യോഗാദിനം
ന്യൂഡല്‍ഹി: 191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാ പരിശീലനത്തോടെ അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമായി. ന്യൂഡല്‍ഹിയില്‍ നടന്നചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ യോഗചെയ്തു. വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ വിരിച്ച പച്ചപരവതാനിയില്‍ യോഗ ചെയ്യാനെത്തിയത്. ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്രമോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു. യോഗാദിനം സമാധാനത്തിന്റെ പുതുദിനമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാജ്പഥില്‍ കനത്ത സുരക്ഷയോടെയാണ് യോഗദിനം ആചരിച്ചത്. ഒരുവേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യോഗ ചെയ്തതിന്റെ ലോക റെക്കോര്‍ഡും രാജ്പഥിലെ ചടങ്ങ് പ്രതീക്ഷിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള യോഗ ശാസ്ത്രവും കലയുമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗയില്‍ പങ്കെടുത്തു. യോഗ നല്ലതെന്നും എല്ലാവരും പരിശീലിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറിലെ ചടങ്ങുകളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും. ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനുപിന്നാലെയാണ് ഈവര്‍ഷം ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി യു.എന്‍ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദല്‍ ചാണ്ഡിഗഡിലും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ജയ്പുരിലും ആന്ധ്രയില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനും നേതൃത്വം നല്‍കി.
യോഗാദിനച്ചിത്രങ്ങള്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്...
June 21, 2015, 03:30 AM
IST
എറണാകുളത്ത് യോഗാദിനാചരണത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭവും ഹൈബി ഈഡന്‍ എം.എല്‍.എയും. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍.