ആരഭി കൃഷ്ണ കെ.എ.  തൃക്കാക്കര ഭാരത്മാതാ കോളേജ്

വർഷങ്ങൾ പിന്നിട്ടാലും അധ്യാപകനെ ഒരു വിദ്യാർഥി സ്മരിക്കുന്നുണ്ടെങ്കിൽ അതാണ് ആ അധ്യാപകന്റെ വിജയം. എന്നാൽ, ഇന്ന് സ്വന്തം ചുമതലകളിൽനിന്നെല്ലാം പിറകോട്ടുപോകുന്ന അധ്യാപകരെ വിദ്യാർഥികൾ തിരുത്തേണ്ട രീതിയിലേക്കെത്തിനിൽക്കുന്നു.
ഭൂരിഭാഗം അധ്യാപകരും സ്വന്തം നിലയും ധർമവും മറന്ന അവസ്ഥയാണ്. പഠിപ്പിക്കുകയെന്നതുമാത്രമല്ല അധ്യാപകന്റെ ധർമം; സർഗാത്മകത വളർത്തുകയെന്നതുകൂടിയാണ്. പ്രതികരണശേഷിയില്ലാത്ത തലമുറയെ വാർത്തെടുത്തിട്ട് ഒരു പ്രയോജനവുമില്ല. നമുക്കുവേണ്ടത് നമ്മുടെ സമൂഹത്തെ വേറിട്ട കണ്ണുകളോടെ നോക്കിക്കാണുന്നവരെയാണ്. അറിവിൽനിന്നു തിരിച്ചറിവിലേക്ക് അവരെ എത്തിക്കണം.
പ്രതികരിക്കാനറിയാത്ത വിദ്യാർഥികളാണ് ഇന്നത്തേതിൽ ഭൂരിഭാഗവും. സ്വന്തം കൂട്ടുകാരന് എന്തെങ്കിലും സംഭവിച്ചാൽപ്പോലും മിണ്ടാതിരിക്കുന്നവർ. പ്രതികരണശേഷിയില്ലാത്ത സമൂഹത്തെ വാർത്തെടുക്കുന്നതാണ് നാളെയോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. കോളേജ് കാമ്പസിലെ അനർഥങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ ഇന്റേണൽ മാർക്കിന്റെ പേരിൽ തളച്ചിടുന്ന പ്രതീതിയാണ്. ഇന്റേണൽ മാർക്കെന്ന ചങ്ങലയ്ക്കുള്ളിൽ ഇന്നും പല പ്രശ്നങ്ങളും പുറംലോകമറിയാതെ കുരുങ്ങിക്കിടക്കുന്നു.


കോളേജുമുറ്റത്തെ വാകമരച്ചുവട്ടിലിരുന്ന് കഥകൾ പറഞ്ഞവരെയും സൗഹൃദം പങ്കുവെച്ചവരെയും പ്രണയിച്ചവരെയും ചർച്ചകൾ നടത്തിയവരെയും സമരങ്ങൾക്കു തുടക്കംകുറിച്ചവരെയും കാണുക വിരളമാണ്. പകരം മുക്കിലും മൂലയിലും വെച്ചിരിക്കുന്ന ക്യാമറക്കണ്ണുകൾമാത്രം. കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി വെച്ചിരിക്കുന്ന ഇത്തരം ക്യാമറകളുടെ ഇന്നത്തെ ജോലി ആരൊക്കെ സംസാരിക്കുന്നു, ഒന്നിച്ചിരിക്കുന്നു, പ്രണയിക്കുന്നു എന്നൊക്കെ കണ്ടുപിടിക്കുന്നതാണ്!
അധ്യാപകൻ എന്ന വാക്കിന്റെ അർഥവും വ്യാപ്തിയുമറിഞ്ഞ് ഈ ജോലി സ്വീകരിക്കുന്നവരെക്കാൾ ഇന്ന് ശമ്പളംമാത്രം ലക്ഷ്യംവെച്ചെത്തുന്നവരാണ്. ‘ലക്ചററായാൽ ശമ്പളവും കൂടുതൽ കിട്ടും കുറേ അവധിയും കിട്ടും’ എന്നു പറയുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്.
ഡോ. ബി.ആർ. അംബേദ്കറിന്റെ പൂർണനാമം ഭീംറാവു അംബേദ്കർ എന്നാണ്. അംബേദ്കർ എന്ന പേര് അദ്ദേഹത്തിന്റെ അധ്യാപകന്റെ പേരാണ്. പിൻനിരയിൽനിന്ന് തന്നെ ജീവിതത്തിന്റെ മുൻപന്തിയിലെത്തിച്ച തന്റെ അധ്യാപകന്, അദ്ദേഹത്തിന്റെ മനസ്സിലെ സ്ഥാനമെന്തായിരുന്നുവെന്നത് സ്വന്തം പേരിനോടൊപ്പം അധ്യാപകന്റെ പേരുചേർത്തപ്പോൾ വ്യക്തമാണ്. ലോകമെങ്ങും ആ അധ്യാപകന്റെ പേരിലാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നത്.
കുട്ടികളുടെ അഭിരുചികളെ കണ്ടെത്തി അവരെ ആവഴിക്കു നടത്താൻ പഴയ അധ്യാപകർ ശ്രദ്ധിച്ചിരുന്നു. ഇന്ന് അത്തരത്തിലുള്ള അധ്യാപകർ വംശനാശഭീഷണിയിലാണ്. സ്വന്തം നില മറന്നുപോകുന്ന അധ്യാപകർ ഒന്നറിയണം, നിങ്ങളൊന്നു കണ്ണടയ്ക്കുമ്പോൾ കൊഴിഞ്ഞുപോകുന്നത് ഒരു ജീവിതമാണ്.

