അബ്ദുള്‍ കലാമിന് കണ്ണീരോടെ വിട.......
വിദ്യാര്‍ഥികളുമായി സംവദിച്ചുകൊണ്ടിരിക്കെയാണ് അബ്ദുല്‍ കലാം കുഴഞ്ഞുവീണത്. ഇത്രയും പ്രതീകാത്മകമായ മറ്റൊരു മരണം ഉണ്ടാവാനിടയില്ല. ഒരേസമയം അധ്യാപകനും വിദ്യാര്‍ഥിയും ശാസ്ത്രജ്ഞനും ചിന്തകനും എല്ലാമായ യുവാവായിരുന്നു 83ാം വയസ്സിലും അദ്ദേഹം. ഔദ്യോഗികപദവി അവസാനിച്ചശേഷം രാജ്യത്തിനകത്തും പുറത്തും ഓടിനടന്ന് എല്ലാവിഭാഗം ജനങ്ങളോടും, പ്രത്യേകിച്ച് വിദ്യാര്‍ഥികളോടും ചെറുപ്പക്കാരോടുംസംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.കലാമിന്റെ ലാളിത്യവും വിനയവും ഊര്‍ജസ്വലതയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയതും പരക്കെ അറിയപ്പെടുന്നതുമാണ്. വ്യക്തിപരമായ ഈ ഗുണമേന്മയോടൊപ്പം ഔദ്യോഗികജീവിതത്തിലും പിന്നീട് രാഷ്ട്രപതി ആയപ്പോഴും ശേഷവും രാജ്യത്തിന്റെ വികസനവിഷയങ്ങളില്‍ കാണിച്ച ദീര്‍ഘവീക്ഷണവും ഇടപെടലുകളും ആണ് കലാമിനെ അന്താരാഷ്ട്രപ്രതിഭയാക്കിയത്. ഭാവിയിലെ ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചും വലിയ സ്വപ്‌നങ്ങളാണ് അദ്ദേഹം നെയ്‌തെടുത്തത്. അത് ഭരണകര്‍ത്താക്കളുമായും ജനങ്ങളുമായും പങ്കുവെക്കാനും അദ്ദേഹം എന്നും തയ്യാറായിരുന്നു. കലാമിന്റെ മിക്കവാറുമെല്ലാ പുസ്തകങ്ങളും ആ ദിശയിലേക്കുള്ളതായിരുന്നു. ?സ്വപ്‌നം കാണുക, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുക ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും രാഷ്ട്രനേതാക്കളെയും മാതാപിതാക്കളെയും സ്ത്രീകളെയുമെല്ലാം കലാം നിരന്തരം പ്രതീക്ഷയാല്‍ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. 'ജ്വലിക്കുന്ന മനസ്സുകള്‍' എന്ന് അദ്ദേഹം തന്റെ രണ്ടാം പുസ്തകത്തിന് പേര് നല്‍കുമ്പോള്‍ അത് കലാം എന്ന മനുഷ്യന്റെ ദര്‍ശനത്തിന്റെ സാരസര്‍വസ്വമാവുന്നു. ഇതിലും കലാം മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജത്തെക്കുറിച്ചാണ് സംസാരിച്ചത്. ഒരുപാട് പരാജയങ്ങളില്‍നിന്നാണ് താന്‍ തന്റെ പാഠങ്ങളിലേറെയും പഠിച്ചത് എന്ന് എവിടേയും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. 'അഗ്‌നി'മിസൈല്‍ ആദ്യപരീക്ഷണത്തില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശപ്പെടാനല്ല കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള അവസരമായിക്കാണാനാണ് താന്‍ ശ്രമിച്ചത് എന്നദ്ദേഹം പറയുന്നുണ്ട്.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരായ സാബുസ്‌കറിയയും പി.ജി.ഉണ്ണികൃഷ്ണനും പകര്‍ത്തിയ ചിത്രങ്ങള്‍......
July 28, 2015, 03:30 AM
IST