ഈ ദുരിതപ്പെയ്‌ത്തിൽ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള മുഖ്യമന്ത്രിയുടെ ഉറച്ചതീരുമാനം ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് സാധാരണജനങ്ങൾക്ക് വേണ്ടത്ര അവബോധമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാലുമണിക്കൂർകൊണ്ട് 650 കിലോമീറ്ററോളം താണ്ടുന്ന അതിവേഗ ട്രെയിനിന് പരിമിതമായ സ്റ്റോപ്പുകളാണുണ്ടാവുക. യാത്രക്കൂലിയും സാധാരണക്കാർക്ക് താങ്ങാനാവാത്തതാവും. ചുരുക്കത്തിൽ സമ്പന്നർക്ക് മാത്രം ഉതകുന്ന ഒരു പദ്ധതിയാണത്. അവർക്കാകട്ടെ, സഞ്ചരിക്കാൻ കേരളത്തിലെ നാല് വിമാനത്താവളങ്ങളുടെ സൗകര്യം ഉപയോഗിക്കാവുന്നതാണുതാനും. എന്നിരിക്കേ 64000 കോടിയുടെ ബാധ്യതയിൽ ഈ പദ്ധതി നടപ്പാക്കുന്നത്  ധൂർത്തു മാത്രമല്ല, അധികാരരാഷ്ട്രീയത്തിന്റെ ധാർഷ്ട്യവുമാണ്. നമ്മുടെ മിക്ക വികസനപദ്ധതികളും സാധാരണജനങ്ങളെ പെരുവഴിയാധാരമാക്കുന്നതാണെന്ന യാഥാർഥ്യം അവരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്കു വേണ്ടാത്ത വൻകിട വികസനപദ്ധതികളിൽ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും തത്പരരാകുന്നതിന്റെ പൊരുൾ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മഹാമാരിയും പ്രകൃതിദുരന്തങ്ങളുംകൊണ്ട് പൊറുതിമുട്ടിയ കേരളത്തെ ഈ സിൽവർലൈൻ പദ്ധതി പൂർണമായും നാശത്തിലേക്ക് വലിച്ചിഴയ്ക്കും.