# രാഗനാഥൻ വയക്കാട്ടിൽ, വാടാനപ്പള്ളി
‘മാതൃഭൂമി’യിൽ കഴിഞ്ഞദിവസങ്ങളിൽ വന്ന എല്ലാ മുഖപ്രസംഗങ്ങളും ജനപക്ഷത്തുനിന്നുകൊണ്ടുള്ളതാണ്. നീതീകരിക്കാനാവാത്ത ഇന്ധനവിലവർധനയെക്കുറിച്ചും അതിന്റെ അടുത്തദിവസംവന്ന അതിരപ്പിള്ളിപദ്ധതിയെക്കുറിച്ചും. മുഖപ്രസംഗവും ഒരു പേജ് മുഴുവനും വരുംതലമുറകൾക്കുവേണ്ടി മാറ്റിെവച്ചു. അഭിനന്ദനീയം...
ഇനിയൊരു ജലബോംബ് നമുക്ക് വേണ്ടാ. വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ഇപ്പോൾ മറ്റുമാർഗങ്ങൾ ധാരാളമുണ്ട്.
രണ്ടുപ്രളയങ്ങൾ നമ്മൾ കണ്ടതാണ്. ഇനി മറ്റൊരു ഡാംകൂടിയുണ്ടാക്കി വെള്ളം തടഞ്ഞുനിർത്തി ഒന്നിച്ച് തുറന്നുവിടേണ്ടിവന്നാൽ തൃശ്ശൂർ, എറണാകുളം ജില്ലകൾ ബാക്കിയുണ്ടാകില്ല. സമീപജില്ലകൾക്കും ഭീഷണിയാണ്.
നിലവിലുള്ള ജലവൈദ്യുതപദ്ധതികൾ ഉപേക്ഷിച്ച് സൗര-തിര-വായു ഊർജത്തിലേക്ക് മാറ്റണം. തമിഴ്‌നാട് കാറ്റാടിയന്ത്രത്തിലൂടെയുള്ള വൈദ്യുതി പ്രയോജനപ്പെടുത്തുന്നു.
600 കിലോമീറ്റർ കടലോരമുള്ള കേരളത്തിന് കാറ്റാടിയന്ത്രവൈദ്യുതിയിലേക്ക് മാറാവുന്നതേയുള്ളൂ. കേന്ദ്രീകൃത വിതരണം അവസാനിപ്പിച്ച് ഓരോ ഗ്രാമത്തിനും സ്വതന്ത്ര വൈദ്യുതനിലയങ്ങളാക്കാം. വൈദ്യുതി പ്രസരണക്കമ്പികൾ സ്ഥാപിക്കാനുള്ള വലിയ ടവർ ഒഴിവാക്കാം. മൂന്നുകിലോവാട്ടിൽത്താഴെ ഉപയോഗം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സൗര ഇന്ധനം പ്രയോജനപ്പെടുത്താം.
കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയുള്ള അണക്കെട്ടുകൾമാത്രമേ ഇനി ആവശ്യമുള്ളൂ. ഹെക്ടർ കണക്കിന് കാടുകൾ വെള്ളത്തിനടിയിലാക്കി ജീവജാലങ്ങളെ ഇല്ലാതാക്കി അനേകം ഔഷധസസ്യങ്ങൾ ഉന്മൂലനംചെയ്ത് പരിസ്ഥിതിസന്തുലിതാവസ്ഥ തകിടംമറിച്ചുകൊണ്ടുള്ള ജലവൈദ്യുതപദ്ധതികൾ പുതുതായി തുടങ്ങരുത്. ഏതാനും ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും കോടികൾ അടിച്ചുമാറ്റാൻമാത്രമാണ് അതിരപ്പള്ളിപദ്ധതി.