ഏവരിലും തുടിക്കുന്നത് മതമില്ലാത്ത ജീവൻ

പി.കെ. കനകലത,  നിലമ്പൂർ

കേരളം എങ്ങോട്ടാണു നീങ്ങുന്നത്? പിന്നോട്ടാണോ? ആൺ-പെൺ സൗഹൃദങ്ങളെ  ലിംഗാധിഷ്ഠിതമായിമാത്രം നോക്കിക്കാണുന്ന സാമ്പ്രദായിക ജീവിതചുറ്റുപാടിനെ പണ്ടേ നമ്മുടെ കഥാകാരി കെ. സരസ്വതിയമ്മ തന്റെ കഥകളിലൂടെ നിശിതമായി വിമർശിച്ചിട്ടുണ്ട്. 1940-കളിൽ അവരെഴുതിയ കഥകളിൽ സൗഹൃദത്തിന്റെ പേരിൽ ഭർത്സിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ കാണാം (പഠനകാലത്ത് അവർക്കുണ്ടായ അനുഭവത്തിന്റെ മൂശയിൽ വാർത്തെടുത്തതാണ് സ്ത്രീകഥാപാത്രങ്ങൾ).
 അന്നത്തെ കോളേജ് അന്തരീക്ഷത്തിൽനിന്ന് എത്രയോ മാറ്റം പിൽക്കാലത്തുണ്ടായി, 1970-കളിലെയും ’80-കളിലെയും കാമ്പസുകൾ ആൺ-പെൺ കൂട്ടായ്മയും സംവാദവുംമറ്റുമായി വളരെ പുരോഗമിച്ചിരുന്നു. ഇപ്പോൾ ആ കാമ്പസുകൾക്ക് ഈവിധം മാറ്റം എങ്ങനെവന്നു? ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നവിധം നമ്മുടെ കാമ്പസുകൾ സങ്കുചിതമായതെന്താണ്?
ഒരു വീട്ടിൽ സഹോദരീസഹോദരന്മാരായി പുലരുന്ന നമ്മുടെ കുട്ടികളെ എന്തിനാണ് കാമ്പസുകൾ ലിംഗാധിഷ്ഠിതമായ വേർതിരിവിന്റെ വേലിക്കെട്ടിലേക്ക് ഒതുക്കിവിടുന്നത്? കൂടെ പഠിക്കുന്ന പെൺകുട്ടിയോടൊപ്പം, അതും ക്ലാസ്സമയത്ത്, ഒരുബെഞ്ചിലിരുന്ന് പഠിക്കുകയല്ലേ ദിനു ചെയ്തത്. 
അതൊരു കുറ്റമാണോ? അതിന്റെ പേരിൽ പുറത്താക്കപ്പെടുമ്പോൾ നഷ്ടപ്പെടുന്ന അധ്യയനദിവസവും ഇന്റേണൽ പരീക്ഷയും മറ്റും ആ കുട്ടിയുടെ ഭാവിയെ അവതാളത്തിലാക്കുന്നു. അത്തരം നിലപാട് പുലർത്തുന്ന സ്ഥാപനത്തിൽ തുടർന്നും പഠിക്കേണ്ടിവരുന്ന അവന്റെ അവസ്ഥ ക്ലേശകരംതന്നെ! എന്തിനാണ് കുട്ടികളെ ഈവിധം മാനസികമായി പീഡിപ്പിക്കുന്നത്? കലാലയം ജയിലറയാക്കുകയാണോ വേണ്ടത്? കുറ്റംചെയ്യാത്ത കുട്ടികളെ ശിക്ഷിക്കുന്ന ജയിലറ!
വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇതുപോലെ അസ്വസ്ഥതയുളവാക്കിയ രണ്ടുകാര്യങ്ങൾകൂടി സൂചിപ്പിക്കട്ടെ: ‘മതമില്ലാത്ത ജീവൻ’ എന്ന പാഠപുസ്തകത്തിനുനേരേ ഉണ്ടായ അക്രമമാണൊന്ന്. അന്നത്തെ കോലാഹലത്തിന്റെ പേരിൽ മതേതര ഇന്ത്യയുടെ അടിത്തറ തകർത്തുകൊണ്ട് പ്രസ്തുതപാഠം ഇടതുപക്ഷസർക്കാറിന് നീക്കംചെയ്യേണ്ടിവന്നു! മതതീവ്രവാദം വലിയ വിഷവൃക്ഷമായി പന്തലിച്ചുനിൽക്കുന്ന ഇന്നത്തെ സാഹചര്യം വെച്ചുനോക്കുമ്പോൾ, അന്നവർ രാജിവെക്കുകയായിരുന്നു വേണ്ടിയിരുന്നത്.
മറ്റൊന്ന്, പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമാണ്. 
സത്യംപറഞ്ഞാൽ ഈ രണ്ടുപ്രശ്നങ്ങൾക്കുമെതിരെ വേണ്ടത്ര പ്രതിഷേധമോ പ്രതികരണമോ സാംസ്കാരികകേരളത്തിൽനിന്ന് അന്നുണ്ടായിട്ടുണ്ടോ? പ്രൊഫ. ജോസഫിന്റെ പ്രശ്നത്തിൽ നമ്മൾ  ഉണർന്നുപ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ ആ കടുംകൈ ചെയ്യില്ലായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. ഒ.എൻ.വി. ആയിടയ്ക്ക് തനിക്കുകിട്ടിയ പുരസ്കാരത്തുകയിൽനിന്ന് 10,000 രൂപ തന്റെ ശിഷ്യനായ ജോസഫിന് നൽകി പ്രതികരിച്ചതും ഞങ്ങളുടെ സംഘടനയായ എ.കെ.പി.സി.ടി.എ. അദ്ദേഹത്തോടു കാണിച്ച ഐക്യദാർഢ്യവുമല്ലാതെ വലുതായി അന്നാരും പ്രതിഷേധിച്ചുകണ്ടില്ല.
ലിംഗഭേദമില്ലാതെ നമ്മുടെ കുട്ടികൾ വളരട്ടെ, ഏവരിലും മതമില്ലാത്ത ജീവനാണ് തുടിക്കുന്നതെന്ന് അവർ തിരിച്ചറിയട്ടെ, ‘മലയാളി’യാണെന്ന സ്വത്വാവബോധം അവരിലുണ്ടാവട്ടെ. എങ്കിലേ കേരളം മുന്നോട്ടുപോവൂ!

