# എ.വി. ജോർജ്, റിട്ട. ഹെഡ്മാസ്റ്റർ, എഴിക്കാത്ത് വീട്, തിരുവല്ല
കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയപ്പോഴും അവിടെ  പാറമടകൾ പ്രവർത്തിച്ചുകൊണ്ടിരുന്നുവെന്നുള്ള മാതൃഭൂമി  റിപ്പോർട്ടും മാധവ് ഗാഡ്ഗിലുമായുള്ള  അഭിമുഖവും (മാതൃഭൂമി, ഒക്ടോ. 20 ) ഭരണ-പ്രതിപക്ഷ പാർട്ടികളുടെയും ഉദ്യോഗസ്ഥവർഗത്തിന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്‌. ഇത്തരം ജനകീയപ്രശ്നങ്ങൾ നിയമസഭയിൽ ചർച്ചചെയ്ത് പരിഹാരംകാണാൻ ഇനിയും അമാന്തിക്കരുത്.  ഒരുത്തരവുണ്ടാകുന്നതുവരെ കരിങ്കൽക്വാറികൾ അടച്ചിടണം. മുണ്ടക്കയത്ത്‌ ഉരുൾപൊട്ടിയ മേഖലയിൽ 17 പാറമടകൾ പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തൽ അമ്പരപ്പിക്കുന്നതാണ്. അനധികൃതക്വാറികൾക്ക് അനുമതിനൽകുന്ന ഖനനചട്ടങ്ങൾ ഭേദഗതി ചെയ്യണം. അതിന് പ്രതിപക്ഷം സഹകരിക്കണം.

സ്‌കൂൾ തുറക്കുമ്പോൾ

# ബാബുരാജ്, കൊല്ലം
നവംബർ ഒന്നിന് സ്കൂൾ തുറക്കാൻ സന്തോഷത്തോടെ കാത്തിരിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും. കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണെന്ന് രക്ഷിതാക്കൾക്കുറപ്പുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് ആശങ്കയുണ്ടാകില്ല. എന്നാൽ, രണ്ടു കാര്യങ്ങൾ ഒഴിവാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒന്ന്, സ്കൂളിൽവെച്ച് മാസ്ക് അധികസമയം മാറ്റേണ്ടിവരുന്ന ഉച്ചഭക്ഷണം. രണ്ട്, ആൾക്കൂട്ടംമൂലം സാമൂഹിക അകലം ഇല്ലാതാക്കാൻ സാധ്യതയുള്ള പ്രവേശനോത്സവം.  എല്ലാ കുട്ടികൾക്കും സുരക്ഷിതവും മനോഹരവുമായ ഒരു അധ്യയനവർഷം ആശംസിക്കുന്നു.