കനത്ത മഴയില്‍ മുംബൈ
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. വ്യാഴാഴ്ച്ച രാവിലെ മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഇതേത്തുടര്‍ന്ന് തീവണ്ടി ഗതാഗതവും റോഡ് ഗതാഗതവും താറുമാറായി. ലോക്കല്‍ ട്രെയിനുകളൊന്നും ഓടിയില്ല.
ഉച്ചയ്ക്ക് ശേഷം മഴ ശമിച്ചപ്പോഴാണ് ദീര്‍ഘദൂര തീവണ്ടികള്‍ ഓടാന്‍ തുടങ്ങിയത്. ട്രാക്കുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും തകരാറുകള്‍ പരിഹരിച്ചതായും മധ്യറെയില്‍വേ വക്താവ് എന്‍.പാട്ടീല്‍ അറിയിച്ചു.
മഴയും വെള്ളക്കെട്ടും രൂക്ഷമായതിനെത്തുടര്‍ന്ന് നഗരത്തിലെല്ലായിടത്തും രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ നാവികസേനയും സജ്ജമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് അറിയിച്ചു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരേയും ബോട്ടുകളും നഗരത്തില്‍ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരെല്ലാം ഓഫീസുകളിലെത്താന്‍ ലോക്കല്‍ ട്രെയിന്‍ സേവനമാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഓഫീസുകളിലെ ഹാജര്‍ നിലയും കുറഞ്ഞു. ഉദ്യോഗസ്ഥര്‍ എത്താത്തിനാല്‍ പല ഓഫീസുകളും അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചു.
പരേല്‍, ദാദര്‍, കിംഗ്‌സ് സര്‍ക്കിള്‍ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ ഫ്ലൂറ്റുകളിലും വെള്ളം കയറി. 2.17 മുതല്‍ 2.47 വരെ രാക്ഷസ തിരമാലകളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ കടലോര പ്രദേശങ്ങളില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചുരുങ്ങിയ റൂട്ടുകളില്‍ മാത്രമാണ് വണ്ടികള്‍ ഓടുന്നത്. ഒരുപാട് സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോഴും ശക്തമായി തുടരുന്ന മഴ നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
മുംബൈ മഴയെ കുറിച്ച് നഗരത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളും ചിത്രങ്ങളും:
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കണ്‍ട്രോള്‍ റൂമില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി
മുംബൈയില്‍ നിന്നും മുംബൈയിലേക്കുമുള്ള ദീര്‍ഘദൂര ട്രെയിനുകളെല്ലാം റദ്ദാക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വ്വീസുണ്ടാകില്ല.
മുബൈ സെന്‍ട്രല്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 022-226201173, 022-22621695.
മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
ഒന്നര മുതല്‍ വമ്പന്‍ തിരമാലകള്‍ക്ക് സാധ്യത. അപായ മുന്നറിയിപ്പ് നല്‍കി. നാല് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.
രാവിലെ വരെ പെയ്തത് 170 മില്ലി മീറ്റര്‍ മഴ.
അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
June 19, 2015, 03:30 AM
IST