ഭീകരവാദത്തെ അടിച്ചമർത്തണം

ഇളയിടത്ത് വേണുഗോപാൽ,  കോഴിക്കോട്

പാകിസ്താൻ-കശ്മീർ തീവ്രവാദികളുടെ സംഘടിത നുഴഞ്ഞുകയറ്റഭീകരവാദമാണ് ഇന്ത്യ ഇന്നു നേരിടുന്ന വലിയ വിപത്ത്. ഇന്ത്യക്കെതിരെ ജിഹാദ് പുറപ്പെടുവിച്ചുകൊണ്ട് യുണൈറ്റഡ് ജിഹാദ് കൗൺസിൽ പോലുള്ള സംഘടനകൾ പാകിസ്താൻ പതാക കൈയിലേന്തി കശ്മീർവഴി ഇന്ത്യക്കെതിരെ തീവ്രവാദികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
പഞ്ചാബിലുള്ള പഠാൻകോട്ട് വ്യോമകേന്ദ്രത്തിൽ നുഴഞ്ഞുകയറിയ പാക് തീവ്രവാദികൾ മലയാളിയുൾപ്പെടെയുള്ള നമ്മുടെ സൈനികരുടെ ജീവനെടുത്തു. െലഫ്. കേണൽ ഇ.കെ.  നിരഞ്ജനും മറ്റു സൈനികോദ്യോഗസ്ഥർക്കും പ്രണാമം. ഈ ആക്രമണ ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദ് കൗൺസിൽ ഏറ്റെടുത്തിരിക്കുന്നു.
ഭീകരസംഘടനകളുടെ ഏജന്റാവാൻ നമുക്കിടയിൽത്തന്നെ ആളുകളുണ്ടെന്നു സംശയിക്കണം. ചാരപ്രവൃത്തിയുടെ പേരിൽ മലയാളി സൈനികോദ്യോഗസ്ഥൻ ഈയിടെ പിടിയിലായിരുന്നു. കർശനമായ  നിയമനടപടികളിലൂടെ ഇത്തരക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണം. കക്ഷിരാഷ്ട്രീയജാതിമതഭേദമെന്യെ ഭാരതീയർ ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തണം.

വേതനവർധന: എം.പി.മാർ തമ്മിൽ എന്തൊരു ഐക്യം

ജോസഫ് ആലപ്പാട്ട്,  കരാഞ്ചിറ

ഒരുകാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറെ യോജിപ്പിലാണ്- എം.പി.മാരുടെ ശമ്പളം കൂട്ടുന്ന കാര്യത്തിൽ. ‘ഇനിയും ഒരു ആനുകൂല്യവർധന വേണ്ട. ഇപ്പോൾ കിട്ടുന്നതുതന്നെ ധാരാളം. ഞങ്ങൾ ജനപ്രതിനിധികളല്ലേ’ -ഇന്നുവരെ ഒരു പാർട്ടിയിലുംപെട്ട ജനപ്രതിനിധിയും ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. 
ഇവിടെ ചിരട്ടയുടെ വിലപോലും കിട്ടാതെ നരകിക്കുന്ന കേരകർഷകർക്കായി നിങ്ങൾ ചെറുവിരൽപോലും അനക്കിയിട്ടില്ലല്ലോ. തന്റെ നിയോജകമണ്ഡലത്തിന്റെ വികസനത്തിനു മാത്രമായി ചെലവിടാൻ സർക്കാർ ഓരോ എം.പി.ക്കും കോടികളനുവദിച്ചിട്ടുണ്ടല്ലോ. ആ തുകയുടെ നാലിലൊന്നുപോലും ചെലവിടാതെ ലാപ്സാക്കുന്നവരില്ലേ. ശമ്പളക്കാര്യത്തിലെ ശുഷ്കാന്തിയും ഐക്യവും ജനോപകാരപ്രദമായ കാര്യങ്ങളിലുമുണ്ടായെങ്കിൽ.

