണശാലയില്‍ മാസ്‌ക് നിര്‍മാണം നടക്കുന്നു. പ്രധാന വസ്ത്രനിര്‍മാണകേന്ദ്രങ്ങളില്‍ ഇപ്പോള്‍ മുഖ്യമായും നടക്കുന്നത് മുഖാവരണനിര്‍മാണമാണ്. രോഗബാധ തടയാനുള്ള പ്രധാനമാര്‍ഗം മാസ്‌കുകളും കയ്യുറകളുമാണ്. ഫോട്ടോ: എപി.
തലസ്ഥാനനഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിലെ വിപണന കേന്ദ്രത്തിന് മുമ്പില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കുന്നതല്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഡിസംബറിലാണ് കൊറോണയെന്ന് സ്ഥിരീകരിക്കാതെ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ ആരംഭിച്ച വൈറസ് വ്യാപനം ഫെബ്രുവരിയിലും നിയന്തിക്കാനായിട്ടില്ല. ഫോട്ടോ: എപി.
ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറിന് സമീപം മുഖാവരണവും കയ്യുറകളും ധരിച്ച് നീങ്ങുന്ന ചൈനീസ് ഓണര്‍ ഗാര്‍ഡുകള്‍. രോഗ വ്യാപനം ചെറുക്കുന്നതില്‍ ഇടതുപക്ഷ ഭരണകൂടം പരാജപ്പെട്ടു എന്നുള്ള പൊതുവിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഫോട്ടോ: എപി.
രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി വൂഹന്‍ തലസ്ഥാനമായ ഹ്യൂബൈയില്‍ താല്‍ക്കാലികമായി നിര്‍മിച്ച ആശുപത്രിയുടെ ഉള്‍വശം. 1,100 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാന്‍ പത്ത് ദിവസത്തില്‍ താഴെയാണ് വേണ്ടി വന്നത്. രോഗികളെ മറ്റുള്ളവരില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുന്നത്. ഫോട്ടോ: എപി.
ചാവോയാങ് ജില്ലയിലെ ആരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ പ്രസിഡന്റ് ഷി ജിന്‍പിങ്. സമയത്തിനെതിരെ ഓടുക, വൈറസിനെ കീഴടക്കുക എന്ന വാചകവും ഹൃദയചിഹ്നവും ഉള്ള ബോര്‍ഡിന് സമീപത്ത് നിന്ന് ഷി ജിന്‍പിങ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയിടേണ്ടി വന്ന വ്യവസായ കേന്ദ്രങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് അദ്ദേഹം വാഗാദാനം നല്‍കിയിട്ടുണ്ട്. ഫോട്ടോ: എപി.