മുണ്ടക്കയത്ത് ഉരുൾപൊട്ടിയ മേഖലയിൽ 17 പാറമടകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. അനുമതിയുള്ളതും ഇല്ലാത്തതും ഉൾപ്പെടെ. പിന്നാലെവന്നു ഖനനം ഉടൻ നിർത്തിവെക്കാൻ കളക്ടറുടെ ഉത്തരവ്!

കരാറുകാരെ വഴിവിട്ട് സഹായിച്ച് കെ.എസ്.ആർ.ടി.സി.ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ ചീഫ് എൻജിനിയർ നടപടി നേരിടുന്നു  അങ്ങ് തിരുവനന്തപുരത്ത് ! കോടികൾ ചെലവഴിച്ചുണ്ടാക്കിയ കെട്ടിടത്തിന്റെ അടിസ്ഥാനം താഴ്ന്നുപോയത്രേ!

കോഴിക്കോട്ടെ ബൃഹത്തായ കെ.എസ്.ആർ.ടി.സി. ടെർമിനൽ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടമാണെന്നാണ് പുറംകാഴ്ചയിൽ തോന്നുക. അകത്തുകയറുന്ന ആരും ഒരു സൗകര്യവുമില്ലല്ലോ എന്ന് അന്നേ അന്തംവിട്ടിരുന്നു. ഇപ്പോഴിതാ കോടികൾ വിഴുങ്ങിയ കെട്ടിടത്തിന്റെ ഉള്ള് പൊള്ളയാണെന്നും എത്രയും പെട്ടെന്ന് ബസ് സർവീസ് അവിടെനിന്ന് മാറ്റണമെന്നും വിദഗ്ധസമിതി റിപ്പോർട്ട്!
ഇതാണോ നാം നമ്മുടെ കുട്ടികളുടെ മുന്നിൽവെക്കുന്ന വികസനമാതൃക?

 ഒരു വശത്ത് പരിസ്ഥിതിസംരക്ഷണത്തെപ്പറ്റിയും വനവത്കരണത്തെപ്പറ്റിയും ക്ലാസെടുക്കുക. വിത്തുകൾ സംഭരിക്കുക. ചെടികൾ നട്ടുപിടിപ്പിക്കുക. രാഷ്ട്രപുനർനിർമാണത്തിനായി ആത്മസമർപ്പണം ലക്ഷ്യമിട്ട് കഠിനമായി പഠിക്കുക. യോഗ്യതാ പരീക്ഷകളിൽ ഉന്നതവിജയം നേടുക. റാങ്കുകൾ വാരിക്കൂട്ടുക. ശേഷം മലയുടെ മറുഭാഗം തുരന്ന് പാറകൾ പൊട്ടിച്ചെടുക്കാൻ ഒത്താശ ചെയ്യുക. ആ കല്ലും മണ്ണും കുഴച്ച് വികൃത/വികല നിർമിതികളുണ്ടാക്കുക. വീണ്ടും പൊളിച്ചുപണിയുക. ഇത് നൂറ്റൊന്നാവർത്തിക്കുക!