# പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണൻ
നടി കങ്കണ റണൗട്ട് പ്രസ്താവിച്ചപോലെ, ബ്രിട്ടീഷ് സർക്കാർ ഇന്ത്യയ്ക്ക് നൽകിയ ഭിക്ഷയല്ല സ്വാതന്ത്ര്യം. ഇന്ത്യയിലുടനീളം നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഫലമായിട്ടാണ് ഇന്ത്യ സ്വതന്ത്രമായത്.

ലാലാ ലജ്പത്‌റായ്, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ, സുരേന്ദ്രനാഥ ബാനർജി, ഗാന്ധിജി, വല്ലഭ്‌ഭായ് പട്ടേൽ, ആനി ബസന്റ്, സരോജിനി നായിഡു, ഭൂപേശ്ഗുപ്ത തുടങ്ങിയ ദേശീയനേതാക്കളും സംസ്ഥാനനേതാക്കളും സമരം നയിച്ചതിന്റെ ഫലമായിട്ടാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. 

കേരളത്തിൽ നടന്ന നിസ്സഹകരണ സമരം, വ്യക്തിസമരം, ഉപ്പ് സത്യാഗ്രഹസമരം, ക്വിറ്റിന്ത്യാസമരം എന്നിവയ്ക്ക് നേതൃത്വം നൽകിയിരുന്നത്. കെ. കേളപ്പൻ, കോഴിപ്പുറത്ത് മാധവമേനോൻ, കെ.എ. ദാമോദരമേനോൻ, കെ.പി. കേശവമേനോൻ, പി.പി. ഉമ്മർ കോയ, പി. അച്യുതൻ, പി. കൃഷ്ണപിള്ള, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ, തായാട്ട് ശങ്കരൻ, എ.വി. കുട്ടിമാളു അമ്മ, ഇ. അമ്മുക്കുട്ടിയമ്മ തുടങ്ങിയ നേതാക്കളായിരുന്നു. ദേശീയവിരുദ്ധ സമരങ്ങൾ നടത്തിയെന്ന കുറ്റം ചുമത്തി ഈ നേതാക്കളെയെല്ലാം ജയിലിലടച്ചു. 

ഈ സമരങ്ങൾക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, അധ്യാപകരും വിദ്യാർഥികളും വിദ്യാലയങ്ങൾ വിട്ടിറങ്ങി, സർക്കാർ ഉദ്യോഗസ്ഥരും തൊഴിലാളികളും പണിമുടക്കി. ഈ സമരങ്ങളെയെല്ലാം അടിച്ചമർത്താൻ സർക്കാർ പട്ടാളത്തെയും പോലീസിനെയും രംഗത്തിറക്കി. പലഭാഗത്തും വെടിവെപ്പുകൾ നടന്നു. ലാത്തിച്ചാർജ് നടന്നു. ഇന്ത്യയിൽ ആയിരത്തിലധികം സമരഭടന്മാർ രക്തസാക്ഷികളായി. അറുപതിനായിരം പേർ ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നു. 

പട്ടാളത്തെയും പോലീസിനെയും ഇറക്കി സമരങ്ങളെ അടിച്ചമർത്താനാവില്ല എന്ന് മനസ്സിലാക്കിയതോടുകൂടിയാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംനൽകിയത്. 


അക്ഷരവൈരികളോട്

# സി.കെ. രവീന്ദ്രൻ, പഴമ്പാലക്കോട്.

ഒരു വ്യാഴവട്ടക്കാലം  മലയാള പാഠപുസ്തകത്തിൽ കാണാതിരുന്ന അക്ഷരമാല തിരികെയെത്തിക്കുന്നതിന് ഇക്കഴിഞ്ഞ നവംബർ ഒന്നിന് മാതൃഭൂമി തുടങ്ങിവെച്ച ‘മായരുത് മലയാളം’ പരമ്പര ചില ഭാഷാപണ്ഡിതന്മാരെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അവരുടെ പ്രതികരണങ്ങളിൽനിന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുമന്ത്രിതന്നെ പരമ്പരയിൽ ചൂണ്ടിക്കാട്ടിയ വിഷയത്തോട് അനുഭാവം പ്രകടിപ്പിച്ചത് ഇപ്പോഴും ഇഷ്ടപ്പെടാത്തവരുണ്ട്. 

അക്ഷരമാല തൂക്കിയിട്ടതുകൊണ്ട് വലിയ പ്രയോജനമില്ലെന്നും കാതലായ പരിഷ്കാരങ്ങൾ വരുത്താനുണ്ടെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായം. തനിക്കുചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ഏറ്റെടുത്ത് നടത്തുന്നത് കാണുമ്പോഴുണ്ടാകാറുള്ള അസൂയമാത്രമാണ് ഇത്തരം പരിഹാസങ്ങൾക്ക് പിന്നിലുള്ള ചേതോവികാരം. ഇത്തരക്കാർക്ക് എല്ലാവർക്കുമായിട്ടുള്ള മറുപടിയാണ് ‘പരിഭാഷയിൽ മലയാളത്തെ കൊല്ലാക്കൊലചെയ്ത് പി. എസ്‌.സി.’ എന്ന തലവാചകത്തിലുള്ള  മാതൃഭൂമി പത്രത്തിന്റെ എട്ടാംപേജിലെ വാർത്ത. അക്ഷരമാലയെ എതിർക്കുന്നവർ പ്രസ്തുത വാർത്ത മനസ്സിരുത്തി വായിക്കുന്നത് നന്നായിരിക്കും.