ചോറ്റാനിക്കര സുപ്രഭാതം

-സി. ശ്യാം മനോഹർ,  മാമംഗലം

‘ചോറ്റാനിക്കര സുപ്രഭാതം’  ഭക്തിഗാനങ്ങൾ (എൽപി, കാസറ്റ്, സിഡി) നമ്മൾ കേൾക്കാൻതുടങ്ങിയ കാലംമുതൽ സംഗീതകമ്പനികൾ ധാരാളം ചോറ്റാനിക്കര ഭക്തിഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയൊന്നിനും പ്രക്ഷേപണത്തിന് അനുമതിനൽകാതെ അടുത്തിറങ്ങിയ ‘ചോറ്റാനിക്കര ഭഗവതി സുപ്രഭാതം’ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. 
ഗുരുവായൂരിൽ ‘നാരായണീയം’ പോലെയും ശബരിമലയിൽ ‘ഹരിവരാസനം’ പോലെയും  ഇതുമാറും എന്നും പറയുന്നു (നാരായണീയവുമായി താരതമ്യത്തിന് മുതിരുന്നില്ല).
കീഴ്ക്കാവിൽ രാത്രി ഗുരുതിക്ക്മുൻപ് ഭക്തർ ‘‘നിത്യസത്യമായ ദേവി’’ എന്ന ഭക്തിഗാനം ആലപിക്കുന്നത് ശ്രദ്ധിച്ചുകാണുമല്ലോ? ഔദ്യോഗികമായി ഒരനുമതിേയാ അംഗീകാരമോ ഇതിനില്ല. ഈ ഗാനത്തിന്റെ രചന, സംഗീതം, ആലാപനം എന്നിവചേർന്ന് ഭക്തരിൽ/ആസ്വാദകരിൽ ഉണ്ടാക്കിയ ‘സ്വീകാര്യത’യാണ് ഭക്തർ അതേറ്റുപാടാൻ കാരണം. ഇങ്ങനെ ഒരു സ്വീകാര്യത ഈ സുപ്രഭാതത്തിന് ഭാവിയിൽ ഉണ്ടാകുമോ?
ഈ സുപ്രഭാതത്തിന് അംഗീകാരംനൽകിയതിന്റെ മാനദണ്ഡം എന്താണെന്നറിയാൻ ഭക്തർക്ക് താത്പര്യമുണ്ട്.

ഭിക്ഷാടനം അനുവദിക്കരുത്

-പി.എൻ. കൃഷ്ണൻകുട്ടി,  മലയാറ്റൂർ 

ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ വന്നുചേരുന്ന കേരളത്തിൽ ഒരുതരത്തിലുള്ള ഭിക്ഷാടനവും പാടില്ലെന്ന് ശഠിക്കേണ്ടത് ടൂറിസ വികസനത്തിന്റെ ആവശ്യം കൂടിയാണ്. ഇത്തരക്കാർ ഇപ്പോൾത്തന്നെ ബസ്സുകളിലും ജനംകൂടുന്നിടത്തും അഴിഞ്ഞാടുന്നുണ്ടെന്നകാര്യം ആരും ഗൗരവമായി കാണുന്നില്ല. 
എന്തായാലും ഇനിമുതൽ യാചകരെയും സംശയാലുക്കളെയും കണ്ടാലുടൻ പോലീസിനെ ഫോണിലൂടെ അറിയിക്കുന്നതിനോ അല്ലെങ്കിൽ ഒരു ‘ഹെൽപ്പ്ലൈൻ’ ആരംഭിക്കുന്നതിനോ അധികാരികൾ നടപടി സ്വീകരിക്കണം. 
കേരളം പലരീതിയിലും ശുദ്ധമായിക്കൊണ്ടിക്കയാണല്ലോ, ഈ ശുദ്ധീകരണ പ്രക്രിയയിൽ ഇത്തരത്തിൽ ഒരു ശുദ്ധീകരണം അനിവാര്യവും കാലത്തിന്റെ ആവശ്യവുമാണ്.

മലബാർ ദേവസ്വം ബോര്ഡ് ക്ഷേത്രജീവനക്കാരോടുള്ള 
അവഗണന അവസാനിപ്പിക്കണം

ഭാസ്കരന് വട്ടോളി,   പള്ളിക്കുന്ന്

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിരാവിലെ മുതൽ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന ഇവർ, അസംഘടിതരായതിനാലാണോ ന്യായമായ അവകാശങ്ങൾ തടഞ്ഞുവെക്കുന്നത്  എന്ന് ശങ്കിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ പോലും ഇനിയും നടപ്പാക്കാൻ മാറിമാറി വന്ന സര്ക്കാറുകൾ അമാന്തം കാണിച്ചും ക്ഷേത്രങ്ങളെ ഗ്രേഡുകൾ തിരിച്ചും വിവേചനം കാട്ടുന്നു. 
ഇവർക്ക് ന്യായമായ വേതനവും അവധിയും ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇതെല്ലാം സഹിച്ചുകൊണ്ട്  ജീവിതം തള്ളിനീക്കുന്ന ഇവർ  കുടുംബം പുലര്ത്താൻ പാടുപെടുന്നു. സമരമാർഗം അവലംബിക്കാത്തതിനാൽ അവർ അവഗണിക്കപ്പെടുന്നു. ജോലിഭാരം കുറയ്ക്കാനും അവധിയെടുക്കാനും കീഴ്ശാന്തിമാരെ നിയമിക്കേണ്ടതുണ്ട്. ഇവർക്ക് അർഹിക്കുന്ന വേതനം ലഭ്യമാക്കാൻ ദേവസ്വം ബോർഡുകൾക്ക് ഒരു ഏകീകൃത ഭരണസംവിധാനം ഏർപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അവരുടെ ആത്മനൊന്പരം കേൾക്കാനും പ്രശ്നങ്ങള് പരിഹരിക്കാനും രണ്ടാംതരം പൗരന്മാരായി കണക്കാക്കാതിരിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.

