കലൈഞ്ജര്‍ @ 92
കലൈഞ്ജര്‍ എം കരുണാനിധിക്ക് ജൂണ്‍ മൂന്നിന് 92 വയസ്സ് തികഞ്ഞു. പിറന്നാളാഘോഷദൃശ്യങ്ങള്‍
June 5, 2015, 03:30 AM
IST
തമിഴകത്തിന്റെ നെല്ലറകളിലൊന്നായ തിരുവാരൂര്‍ ജില്ലയിലെ തിരുക്കുവളയില്‍ മുത്തുവേലിന്റെയും അഞ്ജുകത്തിന്റെയും മകനായി 1924 ജൂണ്‍ മൂന്നിനായിരുന്നു കരുണാനിധിയുടെ ജനനം. ഇതനുസരിച്ച് ഈ ജൂണ്‍ മൂന്നിന് കലൈഞ്ജര്‍ 91 ലേക്കാണെത്തേണ്ടത്. പക്‌ഷേ, കലൈഞ്ജറുടെ കാര്യത്തില്‍ ശിശു അമ്മയുടെ ഉദരത്തിലിരിക്കുന്ന സമയവും കണക്കിലെടുക്കുമെന്നാണ് ഡി എം കെ വൃത്തങ്ങള്‍ പറയുന്നത്. അങ്ങിനെയാണ് ഡി എം കെ കലൈഞ്ജറുടെ നവതി 2013 ല്‍ ആഘോഷിച്ചത്.
ചെറുപ്പത്തില്‍ പിറന്നാള്‍ ആഘോഷം തന്നെ അപ്രസക്തമായിരുന്ന ജീവിത സാഹചര്യത്തിലൂടെയാണ് കലൈഞ്ജര്‍ കടന്നുവന്നത്. അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയില്‍ പിറന്നാളിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അന്നാവില്ലായിരുന്നു.
അന്നത്തെ വെറും കരുണാനിധിയില്‍ നിന്ന് കലൈഞ്ജര്‍ കരുണാനിധിയിലേക്കുള്ള വളര്‍ച്ച ഒറ്റ ദിവസം കൊണ്ടായിരുന്നില്ല. ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയും ദ്രാവിഡ മുന്നേറ്റ കഴകത്തിനു മേല്‍ അധീശത്വം സ്ഥാപിച്ചെടുത്തത് ബുദ്ധിയും കര്‍മ്മവും സമാസമം ചാലിച്ച് പ്രയോഗിച്ചു കൊണ്ടാണ്. തിരുവാരൂരിനടുത്ത് തിരുക്കുവളൈയില്‍ ഒരു നാഗസ്വര വിദ്വാന്‍ മാത്രമായി ഒടുങ്ങുമായിരുന്ന ജീവിതമാണ് കലൈഞ്ജര്‍ ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന തലത്തിലേക്ക് വികസിപ്പിച്ചത്.
തമിഴക രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും കുശാഗ്ര ബുദ്ധിയായ നേതാവ് ആരാണെന്നു ചോദിച്ചാല്‍ കലൈഞ്ജര്‍ കരുണാനിധി എന്നു പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.1949 ല്‍ പെരിയാര്‍ രാമസാമിയെ കൈവിട്ട് അണ്ണാദുരൈ ഡി എം കെയ്ക്ക് രൂപം നല്‍കിയത് ദ്രാവിഡ കഴകത്തില്‍ തങ്ങള്‍ക്ക് ഭാവിയില്ലെന്ന തിരിച്ചറിവുകൊണ്ടു കൂടിയായിരുന്നു.
അന്ന് കലൈഞ്ജറും ഇ വി കെ സമ്പത്തും നാവലര്‍ നെടുഞ്ചേഴിയനും അണ്ണായ്െക്കാപ്പം നിന്നതും വെറുതെയായിരുന്നില്ല. സമ്പത്തിനെയും നെടുഞ്ചേഴിയേെനയും പാര്‍ട്ടിക്കുള്ളില്‍ മറികടന്ന് കലൈഞ്ജര്‍ വളര്‍ന്നത് ചാണക്യതുല്ല്യമായ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടാണ്.
ഉള്ളുകൊണ്ട് കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറയുമ്പോള്‍ തന്നെ ഗുജറാത്ത് കൂട്ടക്കൊല നടന്ന 2002ല്‍ ബി ജെ പിക്കൊപ്പം നിലയുറപ്പിക്കുന്നതില്‍ കലൈഞ്ജര്‍ക്ക് വൈമനസ്യമുണ്ടായിരുന്നില്ല.
