ചരിത്രവിജയവുമായി ജയലളിത
ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയലളിത നേടിയ വിജയം പാര്‍ട്ടി ഉത്സവമായി കൊണ്ടാടി. പടക്കം പൊട്ടിച്ചും ലഡുവിതരണം ചെയ്തും പ്രവര്‍ത്തകര്‍ തെരുവില്‍ നൃത്തം ചവിട്ടുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള ആഘോഷകാഴ്ച്ചകളിലൂടെ. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ വി.രമേഷ് പകര്‍ത്തിയ ചിത്രങ്ങളിലൂടെ...
July 1, 2015, 03:30 AM
IST
റെക്കോഡ് ഭൂരിപക്ഷത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിയമസഭയിലേക്ക്. ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ 1,50,722 വോട്ടുകളുടെ വ്യത്യാസത്തിനാണ് ജയലളിത തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയായ സി.പി.ഐ.യിലെ സി.മഹേന്ദ്രനെ തോല്‍പ്പിച്ചത്.
മഹേന്ദ്രന് 9,710 വോട്ടുലഭിച്ചപ്പോള്‍ ജയലളിതയ്ക്ക് 1,60,432 വോട്ടുകിട്ടി. സ്വതന്ത്രസ്ഥാനാര്‍ഥി രാമസ്വാമിക്ക് 4,590 വോട്ടും 'നോട്ട'(ആര്‍ക്കും വോട്ടില്ല)യ്ക്ക് 2,376 വോട്ടും കിട്ടി.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്കാലത്തെയുംവലിയ ഭൂരിപക്ഷമാണ് ജയലളിത നേടിയിരിക്കുന്നത്. 16 തപാല്‍വോട്ടുകളില്‍ എല്ലാം ജയലളിതയ്ക്കു ലഭിച്ചു. ജയലളിതയുടെ ഒറ്റ എതിര്‍സ്ഥാനാര്‍ഥിക്കുപോലും കെട്ടിവെച്ച കാശ് തിരിച്ചുകിട്ടില്ല.
ചരിത്രവിജയത്തിന് ജയലളിത ആര്‍.കെ. നഗറിലെ വോട്ടര്‍മാരോട് നന്ദിപറഞ്ഞു. മൊത്തം രേഖപ്പെടുത്തിയ 1,81,420 വോട്ടുകളില്‍ 88.43 ശതമാനം വോട്ടും തനിക്കുലഭിച്ചതായി ജയലളിത ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് അവിശ്രമം പ്രവര്‍ത്തിക്കുമെന്നും ജയലളിത പറഞ്ഞു.
അനധികൃതസ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചതോടെ എം.എല്‍.എ.സ്ഥാനം നഷ്ടപ്പെട്ട ജയലളിത ഇതേകേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയ സാഹചര്യത്തിലാണ് ആര്‍.കെ. നഗറില്‍ മത്സരിച്ചത്.
2011-ല്‍ ഇവിടെനിന്നു ജയിച്ച പി.വെട്രിവേല്‍ ജയലളിതയ്ക്കുവേണ്ടി എം.എല്‍.എ.സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങളല്ല, ജയലളിതയുടെ ഭൂരിപക്ഷംമാത്രമാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്. ഡി.എം.കെ.യും ഡി.എം.ഡി.കെ.യുമടക്കമുള്ള മുഖ്യപ്രതിപക്ഷകക്ഷികള്‍ കളമൊഴിഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത് പ്രതീകാത്മകമത്സരമാണെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു.
കരുത്തരായ എതിരാളികളില്ലാതിരുന്നിട്ടും ഒരു പരീക്ഷണത്തിന് എ.ഐ.എ.ഡി.എം.കെ. ഒരുങ്ങിയില്ലെന്നതാണു വസ്തുത. ആള്‍ബലത്തിലും പണക്കൊഴുപ്പിലും ഒരുകുറവും പാര്‍ട്ടി ഇവിടെ വരുത്തിയില്ല. സംസ്ഥാന ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സകലമന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചാണ് തിരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. ഒരുവോട്ടിന് ഭരണകക്ഷി രണ്ടായിരംരൂപവരെ നല്‍കിയെന്നാണ് സി.പി.ഐ. സ്ഥാനാര്‍ഥി സി.മഹേന്ദ്രന്‍ ആരോപിച്ചത്.
തമിഴ്‌നാട്ടില്‍ ജയലളിതയെപ്പോലെ മറ്റൊരു നേതാവില്ലെന്ന വസ്തുതയിലേക്കും ആര്‍.കെ. നഗറിലെ വിജയം വിരല്‍ചൂണ്ടുന്നുണ്ട്. വെറും രണ്ടരമണിക്കൂര്‍മാത്രമാണ് ജയലളിത മണ്ഡലത്തില്‍ പ്രചാരണംനടത്തിയത്.
ജൂണ്‍ 29-ന് വൈകീട്ട് ഏഴുമണിയോടെ മണ്ഡലത്തിലെത്തിയ ജയലളിത രണ്ടരമണിക്കൂര്‍നേരത്തെ റോഡ്‌ഷോയ്ക്കുശേഷം മടങ്ങുകയായിരുന്നു. ഒരിടത്തുപോലും ജയലളിത തന്റെ ടെമ്പോ ട്രാവലറില്‍നിന്നു പുറത്തിറങ്ങിയതേയില്ല.