തെരുവുനായ്ക്കൾ ഭീകരത സൃഷ്ടിക്കുന്നു

െക.വി.രാഘവൻ, കുയിലൂർ


ദിവസംപ്രതി പത്രത്താളുകളിലെ വാർത്തയാകുന്നു തെരുവുനായ്ക്കളുടെ ആക്രമണം. അക്രമത്തിൽപ്പെടുന്നവർക്ക് ചികിത്സ ലഭ്യമാക്കുമ്പോഴും പല സാങ്കേതികത്വവും നിലനിൽക്കുകയും ചെയ്യുന്നു. ആക്രമിച്ചത് പേ പിടിച്ച നായയാണോ എന്ന് തിരിച്ചറിയാതെ മരുന്നുകൾ കുത്തിവെക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. പേപ്പട്ടി വിഷബാധയ്ക്കെതിരെയുള്ള മരുന്നുകൾ സാർവത്രികമല്ലാത്തതിനാലും സർക്കാരാസ്പത്രികളിൽ പലപ്പോഴും അവ ലഭ്യമല്ലാത്ത അവസ്ഥയിലും വലിയ വിലകൊടുത്ത് മരുന്നുവാങ്ങി ഉപയോഗിക്കേണ്ട ഗതികേടും സംജാതമാവുന്നുണ്ട്.
അലഞ്ഞുതിരിയുന്ന പട്ടികളെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ നശിപ്പിക്കാനും പ്രത്യേക സംവിധാനമുണ്ടാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് മുമ്പൊക്കെ പദ്ധതികൾ തയ്യാറാക്കിയിരുന്നത്. എന്നാൽ, പട്ടികളെ കൊല്ലാൻ പാടില്ലെന്ന നിയമവ്യവസ്ഥയുള്ളതിനാൽ മറ്റു ജീവികളെ കടിച്ചുകീറി ഇവ സ്വൈരവിഹാരം നടത്തുകയാണ്. അധികൃതർ ഇതിനെതിരെ  ഒരു നടപടിയും കൈക്കൊള്ളാതെ അനങ്ങാപ്പാറനയം കൈക്കൊള്ളുകയും ചെയ്യുന്നു. പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാരും അധികൃതരും മനുഷ്യരെയും മറ്റു ജീവികളെയും ഉപദ്രവിക്കുന്ന തെരുവുപട്ടികളെ നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായും കൈക്കൊള്ളണം.

ഔചിത്യമില്ലാത്ത മൊബൈൽകാമറ വിപ്ലവം അവസാനിപ്പിക്കണം

കുട്ടിക്കൃഷ്ണൻ പി.,   പൊൽപ്പുള്ളി

ധീര രക്തസാക്ഷിത്വം വരിച്ച ലഫ്. കേണൽ നിരഞ്ജൻകുമാറിന്റെ പിഞ്ചോമനമകളുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തുന്ന, മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ചിത്രം ഏറെ വേദനയുളവാക്കുന്നതായിരുന്നു.
സന്ദർഭമോ സാഹചര്യമോ നോക്കാതെയുള്ള ഈ മൊബൈൽകാമറ വിപ്ലവം അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമാണം നടത്തണം. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ഔചിത്യബോധമില്ലായ്മയുടെയും മര്യാദകേടിന്റെയും മകുടോദാഹരണമാണ് ഇത്തരം പ്രവൃത്തികൾ. വാഹനാപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനുപകരം അപകടദൃശ്യം മൊബൈൽകാമറയിൽ പകർത്താൻ ശ്രമിക്കുന്ന യുവതലമുറയെ എങ്ങനെയാണ് നമ്മൾ വിലയിരുത്തേണ്ടത്? ആരെ കാണിക്കാനാണ് ഇവർ ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത്! മറ്റുള്ളവരുടെ വേദനകളും ദുഃഖങ്ങളും മൊബൈലിൽ പകർത്താനും ആയത് വാട്സ്ആപ്പിലൂടെയും മറ്റും പ്രചരിപ്പിച്ച് രസം കാണുന്ന ക്രൂരമനോഭാവം സമൂഹത്തിൽ ഏറിവരുന്നത് അപകടകരമായ പ്രവണതയാണ്. സ്വന്തം കുടുംബത്തിൽ ആർക്കെങ്കിലുമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെങ്കിൽ ഇതേമനോഭാവം തന്നെയാകുമോ ഇത്തരക്കാർക്ക് എന്നുകൂടി ചിന്തിക്കേണ്ടതാണ്.

ആവുന്ന ഗുണംചെയ്യുക, ആവോളമലിവോടെ...