2004ല്‍ സോണിയാഗാന്ധിയെ ദേശീയ നേതാവായി പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസിനൊപ്പം നീങ്ങാനുള്ള വിവേകവും ദീര്‍ഘവീക്ഷണവും കലൈഞ്ജര്‍ കാണിച്ചു. 2004 നും 2009നുമിടയില്‍ അനുഭവിച്ച സൗഭാഗ്യങ്ങള്‍ക്ക് കൈയ്യും കണക്കുമുണ്ടായിരുന്നില്ല.
ഇന്ത്യയിലെ ഏറ്റവും ശക്തമായ കുടുംബമായി കരുണാനിധി കുടുംബം പരിണമിച്ചത് ആ കാലയളവിലായിരുന്നു. പക്‌ഷേ, ആ വളര്‍ച്ചയ്ക്ക് പിന്നിലുണ്ടായിരുന്ന വലിയ 'കറ ' തന്നെയും പാര്‍ട്ടിയേയും കരിനിഴലിലാക്കുമെന്ന് മുന്‍കൂട്ടിക്കാണാന്‍ കലൈഞ്ജര്‍ക്കായില്ല.
ഞെട്ടിപ്പിക്കുന്ന വീഴ്ചകള്‍ക്കിടയിലും കലൈഞ്ജറുടെ പ്ലസ് പോയിന്റുകള്‍ കാണാതിരിക്കാനാവില്ല. തമിഴകത്ത് ഇന്നിപ്പോള്‍ മുഖ്യമന്ത്രി ജയലളിത നടപ്പാക്കുന്ന ജനക്‌ഷേമ പദ്ധതികളുടെ വേരുകള്‍ നിളുന്നത് കഴിഞ്ഞ ഡി എം കെ ഭരണകാലത്തിലേക്കാണ്. ഒരു രൂപയ്ക്ക് ഒരു കിലോ അരിയെന്ന കലൈഞ്ജറുടെ പദ്ധതി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഡി എം കെ സര്‍ക്കാര്‍ എടുത്ത നടപടികളും ശ്രദ്ധേയമായിരുന്നു. സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും കലൈഞ്ജറുടെ സര്‍ഗ്ഗാത്മക നടപടിയായിരുന്നു. ഏത് തരംഗത്തിലും ഒലിച്ചു പോവാത്ത കേഡര്‍ ശക്തിയായി ഡി എം കെയെ വളര്‍ത്തിയെടുത്തതിലും കലൈഞ്ജറുടെ പങ്ക് നിസ്തലുമാണ്.
അധികാരത്തോടുള്ള ആസക്തി ഇനിയും കലൈഞ്ജറെ വിട്ടുപോയിട്ടില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി സെന്റ് ജോര്‍ജ് കോട്ടയുടെ പടി കടന്ന് ആ 'സുവര്‍ണ്ണ' സിംഹാസനത്തില്‍ ഒരിക്കല്‍ കൂടി ഇരിക്കുന്ന സ്വപ്‌നം തന്നെയാണ് ഈ പ്രായത്തിലും കലൈഞ്ജറെ നയിക്കുന്നത്.
പകഷേ, ജീവിത സായാഹ്‌നത്തില്‍ കലൈഞ്ജറുടെ യാത്ര ദുര്‍ഘട പാതകളിലൂടെയാണ്. ജീവിതം മുഴുവന്‍ സമര്‍പ്പിച്ച പാര്‍ട്ടിയുടെ ഭാവി ഇപ്പോള്‍ തീരെ ശോഭനമല്ല.
ഒരു ദശാബ്ദത്തോളം തുടര്‍ച്ചയായി ഭരണത്തിലിരുന്ന എം ജി ആറിന്റെ റെക്കോഡിലേക്ക് ജയലളിതയും സഞ്ചരിക്കുകയാണെന്ന സൂചനയാണ് ഇപ്പോള്‍ തമിഴകത്തുയരുന്നത്. ജയലളിതയ്‌ക്കെതിരെ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ഡി എം കെയ്ക്കാവുന്നില്ല.
വിജയകാന്തിന്റൈ ഡി എം ഡി കെ പോലൊരു പാര്‍ട്ടിയുടെ കാരുണ്യത്തിനായി ഡി എം കെ കാത്തു നില്‍ക്കേണ്ടി വരുന്ന കാഴ്ചയും കലൈഞ്ജറുടെ മനസ്സിനെ കുത്തിനോവിക്കുന്നുണ്ടാവും.
അന്തിമമായി ജയലളിതയ്‌ക്കെതിരെയുള്ള കേസില്‍ സുപ്രീംകോടതി എടുക്കുന്ന നിലപാടില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു പാര്‍ട്ടിയായി ഡി എം കെ മാറിയിരിക്കുന്നുവെന്നതും കലൈഞ്ജറെ പോലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിന് സ്വാസ്ഥ്യം നല്‍കുന്നുണ്ടാവില്ല.