# അബു ഗൂഡലായ്, കല്പറ്റ
വില്ലേജോഫീസുകളിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളെല്ലാം അക്ഷയകേന്ദ്രങ്ങൾക്ക് കൈമാറിയിരിക്കുകയാണല്ലോ. നികുതിയടയ്ക്കാനും വരുമാന സർട്ടിഫിക്കറ്റ് വാങ്ങാനുമെല്ലാം അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണം. വില്ലേജോഫീസുകളിൽ നികുതി അടയ്ക്കുന്നതിന് പ്രത്യേക ഫീസുകളൊന്നും നൽകേണ്ടതില്ലായിരുന്നു. വില്ലേജോഫീസുകളിൽ ഭൂനികുതി പതിനൊന്നു രൂപ അടച്ചാൽ മതിയായിരുന്നു. അതേ പതിനൊന്നു രൂപ അക്ഷയയിലടയ്ക്കാൻ പതിനഞ്ചുരൂപ അധികം നൽകേണ്ടി വരുന്നു. ജനങ്ങളെ പിഴിയുന്ന കേന്ദ്രങ്ങളായി അക്ഷയ സെൻററുകൾ മാറുന്നു. കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങൾക്കും ഏകീകൃത ഫീസ് സമ്പ്രദായം ഏർപ്പെടുത്തുന്നതാണ് നല്ലത്.
സ്വകാര്യ സ്കൂൾ അധ്യാപകരോട് വിവേചനമരുത്
# പി. കുഞ്ഞിരാമൻ, രാജഗിരി
പരിഷ്കൃതസമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ അധ്യാപകർക്കിടയിലുള്ള വിവേചനം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി നേടാൻ കഴിയാത്ത നിർഭാഗ്യവാന്മാർ, സ്വകാര്യ സ്കൂളുകളിൽ അടിമവേല ചെയ്യുകയാണ്. സർക്കാർ സ്കൂളുകളിൽ മുപ്പതിനായിരത്തിനു മുകളിൽ ശമ്പളം ലഭിക്കുമ്പോൾ അതേ ജോലിക്ക് പതിനായിരത്തിൽ താഴെയാണ് ലഭിക്കുന്നത്. വഴിയോരക്കച്ചവടക്കാർപോലും സംഘടനാബലം കൊണ്ട് ആവശ്യങ്ങൾ നേടിയെടുക്കുമ്പോൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ ശബ്ദമുയർത്താൻ അധ്യാപകർക്കു കഴിയുന്നില്ല. ഈ വിഭാഗം ജീവനക്കാരോട് വിവേചനം കാണിക്കുന്നത് തടയാനുള്ള നിയമം കർശനമാക്കണം.