ശിവകുമാർ എം.,  ചിറ്റൂർ

നവവത്സരദിനത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച മുഖപ്രസംഗം -‘കരുണയും നീതിബോധവും വഴികാട്ടുന്ന വെളിച്ചമാകട്ടെ’- സമുജ്ജ്വലവും അവസരോചിതവുമായി. നിയമത്തിന്റെ സാങ്കേതികക്കുരുക്കിൽപ്പെടുത്തി, ഒരു അന്ധബാലികയ്ക്ക് ലഭിക്കേണ്ട ന്യായമായ സഹായം നിഷേധിച്ച ഉദ്യോഗസ്ഥനടപടി, വാർത്തയിലൂടെ കളക്ടറുടെ ശ്രദ്ധയിൽക്കൊണ്ടുവന്ന് ഉടൻ പരിഹാരംകാണാൻ പ്രേരിപ്പിച്ചത് അത്യുദാത്തമായ പത്രധർമപാലനമാണ്.
ഒരു സ്വതന്ത്ര രാഷ്ട്രത്തിൽ നിയമങ്ങളുടെ ലക്ഷ്യമെന്ത്? സാമൂഹികമാറ്റത്തിനും സാമൂഹികനീതി നടപ്പാക്കുന്നതിനുമുള്ള പ്രേരകശക്തിയാവുക എന്നതുതന്നെ. നാട്ടിലെ പൗരന്മാരുടെ സമഗ്രമായ ക്ഷേമവും അതുവഴി സമൂഹത്തിന്റെ പുരോഗതിയുമായിരിക്കണം നിയമനിർമാണത്തിന്റെ ലക്ഷ്യം. 
ജനാധിപത്യ ക്രമത്തിൽ നിയമം ജനങ്ങൾക്കുവേണ്ടി നിർമിക്കുന്നു എന്നതോടൊപ്പം അത് അവർതന്നെ അവരുടെ പ്രതിനിധികൾ മുഖേന നിർമിക്കുന്നതാണെന്നോർക്കുക. അതുകൊണ്ടുതന്നെ നിയമത്തിന്റെ നിർവഹണം അവരുടെ ക്ഷേമവും സുരക്ഷയും പരിപാലനവും സാധ്യമാക്കാൻ കഴിയുന്ന രീതിയിലാകണം. അത് അപ്രായോഗികമാണെങ്കിൽ നിയമങ്ങൾ പുനർനിർവചിക്കപ്പെടേണ്ടത് അനിവാര്യമാണ്.
ഒന്നാംക്ളാസുമുതൽ അന്ധവിദ്യാലയത്തിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പത്താംക്ളാസ് പരീക്ഷയ്ക്ക് സഹായിയെ അനുവദിക്കുന്നതിന് മെഡിക്കൽബോർഡിന്റെ സാക്ഷ്യപത്രം വേണം. ആ വിദ്യാർഥിനിയുടെ ശാരീരികപരിമിതി പരിശോധനയിലൂടെ ബോധ്യപ്പെട്ട ആരോഗ്യവകുപ്പധികൃതർ, റേഷൻകാർഡിൽ പേരുചേർക്കണമെന്ന ചട്ടം ഉയർത്തിപ്പിടിച്ച് തടസ്സം സൃഷ്ടിച്ചതിന്റെ സാംഗത്യമെന്ത്? കുട്ടിയുടെ പൗരത്വവും പരീക്ഷയെഴുതുന്നതിനുള്ള യോഗ്യതയും സ്കൂൾ രേഖകളിൽ നിന്നറിയാമെന്നിരിക്കെ അന്ധത സാക്ഷ്യപ്പെടുത്തുകയെന്ന ചുമതല മാത്രമേ അവർ നിർവഹിക്കേണ്ടതുള്ളൂ. ഇനി നിയമതടസ്സമുണ്ടെങ്കിൽത്തന്നെ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അത് പരിഹരിക്കാനുള്ള മാനുഷികമായ യുക്തിക്കൊന്നും ഇവിടെ പ്രസക്തിയില്ലേ? ആർക്കും ഒന്നും എളുപ്പത്തിൽ അനുവദിച്ചുകൊടുക്കരുത് എന്ന അധികാരഗർവിന്റെ ഉറഞ്ഞുതുള്ളലായി മാത്രമേ ഈ നിഷേധാത്മകതയെ കാണാനാകൂ.
നാട്ടിലെ നഗരസഭാകാര്യാലയത്തിൽ നാട്ടുകാർക്ക് പ്രിയപ്പെട്ട ഒരുദ്യോഗസ്ഥനുണ്ടായിരുന്നു, പണ്ട് ‘താടിബാലേട്ട’ എന്ന ബാലചന്ദ്രമേനോൻ. ന്യായമായ ആവശ്യങ്ങളുമായി ഓഫീസിലെത്തുന്നവർക്ക് അത് അതിവേഗം ചെയ്തുകൊടുക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു അദ്ദേഹം. 
അക്കാര്യത്തിനായി മറ്റ് സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള ആർജവം അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു. ചട്ടങ്ങളുയർത്തി തടസ്സവാദങ്ങളുന്നയിക്കുന്നവരോട് ബാലേട്ടന്റെ ചുട്ട മറുപടി ഇങ്ങനെ: ‘കുട്ടീ, നിയമം വ്യാഖ്യാനിക്കുന്നത് ആളുകളെ വട്ടത്തിരിക്കാനല്ല, അവർക്കുവേണ്ട സഹായം ചെയ്യാനാണ്, മറക്കണ്ട’.
പഴയ കവിവാക്യം ഇവിടെ പ്രസക്തമാകുന്നു.
‘ആവുന്ന ഗുണം ചെയ്യുകാവോളമെല്ലാവർക്കു
മാവുന്ന വഴിക്കെല്ലാമാവോളമലിവോടെ’

രാമനുണ്ണിക്കും അസഹിഷ്ണുതയോ?

