ഓച്ചിറക്കളി
ഓച്ചിറ പടനിലത്തെ മണ്ണില്‍ വായ്ത്താരി ചൊല്ലി കരപറഞ്ഞ് അവര്‍ പരസ്പരം അങ്കംകുറിച്ചു പടവെട്ടുമ്പോള്‍ അത് ചരിത്രത്തിന്റെ പുനരാവിഷ്‌കാരമായിരുന്നു. ഓച്ചിറക്കളിക്കായി മാസങ്ങളോളം വ്രതംനോറ്റ് വയോധികര്‍മുതല്‍ കൊച്ചുകുട്ടികള്‍വരെ എത്തിയിരുന്നു. ഓണാട്ടുകരയുടെ വിവിധഭാഗത്തുനിന്നായി വന്‍ജനാവലിയാണ് പടനിലത്ത് കളികാണാന്‍ നിലയുറപ്പിച്ചത്.
രാവിലെമുതല്‍ കളിസംഘങ്ങള്‍ ഘോഷയാത്രയായി ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. സംഘങ്ങള്‍ ആദ്യം ആല്‍ത്തറകളിലെത്തി വണങ്ങി. തുടര്‍ന്ന് കരകളി എന്ന പ്രദര്‍ശനപ്പയറ്റ് നടത്തി മെയ്വഴക്കംകാട്ടി. ഉച്ചയ്ക്ക് ഒരുമണിയോടെ എല്ലാ കളിസംഘങ്ങളും അന്നദാന മന്ദിരത്തിന്റെ മുന്നിലെത്തി അവിടെവച്ച് കരനാഥന്മാരുടെയും കളിയാശാന്മാരുടെയും പിന്നില്‍ അണിനിരന്നു.
ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ താലപ്പൊലി, ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, തുടങ്ങിയ വാദ്യവൃന്ദങ്ങളോടെയും കര്‍പ്പൂരത്തട്ട്, കുത്തുവിളക്ക്, അണിയിച്ചൊരുക്കിയ ഋഷഭങ്ങള്‍, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെയും പടയാളികളെ സ്വീകരിച്ചു. ക്ഷേത്രഭരണസമിതി സെക്രട്ടറി വി.സദാശിവന്‍ പതാക പടത്തലവന് കൈമാറിയതോടെ കരഘോഷയാത്ര ആരംഭിച്ചു. കിഴക്കേ ആല്‍ത്തറ, പടിഞ്ഞാറേ ആല്‍ത്തറ, എട്ടുകണ്ടം, തകിടിക്കണ്ടം, ഒണ്ടിക്കാവ്, മഹായക്ഷിക്കാവ് എന്നിവ ചുറ്റി വണങ്ങി എട്ടുകണ്ടത്തിന്റെ ഇരുഭാഗത്തുമായി നിലയുറപ്പിച്ചു. ക്ഷേത്രഭരണസമിതി അംഗങ്ങളോടൊപ്പം കണ്ടത്തിലിറങ്ങിയ പടത്തലവന്മാരും കരനാഥന്‍മാരും പരസ്?പരം കൈകൊടുത്ത് കര പറഞ്ഞതോടുകൂടി പടയാളികള്‍ ആര്‍പ്പുവിളികളോടെ എട്ടുകണ്ടത്തിലിറങ്ങി യുദ്ധമാരംഭിച്ചു. യുദ്ധനിയമപ്രകാരം പടത്തലവന്മാര്‍ തമ്മിലും പടയാളികള്‍ അതത് ഇനത്തില്‍പ്പെട്ടവരുമായും ഏറ്റുമുട്ടി. ഒരുമണിക്കുറോളം നീണ്ടുനിന്ന പയറ്റിനുശേഷം പടയാളികള്‍ തകടിക്കണ്ടത്തിലെത്തി പരസ്?പരം പോരാടി. തുടര്‍ന്ന് അങ്കം അവസാനിപ്പിച്ച് ആല്‍ത്തറകളെ വണങ്ങി.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ അജിത് പനച്ചിക്കല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
June 18, 2015, 03:30 AM
IST