# ഇ.പി. അൻവർ സാദത്ത്, കുന്ദമംഗലം 
കെ-റെയിൽ, എക്സ്പ്രസ് വേ, ഈ പദ്ധതികൾക്ക്‌ സാമ്യമേറെയാണ്. ഭരിക്കുന്നവരുടെ പദ്ധതിയായിട്ടാണ് ഇതുരണ്ടും കടന്നുവരുന്നത്. രണ്ടിനും സർക്കാർ കണ്ടെത്തിയ തുകയും ഏകദേശം തുല്യമാണ്. സംസ്ഥാനത്തെ ഗതാഗതപ്രശ്നത്തിന് പരിഹാരമായി ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളോ ജനകീയക്കൂട്ടായ്മകളോ വിദഗ്ധസമിതികളോ ഇത്തരം പദ്ധതികൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇടതുപക്ഷ ആഭിമുഖ്യമുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് രണ്ടുപദ്ധതിക്കെതിരേയും രംഗത്തുവന്നിട്ടുണ്ട്. ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങളാണ് പരിഷത്തിന്റെ എതിർപ്പിന് കാരണം. വൻപദ്ധതികളിലെ വലിയ കമ്മിഷനുകളിലേക്കാണ് ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികളുടെയും നോട്ടമെന്ന ആക്ഷേപം ശക്തമാണ്. ജനങ്ങൾ എതിർത്തിട്ടും എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന വാദം ഇതിനെ സാധൂകരിക്കുന്നു. 

ധാരാളം സാധ്യതകളുള്ള ജലഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാം തന്റെ കേരളസന്ദർശനത്തിൽ ഊന്നിപ്പറഞ്ഞ കാര്യമാണ്. പരിസ്ഥിതിപ്രശ്നങ്ങളോ കുടിയൊഴിപ്പിക്കൽ പ്രതിസന്ധികളോ ഇല്ലാതെ പ്രശ്നപരിഹാരത്തിന് ജലഗതാഗതംപോലുള്ള  വികസനവഴികൾ ഉപയോഗപ്പെടുത്താമെന്നിരിക്കേ കെ-റെയിലിന്റെ കാര്യത്തിൽ നിർബന്ധബുദ്ധി ഒഴിവാക്കുന്നതാണ് നല്ലത്‌. എക്സ്പ്രസ് വേയിൽ യു.ഡി.എഫ്. തിരുത്തിയത് മാതൃകയാക്കി സർക്കാരും സി.പി.എമ്മും കെ-റെയിലിൽനിന്ന് പിന്തിരിയണം.


നാണക്കേടു തന്നെ

# ദേവദാസ് വി., ജ്യോതിനിവാസ്, തളാപ്പ്
പ്രബുദ്ധകേരളത്തിൽ പോഷകാഹാരക്കുറവുമൂലം അട്ടപ്പാടി ഊരുകളിൽ കുഞ്ഞുങ്ങളും അമ്മമാരും തുടർച്ചയായി മരിക്കുന്നു. മാഫിയകളും ഉദ്യോഗസ്ഥരും കോടികൾ തട്ടിച്ച് അട്ടപ്പാടിയെ 50 കൊല്ലംമുമ്പുള്ള സ്ഥിതിയിലേക്ക്‌ തള്ളിയിട്ടിരിക്കുന്നു. മാറിമാറി വരുന്ന ഇടത്, വലത് സർക്കാരുകൾ അത് നോക്കിനിൽക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പാലങ്ങൾ, വീടുകൾ. കോട്ടത്തറ ട്രൈബൽ ആശുപത്രിക്കു ലഭിക്കേണ്ട ഫണ്ടുകൾപോലും വകമാറ്റി മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോവുന്നു. അട്ടപ്പാടി പലർക്കും ഒരു കറവപ്പശുവായി മാറുകയാണ്. 

നൂറായിരം ഫണ്ടുകൾകൊണ്ട് ആദിവാസികൾ എന്തുനേടി എന്ന ചോദ്യത്തിനു മറുപടിപറയേണ്ടത് ഇവിടത്തെ രാഷ്ട്രീയക്കാരാണ്. ഇതിനൊരു പരിഹാരമില്ലെങ്കിൽ ഈയാംപാറ്റകളെപ്പോലെ ആദിവാസികൾ മരിക്കും. തുഗ്ലക്ക് പദ്ധതികൾക്ക്‌ ലക്ഷംകോടി രൂപ ചെലവിടാൻ മുതിരുന്ന കേരളത്തിലാണ് പോഷകാഹാരക്കുറവുകൊണ്ട് ആദിവാസി ഊരുകളിൽ കുട്ടികൾ മരിച്ചുവീഴുന്നത്.


വിമുഖരായ അധ്യാപകർ

# കെ.എ. സോളമൻ, എസ്.എൽ. പുരം
വിദ്യാഭ്യാസമാണ് ജീവിതത്തിലെ വിജയത്തിന്റെ താക്കോൽ, അധ്യാപകർ അവരുടെ വിദ്യാർഥികളുടെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു. അപ്പോൾ, കേരളത്തിലെ 1.85 ലക്ഷം അധ്യാപകരിൽ 5000 പേർ ഇപ്പോഴും വാക്സിനുകൾ എടുക്കാത്തത് എന്തുകൊണ്ടാണെന്നത് അദ്‌ഭുതപ്പെടുത്തുന്നു. ഈ അധ്യാപകർ അവരുടെ വിദ്യാർഥികളെ എന്തു പാഠങ്ങളാണ് പഠിപ്പിക്കുന്നത്?

കുത്തിവെപ്പ്‌ എടുക്കാൻ മടിക്കുന്ന അധ്യാപകർക്ക് പ്രത്യേകനിർദേശം നൽകണം. അധ്യാപകർ കുത്തിവെപ്പിന് വിമുഖത കാണിച്ചാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് എൻട്രി കാർഡായി വ്യവസ്ഥപ്പെടുത്തുക മാത്രമാണ് സാധ്യമായ ഏക നടപടി. 
സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു അധ്യാപകനെയും സ്കൂൾവളപ്പിൽ പ്രവേശിക്കാൻ അനുവദിക്കരുത്.