ഗോവിന്ദന്കുട്ടി എം.എസ്., ചൂരക്കാട്ടുകര

11.1.2016ലെ മാതൃഭൂമി പത്രത്തില് കെ.പി. രാമനുണ്ണി എഴുതിയ ‘മനുഷ്യനെ വിഡ്ഡിയാക്കുന്ന ക്വിസ്’ എന്ന ലേഖനം വായിച്ചു. അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്ന വാക്യം ഇങ്ങനെ-‘‘മറ്റു ക്വിസ് മാസ്റ്റര്മാരും സ്വയം രാജിവെച്ചുകൊണ്ട് മനുഷ്യന്റെ ധിഷണാശേഷിയെ തലകുത്തനെ പ്രദര്ശിപ്പിക്കുന്ന ഈ വിക്രിയയ്ക്ക് അറുതിവരുത്തുമോ?’’
ഇത്ര പരിഹസിക്കാവുന്ന വിക്രിയയായി ക്വിസ് മാറിയോ എന്ന മറുചോദ്യം ഉന്നയിക്കാനല്ല ഈ പ്രതികരണം. അദ്ധ്യാപനം ഉള്പ്പടെയുള്ള ഔദ്യോഗിക ജീവിതത്തിന് തിരശ്ശീല വീഴാന് കാത്തുനിൽക്കുന്ന, ഒട്ടനവധി സന്ദര്ഭങ്ങളില് പല വിഷയങ്ങളില് കുട്ടികള്ക്കു മുമ്പില് ക്വിസ് മാസ്റ്റര് റോള് കൈകാര്യം ചെയ്യേണ്ടിവന്നിട്ടുള്ള ഒരാളാണ് ഞാന്. ഉപജീവനത്തിനുള്ള ഉപാധിയായിട്ടല്ല. ദൂരദര്ശനില് തുടര്ച്ചയായി മൂന്നു വര്ഷങ്ങളില് പലപ്പോഴായി അവതരിപ്പിച്ച ഗാന്ധിദര്ശന് ക്വിസും അതില് ഉള്പ്പെടും.
എന്റെ ചെറുപ്പത്തില് റേഡിയോശ്രവണം മാത്രമേ ഉണ്ടായിരുന്നുള്ളൂ നാട്ടില്. അങ്ങനെയിരിക്കെ, കൗതുകമായി ടെലിവിഷന് വരികയും, ദൂരദര്ശന് പ്രക്ഷേപണവും, അതില്ത്തന്നെ വീട്ടിലെല്ലാവര്ക്കും ഏറ്റവും ഇഷ്ട ഇനമായി രാത്രി 9 മണിക്കുള്ള ‘ക്വിസ് ടൈം’എന്ന സിദ്ധാര്ത്ഥ ബസു അവതരിപ്പിക്കുന്ന ക്വിസ് പരിപാടി മാറിയതും ഓര്മ്മയിലെത്തുന്നു, രാമനുണ്ണിയുടെ ലേഖനം വായിക്കുമ്പോള്. ചടുലചലനങ്ങളോടെ, ഉദ്വേഗം നിലനിര്ത്തി ചലച്ചിത്രതാരങ്ങളേക്കാള് ആരാധനാഭാവം മനസ്സില് സൃഷ്ടിച്ചിരുന്നു അന്നത്തെ സിദ്ധാര്ത്ഥ ബസു.
(അതേ ദൂരദര്ശനില് ക്വിസ് മാസ്റ്ററാകാന് കഴിയുമെന്ന് അന്ന് സ്വപ്നത്തില്പോലും കരുതിയിരുന്നില്ല.) ക്വിസ് എന്ന വാക്കിന്റെ പിറവിയും അതിന്റെ ലോകചരിത്രവും തേടിപ്പോയ രാമനുണ്ണി എന്തുകൊണ്ടോ ഇന്ത്യയിലെ വിദ്യാര്ത്ഥികളുടെയും വിജ്ഞാനദാഹികളുടെയും ഒരുകാലത്തെ ആവേശമായി മാറിയ ആ അഖിലേന്ത്യാ ക്വിസ് മത്സരം പരാമര്ശിച്ചുകണ്ടില്ല. പല ഘട്ടങ്ങളിലൂടെ കടന്ന് ഉജ്ജ്വല വൈഭവത്തോടെ ആ അഖിലേന്ത്യാ ക്വിസ് മത്സരത്തിെല ഫൈനലില് തൃശ്ശൂര് സെന്റ് തോമസ് കോളേജിലെ വിദ്യാര്ത്ഥിയായ രഞ്ജന് ശ്രീധരന് രണ്ടാം സ്ഥാനത്തെത്തിയത് മലയാളികള്ക്കാകെ അഭിമാനകരമായ വാര്ത്തയായിരുന്നു അന്ന്. രാമനുണ്ണിയുടെ വിമര്ശനങ്ങളുടെ ന്യായവിധി നടത്താന് ഞാനളല്ല.
33 വര്ഷം വിദ്യാഭ്യാസ മേഖലയില് പ്രവര്ത്തിച്ച അനുഭവത്തില്നിന്ന് പറയട്ടെ, രാമനുണ്ണി കരുതുംപോലെ മനുഷ്യനെ വിഡ്ഡിയാക്കുന്ന വിക്രിയയായിട്ടല്ല, മറിച്ച് വിജ്ഞാനദാഹിയാക്കുന്ന പ്രക്രിയയായിട്ടാണ് ക്വിസ് പരിപാടികള് അനുഭവപ്പെട്ടിട്ടുള്ളത്.

നീലന്റെ ലേഖനം വേറിട്ട വായനാനുഭവം

രഘുനന്ദനൻ വി. മേനോൻ അയ്യന്തോൾ

ജനവരി രണ്ടിലെ മാതൃഭൂമിയിൽ നീലന്റെ, ‘ചരമക്കോളത്തിലെ അപൂർവ ജന്മങ്ങൾ’ വേറിട്ട വായനാനുഭവമായി.
 സുരേഷ്ബാബുവിനെപ്പോലെയുള്ളവർ ഇവിടെയുണ്ടായിരുന്നുവെന്നത് ഉൽകൃഷ്ടമായി ചിന്തിക്കുന്നവരുടെ സമീപനമാണ് കാണിക്കുന്നത്. ‘പ്രാഞ്ചിയേട്ടൻ ദ സെയിന്റ്’ സിനിമ ഓർത്തുപോകുന്നു. എന്തു വിലകൊടുത്തും പ്രശസ്തി കൈമുതലാക്കുക എന്ന ലക്ഷ്യമിട്ട ചിലർ. ഇവിടെ പ്രാഞ്ചിയേട്ടന്മാരുടെ എണ്ണം കൂടുന്നു. എന്തിനും ഏതിനും മാധ്യമങ്ങളിൽ വാർത്തവരുത്താനും സ്വന്തം ചിത്രങ്ങൾ കണ്ട് സംതൃപ്തിയടയാനും ഒരുങ്ങുന്ന ‘പ്രാഞ്ചിയേട്ടന്മാർക്ക്’ ഒരു ജീവിതംകൊണ്ട് നിശബ്ദമായി എത്ര കർമനിരതനാകാം എന്ന് ഉത്തരം കൊടുക്കുന്നു സുരേഷ്ബാബു.
ഇതുപോലൊരു വ്യക്തിയെ നീലനെപ്പോലൊരാൾ അവതരിപ്പിച്ചത് തികച്ചും ഉചിതമായി. നീലനും മാതൃഭൂമിക്കും അനുമോദനങ്ങൾ.

പണിമുടക്ക് രാഷ്ട്രീയ പ്രേരിതം

ആർ.രാജ്കുമാർ, 
സംസ്ഥാന വൈസ് പ്രസിഡന്റ്, 
കേരള ഗസറ്റഡ് ഓഫീസേഴ്സ് 
യൂണിയൻ, തിരുവനന്തപുരം

  12ന് പണിമുടക്കുന്ന ഇടതു സംഘടനാ ജീവനക്കാരോട് ഒരു വാക്ക് വിനയപുരസ്സരം ഉണർത്തിക്കാൻ ആഗ്രഹിക്കുന്നു.
ഇടത് സർക്കാർ അധികാരത്തിലിരുന്നപ്പോൾ, 01.07.2009-ൽ ലഭിക്കേണ്ട ഒമ്പതാം ശമ്പള പരിഷ്കരണത്തിന് വേണ്ടി കമ്മിഷനെ നിയമിച്ചത് 20.02.2010-ൽ. പരിഷ്കരണ തീയതി കഴിഞ്ഞ് 7 മാസവും 19 ദിവസവും കഴിഞ്ഞ്. 
01.07.2014-ൽ ലഭിക്കേണ്ട പത്താം ശമ്പള പരിഷ്കരണത്തിനുവേണ്ടി ഉമ്മൻചാണ്ടി സർക്കാർ കമ്മിഷനെ നിയമിച്ചത് 30.11.2013-ൽ പരിഷ്കരണതീയതിക്ക് 7 മാസം മുൻപ്. പരിഷ്കരണ തീയതിക്കു മുൻപ് കമ്മിഷനെ നിയമിക്കുന്നത് ചരിത്രപരമാണ്. ഒമ്പതാം കമ്മിഷൻ 31.12.2010-ൽ റിപ്പോർട്ട് സമർപ്പിച്ചു. പരിഷ്കരണ തീയതിക്ക് ഒരു വർഷവും 5 മാസവും 30 ദിവസങ്ങൾക്ക് ശേഷം. പത്താം ശമ്പള കമ്മിഷൻ 13.07.2015-ൽ റിപ്പോർട്ട് സമർപ്പിച്ചു. 
പരിഷ്കരണ തീയതിക്കു ശേഷം 1 വർഷവും 12 ദിവസവും കഴിഞ്ഞപ്പോൾ. 
വേഗത ആർക്കാണ്?. ഒമ്പതാം ശമ്പളപരിഷ്കരണ ഉത്തരവായത് 26.02.2011-ൽ. പരിഷ്കരണ  തീയതിയ്ക്ക് 1 വർഷവും 7 മാസവും 25 ദിവസവും കഴിഞ്ഞ്. 
ആ പാത പിന്തുടർന്നാൽ പത്താം പരിഷ്കരണം 26.02.2016-ൽ ഉത്തരവായാൽ പോരേ? പിന്നെന്തിനാണ് സഖാക്കളേ ജനവരി 12ന് ഒരു പണിമുടക്ക്? ജീവനക്കാരെല്ലാം മണ്ടന്മാരാണെന്ന് കരുതരുത്. 
26.02.2016-ന് മുൻപേ എന്തായാലും ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങുമെന്ന് ബഹുമാന്യനായ കേരള മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
 അതുകൊണ്ടാണല്ലോ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും  ഒരു വാക്കൗട്ട് ഉണ്ടാകാത്തത്. 
26.02.2016-ൽ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ മാത്രം പണിമുടക്കിന് ഇറങ്ങിപുറപ്പെട്ടാൽ പോരേ? ഇനിയെങ്കിലും പണിമുടക്കാഹ്വാനം പിൻവലിച്ചുകൂടേ? ഇല്ലെങ്കിൽ പ്രബുദ്ധരായ കേരള സർക്കാർ ജീവനക്കാർ അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഉറപ്പാണ്. 2013 ജനവരിയിലെ അനിശ്ചിതകാല പണിമുടക്കിന്റെ ദയനീയ പരാജയം മറക്കരുതെന്ന് വിനീതമായി ഓർമിപ്പിക്കുന്നു.